ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സുവിശേഷ സേവികാസംഘത്തിന്റെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പന്ത്രണ്ടാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2011 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ ഇല്ലിനോയിയിലെ റോളിംങ് മെഡോസില്‍ വെച്ച് നടത്തപ്പെടുന്നു. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം ക്രമീകരിക്കുന്ന ഈ കോണ്‍ഫറന്‍സിന്റെ ആതിഥേയത്വം വഹിക്കുന്നത് ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ സേവികാസംഘമാണ്.
ലൂക്കോസ് 10:42 ആധാരമാക്കിയുള്ള `ചോയ്സ് ഈസ് ഇറ്റ് റൈറ്റ് ?'(Choice -is it right ?) എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ തീം. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ (നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം), സൈറാ ജോസഫ് (ഫിലാഡല്‍ഫിയ), റവ. ഏബ്രഹാം തോമസ് (ഡിട്രോയിറ്റ്) എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നും 250-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. ആരാധനയ്ക്കും ബൈബിള്‍ പഠനത്തിനും കൂട്ടായ ചര്‍ച്ചകള്‍ക്കും ഈ കോണ്‍ഫറന്‍സ് പ്രാധാന്യം നല്കുന്നു. ആകര്‍ഷണീയമായ ഷിക്കാഗോ ടൂര്‍, ടാലന്റ് നൈറ്റ് എന്നീ പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരുന്നു. വികാരി റവ. സാബു തോമസിന്റെ നേതൃത്വത്തില്‍ വന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് കോണ്‍ഫറന്‍സ് കമ്മിറ്റി എല്ലാ വനിതകളേയും സ്വാഗതം ചെയ്യുന്നു. ഇതുവരേയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഓഗസ്റ്റ് അവസാനം വരെ രജിസ്റ്റര്‍ ചെയ്യുവാനുളള അവസരമുണ്ട്. നിശ്ചിത ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷന് ഫീസോടൊപ്പം കണ്‍വീനര്‍ക്ക് എത്രയുംവേഗം അയച്ചുകൊടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.sevikasanghomconference2011.com