Image

അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 10 September, 2012
അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

മൗനമായി ചിരിക്കുന്ന ഭരണാധികാരികളുടെ ഉള്ളില്‍ ആര്‍ത്തട്ടഹസിക്കുന്ന ചെകുത്താന്മാര്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഭരണാധിപന്മാര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഭയക്കുകയും വിമര്‍ശനങ്ങളെ വെറുക്കുകയും ചെയ്യുന്നു എങ്കില്‍ ഈ നാട്ടിലെ ജനാധിപത്യത്തിന് ആപത്താണ്, ഇവിടുത്തെ ജനങ്ങള്‍ക്ക് ആപത്താണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരു പരാജയമാണെന്ന് വിദേശമാധ്യമങ്ങള്‍ എഴുതുന്നതില്‍ അദ്ദേഹത്തിന്‍റെ ഓഫിസ് അസഹിഷ്ണുവാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹമൊരു ദുരന്തകഥാപാത്രമാണ് എന്നു തുറന്നെഴുതിയ വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനെക്കൊണ്ട് മാപ്പു പറയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിമാനിക്കുന്ന ഭരണകൂടം അഴിമതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഒരു കാര്‍ട്ടൂണിസ്റ്റിനെ തുറുങ്കിലടച്ചുകൊണ്ട് അതിന്‍റെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാക്കിയിരിക്കുന്നു.

കാണ്‍പൂര്‍ സ്വദേശിയായ അസീം ത്രിവേദി എന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് രാജ്യദ്രോഹക്കുറ്റത്തിന് തടങ്കലില്‍ വയ്‍ക്കാന്‍ ഉത്തരവായിരിക്കുന്നത്. അണ്ണ ഹസാരെയുടെ ഇന്ത്യ എഗെയ്‍ന്‍സ്സ്റ്റ് കറപ്ഷനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അസീം ത്രിവേദി അഴിമതിയില്‍ മുങ്ങിയ ഭരണകൂടത്തെ പരിഹസിച്ചുകൊണ്ട് വരച്ച കാര്‍ട്ടൂണുകളിലൂടെ രാജ്യത്തിന്‍റെ ഔദ്യോഗികചിഹ്നങ്ങളെ അപമാനിച്ചു എന്നതിനാലാണ് കേസ് എടുത്തിരിക്കുന്നത്.ഇതിന്‍റെ പേരില്‍ ഡിസംബറില്‍ തന്നെ പൊലീസ് അസീമിന്‍റെ www.cartoonsagainstcorruption.com എന്ന വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പൗരന്‍റെ അഭിപ്രായസ്വാതന്ത്ര്യം അതിരുകളില്ലാത്തതാണെന്ന് എനിക്കഭിപ്രായമില്ല. രാജ്യത്തിന്‍റെ പരമാധികാരത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന നടപടികള്‍ ദേശവിരുദ്ധമാണ് എന്നതില്‍ സംശയവുമില്ല. എന്നാല്‍,ഇവിടെ ഭരണാധികാരികള്‍ അധികാരസ്ഥാനങ്ങളിലിരുന്നുകൊണ്ട് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച ഒരു കാര്‍ട്ടൂണിസ്റ്റിനെ, അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളുടെ വരകള്‍ക്കിടയിലൂടെ വായിച്ച് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായിരിക്കുന്നത്. രാഷ്ട്രീയവിമര്‍ശനത്തിന്‍റെ പേരില്‍ ആളുകള്‍ അകത്തുപോയി തുടങ്ങുന്നത് (പ്രത്യേകിച്ച് കലാകാരന്മാര്‍) അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളിലൊന്നാണ്.അസീം ത്രിവേദിയുടെ അറസ്റ്റിനെതിരേ പ്രതിഷേധം അലയടിക്കുന്നുണ്ട്. എതിര്‍സ്വരങ്ങളെ കേസുകളില്‍ കുടുക്കി നിശബ്ദമാക്കുന്ന തന്ത്രം ജനം ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.

ഒരിക്കലും ഒന്നിനെയും ചോദ്യം ചെയ്യാത്ത ഒരു ജനതയെ ആണ് എല്ലാ ഭരണകൂടങ്ങളും സ്വപ്നം കാണുന്നത്. അഴിമതിക്കാരായ ഭരണനേതൃത്വം മലീമസമാക്കിയ ഭാരതത്തെ വരച്ചുകാട്ടിയ അസീം ത്രിവേദിയെ ആ വരകളിലൂടെ ഭാരതത്തെ അവഹേളിച്ചു എന്നാരോപിച്ച് പിടികൂടുമ്പോള്‍ അത് ഒരു തരത്തില്‍ അഭിപ്രായസ്വാന്ത്ര്യം ഉപയോഗിക്കുന്നവരോടുള്ള യുദ്ധപ്രഖ്യാപനമാണ്. രാജ്യാന്തര പുരസ്കാരമായ ‘Courage in Editorial Cartooning Award’ നേടിയ 25കാരനായ അസീം ത്രിവേദിയുടെ അറസ്റ്റ് അഴിമതിയെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഈ 12ന് അവാര്‍ഡ് വാങ്ങാനായി സിറിയയ്‍ക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നതും ഭരണകൂടത്തിന്‍റെ ശുഷ്കാന്തിയുടെ ഉദാഹരണമാണ്.

പ്രധാനമന്ത്രി പോലും അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍, ലക്ഷം കോടികളുടെ അഴിമതികള്‍ കൊണ്ട് രാജ്യം റെക്കോര്‍ഡിഡുമ്പോള്‍ വിമര്‍ശകരുടെ തല കൊയ്യാന്‍ ഏറ്റവും അനുയോജ്യമായത് നിയമമാണ്. രാജ്യദ്രോഹവും തീവ്രവാദവും ആര്‍ക്കെതിരെയും എപ്പോ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആയുധമായി മാറുമ്പോള്‍ ഉള്ള കഞ്ഞിയും കുടിച്ച് വല്ല സീരിയലും കണ്ട് ജീവിച്ചുപോകുന്നര്‍ നല്ല പൗരന്മാരും അഴിമതിയും ഭരണാധികാരികളുടെ ജനവഞ്ചനകളും ചോദ്യം ചെയ്യുന്നവര്‍ കുഴപ്പക്കാരുമാവാന്‍ നിമിഷങ്ങള്‍ മതി.അസീം ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ വല്ലാത്ത മൂര്‍ച്ചയുള്ളവയാണ്. കപടദേശീയവാദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്‍ട്ടൂണുകള്‍..,. ചിഹ്നങ്ങളും അടയാളങ്ങളും മാത്രം പരിപാവനമായി നിലനിര്‍ത്തുകയും അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ കശക്കിയെറിയുകയും ചെയ്യുന്ന രാഷ്ട്രീയം ഈ അറസ്റ്റിലൂടെ വെളിവായിരിക്കുന്നു. ഇന്ത്യ 2050 എന്ന അസീമിന്‍റെ തന്നെ കാര്‍ട്ടൂണ്‍ 2050നു വളരെ മുന്‍പേ യാഥാര്‍ഥ്യമാകുന്നത് രാജ്യം നേരിട്ടു കണ്ടറിയുകയാണ്.

അഴിമതിക്കെതിരെ ഒരു കൊച്ചുകാര്‍ട്ടൂണ്‍ പോലും അനുവദിക്കുകയില്ല എന്ന സന്ദേശം, അഴിമതി എത്രത്തോളം ഭരണത്തിന്‍റെയും ഈ സര്‍ക്കാരിന്‍റെയും രക്തത്തിലലിഞ്ഞിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.അഴിമതിക്കെതിരെയുള്ള ശബ്ദങ്ങളെല്ലാം തങ്ങള്‍ക്കെതിരാണെന്നും തങ്ങള്‍ക്കെതിരായതെല്ലാം രാജ്യത്തിനെതിരാണെന്നും വിശ്വസിക്കുന്നവരാണ് രാജ്യത്തെ അപമാനിക്കുന്നത്. അഴിമതിയാണ് ഇന്ത്യ എന്നു വരച്ചുകാട്ടുന്നവനെ രാജ്യദ്രോഹി എന്നു വിളിക്കുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരയാണ് ഇന്ത്യ എന്നാരോ പറഞ്ഞുകേട്ടപ്പോള്‍ കയ്യടിച്ചവരും ആര്‍പ്പുവിളിച്ചവരുമാണെങ്കില്‍ അത് യാദൃച്ഛികമായിരിക്കില്ല.

“If telling the truth makes one a traitor, then I am happy. Likewise even Gandhi, Bhagat Singh are traitors. If while doing service to the nation I am booked under sedition, I will continue to do so and get arrested,”- അറസ്റ്റിലായ ശേഷം അസീം ത്രിവേദി പറഞ്ഞതാണിത്. ഇന്ത്യ എന്നാല്‍ സോണിയാജിയും മന്‍മോഹന്‍ജിയും രാഹുല്‍ജിയുമൊക്കെയാണെന്നു ഏറ്റുപറയുകയും അഴിമതിക്കാരായ നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നാമെല്ലാം രാജ്യദ്രോഹികളായിത്തീര്‍ന്നേക്കാം. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഡോ.മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഇനി ജനങ്ങളോടുളള യുദ്ധം മാത്രമാണ് അവസാനവഴി.നമുക്ക് നെഞ്ച് വിരിച്ചു കാത്തു നില്‍ക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക