Image

പരേതന്റെ കത്ത്(ചെറുകഥ)- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 04 September, 2012
പരേതന്റെ കത്ത്(ചെറുകഥ)- മീട്ടു റഹ്മത്ത് കലാം
ജീവിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ,
ചിതയെരിഞ്ഞ് തീര്‍ന്ന ദേഹവും ദേഹിയും രണ്ടായി മാറിയ ഈ നിമിഷത്തില്‍ മാത്രമാണ് ഞാന്‍ മരിച്ചുവെന്ന സത്യം എനിക്ക് മനസ്സിലാകുന്നത്. വിദേശത്തുള്ള മക്കളുടെ വരവും കാത്തിരുന്ന എംബാം ചെയ്ത എന്റെ ശരീരം അഗ്നിക്കിരയാകുന്നത് പോലും തിരിച്ചറിയാത്തത്ര മരവിച്ചിരുന്നു.

പണമുള്ളത് കൊണ്ട് മാത്രമാണ് ആഗസ്റ്റ് 20, 2012 എന്റെ ചരമദിനമായത്. പതിനേഴ് ദിവസത്തെ വെന്റിലേറ്റര്‍ വാസം സമ്പന്നന് അനുവദിച്ചുകിട്ടുന്ന മരണശേഷവും ശ്വസിക്കാനുള്ള കഴിവായിരിക്കാം. ഫാനിന്റെ സ്വിച്ച് നിര്‍ത്തിയ ശേഷവും ഒന്ന് ചെറുതായി കറങ്ങും പോലെ ആയുസ്സില്‍ ഏതാനും മണിക്കൂറുകളുടെ ബോണസ്സ്. മരിക്കാന്‍ തയ്യാറായി കിടന്ന എന്നെ സംബന്ധിച്ച് കാശുള്ള മരണാസന്നരായ രോഗികളെ കുറച്ച് നാള്‍കൂടി ചികിത്സിച്ച് ഇനിയും കൂടുതല്‍ നിലകള്‍ പടുത്തുയര്‍ത്താനുള്ള ആശുപത്രി അധികൃതരുടെ കച്ചവടതന്ത്രമായാണ് സ്‌നേഹത്തോടെയെന്നെ തലോടിയ മരണത്തിന് എന്നെ വിട്ടുകൊടുക്കാഞ്ഞപ്പോള്‍ തോന്നിയത്.

എഴുപത് വര്‍ഷക്കാലം കൊണ്ട് ഒരാള്‍ക്ക് വെട്ടിപ്പിടിക്കാവുന്നതൊക്കെ നേടിയ ആളാണ് ഞാന്‍. കാണാത്ത ദേശങ്ങളോ കേള്‍ക്കാത്ത ഭാഷകളോ ചുരുക്കം. അമ്മയില്ലാത്ത എന്റെ രണ്ട് ആണ്‍മക്കളെ മാറോടണച്ച് വളര്‍ത്തുമ്പോള്‍ പലപ്പോഴും ഞാന്‍ ആത്മഗതം അഹങ്കാരത്തോടെ ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ ഞാനാണെന്ന് പറയുമായിരുന്നു. അവരായിരുന്നു എന്റെ ലോകം. സ്‌നേഹത്തിന് ഞാന്‍ കല്‍പ്പിച്ച അര്‍ത്ഥം അവരിലൊതുങ്ങി. എന്നെ സ്‌നേഹത്തോടെ നോക്കിയ കണ്ണുകള്‍ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നിട്ടും മനഃപൂര്‍വ്വം ഞാനത് കാണാത്ത മട്ടില്‍ നടന്നു. മക്കളോടുള്ള സ്‌നേഹത്തിന്റെ ഒരു പങ്കെങ്കിലും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്തത്ര സ്വാര്‍ത്ഥത എന്റെ മനസ്സിനെയും ചിന്തകളെയും ഭരിച്ചു. രക്തത്തിന് ജലത്തെക്കാള്‍ കട്ടികൂടുതലാണെന്ന തത്വത്തില്‍ ഞാന്‍ മുറുകെ പിടിച്ചു.

ഞാന്‍ അനുഭവിച്ച വിഷമതകള്‍ മക്കളെ അറിയിക്കാതെ വളര്‍ത്തിയെന്ന ഏതൊരച്ഛന്റെയും അവകാശവാദം മുഴക്കിയാല്‍ അത് തീരെ കുറഞ്ഞ് പോകും. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ എന്നെ സംബന്ധിച്ച് കുട്ടികള്‍ സ്വപ്നം കണ്ട് കണ്ണ് തുറക്കും മുന്‍പേ അത് അവരുടെ മുന്നിലെത്തിക്കുന്നത് ത്രില്‍ ആയിരുന്നു. കോടികളുടെ പ്രോജക്ടില്‍ ഒപ്പിടുന്നതിലും ഏത്രയോ ഇരട്ടി സന്തോഷം അതിലൂടെ ഞാന്‍ അനുഭവിച്ചിരുന്നു.

പ്രായമായപ്പോള്‍ ജന്മനാട്ടിലേയ്ക്കുള്ള എന്റെ യാത്രയില്‍ അവരും ഒപ്പം ഉണ്ടാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പണ്ട് ഞാന്‍ ബിസിനസ്സ് ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങളും കൂടെ വരുന്നെന്ന് പറഞ്ഞ് ഡ്രസ്സൊക്കെ അടുക്കി ഒരുമ്മയൊക്കെതന്ന് എന്നെ വശത്താക്കിയിരുന്ന അവരുടെ കണ്ണുകളില്‍ അന്ന് നിറഞ്ഞ് നിന്നിരുന്ന എന്തോ ഒന്ന് ഇന്ന് നഷ്ടമായി എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പേരക്കുട്ടികളുടെ പിന്‍വിളിയില്‍പ്പോലും വഴങ്ങിക്കൊടുക്കാതെ ഞാന്‍ പുറപ്പെട്ടത്.

മിക്ക കുടുംബങ്ങളിലും കാണുന്നതുപോലെ സ്വത്തുതര്‍ക്കമൊന്നും എന്റെ മരണശേഷം അവര്‍ക്കിടയില്‍ ഉണ്ടാകാതിരിക്കാന്‍ എനിക്കുള്ളതെല്ലാം സൂക്ഷ്മതയോടെ തുല്യമായി പങ്കിട്ട് വക്കീലിനെ ഏല്‍പ്പിക്കാനും ഞാന്‍ മറന്നില്ല. ഇനി നാടുമായി ബന്ധം വേണ്ടെന്ന തീരുമാനത്തില്‍ ഇവിടെയുള്ളതൊക്കെ ഉടനെ വില്‍ക്കാന്‍ റിയല്‍ എസ്റ്റേറ്റുകാരെ ഏര്‍പ്പാടാക്കും വരെ വലിയ സ്‌നേഹത്തിലായിരുന്നു എന്റെ മക്കള്‍. വിലവെച്ചപ്പോള്‍ മൂത്തവന് നല്‍കിയതില്‍ എന്തോ കുറവ് വന്നുവെന്നതിന്റെ പേരില്‍ ഞാന്‍ ഒഴിവാക്കാനുദ്ദേശിച്ച ആ നശിച്ച തര്‍ക്കം ഉടലെടുത്തു. ശേഷക്രിയകള്‍ അച്ഛനു പ്രിയപ്പെട്ട ഇളയമകന്‍ തനിയെ ചെയ്താല്‍ മതിയെന്നു വരെ പറഞ്ഞ് അടിപിടി. റിട്ടേണ്‍ ടിക്കറ്റുമായി നില്‍ക്കുന്ന അവനെവിടെ സമയം? ഒടുവില്‍ ആരോ കൊള്ളി വച്ചു.

ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞു, മനസമാധാനത്തോടെ ഇനി കണ്ണടയ്ക്കാമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച എനിക്കിപ്പോള്‍, മാത്രം ഒരു സംശയം തോന്നുന്നു ഞാന്‍ ചെയ്യേണ്ടത് ചെയ്തിരുന്നോ എന്ന്. എനിക്ക് മോഷപ്രാപ്തിയുടെ വാതില്‍ തുറന്നുതരാന്‍ പോയിട്ട് എന്റെ ചിതയ്ക്കരികില്‍ വന്നൊന്ന് നില്‍ക്കാനോ ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനോ എന്റെ മക്കള്‍ക്ക് നേരമില്ല. ജലത്താല്‍ ദൈവം നിറച്ച സമുദ്രത്തിന് രക്തത്തെക്കാള്‍ ആഴമുണ്ടെന്ന് ഇപ്പോള്‍ മാത്രമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. മരിക്കാന്‍ കിടന്നപ്പോള്‍ നാവില്‍ തൊട്ടുതന്നത്
വെള്ളമായിരുന്നു, രക്തമല്ല. കത്തിയെരിഞ്ഞ് ഭസ്മമായി മാറിയ എന്നെ ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നതും ആ ജലധാര തന്നെ.

നിസ്വാര്‍ത്ഥമായി ജീവിച്ച് മരിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ കേവലം സ്വാര്‍ത്ഥ ചിന്തകള്‍ മാത്രമായിരിക്കരുത് ജീവിതത്തെ നയിക്കുന്നത്. സ്‌നേഹിക്കുന്നതിന് അതിര്‍വരമ്പ് കല്‍പ്പിച്ചാല്‍ ആ അതിരിനുള്ളില്‍ നിന്ന് മാത്രമേ തിരിച്ചും സ്‌നേഹം ലഭിക്കൂ. മറിച്ച് സ്‌നേഹത്തിന്റെ ലോകം വിശാലമാക്കും തോറും നമ്മളെ സ്‌നേഹിക്കുന്ന നമ്മുടെ വിഷമതകളില്‍ വേദനിക്കുന്ന കുറേ മനസ്സുകള്‍ കൂടി കിട്ടി ജന്മം സഫലമാകും. അതാണ് യഥാര്‍ത്ഥ മോക്ഷം. ജീവിച്ചിരിക്കുന്ന നിങ്ങള്‍ക്കീ ഉപദേശം തന്നതിലൂടെ ആരുമില്ലാത്ത ഞാനും മോക്ഷപ്രാപ്തി കൈവരിച്ചിരിക്കുന്നു. നന്ദി.
സ്‌നേഹപൂര്‍വ്വം
പരേതന്‍
പരേതന്റെ കത്ത്(ചെറുകഥ)- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക