Image

തെഹല്‍ക: മുസ്ലിംകളെ കൊന്നശേഷം എന്തുതോന്നി? ബജ്റംഗി: ഞാനതാസ്വദിച്ചു

Published on 01 September, 2012
തെഹല്‍ക: മുസ്ലിംകളെ കൊന്നശേഷം എന്തുതോന്നി? ബജ്റംഗി: ഞാനതാസ്വദിച്ചു

'അവരെ (മുസ്ലിംകളെ) ഞങ്ങള്‍ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവര്‍ പരസ്പരം കെട്ടിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അതുങ്ങളുടെ മേല്‍ ഒഴിച്ചു. പിന്നെ ടയറുകള്‍ കത്തിച്ച് അവര്‍ക്കുമേല്‍ ഇട്ടു' -രക്തം മരവിക്കുന്ന ഈ വാക്കുകളുടെ ഉടമയാണ്, നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട സംഘ്പരിവാര്‍ നേതാവ് ബാബു ബജ്റംഗി.
അഞ്ചടി മൂന്നിഞ്ചുകാരനായ ഈ പട്ടേല്‍ സമുദായംഗം നരോദയിലെ കിരീടം വെക്കാത്ത രാജാവു കൂടിയാണ്. 22 വര്‍ഷം വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗത്തോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നീട് ബജ്റംഗദളിലും ശിവസേനയിലും പ്രവര്‍ത്തിച്ചു. നരോദക്ക് തൊട്ടടുത്ത തെരുവില്‍ ഒരു ഓഫിസുമായിരിക്കുന്ന ബജ്റംഗിയുടെ പ്രധാന വിനോദം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മര്‍ദിക്കലാണത്രെ. 'അവരെ ഞാന്‍ വെറുക്കുന്നു'- 'തെഹല്‍ക'യോട് ബജ്റംഗി തന്നെ പറയുന്നു. 'മുസ്ലിം ചെറുപ്പക്കാര്‍ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ എന്നെ കാണാന്‍ വരുന്നു. പൊലീസില്‍ പരാതി പറയാനെത്തിയ അവരെ പൊലീസുകാര്‍ തന്നെയാണ്, എന്റെയടുത്ത് വന്ന് പരാതി ബോധിപ്പിക്കാന്‍ പറഞ്ഞയക്കാറ്. ഇങ്ങനെ 957 ഹിന്ദു പെണ്‍കുട്ടികളെ ഞാന്‍ രക്ഷിച്ചു. ഹിന്ദു പെണ്‍കുട്ടി മുസ്ലിമിനെ വിവാഹം ചെയ്ത് ചുരുങ്ങിയത് അഞ്ചു പേര്‍ക്ക് ജന്മം നല്‍കുമായിരുന്നു. അപ്പോള്‍ ഇത്രയും കുട്ടികളെ രക്ഷിച്ചതിലൂടെ 5000 മുസ്ലിംകളെ ജനിക്കുന്നതിനു മുമ്പേ ഞാന്‍ ഇല്ലാതാക്കി'-ബജ്റംഗി കണക്കുകൂട്ടി പറയുന്നു. 'മുസ്ലിം' പ്രശ്നം ഇല്ലാതാക്കാന്‍ മറ്റു വഴികളും ഇയാള്‍ പറയുന്നു.
'കൊല്ലാന്‍ ദല്‍ഹി തന്നെ ഉത്തരവിടണം. ഉന്നതജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ചേരിനിവാസികളും ദരിദ്രരുമായവര്‍ ഇതിനിറങ്ങിക്കൊള്ളും. മുസ്ലിംകളെ കൊന്ന് അവരുടെ സമ്പത്തെല്ലാം സ്വന്തമാക്കാമെന്ന് പറഞ്ഞാല്‍ മതി. മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍നിന്ന് മുസ്ലിംകള്‍ തുടച്ചുനീക്കപ്പെടും.
'മുസ്ലിംകള്‍ക്ക് ഒരു വിവാഹവും ഒരു കുട്ടിയും എന്നത് നിയമമാക്കണം' എന്നത് ബജ്റംഗിയുടെ മറ്റൊരു നിര്‍ദേശം. വോട്ടവകാശം നല്‍കരുതെന്ന നിയമം പാസാക്കണമെന്നതും ഇയാളുടെ ആവശ്യമാണ്.
2007ല്‍ തെഹല്‍ക മാസിക നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്, ഈ കൊടുംഭീകരന്റെ പങ്കും യഥാര്‍ഥ മുഖവും പുറംലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്്. നരോദപാട്യയില്‍ 97 നിരപരാധികളെ ചുട്ടുകൊന്ന സംഭവത്തിന് നേതൃത്വം നല്‍കിയതെങ്ങിനെയെന്നും മുഖ്യമന്ത്രി നരേന്ദ്രമോഡിയില്‍നിന്നടക്കം പിന്തുണ കിട്ടിയതെങ്ങനെയെന്നും ബജ്റംഗി വിശദീകരിക്കുന്നു. 2002 ഫെബ്രുവരി 27ന്, ഗോധ്ര ട്രെയിന്‍ കൂട്ടക്കുരുതിയുടെ അന്നാണ് ബജ്റംഗി നരോദ പാട്യയിലെത്തുന്നത്. തീയില്‍വെന്തു കിടക്കുന്ന ശരീരങ്ങള്‍ കണ്ട താന്‍ അവിടെവെച്ചുതന്നെ പ്രതിജ്ഞയെടുത്തതായി തെഹല്‍കയോട് പറയുന്നു. 'ഗോധ്രയുടെ പ്രതികാരം തൊട്ടടുത്തദിവസം നരോദ പാട്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. ഗോധ്രയില്‍ വീണതിന്റെ നാലു മടങ്ങെങ്കിലും പാട്യയില്‍ വീഴണം. പാട്യ സന്ദര്‍ശിച്ചശേഷം അഹ്മദാബാദില്‍ തിരിച്ചെത്തി കൂട്ടക്കൊലക്കുള്ള സംവിധാനങ്ങള്‍ ഒരുക്കി' -ബജ്റംഗി വിവരിച്ചു.
ഗര്‍ഭിണിയുടെ വയറു പിളര്‍ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്ന് തുറന്നുപറഞ്ഞ ഇയാള്‍, തന്റെ ചെയ്തികളില്‍ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും കൊല്ലുമെന്നും തുറന്നുപറഞ്ഞു.

ബാബു ബജ്റംഗി തെഹല്‍കയോട് നടത്തിയ വെളിപ്പെടുത്തലിലെ പ്രസക്തഭാഗങ്ങള്‍

ബജ്റംഗി: ഞാനാണ് പാട്യയില്‍ ഓപറേഷന് തുടക്കമിട്ടത്. അവിടത്തുകാരുമായി കൈകോര്‍ത്തായിരുന്നു ഓപറേഷന്‍. എന്റെ വീടിനു അര കിലോമീറ്റര്‍ മാത്രം അകലെയാണ് പാട്യ. ഗോധ്ര കണ്ട ആര്‍ക്കും പ്രതികരിക്കാതിരിക്കാനാവില്ല. അടുത്ത ദിവസംതന്നെ അതിനുള്ള മറുപടി ഞങ്ങള്‍ നല്‍കി.
തെഹല്‍ക: ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെല്ലാം ആസൂത്രണം ചെയ്തു ?
ബജ്റംഗി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍... ഒറ്റ രാത്രികൊണ്ടാണ് എല്ലാം ചെയ്തത്. മുപ്പതോളം പേരുടെ ഒരു ടീമിനെ ഞങ്ങള്‍ ഒരുക്കി. തോക്കുള്ളവരുടെ വീടുകളില്‍ പോയി തോക്കു വാങ്ങി. തരാന്‍ വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. 23 തോക്കുകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ ആരെയും വെടിവെച്ചു കൊല്ലേണ്ടി വന്നില്ല. എന്താണു സംഭവിച്ചതെന്നുവെച്ചാല്‍... ഞങ്ങളവരെ ഓടിച്ച്, ഒരു കുഴിയിലേക്ക് ഇറക്കി. അവിടെവെച്ച് അവരെ തീര്‍ത്തു. ഏഴു മണിയോടെ വിവരം ഞങ്ങള്‍ പ്രഖ്യാപിച്ചു.
തെഹല്‍ക: ആ പ്രദേശത്തെപ്പറ്റി ഒന്നു പറയാമോ?
ബജ്റംഗി: ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒരു വര്‍ക്ഷോപ്പുണ്ട്. അതിനുപിന്നിലെ വലിയ മതിലിനപ്പുറമാണ് പാട്യ തുടങ്ങുന്നത്. അവിടെ ഒരു മസ്ജിദുണ്ട്. അതിനരികിലാണ് ആ കുഴി. അവിടെവെച്ചാണ് അവരെ തീര്‍ത്തത്. ഏഴു മണിക്ക് ഞാന്‍ ആഭ്യന്തരമന്ത്രിയേയും ജയ്ദീപ് ഭായിയേയും (വി.എച്ച്.പി ജനറല്‍ സെക്രട്ടറി ജയ്ദീപ് പട്ടേല്‍) വിളിച്ച്, ഇത്ര പേര്‍ കൊല്ലപ്പെട്ടുവെന്നും ഇനിയെല്ലാം നിങ്ങളുടെ കൈയിലാണെന്നും പറഞ്ഞു. അവരെന്തെങ്കിലും ചെയ്തോ എന്നറിയില്ല. പുലര്‍ച്ചെ 2.30 ഓടെ, എനിക്കെതിരെ എഫ്.ഐ.ആര്‍ എഴുതി. ഞാനവിടെ ഉണ്ടായിരുന്നുവെന്ന് അതിലുണ്ടായിരുന്നു. എന്നെ കണ്ടാല്‍ വെടിവെക്കണമെന്നുവരെ കമീഷണര്‍ ഉത്തരവിട്ടു.
തെഹല്‍ക: ആര് നരേന്ദ്ര ഭായിയോ ?
ബജ്റംഗി: കമീഷണറാണ് ഉത്തരവിട്ടത്. സംഭവത്തിനുശേഷം ഞങ്ങളെല്ലാം ജയിലിലായി. ജയിലിലായശേഷം പലരും ഞങ്ങള്‍ക്ക് ധാരാളം പണം തന്നു. അതോടെ ഞാന്‍ പണക്കാരനായി. അതോടെ എന്റെ സങ്കടങ്ങളെല്ലാം തീര്‍ന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന പാവങ്ങളെ പക്ഷേ, വി.എച്ച്.പി നേതാക്കള്‍ അവഗണിച്ചു. കേസില്‍ സഹായിക്കാമെന്ന് പ്രവീണ്‍ഭായ് (പ്രവീണ്‍ തൊഗാഡിയ) അടക്കമുള്ളവര്‍ ഉറപ്പുതന്നുവെങ്കിലും ഒന്നും ഉണ്ടായില്ല.
തെഹല്‍ക: എങ്ങനെയായിരുന്നു കൊലപാതകങ്ങള്‍ നടപ്പാക്കിയത്. റിവോള്‍വര്‍, സിലിണ്ടര്‍?
ബജ്റംഗി: മുസ്ലിംകളുടെ തന്നെ പാചകവാതക സിലിണ്ടറുകളായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചത്. കയറിയ വീടുകളിലെയെല്ലാം സിലിണ്ടറുകള്‍ ഞങ്ങള്‍ കൈക്കലാക്കി. അതിനു വെടിവെച്ച് സ്ഫോടനമുണ്ടാക്കി. ഇത്തരം സ്ഫോടനത്തില്‍ ഞങ്ങളുടെ നാലുപേരും മരിച്ചു.
തെഹല്‍ക: എത്ര പേര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞു?
ബജ്റംഗി: 14 മുസ്ലിംകളും 16 പൊലീസുകാരും. ഇതില്‍ കുറച്ചുപേര്‍ ജുഹാന്‍പുരയിലേക്കു മാറിപ്പോയി. ഇവിടെ നില്‍ക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. കുറച്ചെണ്ണം കര്‍ണാടകയിലേക്കു പോയി. അവര്‍ക്ക് ഏഴു ലക്ഷം രൂപ വീതം കിട്ടി. അവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് നരേന്ദ്രഭായ് പറഞ്ഞിരുന്നുവെങ്കിലും ഒന്നും കൊടുത്തില്ല. പിന്നെ കേന്ദ്രസര്‍ക്കാറാണ് പണം കൊടുത്തത്.
തെഹല്‍ക: എസ്.ആര്‍.പി.എഫുകാര്‍ കുറേ പേരെ രക്ഷിച്ചുവല്ലോ.
ബജ്റംഗി: ഒരു വലിയ മുസ്ലിം ഓഫിസര്‍, സയീദ്. കൊലപാതകങ്ങളെല്ലാം നടന്നത് എസ്.ആര്‍.പി ക്യാമ്പിനരികിലാണ്. കുഴിയിലേക്കു വീഴ്ത്താന്‍ കഴിയാതിരുന്നവരെല്ലാം ക്യാമ്പിലേക്ക് ഓടി. എന്നാല്‍, ജവാന്‍മാര്‍ അവരെ ആട്ടിപ്പായിച്ചു. അപ്പോഴേക്കും ആ ഓഫിസര്‍ ഒരു വാഹനത്തിലെത്തി അവരെ ക്യാമ്പിനകത്താക്കി. അഞ്ഞൂറോളം പേര്‍ അങ്ങനെ രക്ഷപ്പെട്ടുപോയി.
തെഹല്‍ക: മുസ്ലിംകളെ കൊന്നശേഷം എന്തുതോന്നി?
ബജ്റംഗി: ഞാനതാസ്വദിച്ചു. അവരെ കൊന്നശേഷം തിരിച്ചുവന്ന് ആഭ്യന്തരമന്ത്രിയെ വിളിച്ചു.പിന്നെ സുഖമായി കിടന്നുറങ്ങി. മഹാറാണാ പ്രതാപിനെപ്പോലെ തോന്നുന്നു എനിക്ക് സ്വയം.

Madhyamam

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക