Image

അധികാരത്തിന്റെ ഇടനാഴിയില്‍

Published on 11 August, 2011
അധികാരത്തിന്റെ ഇടനാഴിയില്‍
ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയിട്ട് നാലു പതിറ്റാണ്ടായിരിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയുടെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ തുടങ്ങിയ ഔദ്യോഗിക പത്രപ്രവര്‍ത്തന ജീവിതം, ദേശീയ വാര്‍ത്തകളുടെ ഏകോപന ചുമതലയുള്ള എഡിറ്റര്‍ എന്ന നിലയിലെത്തിയ ശേഷം ഇതിനിടയില്‍ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്നുള്ള വാര്‍ത്തകള്‍ തേടിപ്പിടിക്കാനുള്ള യു.എന്‍.ഐയിലെ ചുമതലക്കാരില്‍ ഒരാളെന്ന നിലയില്‍, കോണ്‍ഗ്രസിലെ സംഭവബഹുലമായ വര്‍ത്തമാനങ്ങള്‍ പലതും കാണാനും കേള്‍ക്കാനും ലോകത്തെ അറിയിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അനുഭവിച്ചറിഞ്ഞ ഈ വാര്‍ത്താലോകത്ത് പ്രധാന കഥാപാത്രങ്ങളിലൊന്നായി പി.സി. അലക്‌സാണ്ടര്‍ ഉണ്ടായിരുന്നു. ഇന്ദിരഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഭരണത്തെയും കോണ്‍ഗ്രസുകാരെയും ഒരുകാലത്ത് അദ്ദേഹം നിയന്ത്രിച്ചു. അവിടം മുതല്‍, രാഷ്ട്രപതി സ്ഥാനാര്‍ഥിത്വ സാധ്യതകളും പിന്നിട്ട് അദ്ദേഹം നടന്നു. അപ്പോഴൊക്കെ, വാര്‍ത്താലോകത്തെ 'കോണ്‍ഗ്രസ് ബീറ്റുകാര'നേക്കാള്‍ കൂടുതലായി അദ്ദേഹത്തെ അടുത്തറിയണമെന്ന് ആഗ്രഹിച്ചത്, മാവേലിക്കരക്കാരനോട് പത്തനംതിട്ടക്കാരന് മനസ്സില്‍ ഉണ്ടായിപ്പോകുന്ന അയല്‍പക്ക ബന്ധം കൊണ്ടു കൂടിയാകണം.

ഒരേ നാട്ടുകാരായ സി.എം. സ്റ്റീഫനും പി.സി.അലക്‌സാണ്ടര്‍ക്കുമുള്ള സമാനത വാക്ചാതുരിയാണ്. ഒന്നാന്തരം പ്രസംഗ പാടവം. ബാലജനസഖ്യത്തിന്റെ കളരികളില്‍ നിന്ന് സി.എം.സ്റ്റീഫന്‍ രാഷ്ട്രീയത്തിലേക്കും പി.സി.അലക്‌സാണ്ടര്‍ ബ്യൂറോക്രസിയിലേക്കുമാണ് ഇറങ്ങിയത്. 1948ല്‍ ഐ.എ.എസ് നേടി, ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അടക്കം പദവികള്‍ പലത് പിന്നിട്ട്, പി.സി അലക്‌സാണ്ടര്‍ വാണിജ്യ സെക്രട്ടറിയായത് ജനതാപാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന കാലത്താണ്. ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറിക്ക് ഉണ്ടാകേണ്ടത് കോണ്‍ഗ്രസ് മനസ്സാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പരിഗണിച്ചത് ബി.ജെ.പിയും ശിവസേനയുമാണെന്നിരിക്കെ, ഒരു കാവിമനസ്സ് അദ്ദേഹത്തിന് ഉണ്ടാവുമെന്നാണ് സംശയിക്കേണ്ടത്. പക്ഷേ, അവിടെയൊന്നുമല്ല പി.സി.അലക്‌സാണ്ടറെ കണ്ടെത്തേണ്ടത് എന്നാണ് പലവട്ടം തലപുകച്ചപ്പോഴൊക്കെ മനസ്സില്‍ തോന്നിയത്. പി.സി.അലക്‌സാണ്ടറുടെ മികച്ച ഭരണചാതുരിക്കാണ് എല്ലാ പാര്‍ട്ടിക്കാരും ഭരണകര്‍ത്താക്കളും മാര്‍ക്കിട്ടത്.

നല്ല ബ്യൂറോക്രാറ്റ് പക്ഷേ, ആരുടെയും മുഖം നോക്കില്ല. പ്രശ്‌നങ്ങള്‍ തീര്‍ത്തെടുക്കുന്നതിലാണ് അവരുടെ മനസ്സത്രയും. അതിന്റെ തലക്കനം ഒന്നുവേറെത്തന്നെ ഉണ്ടാവുകയും ചെയ്യും. അതെല്ലാം ചേര്‍ന്നാകണം, കഴിവിനെ അംഗീകരിക്കുന്നവര്‍ക്കൊപ്പം, അദ്ദേഹത്തിന് ശത്രുക്കളും ധാരാളമായി ഉണ്ടായിരുന്നു. ജീവിതത്തില്‍ കൈവന്ന ഭാഗ്യങ്ങള്‍ക്കൊപ്പം, നിര്‍ഭാഗ്യങ്ങള്‍ പലതായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനമോ, രാഷ്ട്രപതി സ്ഥാനം തന്നെയോ തട്ടിയകന്നു പോയത് നിര്‍ഭാഗ്യങ്ങളും പാരവെപ്പുകളും ഒന്നിച്ചു ചേര്‍ന്നപ്പോഴാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ചുരുളഴിഞ്ഞ കൂമര്‍ നാരായണന്‍ ചാരക്കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിനെ ചുറ്റിപ്പറ്റി അപവാദം മുളപൊട്ടിയതും അങ്ങനെയാണ്. വിവാദങ്ങള്‍ക്കും ഏഷണികള്‍ക്കും അലക്‌സാണ്ടറുടെ വളര്‍ച്ച തടഞ്ഞുവെക്കാന്‍ കഴിഞ്ഞു. പക്ഷേ, ആത്യന്തികമായി അതത്രയും നിരര്‍ഥകമായി മാറി.

പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പി.സി.അലക്‌സാണ്ടറെ ഏറെ ആശ്രയിച്ചിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തെ യു.എന്നില്‍ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അലക്‌സാണ്ടര്‍ക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു. നയതന്ത്ര ദൗത്യങ്ങളില്‍ പോലും അലക്‌സാണ്ടര്‍ വലിയ പങ്ക് വഹിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയതും, അത് സുപ്രധാന ഭരണ കേന്ദ്രമായി മാറിയതും അലക്‌സാണ്ടര്‍ അവിടെ എത്തിയ ശേഷമാണ്. പ്രധാനമന്ത്രി ഒപ്പുവെക്കേണ്ട ഫയലുകളല്ല അലക്‌സാണ്ടര്‍ പരിശോധിച്ചത്; ഇന്ദിരഗാന്ധി ഒപ്പുവെച്ചു നല്‍കുന്ന ഫയലുകളാണ്. പിഴവുകളില്ലെന്ന് അലക്‌സാണ്ടര്‍ ഉറപ്പിക്കുന്നതോടെയാണ് അവ ഓരോന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറ്റെവിടേക്കും പോയത്.

ഇന്ദിരയുടെ വിശ്വാസം കൂടിയതിനൊത്ത്, ഉദ്യോഗസ്ഥതലം വിട്ട് രാഷ്ട്രീയ കാര്യങ്ങളിലും അലക്‌സാണ്ടര്‍ നിര്‍ണായകമായി. കോണ്‍ഗ്രസ് വിട്ടുപോയ എ.കെ. ആന്റണിയെ തിരിച്ചുകൊണ്ടുവരണമെന്ന് ഉപദേശിച്ചതും, ആ വഴിക്കുള്ള ശ്രമങ്ങള്‍ മുന്നോട്ടു നീക്കിയതും അലക്‌സാണ്ടറാണ്. നാലു കൊല്ലം കൊണ്ട് ഗാന്ധികുടുംബത്തിന്റെയാകെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞപ്പോള്‍, പിന്നെ ആകസ്മികമായി പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും, അലക്‌സാണ്ടര്‍ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധം പിടിച്ചു. പക്ഷേ, വൈകാതെ ചാരക്കഥയുടെ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ന്നു. പലരും കുടുങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലെ താഴേക്കിടയിലുള്ള ചിലര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ആകെ ശുദ്ധികലശം. അന്നേരം ബ്രിട്ടീഷ് ഹൈകമീഷണറായി പി.സി.അലക്‌സാണ്ടര്‍ ലണ്ടനിലേക്ക് പറന്നത്, രാജീവ് ഗാന്ധി അദ്ദേഹത്തെ സംശയിച്ചില്ല എന്നതിന് തെളിവാണ്. പിന്നെ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഗവര്‍ണറാക്കി.

ഗവര്‍ണര്‍ പദവിയില്‍ കാലാവധി നീട്ടിക്കൊടുക്കുന്ന പതിവു വിട്ട് മഹാരാഷ്ട്രയില്‍ ഒമ്പതു കൊല്ലം പി.സി.അലക്‌സാണ്ടര്‍ ഗവര്‍ണറായി തുടര്‍ന്നു. കാലാവധി നീട്ടിക്കൊടുത്തത് ബി.ജെ.പി നയിച്ച എന്‍.ഡി.എ സര്‍ക്കാറാണ്. കോണ്‍ഗ്രസ് കുടുംബാംഗമായി കരുതിയിരുന്നയാള്‍ക്ക് ബി.ജെ.പി സഹായം ചെയ്യുകയോ? ആരോടും സന്ധിചെയ്യുന്ന അധികാരമോഹിയാണ് അലക്‌സാണ്ടറെന്ന് കോണ്‍ഗ്രസില്‍ അടക്കംപറച്ചിലുകളായി. നേതാക്കള്‍ അകലം പാലിച്ചു തുടങ്ങി. ബി.ജെ.പിയും ശിവസേനയും അന്നേരം ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കെ.ആര്‍.നാരായണന് രണ്ടാമൂഴം കൊടുക്കില്ലെന്ന് തീരുമാനിച്ച്, അടുത്ത രാഷ്ട്രപതി ആരാകണമെന്ന ചര്‍ച്ചകള്‍ നടന്ന നേരം. പി.സി.അലക്‌സാണ്ടറുടെ പേര് എന്‍.ഡി.എ ക്യാമ്പ് മുന്നോട്ടു വെച്ചു. അവര്‍ അതില്‍ ഉറച്ചുനില്‍ക്കുകയും, തങ്ങളുടെ സ്വന്തക്കാരനെ കോണ്‍ഗ്രസ് പിന്തുണക്കുകയും ചെയ്താല്‍ പി.സി അലക്‌സാണ്ടര്‍ രാഷ്ട്രപതിയാകും. രണ്ടും നടന്നില്ല. കോണ്‍ഗ്രസ് വെട്ടി; എന്‍.ഡി.എ ചുവടുമാറ്റി.

അതിന് പിന്നില്‍ നട്‌വര്‍സിങ് കളിച്ചുവെന്നാണ് പിന്നീട് അലക്‌സാണ്ടര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്.  കോണ്‍ഗ്രസിന്റെ അമരത്തും രാഷ്ട്രപതി കസേരയിലും ക്രിസ്ത്യാനി വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിധത്തില്‍ പ്രചാരണം നടന്നു. അത് അപകടമാണെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് അധ്യക്ഷക്കും കിട്ടി. എന്‍.ഡി.എയോട് സമ്മതം മൂളിയതിനൊപ്പം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചെന്നുകണ്ട് പിന്തുണ അഭ്യര്‍ഥിക്കാന്‍ വൈകിയത് പിഴവുമായി. ചെന്നു കാണുമ്പോഴേക്ക് കോണ്‍ഗ്രസിന്റെ നിലപാട് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബ്രജേഷ് മിശ്രയുടെ പാരവെപ്പില്‍ എന്‍.ഡി.എയും ചുവടുമാറ്റി. രണ്ടുകൂട്ടരുടെയും സമീപനങ്ങള്‍ക്കിടയില്‍, ചര്‍ച്ചക്ക് എടുത്തിട്ട ഡമ്മി സ്ഥാനാര്‍ഥിയായി അലക്‌സാണ്ടര്‍ മാറി. ആ രോഷവും സങ്കടവുമാണ്, വിരമിക്കാന്‍ 10 മാസം കൂടി ബാക്കിയുള്ളപ്പോള്‍, 2002 ജൂലൈയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ അലക്‌സാണ്ടറെ പ്രേരിപ്പിച്ചത്. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായപ്പോള്‍, അതിനും മുമ്പേ പരിഗണിക്കപ്പെട്ട പേര് അലക്‌സാണ്ടറുടേതായിരുന്നു. എന്നാല്‍, പിന്നാക്ക വിഭാഗത്തില്‍ നിന്നൊരാള്‍ അവിടേക്ക് വരണമെന്ന ചിന്തക്ക് അനുസൃതമായി രാഷ്ട്രീയം മാറിയപ്പോഴാണ് അലക്‌സാണ്ടര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നത്.

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം, അലക്‌സാണ്ടര്‍ മഹാരാഷ്ട്രയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് രാജ്യസഭയില്‍ എത്തി. എന്‍.സി.പി അംഗം മുകേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഏകസീറ്റില്‍ സ്വതന്ത്രനായി അലക്‌സാണ്ടര്‍ പത്രിക നല്‍കുമ്പോള്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ എതിര്‍ത്തില്ല. അത് വെറുതെ മോഹിപ്പിച്ചതിന്റെ കുറ്റബോധം കൊണ്ടാകാം. പാര്‍ട്ടിക്ക് അതീതനാണ് അദ്ദേഹമെന്നായിരുന്നു എന്‍.സി.പി എടുത്ത നിലപാട്. അങ്ങനെ വീണ്ടും ദല്‍ഹിയില്‍ എത്തിയ പി.സി.അലക്‌സാണ്ടര്‍ക്ക് അനുവദിച്ചു കിട്ടിയത്, അധികാരത്തില്‍ നിന്ന് പുറത്തായ ഘട്ടത്തില്‍ ഇന്ദിരഗാന്ധി താമസിച്ച ബംഗ്ലാവാണ് -വെല്ലിങ്ടണ്‍ ക്രസന്റ് റോഡിലെ 12ാം നമ്പര്‍ വസതി. ചെന്നൈയിലേക്ക് താമസം മാറ്റാന്‍ തീരുമാനിക്കുന്നതു വരെ അദ്ദേഹം അവിടെയായിരുന്നു. ഒരു ആകസ്മികത.

 മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ ദല്‍ഹിയിലെത്തിയപ്പോള്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പി.സി. അലക്‌സാണ്ടര്‍ നല്‍കിയ മറുപടി ഓര്‍മ വരുന്നു. മോഹിപ്പിച്ചതിന് നഷ്ടപരിഹാരമെന്ന നിലയില്‍ കേന്ദ്രത്തില്‍ മെച്ചപ്പെട്ട ഒരു പദവി കിട്ടാനുള്ള വിലപേശല്‍ തന്ത്രമാണോ രാജി എന്നായിരുന്നു വാര്‍ത്താലേഖകരില്‍ ഒരാളുടെ ചോദ്യം.

അലക്‌സാണ്ടര്‍ പറഞ്ഞു: 'ആ ഘട്ടമൊക്കെ ഞാന്‍ എന്നേ പിന്നിട്ടു. ഒരു പദവിക്ക് വേണ്ടിയും ഞാന്‍ ഒരിക്കലും വിലപേശിയിട്ടില്ല. പദവികള്‍ എന്നെത്തേടി വന്നിട്ടേയുള്ളൂ.' അവസരവാദി എന്നുകൂടി അര്‍ഥം വരുന്ന ചോദ്യവും മറുപടിയും മാറ്റിനിര്‍ത്തി പറയാം: അധികാരത്തിന്റെ ഇടനാഴിയില്‍ ശത്രുക്കളോടും നിര്‍ഭാഗ്യങ്ങളോടും മല്ലടിച്ച കരുത്തനായിരുന്നു പി.സി.അലക്‌സാണ്ടര്‍.

(കടപ്പാട്‌: മാധ്യമം)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക