Image

`മനോട്ടാ ജെമി വിളിക്കുന്നു' (മനോഹര്‍ തോമസ്‌)

Published on 22 September, 2012
`മനോട്ടാ ജെമി വിളിക്കുന്നു' (മനോഹര്‍ തോമസ്‌)
സിറ്റിയിലെ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ വരാന്ത. കോണ്‍ഫറന്‍സിന്‌ കയറും മുമ്പ്‌ സ്വരുക്കൂട്ടിയ പ്രബന്ധത്തിന്റെ അവസാന ഭാഗം അരച്ചിറക്കുകയായിരുന്നു.

തങ്കച്ചന്‍ ഫോണ്‍: `വൈകുന്നേരം ഏഴുമണിക്ക്‌ പൊത്തില്‍ കാണണം'

`ഗ്ലാസില്‍ ഐസ്‌ വീഴുമ്പോള്‍ ഞാനെത്തിയിരിക്കും'

പഴയ കൂട്ടുകാരായ ആറംഗ സംഘത്തിന്‌ കൂടാനൊരിടം. ചെറിയ അടുക്കള, അതിന്റെ അകതാരികള്‍. വ്യത്യസ്‌ത ജോലിക്കാരായ ആറുപേര്‍ വാരാന്ത്യ വൈകുന്നേരങ്ങളില്‍ കൂടുന്ന സ്ഥലത്തിന്‌ `പൊത്ത്‌' എന്നു പേരിട്ടു.

കോണ്‍ഫറന്‍സ്‌ കഴിഞ്ഞ്‌ ഓടിക്കിതച്ച്‌ എത്തുമ്പോള്‍ `കൂട്ടം' തുടങ്ങിയിരുന്നു. റമിമാര്‍ട്ടിനിലേക്ക്‌ മൂന്നു ക്യൂബ്‌ ഐസ്‌. പിന്നെ ക്ലബ്‌ സോഡ. ആദ്യത്തെ കവിള്‍ കുലുക്കു കഴിഞ്ഞ്‌ അങ്ങിറക്കുമ്പോള്‍ അരിഷ്‌ടത്തിന്റെ ഘ്രാണവും, ആന്തലും ഗ്ലാസ്‌ മേശപ്പുറത്ത്‌ വെയ്‌ക്കാനും ആദ്യത്തെ കോള്‍ വന്നു. ഫോണിലേക്ക്‌ ഒന്നു പാളി നോക്കി. `ഭാര്യ തന്നെ'

കൂട്ടത്തിന്റെ ആരവം.

`ഭാര്യയായിരിക്കും. ഞങ്ങള്‍ക്കും ഭാര്യമാരൊക്കെയുണ്ട്‌. രണ്ട്‌ മണിക്കൂര്‍ കഴിയാതെ ഇവിടുന്ന്‌ വിടുന്ന പ്രശ്‌നമില്ല. ആഴ്‌ചയില്‍ രണ്ട്‌ മൂന്ന്‌ മണിക്കൂര്‍ ഒറ്റയ്‌ക്ക്‌ വിടാന്‍ വിഷമമുള്ള ഭാര്യയെ കൂടെ പൊറുപ്പിക്കണ്ടടോ. തന്റെ വിലയ്‌ക്കും നിലയ്‌ക്കും ഒത്ത നല്ല കിളി കിളി പോലത്തെ ഭാര്യയെ ഞങ്ങളു കൊണ്ടുവന്ന്‌ തരില്ലേ?'

പലരുടേയും തലയ്‌ക്ക്‌ റെമി കയറി പെരുക്കുന്നു. അതിനനുസരിച്ച്‌ ശൈലി മാറുന്നു. ഒരാള്‍ക്ക്‌ പാടണം.

`നഷ്‌ടസ്വപ്‌നങ്ങളെ നിങ്ങളെനിക്കൊരു ദുഖ സിംഹാസനം. നല്‍കി. തപ്‌തനിശ്വാസങ്ങള്‍.....' പാട്ടു തീരാനും കൈയ്യടി മുഴങ്ങി. മുഴക്കത്തിന്റെ ഒടുക്കം വീണ്ടും ഫോണ്‍. ഭാര്യ തന്നെ. ഇപ്പോള്‍ ഫോണെടുത്താല്‍ ശരിയാവില്ല. രസ ചരട്‌ പൊട്ടും. മാത്രമല്ല കൂട്ടുകാര്‍ നാണംകെടുത്തും.

മൂന്നാമത്തെ റെമിയില്‍ ഐസു വീഴുമ്പോള്‍ തലയിലും മനസ്സിലും ഒരുപോലെ ആന്തല്‍! വീട്ടില്‍ നിന്ന്‌ തുടരെയുള്ള വിളി പതിവുള്ളതല്ല. എന്തെങ്കിലും കുഴപ്പം....ലഹരി കയറി ഭരിക്കാന്‍ തുടങ്ങുമ്പോള്‍ കുഴപ്പങ്ങള്‍ ഉരുകുന്നു.

ഇപ്പോള്‍ കൂട്ടത്തിന്റെ വിഷയം കേരള രാഷ്‌ട്രീയമാണ്‌. പല അഭിപ്രായങ്ങള്‍. ഗീര്‍വാണങ്ങള്‍! എവിടെയും അവസാനിക്കാത്ത വാദവും, പ്രതിവാദവും.

അരോ പറഞ്ഞു: `നക്‌സല്‍ പ്രസ്ഥാനം തിരിച്ചുവരണം. കുറെ ജനങ്ങളെ തട്ടണം'

മറുപടി: `അതിനെന്തിനാടോ നക്‌സല്‍ പ്രസ്ഥാനം. ഇപ്പോള്‍ കേരളത്തില്‍ വേണ്ടാത്തവനെ ഉടനെ തട്ടുകയല്ലേ പതിവ്‌. അതിനുള്ള എല്ലാ സംവിധാനവും കേരളത്തിലുണ്ടല്ലോ.?

വിഷയം രാഷ്‌ട്രീയത്തില്‍ നിന്നും വഴുതുമ്പോള്‍ വീണ്ടും ഫോണ്‍. എടുക്കാന്‍ തീരെ തോന്നിയില്ല. കൂട്ടത്തില്‍ നിന്ന്‌ ആരോ വിളിച്ചുപറഞ്ഞു. അക്ഷരത്തെറ്റുപോലെ.

`മനോട്ടാ ജെമി വിളിക്കുന്നു'

അത്‌ നാണക്കേടായി തോന്നി. ഫോണിലേക്ക്‌ നോക്കാന്‍ പോലും മടി.

വിഷയം സെക്‌സിലേക്ക്‌ കടന്നപ്പോള്‍ അല്‍പം ബോധം ബാക്കിയുള്ള ഒരാള്‍ പറഞ്ഞു: ` ആ വിഷയം വിടടോ; ലോകം ഉണ്ടായ കാലം മുതല്‍ സെക്‌സ്‌ ഉണ്ട്‌. മറ്റേതെങ്കിലും ഇമ്പമുള്ള കാര്യം പറയെടാ....

അങ്ങനെ വിഷയങ്ങളില്‍ നിന്ന്‌ വിഷയങ്ങളിലേക്ക്‌ ചാഞ്ചാടി കൂട്ടം പിരിയുമ്പോള്‍ മണി ഒന്ന്‌. വീട്ടിലെത്തുമ്പോള്‍ മുന്‍വശത്തെ ലൈറ്റ്‌ പോലും ഇട്ടിട്ടില്ല. ആകെ ഒരു പന്തികേട്‌. ലഹരി ഇറങ്ങാന്‍ തുടങ്ങി.

കുറച്ചു വെള്ളത്തെപ്പറ്റി ആലോചിപ്പോഴാണ്‌ അടുക്കളയിലെത്തിയത്‌. അവിടെ കപ്‌ ബോര്‍ഡിന്റെ പുറത്ത്‌ ഒരു നോട്ട്‌ പതിപ്പിച്ചിരിക്കുന്നു. `മോള്‍ ജോലി കഴിഞ്ഞ്‌ മടങ്ങുംവഴി ഒരു ആക്‌സിഡന്റ്‌ ഉണ്ടായി. ഹോസ്‌പിറ്റലുകാരാണ്‌ വിളിച്ചത്‌. ബോധം തെളിഞ്ഞിട്ടില്ല.'

ഓടി എത്തുമ്പോള്‍ ഹോസ്‌പിറ്റല്‍ വരാന്തയില്‍ ജീവച്ഛവം പോലെ നില്‍ക്കുന്ന ജെമിയെ കണ്ടു. മനസ്സില്‍ തെളിഞ്ഞത്‌ കൂട്ടം കൂടുമ്പോള്‍ ആരോ വിളിച്ചു പറഞ്ഞ വാക്കുകളാണ്‌. `മനോട്ടാ ജെമി വിളിക്കുന്നു.'
`മനോട്ടാ ജെമി വിളിക്കുന്നു' (മനോഹര്‍ തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക