Image

ചേരികള്‍ക്കൊരു പ്രബോധന മുഖവുര(കവിത) -പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു,

പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, Published on 11 September, 2012
ചേരികള്‍ക്കൊരു പ്രബോധന മുഖവുര(കവിത) -പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു,
ആദിയില്‍ അരങ്ങേറ്റം
ഒരേ നിരയില്‍ വന്‍നിരയില്‍.
മലയുടെ മുകളില്‍ കേറ്യോര്‍
മേച്ചേരിക്കാരായ്;
ഇടയില്‍ കേറ്റം നിര്‍ത്ത്യോര്‍
ഇടച്ചേരിക്കാരായ്;
താഴ് വരയില്‍ താണു കിടന്നോര്‍
കീഴ്‌ച്ചേരിക്കാരായ്.

മേച്ചേരിക്കാര്‍ കീഴ്‌ച്ചേരികളുടെ
ചേരി കരിച്ചു ചൂടുന്നു;
ഇടച്ചേരിക്കാര്‍ കോണിപ്പടികള്‍
എണ്ണി മടത്തു മയങ്ങും;
കീഴ്‌ച്ചേരികളുടെ പരിഭവക്കഥകള്‍
കേട്ടു ഹസിക്കും കൊടുമുടി.

മൂക്കിനു താഴെ ചേരികള്‍
കേന്ദ്രം ചൂഴും ചേരികള്‍
വിഘടിതവാദം ഉതിരും ചേരികള്‍
കലാശാലയില്‍ പടരും ചേരികള്‍
ജനതികബീജം പിളരും ചേരികള്‍.

പുതുച്ചേരിക്കാര്‍ പഴഞ്ചേരികളെ
കുത്തിമലര്‍ത്തും ശാക്തിക ചേരി;
ചേരീശ്രേണികള്‍ കീഴേ നോക്കി
പാതാളത്തില്‍ മൂക്കിത്താഴ്ത്തും;
ചേരികള്‍ പലവിധം പുത്തന്നറിവായ്
അമൂര്‍ത്തബിംബക്കവനക്കാട്ടില്‍;

ചേരിയിലൊന്നും പെട്ടീടാത്ത
ദേവമുഖത്തെ ക്രൂശിച്ചീടാന്‍
വാരാന്ത്യങ്ങളില്‍ മുള്ളാണികളുടെ
കൂര്‍ത്ത മുഖത്തെ തേച്ചു മിനുക്കി
തോറ്റം തേടി ചരണം പാടും:

ഓം!ചേരികള്‍ !
ഓം!! ചേരാചേരികള്‍ !!
ഓം! ചേരിചേരാചേരികള്‍ !!
ചേരികള്‍ക്കൊരു പ്രബോധന മുഖവുര(കവിത) -പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക