Image

ഇറ്റാലിയ (ചെറുകഥ)-പി.റ്റി.പൗലോസ്

.റ്റി.പൗലോസ് Published on 18 September, 2012
ഇറ്റാലിയ (ചെറുകഥ)-പി.റ്റി.പൗലോസ്
നീതിരീഹിത്യത്തിന്റെ ഉഷ്ണകാറ്റില്‍ അടര്‍ന്ന് വീണ അത്തിപ്പഴങ്ങളെ എന്റെ കണക്ക് പുസ്തകത്തില്‍ എണ്ണപ്പെടുത്തിയപ്പോള്‍, കരച്ചിലിന്റെയും പല്ലുകടിയുടെയും കഥകള്‍പുറം ലോകമറിഞ്ഞു. സോദോം ഗോമുറയിലെ വിഷവായുവില്‍ ചത്തൊടുങ്ങിയ കഴുകന്മാര്‍ ദുഃസ്വപ്നങ്ങളായി സദാചാരത്തിന്റെ പ്രവാചകരുടെ ഉറക്കം കെടുത്തി. സഭ്യതയുടെ അപ്പോസ്‌തോലര്‍ എന്റെ സര്‍ഗ്ഗസൃഷ്ടികളെ സാത്താന്റെ സങ്കീര്‍ത്തനങ്ങളാക്കി. സിസ്റ്റര്‍ സിസിലിയ, നിന്റെ പ്രേരണകളായിരുന്നല്ലൊ എന്റെ കഥകളും കവിതകളുമെന്നും. പകരം നിനക്ക് ലഭിച്ചതോ, ഇറ്റാലിയായിലേക്ക് ഒരു നാടുകടത്തല്‍. കരള് പറിച്ച് നീ പിരിഞ്ഞപ്പോള്‍ ഞാന്‍ വീണതോ തീരാദുഃഖങ്ങളുടെ മഹാഗര്‍ത്തത്തിലേക്ക്. ഒരു പ്രപഞ്ചശക്തിക്കും എന്നെ രക്ഷിക്കാനായില്ല. വേദനകളുടെ മുള്‍ക്കിരീടവുമായി സത്യത്തിന്റെ ഗാഗുള്‍ത്തയിലേക്കുള്ള നീണ്ടയാത്ര. ഞാന്‍ എന്ന അര്‍ത്ഥമില്ലായ്മയുടെ പൊരുള്‍ തേടിയുള്ള യാത്ര.

ഇറ്റാലിയായിലെ കല്‍ഭിത്തികള്‍ക്കുള്ളിലെ ദുരൂഹതയില്‍ നിശ്ചലമായ നിന്റെ ജഡം ഒരു നോക്ക് കാണുവാന്‍ എന്നെ അനുവദിക്കാത്ത സന്മനസ്സുകളുടെ ഉടമകള്‍ എല്ലാ പഴുതുകളും അടച്ച് ഭൂമിയില്‍ സമാധാനം കണ്ടെത്തി. മണ്ണിലെ മനുഷ്യന്റെ സ്വസ്ഥതകെടുത്തി അത്യൂന്നതങ്ങളിലെ ദൈവത്തിന് സ്തുതി പാടി. അപ്പോഴേക്കും നീ അയച്ചുതന്ന കുറിപ്പുകളിലൂടെ ഞാനറിഞ്ഞ സത്യങ്ങള്‍, നിന്റെ തേങ്ങലുകള്‍, പീഢാനുഭവങ്ങള്‍, കണ്ണുനീരിന്റെ ഒരു മഹാപ്രവാഹമായി കരളലിയിക്കുന്ന ഒരു മഹാകാവ്യമാക്കി ഇറ്റാലിയായിലെ എന്റെ കൊച്ചു സുന്ദരിയുടെ ആത്മാവിന് ഞാന്‍ സമര്‍പ്പിച്ച് കഴിഞ്ഞിരുന്നു.

ചെകുത്താന്മാരുടെ കുഴലൂത്തില്‍ മാലാഖമാരുടെ സങ്കീര്‍ത്തനങ്ങള്‍ അപശ്രുതിയാകുന്ന അശാന്തിയുടെ ഈ ഗദ്‌സമനയില്‍ ഒരു പ്രാര്‍ത്ഥനമാത്രം. കാലങ്ങളായി പേറുന്ന അനുഭവങ്ങളുടെ മാറാപ്പ് അറിയാതെ തുറന്നപ്പോള്‍ തകര്‍ന്നപോയ നിന്റെ വിങ്ങുന്ന ആത്മാവിനെങ്കിലും നീതി ലഭിക്കേണമേ.

ഒരു മഞ്ഞ്തുള്ളിയുടെ പരിശുദ്ധിയോടെ ഊഷ്മള സ്‌നേഹത്തിന്റെ ആര്‍ദ്രതയില്‍ ഒരു വിഷാദഗീതമായി നീ എന്നിലേക്ക് അലിഞ്ഞുചേര്‍ന്നു. ഇറ്റാലിയായിലെ കല്‍ത്തുറുങ്കില്‍ ഹോമിക്കപ്പെട്ട സൗഹൃദത്തിന്റെ ആത്മാവില്‍ ഞാന്‍ അല്‍ത്താര പണിതു. നിത്യസ്‌നേഹത്തിന്റെ ആ ശ്രീകോവിലില്‍ ഒരു പുത്തന്‍ നീതിശാസ്ത്രത്തിന്റെ തിരികൊളുത്തി സ്വപ്നങ്ങളുടെ താഴ് വരയിലൂടെ ഞാന്‍ യാത്ര തുടരുന്നു- നിന്റെ ഓര്‍മ്മകള്‍ എനിക്ക് ഇന്ദ്രജാലമാകുവാന്‍ …

അനന്തമായ ആകാശം, അതിന് പരിധികളില്ല. അതുപോലെ ചിറകൊടിഞ്ഞ ഈ മോഹപക്ഷിയുടെ സ്വപ്നങ്ങള്‍ക്കും. പക്ഷെ, ബന്ധങ്ങളുടെ, മോഹഭംഗങ്ങളുടെ, നഷ്ടസ്വപ്നങ്ങളുടെ ഇതിഹാസങ്ങള്‍ മെനയുമ്പോഴും അങ്ങകലെ പ്രതീക്ഷയുടെ പ്രത്യാശയുടെ തുരുത്ത് ഞാന്‍ കണ്ടു. സമാധാനത്തിന്റെ ധ്വനികളുമായി ഒരു പുത്തന്‍ യുഗപിറവിയുടെ വെള്ളിവെളിച്ചത്തില്‍ ഒരുരണ്ടാം ഏദന്‍തോട്ടത്തിന്റെ മനോഹരിത ഞാനവിടെ കണ്ടു. അവിടെ പൂത്തുലഞ്ഞ മുന്തിരിക്കുലകളുടെ സൗന്ദര്യത്തില്‍ ഞാന്‍ മയങ്ങി നിന്നു-പണ്ട്, മുന്തിരിയെ മോഹിച്ച കുറുക്കനാകല്ലെ എന്ന പ്രാര്‍ത്ഥനയോടെ.

മകരമാസ കുളിരിലൂടെ, മേടമാസ ചൂടിലൂടെ, വര്‍ഷകാല സന്ധ്യകളിലൂടെ നന്മകളുടെ തമ്പുരാട്ടി, നിന്നെയും തേടി ഞാനലഞ്ഞു. അവസാനം ചക്രവാളങ്ങള്‍ക്കപ്പുറത്ത് ശാന്തിയുടെ മനോഹരതീരത്ത് നിന്നെ ഞാന്‍ കണ്ടെത്തി. ദേവദാരുവിന്റെ തണലില്‍ മയങ്ങുന്ന ദേവകന്യക പോലെ അഴകിന്റെ ഏഴുവര്‍ണ്ണങ്ങളില്‍ എന്റെ രാജകുമാരിയെ ഞാന്‍ കണ്ടു. സ്വപ്നങ്ങള്‍ മയങ്ങിയ മിഴികളില്‍ പ്രത്യാശയുടെ തിളക്കം ഞാന്‍ കണ്ടു. എന്നെ വരവേല്‍ക്കാനുള്ള തിടുക്കം ഞാന്‍ കണ്ടു. കാലങ്ങള്‍ ദൈര്‍ഘ്യമുള്ള എന്റെ യാത്രയുടെ പരിസമാപ്തി. ഇടനെഞ്ചില്‍ പുളകത്തിന്റെ കുളിര്‍മഴ. ആത്മാവിന്റെ അന്തരാളങ്ങളില്‍ അവാച്യമായ അനുഭൂതിയുടെ തായമ്പക. ഹൃദയവീണയുടെ മൃദുലത തന്ത്രികളില്‍ സപ്തസ്വരങ്ങളുടെ മാന്ത്രിക ധ്വനി. നിത്യനിര്‍വൃതിയിലേക്കുള്ള രാജവീഥിയൊരുങ്ങി. മാനസം കീഴടക്കിയ അനുരാഗത്തിന്റെ ചക്രവര്‍ത്തിനി, ഞാനും എന്റെ മോഹങ്ങളും ഒരു സ്‌നേഹോപസനാമന്ത്രമായി ദുഃഖങ്ങളില്ലാത്ത നിന്റെ ലോകത്തിലെ നിത്യതയിലേക്ക് ലയിക്കുന്നു.

പ്രപഞ്ചശക്തികള്‍ വിറങ്ങലിച്ച ഈ അഗാധ ശാന്തതയില്‍ അരുതാത്ത ആഗ്രഹങ്ങളുടെ മഹാപ്രഭുവിന് ആകാശദീപങ്ങളുടെ അശ്രുപൂജ…
ഇറ്റാലിയ (ചെറുകഥ)-പി.റ്റി.പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക