Image

പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-3 - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 07 September, 2012
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-3 - ഡോ.എന്‍.പി.ഷീല
അതിഥികളെ യഥായോഗ്യം സല്‍ക്കരിച്ചശേഷം പതിവില്‍ പടി ഇല്വാലന്‍ വാതാപിയെ വിളിച്ചു. തന്ത്രമറിഞ്ഞ അഗസ്ത്യന്‍ സ്വരം താഴ്ത്തി "വാതാപീ ജീര്‍ണ്ണോ ഭവ" എന്നു പറഞ്ഞു. തല്‍ക്ഷണം വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ദഹിച്ചുചേര്‍ന്നു. ഭയവിഹ്വലനായ പല്വലന്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും പതിനായിരം പശുക്കളും അത്രയും സ്വര്‍ണ്ണവും നല്‍കി. അഗസ്ത്യന് അതിനിരട്ടിയും. കൂടാതെ വിരാവാന്‍, സുരാവാന്‍ എന്ന രണ്ടു കുതിരകളെ കെട്ടിയ രഥവും സമ്മാനിച്ചു. അഗസ്ത്യന്‍ ലോപാമുദ്രയുടെ അടുക്കല്‍ മടങ്ങിയെത്തി അവളുടെ ഇംഗിതമനുസരിച്ച് അണിഞ്ഞൊരുങ്ങി.

ഇന്നത്തെ കൊടികെട്ടിയ മന്നന്മാര്‍ക്ക് ധനസമ്പാദനം വളരം നിസ്സാരമായി സാധിക്കാമെങ്കിലും അന്നും ഇന്നും സാധുക്കള്‍ക്ക് അതൊരു ബാലികേറാമലയാണെന്നും ഇതിന് പുരാണങ്ങളില്‍ ഇതുപോലെ ഒട്ടനവധി അന്യാപദേശ കഥകളുണ്ട്.

ലോപാമുദ്രയ്ക്കു സന്തോഷമായി. പുത്രപ്രാപ്തിക്കായി ആഗ്രഹിച്ച അവളോട് അഗസ്ത്യന്‍ ആരാഞ്ഞു- സാധാരണക്കാരായ ആയിരം പുത്രന്മാര്‍ അഥവാ പത്തു പുത്രന്മാരുടെ ബലമുള്ള നൂറു പുത്രന്മാര്‍ അഥവാ നൂറുപേരുടെ ബലമുള്ള പത്തുപേര്‍, അല്ലെങ്കില്‍ ആയിരംപേരേക്കാള്‍ സമര്‍ത്ഥനും ശ്രേഷ്ഠതയുമുള്ള ഒരു പുത്രന്‍- ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം. ശ്രീശങ്കരന്റെ അച്ഛന്‍ ശിവഗുരുവിനോടും അമ്മ ആര്യാംബയോടും ശിവനും ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, നൂറു മണ്ടന്മാരെ വേണോ, അല്പായുവെങ്കിലും മഹാമിടുക്കനായ ഒരുവനെയോ വേണ്ടത്. രണ്ടാമത്തേതുമതി എന്നുത്തരം. ഇവിടെ ലോപമുദ്രയും ഒറ്റപുത്രനെയാണ് കാംക്ഷിച്ചത്. ഇപ്പോഴാണെങ്കില്‍ കുടുംബവും വേണ്ട, മക്കളും വേണ്ട- കല്യാണം പോലും വേണ്ടെന്ന നിലപാടിലെത്തിനില്‍ക്കുന്നു! അതു നില്‍ക്കട്ടെ, ലോപാമുദ്രയ്ക്കു അഭീഷ്ടലബ്ധി വരുത്തിയതിനുശേഷം അഗസ്ത്യന്‍ വീണ്ടും ഉഗ്രതപസ്സിലേക്കു തിരിഞ്ഞു. ലോപാമുദ്ര യഥാകാലം തേജസ്വിയായ ഒരു മകനെ പ്രസവിച്ചു. ദൃഢസ്യൂ എന്‌നും ഇധ്മവാഹന്‍ എന്നും പുകള്‍ പെറ്റ മഹര്‍ഷി. കുട്ടി ജനിച്ചപ്പോള്‍ത്തന്നെ വേദമന്ത്രങ്ങള്‍ ഉരുവിട്ടുപോല്‍!

(അച്ഛനു ഹോമത്തിനായി വിറകുകൊള്ളികള്‍ ശേഖരിച്ചു കൊണ്ടുപോയി കൊടുത്തിരുന്നതിനാല്‍ രണ്ടാമത്തെ പേരുകിട്ടി. ഇധ്മം-വിറകുചീള്.

അഗസ്ത്യന്‍ ചെയ്ത മഹാദ്ഭുതങ്ങളില്‍ ചിലതുകൂടി ചുരുക്കിപ്പറയാം.

വിന്ധ്യനെ ചവിട്ടിത്താഴ്ത്തിയത് ഒരു പ്രധാനസംഭവമാണ്. അഗത്തിന്റെ (പര്‍വ്വതത്തിന്റെ) ഗര്‍വ്വുനശിപ്പിക്കയാല്‍ അഗസ്ത്യന്‍ എന്ന പേരു ലഭിച്ചു എന്നു പറയപ്പെടുന്നു. ആ സംഭവം ഇപ്രകാരമാണ്.

ഏഷണിപ്രവീണനായ നാരദന്‍ ഒരിക്കല്‍ ഉലകം ചുറ്റിക്കറങ്ങുന്ന കൂട്ടത്തില്‍ വിന്ധ്യനില്‍വന്നു. വിന്ധ്യന്‍ അദ്ദേഹത്തെ യഥായോഗ്യം സ്വീകരിച്ചിരുത്തി. സംഭാഷമധ്യേ നാരദന്‍ പറഞ്ഞു:

കനകമയമായ മഹാമേരുവില്‍ ഇന്ദ്രന്‍ അഗ്നി തുടങ്ങിയ ദേവകള്‍ വസിക്കുന്നു. കൈലാസം, നിഷധന്‍, നീലന്‍, ഗന്ധമാദനന്‍ തുടങ്ങിയവയിലും ശിവന്‍ ആദിയായവര്‍ നിവസിക്കുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും മേരുവിനോളം അഹങ്കാരമില്ല. ഈ ഏ,ണി കേട്ടപ്പോള്‍ മേരുവിനെ ഒരു പാഠം പഠിപ്പിക്കണമെന്നു വിന്ധ്യന്‍ തീരുമാനിച്ചു, തന്റെ കൊടുമുടികളെല്ലാം ആകാശംമുട്ടെ വലുതാക്കി സൂര്യചന്ദ്രമാരുടെ വഴിയടച്ചുകളഞ്ഞു. അവരുടെ മാര്‍ഗ്ഗതടസ്സം ജീവജാലങ്ങളുടെ സ്ഥിതി അവതാളത്തിലാക്കി ദേവകള്‍കൂട്ടമായി വന്ന് വിന്ധ്യനോട് അനുരജ്ഞനത്തിനപേക്ഷിച്ചെങ്കിലും അതെല്ലാം ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചത്. ഒടുവില്‍ അവര്‍ അഗസ്ത്യനെ ശരണം പ്രാപിച്ചു. പരിഹാരമുണ്ടാക്കാമെന്ന് അദ്ദേഹം ഏറ്റു, തന്റെ ഭാര്യോടൊപ്പം കാശിയില്‍ നിന്നും പുറപ്പെട്ട് വിന്ധ്യന്റെ സമീപമെത്തി. അഗസ്ത്യന്റെ വരവുകണ്ടപ്പോള്‍ത്തന്നെ വിന്ധ്യന് ഉള്‍ക്കിടിലമുണ്ടായി, തന്റെ ഉന്നതശിഖരങ്ങളെല്ലാം ഒതുക്കിവച്ച് അദ്ദേഹത്തെ താണുവണങ്ങി. സന്തുഷ്ടനായ അഗസ്ത്യന്‍ പറഞ്ഞു:

'വിന്ധ്യാ, ഞങ്ങള്‍ ദക്ഷിണ ഭാരത്തിലേക്കു പോകുകയാണ്. തിരിച്ചുവരുന്നതുവരെ നിന്റെ ശിരസ്സ് താണുതന്നെയിരിക്കട്ടെ.' വിന്ധ്യന്‍ വാക്കുപാലിച്ചു. പക്ഷേ, മുനി പണ്ടു ശിവന്‍ കന്യാകുമാരിയോട് കാശിക്കുപോയി മടങ്ങിവന്നിട്ടു നമ്മുടെ വിവാഹം എന്നു പറഞ്ഞപോലെ മുനിയും തെക്ക് മലയാചലലത്തില്‍ ആശ്രമമുണ്ടാക്കി പാര്‍പ്പു തുടങ്ങി. മടങ്ങി വന്നില്ല. വിന്ധ്യന്‍ ആ ഇരിപ്പു തുടരുകയും ചെയ്യുന്നു.

തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക