Image

ക്രിസ്ത്യാനിക്ക് സ്‌നാനം വേണോ?

മാത്യു മൂലേച്ചേരില്‍ Published on 17 September, 2012
ക്രിസ്ത്യാനിക്ക്  സ്‌നാനം വേണോ?
സ്‌നാനത്തെക്കുറിച്ചു പലര്‍ക്കും വിഭിന്നമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. ചിലര്‍ പറയുന്നു ശിശുസ്‌നാനം മതിയെന്ന്, മറ്റു ചിലര്‍ പറയുന്നു ജലത്തിന്റെ ആവശ്യമില്ല ആത്മീയസ്‌നാനം ആണ് ആവശ്യമെന്ന്. മറ്റൊരുകൂട്ടര്‍ ജലസ്‌നാനം ആണ് വേണ്ടതെന്നും. ഇവരെല്ലാം ഒരുപരിധിവരെ ദൈവത്തെയും അവന്റെ ശക്തികളെയും കുറിച്ച് വിവരമില്ലാത്തവര്‍ തന്നെ. മനുഷ്യര്‍ ചില വിശ്വാസങ്ങള്‍ അവരുടെ ബാല്യകാലം മുതല്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു. അതില്‍ നിന്നും വ്യതിച്ചലിക്കുവാന്‍ പലര്‍ക്കും താത്പ്പര്യമില്ല. ഇന്ന് ലോകത്തിലുള്ള നല്ലൊരു ശതമാനം ക്രിസ്ത്യാനികളെയും എടുത്തു നോക്കിയാല്‍ അവരെല്ലാം അവരുടെ പാരമ്പര്യത്താല്‍ ക്രിസ്ത്യാനികള്‍ ആയവരാണ്., അല്ലാതെ സ്വന്ത ചിന്തപ്രകാരം തിരഞ്ഞെടുത്ത ഒരു മതമല്ല. അത് ക്രിസ്ത്യാനികളില്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ മതങ്ങളിലും ജാതികളിലും അപ്രകാരം തന്നെ. ശരിക്കും ഒരു വ്യക്തി ഒരു മതം സ്വീകരിക്കുന്നതിനു മുന്‍പേ ലോകത്തിലുള്ള എല്ലാ മതങ്ങളെ കുറിച്ചും പഠിച്ചിരിക്കണം. അങ്ങനെ അറിവ് നേടിയതിനു ശേഷം ഉത്തമമായതിനെ ആ വ്യക്തിതന്നെ സ്വയം തിരഞ്ഞെടുക്കുമ്പോഴാണ് ആ വ്യക്തി ആ മതത്തിന്റെ ശരിയായ ഒരു വിശ്വാസി ആവുന്നത്. അല്ലാതെ ഒരുവനില്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങളോ, ആചാരാനുഷ്ടാനങ്ങളോ കൊണ്ട് ഒരുവന്‍ ഇന്ന മതവിശ്വാസി എന്ന് പറയുന്നത് മൂടത്വം തന്നെ! ശിശുസ്‌നാനം ക്രിസ്തീയ മതത്തെ ആ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അത് ഒരു ബന്ധനം ആണ്. അത് ആ കുഞ്ഞിന്റെ പൌരസ്വാതന്ത്ര്യ ലംഘനവും ആണ്.
സ്‌നാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവരും, സ്‌നാനം കഴിപ്പിക്കുന്നവരും, സ്‌നാനമേല്‍ക്കുന്നവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ബൈബിളില്‍ വളരെ വ്യക്തമായ് പറഞ്ഞിട്ടുമുണ്ട്. ഒരു ക്രിസ്തീയ വിശ്വാസി ആയിരിപ്പാന്‍ ഒരുവന് സ്‌നാനത്തിന്റെ ആവശ്യമില്ല. സ്‌നാനം ഏല്‍ക്കുന്ന വ്യക്തികള്‍ വേദം പഠിച്ചിരിക്കണം, ദൈവത്തെക്കുറിച്ചും, ദൈവത്തിന്റെ നീയമങ്ങളെക്കുറിച്ചും ജ്ഞാനം ഉള്ളവര്‍ ആയിരിക്കണം. സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസങ്ങളും മനുഷ്യനും ദൈവവുമായുള്ള വ്യത്യാസങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തെയും, ഭൂതലത്തെയും അറിയുന്നവരും സ്‌നേഹിക്കുന്നവരും ആയിരിക്കണം. പ്രകൃതിയേയും, ജീവജാലങ്ങളെയും, മനുഷ്യനെയും സമൂഹത്തെയും സ്‌നേഹിക്കുന്നവരും സാമൂഹീക രാഷ്ട്രീയ നീയമങ്ങള്‍ക്ക് വിധേയരായ് ജീവിക്കുന്നവരും ആയിരിക്കണം. ലോകത്തിന്റെതായ സകല മ്ലേച്ഛതകളെക്കുറിച്ചും, കാപട്യങ്ങളെക്കുറിച്ചും, സുഖഭോഗങ്ങളെക്കുറിച്ചും, അറിവുള്ളവര്‍ ആയിരിക്കണം. ലോകത്തിലുള്ള സകല മതങ്ങളെക്കുറിച്ചും അവരുടെ വിശ്വാസങ്ങളെക്കുറിച്ചും ആചാരാനുഷ്ടാങ്ങളെക്കുറിച്ചും അറിവുള്ളവന്‍ ആയിരിക്കണം. സ്‌നാനം യാതൊരുവിധത്തിലുമുള്ള കാര്യസാധ്യത്തിനും ആവരുത്. ദൈവത്തില്‍ ഉത്തമവിശ്വാസം ഉള്ളവരും ആയിരിക്കണം! സ്‌നാനം കൊടുക്കുന്നവര്‍ ആ ക്രീയകള്‍ക്ക് യോഗ്യരാണോയെന്നു സ്വയം വിശകലനം ചെയ്തു ഉത്തമ ബോധ്യം വരുത്തണം. അവരും പരിശുദ്ധാത്മീകാഭിഷേകങ്ങള്‍ പ്രാപിചിട്ടുള്ളവര്‍ ആയിരിക്കണം. അവര്‍ ദൈവീക കല്‍പ്പനകളെ പ്രമാണിച്ച് ദൈവനീതിക്കൊത്തവണ്ണം ദൈവത്തോട് കൂടെ ജീവിക്കുന്നവരായിരിക്കണം.
നമ്മുടെ കര്‍ത്താവായ യേശു മനുഷ്യന്റെ പാപങ്ങള്‍ തുടച്ചു നീക്കുവാനായ് നരജന്മമെടുത്തു ലോകത്തില്‍ വന്നു. അദ്ദേഹത്തിന്റെ ബാല്യകാലം മുഴുവന്‍ പണ്ഡിതശ്രേഷ്ഠരോടോത്തിരുന്നു വേദങ്ങള്‍ പഠിച്ചു. യൌവ്വനകാലം ഒരു സാധാരണ വ്യക്തിയെപ്പോലെ ജീവിച്ചു. അദ്ദേഹത്തിനു ഇരുപത്തിയോന്പതര വയസ്സായപ്പോള്‍ നരജന്മത്തെ ഉപേക്ഷിച്ച് സ്‌നാപക യോഹന്നാനാല്‍ യോര്‍ദ്ദാന്‍ നദിയില്‍ സ്‌നാനമേറ്റ് ദൈവീക ആത്മാവിനെ ആവാഹിച്ചു ദൈവമായ്. ആ സ്‌നാനമെറ്റ നിമിഷം മുതല്‍ യേശു വചന പ്രഘോഷണവും തുടങ്ങി. ലുക്കോസ് 3 :16 യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്‌നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്‌നാനം കഴിപ്പിക്കും. 21 , 22 : ജനം എല്ലാം സ്‌നാനം ഏല്ക്കുകയില്‍ യേശുവും സ്‌നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്റെമേല്‍ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. ഇതിനാണ് സ്‌നാനം എന്ന് പറയുന്നത്. ഇന്ന് സ്‌നാനമെല്ക്കുന്ന എത്രപേര്‍ക്ക് ഇതുപോലെ ദൈവീക അരുളപ്പാട് ഉണ്ടാകും. സ്‌നാനമേല്‍ക്കുമ്പോള്‍ ഇത്തരുണം ദൈവീക അരുളപ്പാടുകള്‍ ഉണ്ടാവാത്ത ആരുടേയും സ്‌നാനം യെഥാര്‍ത്ഥ സ്‌നാനമല്ല. കാരണം അവിടെ ദൈവീക ശക്തികള്‍ വെളിപ്പെട്ടിട്ടില്ല. ദൈവീക ശക്തികള്‍ ഇല്ലാത്ത ആരും ദൈവത്തിന്റെ പുത്രനോ, പുത്രിയോ ആവില്ല.
കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ ജാതിയിലും കുലത്തിലും വളര്ന്നുവരണമെന്നു എല്ലാ മാതാപിതാക്കന്മാരും ആഗ്രഹിക്കുന്നു. അതിനായ് അവര്‍ തങ്ങളുടെ മക്കളെ അവര്‍ വളരെ കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവരുടെ മതത്തിന്റെ വേദ പഠനങ്ങളും ആചാരാനുഷ്ടാനങ്ങളും പഠിപ്പിക്കുന്നു. അതുപോലെ ഒരു പ്രക്രീയയാണ് ക്രിസ്തീയ സഭയിലുള്ള ഈ ശിശു സ്‌നാനവും. ആ സ്‌നാനം എല്ക്കുന്നവനു മാത്രമേ അതാതു സഭകളില്‍ അംഗത്വം ഉണ്ടാവുകയുള്ളൂ. എന്നാല്‍ യെഥാര്‍ത്ഥത്തില്‍ ബൈബിള്‍ പ്രകാരം ഒരു കുഞ്ഞിനെ സ്‌നാനപ്പെടുത്തെണ്ട ആവശ്യമില്ല. കുഞ്ഞുങ്ങള്‍ നിഷ്‌ക്കളങ്കരും പാപമില്ലാത്തവരുമാണ്. അതുകൊണ്ടാണ് ക്രിസ്തു ഇപ്രകാരം പറഞ്ഞത് മത്തായി 18 :3 5 'നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്!വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു. ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തില്‍ കൈകൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു.'വേറൊരിടത്തു ഇപ്രകാരം പറയുന്നു മാര്‍ക്കോസ് 10 : 13 16 ' അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.' ഒരു വ്യക്തി ഈ മാലിന്യം നിറഞ്ഞ ലോകത്തില്‍ ആയിരിക്കുമ്പോള്‍ എത്രമാത്രം സ്വയം ശ്രദ്ധിച്ചാലും ലോകത്തിന്റെതായ മാലിന്യങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിലും പറ്റിപ്പിടിച്ചിരിക്കും. സ്‌നാനമെന്നത് പാപങ്ങളെ ഏറ്റുപറഞ്ഞു ഹൃദയശുദ്ധിവരുത്തി ജലത്തില്‍ കഴുകി ഒരു പുതിയ വ്യക്തിത്വം പ്രാപിക്കുക എന്നതാണ്. അത് മറ്റാരുടെയും പ്രേരണയാലോ നിര്‍ബന്ധത്തിനോ വഴങ്ങിയോ ആകരുത്. ഈ ലോകത്തിലുള്ള എല്ലാവിധമായ ലൌകീകസുഖങ്ങളും അനുഭവിച്ചതിനു ശേഷം, ലൌകീക സുഖങ്ങളല്ല ആത്മീയ സുഖങ്ങളാണ് നല്ലതെന്ന് സ്വയം മനസ്സിലാക്കി, പാപബോധമുള്ളവനായ് പാപത്തെ ദൈവത്തിനോട് ഏറ്റുപറഞ്ഞു സ്വജീവനെ ദൈവത്തിന്റെ പാദപീഠത്തിങ്കല്‍ സമര്‍പ്പിച്ചിട്ടുള്ളതായിരിക്കണം സ്‌നാനം (മാമ്മോദീസ്സാ).അങ്ങനെയുള്ള ഒരുവനാണ് ക്രിസ്തീയ സഭയിലെ അംഗം. നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുന്നത് അത് ദൈവത്തോടായിരിക്കണം. ജെഡീകാനായ ഒരു വ്യക്തിയോടോ അല്ലെങ്കില്‍ ദൈവത്തിന്റെ വ്യക്തിയെന്ന് സ്വയം പാടിപ്പുകഴ്ത്തി മരണതുല്ല്യനായ് ജീവിക്കുന്ന ഒരുവനോടോ നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞിട്ടു കാര്യമില്ല. ഒരു കുഞ്ഞിനെ മാമ്മോദീസ്സ മുക്കിയെടുത്ത് ക്രിസ്തിയാനിയാക്കിയാക്കിയെന്നു കരുതി ആ കുഞ്ഞു ശരിയായ ക്രിസ്തിയാനി ആവുന്നില്ല, മറിച്ച്, ആ വ്യക്തി അവന്റെ മാതാപിതാക്കളുടെ ജാതിത്വം സ്വീകരിക്കുന്നു എന്ന് മാത്രം.
സ്‌നാനം എല്ക്കുന്നവര്‍ ദൈവത്തിന്റെ പൌരോഹിത്യം എല്ക്കുവാന്‍ കൊടുക്കപ്പെട്ടിരിക്കുന്നവരായിരിക്കണം. സ്‌നാനത്താല്‍ ഒരുവന്‍ ദൈവത്തിന്റെ ശിഷ്യത്വവും അപ്പോസ്‌തോലത്വവും സ്വീകരിക്കുന്നു. സ്‌നാനം എന്ന് പറഞ്ഞാല്‍, നമ്മുടെ ഈ ഭൌതീക ലോകത്തിലെ സകലവും (കുടുംബവും, ധനവും, സകല ബന്ധങ്ങളും,മോഹങ്ങളും ) ഉപേക്ഷിച്ചു ശരീരശുദ്ധിവരുത്തി ദൈവീക ആത്മാവിനെ തന്റെ മര്‍ത്ത്യശരീരത്തിലേക്ക് ആവാഹിക്കുന്ന ഒരു പ്രക്രീയയാണ്. ഗലാത്യര്‍ 3 :27ല്‍ ഇപ്രകാരം പറയുന്നു, ' ക്രിസ്തുവിനോട് ചേരുവാന്‍ സ്‌നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.' അപ്രകാരം സ്‌നാനം എല്ക്കുന്നവര്‍ പിന്നീടൊരിക്കലും അവരുടെ ഭൌതീക ജീവിതത്തിലേക്ക് തിരിയാതെ ദൈവവുമായുള്ള ആത്മീക ബന്ധത്തിലും കൂട്ടായ്മയിലും ആയിരിക്കണം. അവരുടെ ഭൌതീക ശരീരം പിന്നെ നിലനില്‍ക്കുന്നില്ല. അവര്‍ ആ സ്‌നാനം ഏല്‍ക്കുന്ന നിമിഷം തൊട്ടു ദൈവീക ശരീരത്തിന് ഉടമയാവുന്നു. അപ്പോള്‍ മുതല്‍ ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നവരും , അപ്രകാരം ജീവിക്കുന്നവരും ആയിരിക്കണം. അല്ലാതെ ഇന്ന് ലോകത്തിലുള്ള പ്രോട്ടെസ്റ്റന്റസും പെന്തക്കോസ് അനുഭാവികളും ചെയ്യുന്നതുപോലെ സ്‌നാനം ഏറ്റിട്ടു സകലവിധമായ തോന്ന്യവാസങ്ങളും ചെയ്യുകയും, അതില്ക്കൂടെ പണം സമ്പാദിക്കുകയും, സ്വന്തം ജൈവീക കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ദൈവ്വീക നാമം ദുഷിക്കുകയും ചെയ്യുന്നവര്‍ ആവരുത്, അതാണ് ഏറ്റവും വലിയ പാപം.
വിശ്വാസത്താല്‍ സ്‌നാനമെറ്റ ഒരു വ്യക്തി ദൈവത്തിന്റെ കൂടെയായിരിക്കുമ്പോള്‍ ദൈവീക ഉപദേശങ്ങളും ദൈവം ചെയ്ത കാര്യങ്ങളും മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ജഡീകമായതിനൊന്നും പിന്നെ അവരുടെ ജീവിതത്തില്‍ സ്ഥാനമില്ല. അങ്ങനെ ജീവിക്കുന്ന വ്യക്തികളില്‍ ദൈവീക ശക്തികള്‍ ഉണ്ടായിരിക്കും, അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിക്കും. മാര്‍ക്കോസ് 16ാം അദ്ധ്യായം വായിക്കുവീന്‍. അതില്‍ ഒരു യെഥാര്‍ത്ഥ ക്രിസ്തിയാനിയ്ക്ക് വേണ്ട ഗുണഗണങ്ങള്‍ ധാരാളം വിവരിച്ചിട്ടുണ്ട്. വിശ്വസിക്കയും സ്‌നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈവെച്ചാല്‍ അവര്‍ക്കു സൌഖ്യം വരും എന്നു പറഞ്ഞു. ഈ ഗുണഗണങ്ങള്‍ ഇല്ലാത്തവര്‍ ആരും ഒരു കൃസ്തിയാനിയോ നല്ല ഒരു പെന്തക്കോസ്ത്കാരനോ ആവില്ല. ഇന്ന് ലോകത്തില്‍ ടീവിയിലും, മറ്റു വേദികളിലും അധികരിച്ച ആടംബരത്തോട് കടന്നു വന്നു ജപ്പടി വിദ്യകള്‍ കാട്ടി ജനങ്ങളെ കൊള്ളയടിച്ചോ ചൂഷണം ചെയ്‌തോ പ്രവര്‍ത്തിക്കുന്നതല്ല ദൈവീക വേല. അനേക കോടി ജനങ്ങള്‍ ആഹാരത്തിനും വസ്ത്രത്തിനും മരുന്നിനും വകയില്ലാതെ ലോകത്തില്‍ ആയിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ വേല ചെയ്യുന്ന വ്യക്തികള്‍ സര്‍വ്വവിധ ആഡംഭരങ്ങളോട് കൂടി ജീവിക്കുകയും വിലസ്സുകയും ചെയ്യുന്നതല്ല ദൈവീക പ്രവര്‍ത്തിയും നീതിയും. വിധവകളുടെ വീടുകളെ വിഴുങ്ങിയും, ലോകം മുഴുവന്‍ വ്യഭിചരിച്ചും നടത്തുന്നതല്ല ദൈവീക പ്രവര്‍ത്തി. താഴ്മയും വിനയവും അവരിലുണ്ടായിരിക്കും. ഒന്നുള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം. മുന്നില്‍ കടന്നുവരുന്ന പ്രതികൂലങ്ങളെ ഭയപ്പെടാതെ അവയെയെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ ദൈവനാമത്തില്‍ അഭിമുഖീകരിച്ചു അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകാവ്യക്തികളായും ദൈവീക യെശ്ശസ് ഉയര്‍ത്തുന്നവരും ആയിരിക്കും. ഒരു ക്രിസ്തീയ വിശ്വാസി ആയിരിപ്പാന്‍ സ്‌നാനത്തിന്റെ ആവശ്യമില്ല, എന്നാല്‍ ഒരു ക്രിസ്തിയാനി ആകുവാന്‍ സ്‌നാനം ആവശ്യം തന്നെ!
ഇപ്പറഞ്ഞ പ്രകരമെല്ലാം അധികം ആര്‍ക്കും ഈ ലോകത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല. അഥവാ അങ്ങനെ ആരെങ്കിലും ലോകത്തില്‍ ഉണ്ടങ്കില്‍ അവരെ ലോകം ഭ്രാന്തന്മാര്‍ എന്ന് വിളിക്കും. കാരണം ഒരു വ്യക്തിയില്‍ മറ്റൊരു ആത്മാവ് കുടികൊള്ളുമ്പോള്‍ ആ വ്യക്തി അദ്ദേഹത്തിന്റേതായ രൂപത്തില്‍ നിന്നും ഭാവങ്ങളില്‍ നിന്നും ചിന്താഗതികളില്‍ നിന്നും മാറുന്നു, പിന്നെ അവരുടെ ലോകം മറ്റൊരു ലോകമാണ്. അതാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഭിശേകമുള്ള ഒരു യഥാര്ത്ഥ വ്യക്തി. എന്നാല്‍ ഒരു കപട വിശ്വാസി ആയി യേശുവിന്റെ നാമം ദുഷീകരിക്കുന്നതിലും നല്ലത് യേശുവിനായ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരു ഭ്രാന്തന്‍ ആയി ഈ ലോകത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് തന്നെ. അവരത്രെ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യാവകാശികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക