Image

സോഷ്യല്‍ മീഡിയയിലെ തുറന്നു പറച്ചില്‍: ശ്രീപാര്‍വതി

ചുറ്റുവട്ടം - ശ്രീപാര്‍വതി Published on 12 September, 2012
സോഷ്യല്‍ മീഡിയയിലെ തുറന്നു പറച്ചില്‍: ശ്രീപാര്‍വതി
ഈ അടുത്ത ദിവസം ഫെയ്സ്ബുക്കില്‍ ഒരു ചര്‍ച്ച നടന്നു. വളരെ തുറന്ന ഒരു ചര്‍ച്ച. വിഷയം പൊതുവായതാണ്. സോഷ്യല്‍ മീഡിയകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍. വിഷയത്തിനു ആധാരം ഒരു സ്ത്രീ തനിക്കു വന്ന ചില സ്വകാര്യ സന്ദേശങ്ങള്‍ ഒരു തുറന്ന ചര്‍ച്ചയ്ക്കു വച്ചു. സ്ഥിരമായി തന്നെ സന്ദേശങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്ന ആള്‍ക്ക് മറുപടി കൊടുത്തെങ്കിലും ആ വിവരം ഒരു വേദിയില്‍ ചര്‍ച്ച ചെയ്യണമെന്നു തോന്നിയ എന്റെ സുഹൃത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കാന്‍ തോന്നി. ഒപ്പം അവരുടെ ഒപ്പം നില്‍ക്കണമെന്നും. പൊതുനിരത്തില്‍ അപമാനിതയാകുന്ന ഏതൊരു സാധാരണ സ്ത്രീത്വത്തെയും പോലെ അവര്‍ നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ കടുത്തതു തന്നെയായിരുന്നു.

സാധാരണ സോഷ്യല്‍ മീഡിയയില്‍ സജീവമായ എതൊരു സ്ത്രീയും നേരിടുന്നൊരു പൊതുപ്രശ്നമാണ്, ഇത്തരം അരോചകമുണ്ടാക്കുന്ന സന്ദേശങ്ങള്‍, പലരും അതിനെ അത്ര ഗൗരവമായി എടുക്കാറില്ല എന്നതാണ്, സത്യം. ആദ്യം എതിര്‍പ്പ് കാണിച്ചു, പിന്നെയും ആവര്‍ത്തിക്കുന്നവരെ സൌഹൃദലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇത്തരം മീഡിയ നല്‍കുന്നുണ്ട്. എല്ലാവരും എന്നു പറയുന്നില്ല, ആ രണ്ടു തരവും സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ട്. ലൈംഗികചുവയുള്ള ചാറ്റിനെ ഇഷ്ടപ്പെടുന്ന സ്ത്രീകളും ഉണ്ടെന്ന് മറക്കുന്നില്ല, പക്ഷേ നല്ലൊരു ശതമാനവും സൌഹൃദത്തിന്റെ മേച്ചില്‍പുറം അന്വേഷിച്ചാണ്, വരുക. അതുകൊണ്ടു തന്നെ ഒരു പ്രശ്നമുണ്ടാക്കാന്‍ പലരും മടിക്കും, തുറന്ന യുദ്ധത്തിനു അവര്‍ തയ്യാറാകില്ലെന്ന് അറിയുന്ന പുരുഷന്‍മാര്‍ പലരീതിയിലും അരോചകമായ മെസ്സേജുകള്‍ അയക്കാന്‍ മടിക്കില്ല. ബുദ്ധിമുട്ടുകള്‍ അറിയിച്ചാലും വീണ്ടും ശല്യം തുടരുന്നവരെ ഒരുവിധം സ്ത്രീകള്‍ സൌഹൃദലിസ്റ്റില്‍ നിന്ന് ദൂരേ കളയുകയോ ബ്ലോക്ക് എന്ന സംവിധാനം ഉപയോഗിക്കുകയോ ചെയ്യും.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരിക്കുന്ന എവിടേയും ഈ അരോചകത്വം അവള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രതികരിച്ചാല്‍ സ്വയം ആരുമില്ലാത്തവളായി മാറുന്ന അവസ്ഥ എത്രകണ്ട് സഹിക്കാനാകും, ഒപ്പം നില്‍ക്കുമെന്ന് കരുതുന്ന കാരണവന്‍മാര്‍പോലും അവളുടെ അടക്കമില്ലായ്മയെ മുള്ളും മുനയും വച്ച് കുത്തും. ഇത് ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലല്ലോ, നിരവധി ഇരകളും ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകള്‍ അപ്പോള്‍ എത്ര മാത്രം ഉണ്ടാകാം.

ഒരു ആവര്‍ത്തനം മാത്രമാണ്, പ്രിയ കൂട്ടുകാരിയുടെ കാര്യത്തിലുമുണ്ടായത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒരു തുറന്നു പറച്ചില്‍ ആദ്യമാണെന്നു തോന്നുന്നു. ആയിരക്കണക്കിനു ആള്‍ക്കാരുടെ നിയന്ത്രണത്തിനും നിയമത്തിനും വിധേയമായി ആശയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെറുമൊരു എഴുത്തുകാരി മാത്രമായി പോകാതെ തന്നെ അലോസരപ്പെടുത്തിയ പകല്‍മാന്യന്റെ പേരുള്‍പ്പെടെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ തുറന്നു കാണിച്ച ആ സ്ത്രീ ഒരു പ്രതീകം തന്നെയാണ്.
അതിശയം തോന്നിയത് നിരവധി സൌഹൃദങ്ങളുള്ള അവരുടെ നൂറുകണക്കിനു സ്ത്രീ സുഹൃത്തുക്കളില്‍ ഇതില്‍ സ്വന്തം അഭിപ്രായം പറഞ്ഞത് രണ്ടേ രണ്ടു പേര്‍. പ്രതികരിക്കാന്‍ മടിച്ചു നില്‍ക്കുന്ന നമ്മുടെ സമൂഹം ഇന്നും ആ പഴയ കാലത്തു തന്നെ വെറുതേ നോക്കി നില്‍ക്കുന്നു. ഒരു കാര്യത്തില്‍ സന്തോഷം തോന്നി, ആത്മാര്‍ത്ഥമായി അഭിപ്രായം പറഞ്ഞവരില്‍ കൂടുതലും പുരുഷന്‍മാര്‍.

ഈ തുറന്നു പറച്ചിലിന്റെ ധൈര്യത്തെ അഭിനന്ദിച്ചവരും എതിര്‍ത്തവരും വരുമ്പോള്‍ എതിര്‍പ്പുകള്‍ കുറവു തന്നെയായിരുന്നു, പക്ഷേ എതിര്‍ക്കുന്നവര്‍ കണ്ടെത്തിയ കാരണങ്ങള്‍ വിചിത്രവും. സഹോദരിയല്ലത്ത ഒരു പെണ്ണിന്റെ ഫോട്ടോ കണ്ടാല്‍ ഉത്തേജനം ഉണ്ടാകുമെന്ന കണ്ടുപിടിത്തം രസകരമായി തോന്നി. ഒന്നു ചോദിച്ചോട്ടെ, മുഴുവന്‍ ആണ്‍വര്‍ഗ്ഗത്തോടുമല്ല കേട്ടോ, ഇത്രയേ ഉള്ളൂ, നിങ്ങള്‍ പുരുഷന്‍മാരുടെ ആര്‍ജ്ജവം? ചങ്കൂറ്റം?

താന്‍ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ ചിത്രം ഇടുന്നത് സ്ത്രീകളെ കാണിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഒരു പുരുഷന്‍ പറയാതെ പറയുമ്പോള്‍ ലജ്ജ തോന്നുന്നു. ഇനിയും എത്രയോ വര്‍ഷം ഇവിടെ ജീവിക്കണം. ഓരോ നോട്ടത്തിലും കഴുകന്‍ കണ്ണുകളുമായി തന്റെ നേരേ നോക്കുന്ന പുരുഷന്റെ കണ്ണുകളെ പേടിച്ച്, അലോസരപ്പെട്ട് എത്ര വര്‍ഷം????

ഒരു ഹോട്ടല്‍ റൂമില്‍ കയറിയാല്‍ ടോയിലറ്റില്‍‍ പേടി കൂടാതെ പോകാന്‍ , തുണിക്കടകളില്‍ ഇഷ്ടപ്പെട്ട ഡ്രസ്സ് അണിഞ്ഞു നോക്കാന്‍, ഒക്കെ പേടിയില്ലാതെ സ്ത്രീയ്ക്ക് ചെയ്യാന്‍ ഇനിയും എത്ര കാത്തിരിക്കണം.
ഒന്നേ പറയാനുള്ളൂ, മാനസിക നിലവാരമില്ലാത്ത ഇത്തരം മനോരോഗികളെ ഒതുക്കേണ്ടത് പുരുഷന്‍മാര്‍ തന്നെയാണ്, സ്വന്തം വര്‍ഗ്ഗത്തിനു മാനക്കേടുണ്ടാക്കുന്ന ഇവരെ ഒന്നിച്ചു നിന്ന് എതിര്‍ക്കുക തന്നെ വേണം.
സോഷ്യല്‍ മീഡിയയിലെ തുറന്നു പറച്ചിലുകളുടേയും അവസ്ഥ മറ്റൊന്നല്ല എന്നറിയാം. പക്ഷേ ആ കൂട്ടുകാരി കാണിച്ച ആര്‍ജ്ജവം ഒരു മുതല്‍ക്കൂട്ടാണ്, അത്തരം സൌഹൃദങ്ങളെ അകറ്റി നിര്‍ത്താനുള്ള ഒരു അവസരം മറ്റൊരാള്‍ക്ക് കിട്ടിയാല്‍ അത് നല്ലതു തന്നെ എന്ന് പറയണ്ടേ?
സോഷ്യല്‍ മീഡിയയിലെ തുറന്നു പറച്ചില്‍: ശ്രീപാര്‍വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക