Image

തിലകന്‍ എന്ന സിംഹം ഉറങ്ങുന്നില്ല

രവി കുറ്റിക്കാട് Published on 25 September, 2012
തിലകന്‍ എന്ന സിംഹം ഉറങ്ങുന്നില്ല

http://www.deshabhimani.com/newscontent.php?id=206086

പന്ത്രണ്ടുവര്‍ഷം മുമ്പ് നടന്നതാണിത്. കെപിഎസിയുടെ കനകജൂബിലിവര്‍ഷം. ദേശാഭിമാനി പ്രത്യേക പതിപ്പ് ഇറക്കാന്‍ തീരുമാനിച്ചു. ഞാനായിരുന്നു എഡിറ്റര്‍. കായംകുളത്തെ കെപിഎസി ഓഫീസിലേക്കും കൊച്ചി ദേശാഭിമാനി ഓഫീസിലേക്കും തിരിച്ചും യാത്രകള്‍. കെപിഎസിയുടെ ചരിത്രകഥകളും കലാകാരന്മാരെയും തേടിപ്പിടിക്കണം. ഓരോ യാത്രയിലും നിരവധി വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. ആ മഹാപ്രസ്ഥാനത്തിന്റെ ചരിത്രം തേടുന്നതിനിടയിലാണ്, 1966ലെ കെപിഎസിയുടെ ഒരു നാടകനോട്ടീസ് എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അശ്വമേധം, ശരശയ്യ നാടകങ്ങളില്‍ ഡോ. തോമസിന്റെ വേഷത്തില്‍ തിലകന്‍! നമ്മുടെ അനുഗൃഹീതനടന്‍ തിലകന്‍ കെപിഎസിയില്‍ ഉണ്ടായിരുന്നുവെന്ന വിവരം വായിച്ചറിഞ്ഞ ഞാന്‍ ഉടന്‍ തിലകന്റെ ഫോണ്‍നമ്പര്‍ തെരഞ്ഞു. തിരുവനന്തപുരം ആയുര്‍വേദ കോളേജിനു താഴെയുള്ള റോഡിലെ ഫ്ളാറ്റിലാണ് താമസം. വിളിച്ചു. യെസ്.... തിലകന്‍ വിവരം അറിയിച്ചപ്പോള്‍ ചിരിയുടെ മുഴക്കം.

അശ്വമേധത്തിലും ശരശയ്യയിലും ഡോക്ടര്‍ തോമസിന്റെ വേഷം ചെയ്തിരുന്നത് കെ പി ഉമ്മറായിരുന്നു. ഉമ്മര്‍ സിനിമയിലേക്കു പോയപ്പോള്‍ ആ വേഷംചെയ്യാന്‍ ഒരാള്‍ വേണം. നറുക്ക് എനിക്കുവീണു. അങ്ങനെ ഡോക്ടര്‍ തോമസായി കെപിഎസിയുടെ നാടകങ്ങളില്‍ അമ്പതോളം വേദികളില്‍ ഞാന്‍ അഭിനയിച്ചു. കെപിഎസി കനകജൂബിലി പതിപ്പിലേക്ക് ഞാന്‍ ലേഖനം ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു: ""തരാം... പക്ഷേ കരാര്‍ വേണം. ഞാന്‍ എഴുതുന്ന ആശയം വെട്ടിമാറ്റരുത്. തലക്കെട്ട് സിംഹം ഉറങ്ങുന്ന കാട് എന്നാണ്. അതും മാറ്റരുത്. തയ്യാറാണോ?"" ഞാന്‍ മനസ്സില്‍ പറഞ്ഞു: ""പത്രാധിപന്മാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണത്."" എങ്കിലും കരാര്‍ സമ്മതിച്ചു. ഒരാഴ്ച സമയം വേണമെന്ന് തിലകന്‍. ഇതിനിടയില്‍ പല നാടകീയരംഗങ്ങളും നടന്നു. രാത്രി ഉറക്കമൊഴിച്ചായിരുന്നു തിലകന്റെ എഴുത്ത്. വെട്ടിയും തിരുത്തിയുമുള്ള എഴുത്ത്. മണിക്കൂറുകള്‍ ഇരുന്നുള്ള എഴുത്തുമൂലം രണ്ടുകാലിലും നീരുവന്നു. ശ്വാസംമുട്ടല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതറിയാതെ ഞാന്‍ വിളിച്ചു. ഐസിയുവിലാണ്. കാലില്‍ നീര്. കുഴപ്പമില്ലെന്ന് മറുപടി. ലേഖനം മനസ്സില്‍ തയ്യാറായിക്കഴിഞ്ഞു. രണ്ടുദിവസം വിശ്രമം. എഴുത്ത് ആരംഭിക്കും. ഫാക്സ്നമ്പര്‍ തരിക. നമ്പര്‍ കൊടുത്തു, ഞാന്‍ കാത്തിരുന്നു. മൂന്നാംപക്കം ഫാക്സില്‍ ലേഖനം എത്തി. പിറകെ ഫോണ്‍കോള്‍. വായിക്കാന്‍ പ്രയാസമുണ്ടോ... പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ കാര്യം... വെട്ടരുത്. വെട്ടില്ല എന്ന മറുപടി കേട്ടതുകൊണ്ടാകാം എന്റെ കാതില്‍ മുഴക്കമുള്ള ആ ചിരി വീണ്ടും. തിലകന്റെ സംസാരംപോലെ നാടകീയമായിരുന്നു ആ ലേഖനത്തിന്റെ തുടക്കവും. ""ഇന്‍ക്വിലാബ് സിന്ദാബാദ്! തൊഴിലാളിഐക്യം സിന്ദാബാദ്!... ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെ പൊതുനിരത്തിലൂടെ ഒരു ജാഥ പോവുകയാണ്. ആ വലിയ എസ്റ്റേറ്റിലെ ഏതാണ്ട് ബഹുഭൂരിപക്ഷം തൊഴിലാളികളും അരിവാള്‍ ചുറ്റിക ചിഹ്നം പതിച്ച കൂറ്റന്‍ ചുവന്ന കൊടിക്കു പിന്നില്‍ കൊച്ചുകൊച്ചു ചെങ്കൊടികളുമേന്തി, മുദ്രാവാക്യങ്ങളേറ്റുവിളിച്ച് ആ ജാഥയിലുണ്ട്.

പ്രപഞ്ചത്തെ മുഴുവന്‍ ഉലച്ചുകൊണ്ട് ആര്‍ത്തിരമ്പി വീശുന്ന കൊടുങ്കാറ്റുപോലെ വരുന്ന ആ ജാഥ കണ്ട് എതിരെവന്ന ഞാന്‍ സൈക്കിളില്‍നിന്നിറങ്ങി ഒതുങ്ങിനിന്നു ശ്രദ്ധിച്ചു"" ആരൊക്കെയാണ് ആ ജാഥയില്‍? തിലകന്‍ കാണുന്നു- ""പണ്ട് അമ്മ പുറത്തുപോകുമ്പോള്‍ വിശന്നുകരഞ്ഞാല്‍ എനിക്ക് മുലപ്പാല്‍ തന്നിരുന്ന പാലക്കാട്ടുകാരി ചെറൂട്ടിയമ്മയെയും തമാശയ്ക്കുവേണ്ടി സഹപാഠിയായ മൊയ്തുവിന്റെ പെന്‍സില്‍ എടുത്തുമാറ്റിയതിന് അച്ഛന്‍ അടിച്ചപ്പോള്‍ അവിടെനിന്നു രക്ഷിച്ച് തോളില്‍ ചുമന്നുകൊണ്ടുപോയ ഗോവിന്ദന്‍ കങ്കാണിയെയും ആനക്കുളം ലോവര്‍ ഡിവിഷനിലെ എന്റെ തൊഴിലാളിസുഹൃത്തുക്കളായ വേലാണ്ടിയെയും രാമനെയും അവരുടെ അച്ഛന്‍ കൊമ്പന്‍ കങ്കാണിയെയും ഉണ്ണിശേരി നാണുവിനെയും വള്ളമല ചാക്കോയെയും ഭാര്യ അന്നയെയും... അങ്ങനെ നിത്യവും കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്ത പലരെയും ഞാന്‍ ആ ജാഥയില്‍ കണ്ടു; ചുവന്നകൊടികളുമായി."" മുണ്ടക്കയത്ത് രാജേന്ദ്രമൈതാനിയിലേക്കുള്ള ജാഥയാണത്. രാജേന്ദ്രമൈതാനിയിലെത്തുംമുമ്പേ മുപ്പത്തിയഞ്ചാം മൈലില്‍വച്ച് ആക്രമിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ തിലകന്‍ സംഭവസ്ഥലത്തേക്കു കുതിച്ചു. ആ രംഗം തിലകന്‍ എഴുതുന്നു: ""കെ കെ റോഡില്‍ അവിടവിടെ വീണുകിടക്കുന്ന ചോരക്കറയും കരിങ്കല്‍ചീളുകളും കൊടികെട്ടാന്‍ ഉപയോഗിച്ച തേയിലക്കമ്പുകളും ചന്നംപിന്നം കീറിയ ചെങ്കൊടികളും ഞാന്‍ കണ്ടു. മുപ്പത്തഞ്ചാം മൈലില്‍ കെ കെ റോഡരികിലായി താമസിച്ചിരുന്ന കോണ്‍ഗ്രസുകാരനായ ഒരു വലിയ എസ്റ്റേറ്റ് മുതലാളി, തന്റെ ബംഗ്ലാവില്‍ കാലേകൂട്ടി കരുതിനിര്‍ത്തിയിരുന്ന ഗുണ്ടകളെക്കൊണ്ട് ആ പാവപ്പെട്ട തൊഴിലാളികളെ, സ്ത്രീ-പുരുഷ ഭേദമെന്യെ തല്ലിച്ചതച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ പരിക്കുകളോടെ ആശുപത്രിയിലായി. അക്കൂട്ടത്തില്‍ എത്രയോ തവണ എനിക്ക് മുലപ്പാല്‍ തന്നിട്ടുള്ള ചെറൂട്ടിയമ്മയെ കണ്ടു."" ആ അസ്വസ്ഥതയില്‍നിന്നാണ് "ആശയംകൊണ്ട്, നാടകത്തിലൂടെ ഇതിനൊക്കെ പ്രതികാരം വീട്ടാന്‍" തിലകന്‍ തീരുമാനിക്കുന്നത്. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകം ആദ്യമായി കണ്ടപ്പോള്‍ ഉണ്ടായ അന്തര്‍സംഘര്‍ഷം തിലകന്‍ എഴുതി: ""അന്ന് അമ്പതുകളുടെ തുടക്കത്തില്‍ കെപിഎസിയുടെ പ്രഥമ നാടകം കണ്ടപ്പോള്‍ ഈ കൊടി എനിക്കൊന്നു പൊക്കിപ്പിടിക്കണം എന്ന് പരമുപിള്ള പറഞ്ഞപ്പോള്‍ ഗംഭീരമായ മുദ്രാവാക്യം വിളിയോടെ നാടകം പൂര്‍ണമായപ്പോള്‍ വര്‍ഗശത്രുവിനെ നേരിടാന്‍ സടകുടഞ്ഞെഴുന്നേറ്റ സിംഹങ്ങള്‍, നാംതന്നെ വളര്‍ത്തിയെടുത്ത അന്ധകാരനിബിഡമായ വനങ്ങളില്‍ ഗാഢനിദ്രയിലല്ലേ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ വളര്‍ത്തിയെടുത്ത ഐതിഹാസികമായ നാടകം അവതരിപ്പിച്ച കെപിഎസിയിലൂടെത്തന്നെ നമുക്ക് അവരെ ഉണര്‍ത്തേണ്ടേ? എന്നിലെ അഭിനേതാവിനെ മെനഞ്ഞെടുത്ത ശില്‍പ്പശാലയാണ് കെപിഎസിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു പറയുകയാണ്, ഇടതും വലതും മറന്ന് നമുക്കൊരുമിക്കാം. തെറ്റുകള്‍ തിരുത്താം. നാം കെട്ടിപ്പടുത്ത ഈ നാട് സിംഹം ഉറങ്ങുന്ന കാട് ആകാതിരിക്കട്ടെ. ലാല്‍സലാം"".

കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യമോ ലയനമോ ആകാം തിലകന്‍ പ്രതീക്ഷിക്കുന്നത്. തിലകന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ച "യവനിക" പ്രകാശിപ്പിക്കുമ്പോള്‍ അദ്ദേഹം ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. അവിടെനിന്ന് വിളിച്ചു: ""ഞാന്‍ മകന്‍ ഷോബിയെ വിടാം. ഒരു കോപ്പി കൊടുത്തുവിടുക. എനിക്ക് ആദ്യം അറിയേണ്ടത് വായനക്കാരുടെ പ്രതികരണമാണ്. അറിയിക്കുമല്ലോ"". ഞാന്‍ പറഞ്ഞു: ""വാക്ക് പാലിച്ചിട്ടുണ്ട്. ഒരക്ഷരംപോലും എഡിറ്റ്ചെയ്യാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു എഡിറ്ററുടെ സ്വാതന്ത്ര്യത്തെയാണ് ഒരു മഹാനടന്‍ ഇല്ലാതാക്കിയതെന്നുകൂടി പറയട്ടെ...."" അപ്പുറത്ത് ഫോണില്‍ പതിവു മുഴക്കം. ""നിങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തതല്ല; ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ ഒരു ചെറിയ മോഹം പ്രകടിപ്പിച്ചുവെന്നു മാത്രം. അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക"". ഇല്ല, ഒരു മഹാനടന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ ഞാന്‍ ആരാണ്? മറുപടി പറയുംമുമ്പേ തിലകന്‍ എന്ന ധിക്കാരി ഫോണ്‍ കട്ട്ചെയ്്തു. അതില്‍ വിഷമമല്ല തോന്നിയത്. അല്ലെങ്കിലും ആ ധിക്കാരി നമുക്കെന്നും അഭിമാനമല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക