Image

പഴയ പ്രതാപം തിരിച്ചുപിടിക്കും; മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി അധികാരമേറ്റു

Published on 24 September, 2012
പഴയ പ്രതാപം തിരിച്ചുപിടിക്കും; മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി അധികാരമേറ്റു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്: നൂതനമായ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു കൊണ്ടും മികവുറ്റ പ്രവര്‍ത്തനം വാഗ്ദാനം ചെയ്തു കൊണ്ടും ഫൊക്കാനയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന് ശുഭ പ്രതീക്ഷ നല്‍കി മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു.

ദേശീയ സംഘനടയ്ക്ക് വനിത സാരഥിയാകുന്നതോടെ പുതിയ ചരിത്രത്തിന് തുടക്കമിട്ടപ്പോള്‍ കര്‍മ്മപരിപാടികളിലും പുതിയ ആര്‍ജവത്വം. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പങ്കെടുത്ത നാഷണല്‍ കമ്മിറ്റിയോടെയാണ് പുതിയ സമിതി പ്രവര്‍ത്തനമാരംഭിച്ചത്.

അടുത്ത ജനുവരി ആറിന് കൊച്ചിയില്‍ കേരളാ കണ്‍വന്‍ഷന്‍ നടത്തുമെന്ന് മറിയാമ്മ പിള്ളയും, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസും, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോണ്‍ ഐസക് എന്നിവരും മറ്റു ഭാരവാഹികളും വൈറ്റ് പ്ലെയിന്‍സിലെ റോയല്‍ ഇന്ത്യാ പാലസില്‍ വെച്ച് നടത്തിയ ഇന്ത്യാ പ്രസ് ക്ലബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വേദി തീരൂമാനിച്ചിട്ടില്ല. 7,8,9 തീയതികളില്‍ പ്രവാസി ഭാരതീയ ദിവസും പത്താം തീയതി ഫോമാ കണ്‍വന്‍ഷനും കൊച്ചിയില്‍ നടക്കുന്നുണ്ട്. ഇന്ത്യാ പ്രസ് ക്ലബിന്റെ അവാര്‍ഡ് ദാനവുമുണ്ട്.

സാംസ്കാരിക സമ്മേളനം, ഹൂസ്റ്റണിലെ കണ്‍വന്‍ഷനില്‍ വെച്ച് നല്‍കാതിരുന്ന സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, ഭാഷയ്‌ക്കൊരു ഡോളര്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ്/അവാര്‍ഡ് വിതരണം എന്നിവയാണ് പ്രധാന പരിപാടികള്‍. ഫൊക്കാനയുടെ പുതിയ പരിപാടികള്‍ നടപ്പിലാക്കാന്‍ കേരളത്തിലെ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇപ്പോള്‍ അമേരിക്കയില്‍ വിജയകരമായി നടത്തുന്ന സ്‌പെല്ലിംഗ് ബീ കേരളത്തിലും മറ്റ് സ്ഥലങ്ങളിലും വ്യാപിപ്പിക്കാനും സാധ്യതതേടും.

ജീവകാരുണ്യ രംഗത്ത് ഏതാനും പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കാല്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കാല്‍ നല്‍കുകയാണ് ഒന്ന്. ഒരു ജില്ലയില്‍ ഒന്നുവെച്ച് നല്‍കിയാല്‍ പോലും ഏതാനും വര്‍ഷംകൊണ്ട് ആവശ്യമുള്ളവര്‍ക്കൊക്കെയും ഈ സഹായം എത്തിക്കാനാകുമെന്ന് മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി. ഒരു കാലിന് ഒന്നേകാല്‍ ലക്ഷം രൂപ വിലയുണ്ട്. മൂന്നുപേര്‍ക്ക് അവര്‍ അടുത്തയിടെ കാലുകള്‍ നല്‍കുകയുണ്ടായി.

ഫൊക്കാനയുടെ യുവജനതയുടെ അനൗപചാരിക സമ്മേളനത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തനത്തെപ്പറ്റി നിര്‍ദേശം വന്നത്. അതിനുള്ള തുക കണ്ടെത്താമെന്നും യുവജനത വാഗ്ദാനം ചെയ്തിട്ടുണ്ട്.

അവയവദാനത്തെപ്പറ്റിയുള്ള അവബോധം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു പരിപാടി. നമ്മുടെ സമൂഹത്തില്‍ തന്നെ ഒട്ടേറെ പേര്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അവയവദാനത്തിന് മലയാളികള്‍ക്കു പൊതുവേ വിമുഖതയാണ്. അവയവദാനത്തിന് താന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി ടെറന്‍സണ്‍ അറിയിച്ചു. ബോണ്‍മാരോ ഡയറക്ടറിയില്‍ പേരുചേര്‍ക്കാനുള്ള ശ്രമങ്ങളും തുടരും.

കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമം ദത്തെടുത്ത് അവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് മറ്റൊന്ന്. ഇതിനു പക്ഷെ കേരള സര്‍ക്കാരിന്റെ സഹകരണം വേണം. അക്കാര്യം കേരള കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.

ഫൊക്കാനയ്ക്ക് കേരളത്തില്‍ ഒരു സ്ഥിരം പ്രതിനിധി ഉണ്ടാവണമെന്നാഗ്രഹിക്കുന്നുണ്ട്. ഇവിടെ നിന്ന് നാട്ടില്‍ പോയി സെറ്റില്‍ ചെയ്ത ആരെയെങ്കിലും കണ്ടെത്താനാണ് ശ്രമം. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് കേരളത്തിലെ അധികൃതരുമായി ബന്ധപ്പെടുകയാണ് ഒരു ദൗത്യം. നേരത്തെയുള്ള പ്രസിഡന്റുമാര്‍ തങ്ങളുടെകാലത്ത് ആരെയെങ്കിലും ഈ ചുമതല ഏല്‍പിക്കുകയായിരുന്നു പതിവെന്ന് മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. സ്ഥിരം പ്രതിനിധി ഉണ്ടാകുന്നത് കൂടുതല്‍ നന്നായിരിക്കും.

ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി വിപുലപ്പെടുത്തുകയാണ് മറ്റൊന്ന്. നാട്ടില്‍ അവാര്‍ഡും സ്‌കോളര്‍ഷിപ്പും കൊടുക്കുന്നതിന് പുറമെ ഇവിടെ മലയാളം പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് സഹായമെത്തിക്കണമെന്നതാണ് പുതിയ നിര്‍ദേശം. അതുപോലെതന്നെ ഇവിടെ സ്‌പെല്ലിംഗ് ബീയ്ക്ക് പുറമെ മലയാളത്തിലെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള മത്സരങ്ങളും നടത്തും. പ്രസംഗമത്സരം തുടങ്ങിയവ.

മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സെമിനാറുകളും സ്റ്റഡി ക്ലാസുകളും സംഘടിപ്പിക്കും. മുഖ്യധാരാ സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത ആനി പോള്‍, ലീല മാരേട്ട് തുടങ്ങിയവര്‍ എടുത്തുപറഞ്ഞു.

സംഘടയ്ക്ക് ന്യൂയോര്‍ക്കില്‍ ഒരു സ്ഥിരം ആസ്ഥാനം എന്നത് 2014-ന് മുമ്പ് സഫലമാകുമെന്ന് ഭാരവാഹികള്‍ ഉറപ്പിച്ചുപറഞ്ഞു. നേരത്തെ ഒരു ആസ്ഥാനം വാങ്ങാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും വിലകൊണ്ട് ഒത്തുവന്നില്ലെന്ന് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.

പുതുതായി നാട്ടില്‍ നിന്നു വരുന്നവര്‍ രോഗം മൂലം വിഷമിക്കുമ്പോഴും മരണപ്പെടുമ്പോഴും സഹായിക്കാന്‍ നിധി സ്വരൂപിക്കും. ഗള്‍ഫിലും മറ്റുമുള്ള പ്രവാസികളുമായും ഇത്തരം കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

അടുത്തവര്‍ഷം മികച്ച രീതിയിലുള്ള യുവജനോത്സവം നടത്തും. വാഷിഗ്ടണിലായിരിക്കും അത്. അംഗ സംഘടനകളില്ലാത്ത സ്ഥലങ്ങളില്‍ സംഘടനകള്‍ സ്ഥാപിക്കാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്.

നാഷണല്‍ കമ്മിറ്റിയിലേക്ക് പ്രീതാ നമ്പ്യാരേയും, യുവജനപ്രതിനിധിയായി ബന്‍ പോളിനേയും (ന്യൂയോര്‍ക്ക്) തെരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റികളില്‍ ഇപ്പോള്‍ മൂന്നു വനിതകളേയുള്ളുവെന്നും എന്നാല്‍ മറ്റ് കമ്മിറ്റികള്‍ വരുന്നതോടെ അവരുടെ എണ്ണം കൂടുമെന്നും മറിയാമ്മ പിള്ള പറഞ്ഞു.

പുരുഷന്മാരുടെ സംഘടനയായി ഫൊക്കാന മാറിയെന്ന ആക്ഷേപമുണ്ടെന്നുള്ള പലരുടേയും ചോദ്യങ്ങള്‍ക്ക് ആ കാലം കഴിഞ്ഞുപോയി എന്നും 2014-ലെ കണ്‍വന്‍ഷനോടുകൂടി ആ പ്രവണത തിരുത്തിയെഴുതും എന്ന് മറിയാമ്മ പിള്ള പ്രസ്താവിച്ചു. 2014 ജൂലൈ 4,5,6 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വനിതാ-യുവജന പങ്കാളിത്തം ഉറപ്പാക്കും. 1998-ല്‍ റോച്ചസ്റ്റര്‍ കണ്‍വന്‍ഷനില്‍ യുവജനത കുറവാണെന്ന് അന്നത്തെ പ്രസിഡന്റ് ജെ. മാത്യൂസ് പറഞ്ഞപ്പോള്‍ താന്‍ 26 യുവാക്കളെ സ്വയം രജിസ്റ്റര്‍ ചെയ്തുകൊണ്ടുവന്ന കാര്യം അവര്‍ അനുസ്മരിച്ചു. പത്രപ്രവര്‍ത്തകരുടെ ഇടയിലുണ്ടായിരുന്ന ജെ. മാത്യൂസ് അത് ശരിവെച്ചു.

കേരളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഏതാനും ആഴ്ച ചെലവിടാന്‍ കഴിയുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടപ്പില്‍വരുത്തിയാല്‍ കൊള്ളാമെന്നുണ്ട്.

ഐക്യം വേണമെന്നതാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്ന് മറിയാമ്മ പിള്ള പറഞ്ഞു. ഒന്നിച്ചുപോകാന്‍ തങ്ങള്‍ തയാറാണ്. ഇങ്ങോട്ടു വരുന്നവരെയൊക്കെ സ്വീകരിക്കാന്‍ തയാറാണ്.

ഫോമ വ്യക്തമായ അജണ്ടയുള്ള മറ്റൊരു സംഘടനയാണെന്നും അതിനാല്‍ യോജിപ്പിനെപ്പറ്റി പറയുന്നത് പ്രസക്തമല്ലെന്നും ടെറന്‍സണ്‍ ചൂണ്ടിക്കാട്ടി.

കണ്‍വന്‍ഷന്റെ വര്‍ഷവും തീയതിയും മാറ്റുക ഫൊക്കാനയ്ക്ക് വിഷമകരമാണെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍ പറഞ്ഞു. പുതിയ സംഘടനയെന്ന നിലയില്‍ ഫോമ വര്‍ഷം മാറ്റിയാല്‍ അത് സ്വാഗതാര്‍ഹമാണെന്ന് അഡൈ്വസറി ബോര്‍ഡ് അംഗം ടി.എസ്. ചാക്കോ പറഞ്ഞു.

പുതിയ ഭാരവാഹികള്‍ക്ക് കണക്ക് കൈമാറാന്‍ 5 മാസത്തെ സാവകാശമുണ്ടെന്ന് വര്‍ഗീസ് പലമലയില്‍ പറഞ്ഞു. എങ്കിലും അക്കൗണ്ട് തുടങ്ങാനുള്ള ചെക്ക് കിട്ടി. മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതുന്നതുകൊണ്ടാണ് അക്കൗണ്ടുകള്‍ സമ്മേളനത്തില്‍ കൈമാറാതിരുന്നത്.

സംഘടനകളില്‍ നേതാക്കന്മാരാകാന്‍ ആളുകള്‍ വരുന്നതല്ലാതെ അംഗസംഘടകള്‍ വളര്‍ത്താന്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ജെ. മാത്യൂസിന്റെ അഭിപ്രായത്തെ പോള്‍ കറുകപ്പള്ളി ശരിവെച്ചു. കൂടുതല്‍ മലയാളികള്‍ കുടിയേറുന്നുണ്ടെങ്കിലും അംഗസംഘടനകളില്‍ അംഗങ്ങള്‍ കുറയുകയാണ്. ഇതിനൊരു മാറ്റം വരേണ്ടതാണ്.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന് മറിയാമ്മ പിള്ള പറഞ്ഞു. വനിതയാണെന്നതിന്റെ പേരില്‍ ഒരു വിവേചനവും തനിക്കുണ്ടായില്ല. നാനാഭാഗത്തുനിന്നും ശക്തമായ പിന്തുണയും സ്‌നേഹവുമാണ് ലഭിക്കുന്നത്. സംഘടനയുടെ നന്മയ്ക്കായി തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണ്- അവര്‍ പറഞ്ഞു.

എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുകയും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുമാണ് ലക്ഷ്യമെന്ന് സെക്രട്ടറി ടെറന്‍സണ്‍ പറഞ്ഞു.

ഫൊക്കാന പണ്ട് ആവിഷ്കരിച്ചിരുന്ന പലപദ്ധതികളും ഇന്ന് സര്‍ക്കാര്‍ തലത്തില്‍ പോലും നടപ്പിലാക്കുന്നുണ്ടെന്ന് ജോണ്‍ ഐസക്ക് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് റീജിയണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും മറിയാമ്മ പിള്ള നിര്‍വഹിച്ചു. (റിപ്പോര്‍ട്ട് നാളെ).

പത്രസമ്മേളനത്തില്‍ ലീല മാരേട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് വിനോദ് കെയാര്‍കെ, ജോ. സെക്രട്ടറി രാജന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
ഇന്ത്യാ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപ്പുറം, സെക്രട്ടറി സജി എബ്രഹാം, നാഷണല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ജെ. മാത്യൂസ്, ജോര്‍ജ്ജ് ജോസഫ്, ജോസ് തയ്യില്‍, സുനില്‍ ട്രൈസ്റ്റാര്‍, പ്രിന്‍സ് മാര്‍ക്കോസ്, രാജു പള്ളത്ത്, മൊയ്തീന്‍ പുത്തന്‍ചിറ എന്നിവരും വിവിധ മാധ്യമ
പ്രവര്‍ത്തകരും പങ്കെടുത്തു. ജോസ് കാടാപ്പുറം സ്വാഗതമാശംസിച്ചു. മൊയ്തീന്‍ പുത്തന്‍ചിറ പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

പഴയ പ്രതാപം തിരിച്ചുപിടിക്കും; മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക