Image

അമ്മ അറിയാന്‍

വി.ജി തമ്പി Published on 30 August, 2012
അമ്മ അറിയാന്‍
വള്ളിക്കാവ് കടപ്പുറത്ത് സന്ധ്യാകാലങ്ങളില്‍ അസാധാരണമായൊരു ഉന്മാ ദത്താല്‍ ആടിയും പാടിയും നടന്ന പതിനാല് വയസ്സുകാരിയായ ഒരു കറുത്ത സുന്ദരിക്കുട്ടിയെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും അവളുടെ ഭ്രാന്തില്‍ വിസ്മയിച്ചു. ചിലര്‍ എതിര്‍ത്തു. പരിഹസിച്ചു. തല്ലിപ്പൊള്ളിച്ചു. ചങ്ങലയ്ക്കിട്ടു. എന്നാല്‍ പിന്നീട് സുധാമണി എന്ന ആ മുക്കുവപെണ്‍കുട്ടിയുടെ ആത്മീയാഭിരുചികളുടെ ചുവടുകള്‍ക്കു മുമ്പില്‍ ആ കടപ്പുറവും പിന്നീട് ലോകവും കൈകൂപ്പിനിന്നു.

അവള്‍ക്കുള്ളില്‍ ദയാവതിയായൊരു അമ്മ പിറവികൊണ്ടു. ഇറുക്കിപ്പിടിച്ച കണ്ണുകളില്‍ കരുണയുടെ കണ്ണീര്‍നിറച്ച് ആ അമ്മ പകര്‍ന്ന മധുരകരമായ ആശ്‌ളേഷങ്ങളില്‍ അനേകായിരങ്ങള്‍ നിര്‍വൃതിപൂണ്ട് നിന്നു. ആ കടപ്പുറത്ത് സാന്ത്വനത്തിന്റെ തിരയേറ്റങ്ങളുണ്ടായി. മാതൃദാഹത്തിന്റെ ശൂന്യത പേറുന്ന ഹൃദയങ്ങളിലേയ്‌ക്കെല്ലാം അവര്‍ ആശ്വാസത്തിന്റെ ജലം ഒഴുക്കിവിട്ടു.

ആള്‍ദൈവത്തിന്റെ വിശേഷണം ചാര്‍ത്തി അമൃതാനന്ദമയിയുടെ ഇന്ന് കാണുന്ന പരിവേഷങ്ങള്‍ക്കെല്ലാമപ്പുറത്ത് ദിവ്യമായൊരു ഉന്മാദത്തിന്റെ സ്‌െ്രെതണപൂര്‍ണ്ണിമയുണ്ട്. ആള്‍ദൈവത്തിന്റെ അരോചകമായ ആടയാലങ്കാരങ്ങള്‍ ഉരിഞ്ഞുമാറ്റിയാല്‍ വ്രണിതലോകത്തിലേക്ക് മാതൃത്വത്തെ ചുരത്തുന്ന ആത്മപ്രഭയുള്ള ഒരു സ്ത്രീയെ കാണാം. ചെറുതും വലുതുമായ മനുഷ്യവേദനകള്‍ക്ക് ബാന്‍ഡ് എയ്ഡ് കെട്ടി, വഴിപിഴച്ചവരുടെ തലതൊട്ടമ്മയായി ലോകം ഈ മലയാളിസ്ത്രീയെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സ്‌നേഹാലിംഗനങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളുണ്ട്. രാജ്യതിര്‍ത്തികളെ മായ്ച്ച് അവരുടെ ആകാശങ്ങള്‍ക്ക് വിസ്തൃതിയേറുകയാണ്.

മാതൃത്വത്തിന്റെ ആ മനോഹരസാധ്യതയെ ആഘോഷിക്കുന്നതിനിടയില്‍, പക്ഷേ, എവിടെയാണ് ആ യോഗിനി തോല്‍പ്പിക്കപ്പെടുന്നത്? ഭക്തിവ്യവസായികളുടെ തടവറയിലേക്ക് അമ്മയെങ്ങനെയാണ് മെരുക്കപ്പെടുന്നത്? അധികാരവും സമ്പത്തും ചേര്‍ന്ന് ആ സാധുസ്ത്രീയെ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നു. ആള്‍ദൈവത്തിന്റെ മേലങ്കിയണിയിച്ച് അവര്‍ക്ക് ചുറ്റുമൊരു വ്യാജആത്മീയത സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അമ്മയെ ഉള്ളില്‍ നിര്‍ത്തി ഭയാനകമായൊരു സാമ്പത്തികാസൂത്രണവും വന്‍കച്ചവടവും തെഴുത്തുകൊണ്ടിരിക്കുന്നു.

സത്‌നാംസിങ്ങിന്റെ നിര്‍ദോഷരക്തവും അമ്മയോട നിലവിളിക്കുന്നത് ഇതു തന്നെയാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഭൂമിയിലെ ഏറ്റവും പഴക്കമേറിയ പ്രണയബന്ധമെന്ന് വിചാരിക്കുന്നവരെല്ലാം അമൃതാനന്ദമയിയുടെ അനുരാഗവായ്പാര്‍ന്ന വാത്സ്‌ല്യസ്പര്‍ശം അത്രമേല്‍ ദാഹിക്കുന്നുണ്ട്. ആ ദാഹജലം തേടിയാണ് ബുദ്ധന്‍ അലഞ്ഞു നടന്ന ബീഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നും ആ അവധൂതയുവാവ് അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്കു വന്നുചേര്‍ന്നത്.

ഉന്മാദം കൊണ്ടാകാം അയാള്‍ പരിസരബോധം മറന്ന് പെരുമാറിയിട്ടുണ്ടാകാം. മനോസുഖം കുറഞ്ഞ അയാളെ അമ്മയ്ക്കു മുമ്പിലിട്ട് ആശ്രമത്തിലെ അന്തേവാസികള്‍ തല്ലുകയും ചവിട്ടുകയും ചെയ്തു. ഹിംസ നിറച്ച അസഹിഷ്ണുതയാല്‍ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. മന്ത്രോച്ചാരണങ്ങള്‍ നിര്‍ത്തി അമ്മ എന്തുകൊണ്ടാണ് അമ്മ അതിക്രമത്തെ തടയാന്‍ ശ്രമിക്കാതിരുന്നത്? ശാന്തിയുടെ ഒരു വാക്ക്‌പോലും ഉരിയാടാതിരുന്നത്? ഭക്തരുടെ ആള്‍ക്കൂട്ട ബഹളങ്ങളില്‍ എന്തുകൊണ്ടാണ് അമ്മ തലപൂഴ്ത്തിയിരുന്നത്?

ആ മോനെ വെറുതെ വിട്ടേക്കൂ. അവനൊന്നും അറിഞ്ഞുകൂടാ. അവനോട് ക്ഷമിക്കൂ എന്ന് അമ്മയുടെ എന്നുമുള്ള സാന്ത്വനസ്വരം എന്തുകൊണ്ടുണ്ടായില്ല എന്ന് സക്കറിയ ചോദിച്ചതെത്ര ശരിയാണ്. ആ മോന്‍ എന്റെ മടിയില്‍ കിടന്ന് കുറച്ചുനേരം കരഞ്ഞോട്ടെ. അവനൊന്നുറങ്ങട്ടെ ഒരു താരാട്ടുപോലെ അമ്മയ്ക്കവന്റെ ഉന്മാദജലത്തെ വറ്റിക്കാമായിരുന്നുവല്ലോ?

സത്യത്തില്‍ ഉന്മാദികള്‍ക്കവകാശപ്പെട്ട അമ്മയാണ് അമൃതാനന്ദമയി. കാരണം ഒരുനാള്‍ അവരും ഉന്മാദിനിയായിരുന്നുവല്ലോ. ആ ചെറുപ്പക്കാരനെപ്പോലെ കുതറിച്ചാടിയ ഉ!ാദങ്ങളിലൂടെ കടന്നുപോയവള്‍ തന്നെയായിരുന്നുവല്ലോ അവര്‍. എതിര്‍പ്പുകള്‍ക്കു മുമ്പില്‍ പതറാതെ ആത്മീയാസ്വാസ്ഥ്യങ്ങളുടെ തീക്ഷ്ണതാപം ഉടല്‍നിറച്ചും അനുഭവിച്ചിരുന്നവളല്ലെ. ഒരു നിമിഷം ആത്മാന്വേഷണത്തിന്റെ കനല്‍വഴി ഓര്‍ത്തിരുന്നുവെങ്കില്‍ തന്റെ പേരില്‍ തല്ലിച്ചതയ്ക്കപ്പെടുന്ന ആ സാധുയുവാവിനുവേണ്ടി ഒരു വാക്ക് ഉച്ചരിക്കുവാന്‍ പീഠത്തില്‍ നിന്നവര്‍ എഴുന്നേല്‍ക്കേണ്ടതായിരുന്നില്ലേ?

ആശുപത്രിയുടെയും തടവറയുടെയും കരിങ്കല്‍ഭിത്തി ഭേദിച്ച് ആ ചെറുപ്പക്കാരന്റെ നിര്‍ദോഷരക്തം ദയാസിന്ധുവായ അമ്മയുടെ പാദങ്ങളിലേയ്ക്ക് ഒഴുകിയെത്തുവാന്‍ എത്ര ദിവസമെടുത്തിരിക്കും. പക്ഷേ നാമാരും കേട്ടില്ല, ആ വിലാപരക്തത്തിനൊരു മറുവാക്ക്.

അനുതപിക്കാത്തവളും ക്ഷമിക്കാത്തവളും അമ്മയാകുന്നതെങ്ങനെ എന്നു നാം ചോദിച്ചുപോകും. അമ്മയാകുക ഒട്ടും എളുപ്പമല്ല. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും ശ്വാസപടലങ്ങളിലൂടെ ഒഴുകിയെത്തേണ്ട അനുഭവമാണത്. വ്രണിതലോകത്തിന്റെ മുഴുവന്‍ അമ്മയായി വാഴ്ത്തപ്പെട്ടവളില്‍ നിന്നും ഇത്രയും മാരകമായ നിശ്ശബ്ദത അവരെ സ്‌നേഹിക്കുന്നവര്‍ക്കുള്ളില്‍ ദുസ്സഹമായ ശൂന്യതയാണ് നിറയ്ക്കുന്നത്. ചോദിക്കാതിരിക്കുന്നതെങ്ങനെ, ആരാണ് അമ്മയുടെ മുലപ്പാലില്‍ ചിറ കെട്ടിയിട്ടുണ്ടാകുക? നാവ് കെട്ടിയിട്ടുണ്ടാകുക. ആള്‍ക്കൂട്ട ഭക്തിയുടെ അലര്‍ച്ചകളില്‍ ആ നിസ്സഹായന്റെ ഇടറിയ രോദനം അമ്മ കേട്ടിട്ടുണ്ടാവില്ലെ. അയാള്‍ക്കുമേല്‍ പതിഞ്ഞ പ്രഹരങ്ങള്‍ സത്യത്തില്‍ അമ്മയുടെ ചങ്കിലാണ് കൊണ്ടിരിക്കുക. തേടിവരുന്ന മക്കളെ പുല്‍കാനാവാത്തവിധം അസ്വതന്ത്രമായ മാതൃത്വം മരവിച്ചു നില്‍ക്കുമ്പോള്‍, ആത്മീയതയുടെ മേല്‍ പതിഞ്ഞ പാപക്കറ ആര്‍ക്ക് കഴുകിക്കളയാനാകും?

അമൃതാനന്ദമയിക്കുമേല്‍ ആര്‍ക്കാണവകാശം? അവരുടെ കരുണ തേടിവരുന്ന മനുഷ്യര്‍ക്കല്ലാതെ.

ഭക്തിവ്യവസായികളുടെ തടവറയില്‍ ആടുകയും പാടുകയും ചെയ്യുമ്പോഴും സദാ ഇറുകിയടയുന്ന നിഷ്ക്കളങ്കതയുടെ കുസൃതിക്കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കിയാലത് കാണാം. ഉണര്‍ത്തപ്പെട്ട ഗൃഹാതുരത്വം. അക്കയുടെയും അവ്വയാറിന്റെയും മീരയുടെയും റാബിയയുടെയും തെരേസയുടെയും ക്‌ളാരയുടെയും സ്‌െ്രെതണാത്മീയവംശപരമ്പരയില്‍ ഈ മലയാളിപ്പെണ്ണിനെയും രഹസ്യമായി ചേര്‍ത്തുവയ്ക്കുന്നതില്‍ അഭിമാനിക്കുന്നവര്‍ ഏറെയുണ്ട്.

സത്യത്തില്‍ ഭ്രാന്ത് സത്‌നാംസിങ്ങിനല്ല, ആശ്രമത്തില്‍ തേറ്റയും കൊമ്പും മുളപ്പിച്ച് അലമുറയിട്ടാര്‍ക്കുന്ന തന്റെ തന്നെ അന്തേവാസികള്‍ക്കാണെന്ന് അമ്മ സ്വയം അഭിമുഖീകരിക്കുന്ന വേളയില്‍ തിരിച്ചറിയാതിരിക്കില്ല. പുഴ എല്ലായിടത്തും ശുദ്ധമാണ്. തീര്‍ത്ഥകേന്ദ്രങ്ങളിലൊഴികെ.

സ്പര്‍ശനശേഷി നഷ്ടപ്പെട്ട അഴുകിയ ചര്‍മ്മമാണ് നമ്മുടെ സമൂഹത്തിന്റേതെങ്കില്‍ തീര്‍ച്ചയായും മാതാഅമൃതാനന്ദമയി സ്പര്‍ശത്തിന്റെ മാതൃഭാഷയായി നിലനില്‍ക്കണമെന്നാണ് എന്റേയും പ്രാര്‍ത്ഥന. അവരുടെ സ്‌നേഹാശ്‌ളേഷങ്ങള്‍ അത്രമേല്‍ യുക്തിക്കതീതമായ ആനന്ദം പകരുന്ന ഔഷധശക്തിയായി തുടരുകതന്നെ വേണം.

എന്നാല്‍ പാവം സത്‌നാംസിങ്ങ്. ബുദ്ധന് ബോധോദയം നല്‍കിയ സ്വന്തം ജഗ്രാമമായ ഗയയിലേയ്ക്കാണ് അയാളുടെ മൃതദേഹം പോയത്. പലവട്ടം ആ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞു. സത്യത്തില്‍ അയാളുടെ ആത്മാവിനെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍ മാത്രമെ ചുരുളുകള്‍ നിവരുകയുള്ളൂ. പ്രകാശം പരക്കുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക