Image

അന്വേഷണസംഘങ്ങള്‍ പരാജയപ്പെട്ടതായി ഇരിങ്ങാലക്കുട രൂപത

Published on 25 September, 2012
അന്വേഷണസംഘങ്ങള്‍ പരാജയപ്പെട്ടതായി ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ യഥാര്‍ഥ കൊലയാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതില്‍ അന്വേഷണസംഘങ്ങള്‍ പരാജയപ്പെട്ടതായി ഇരിങ്ങാലക്കുട രൂപത.

രഘുകുമാര്‍ എന്ന ഏകപ്രതി മാത്രമാണ് കുറ്റക്കാരന്‍ എന്നു വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. രഘുകുമാര്‍ പ്രതിയായിരിക്കാം. കോടതി ശിക്ഷ വിധിച്ചതു സ്വാഗതം ചെയ്യുന്നു. പക്ഷേ, ഈ വലിയ കൊലപാതകത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതില്‍ സിബിഐ അന്വേഷണസംഘവും പരാജയപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തവനേക്കാള്‍ അതിനു പ്രേരണ നല്‍കിയവര്‍ കൂടുതല്‍ കുറ്റക്കാരായിരിക്കെ അവരെ വെളിച്ചത്തു കൊണ്ടുവരാത്തതില്‍ ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ വിശ്വാസികള്‍ക്കുമുള്ള ഖേദവും അമര്‍ഷവും അറിയിക്കുന്നതായി രൂപതയുടെ വക്താവ് ഫാ. ജോണ്‍ കവലക്കാട്ട് ജൂണിയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പന്തല്‍ക്കൂട്ടം രഘുകുമാറിനു സിബിഐ കോടതി ശിക്ഷ വിധിച്ചെങ്കിലും കൊലപാതകത്തിന്റെ ആസൂത്രകര്‍ കാണാമറയത്തുതന്നെ തുടരുന്നു. അറസ്റ്റിലായ രഘുകുമാര്‍ കൊലപാതകത്തിന്റെ തിരക്കഥ മെനഞ്ഞവരുടെ ചട്ടുകം മാത്രമാണെന്നു നാട്ടുകാര്‍ ഇന്നും വിശ്വസിക്കുന്നു.

തുരുത്തിപ്പറമ്പ് ഇടവകയില്‍ പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ചും വേദനിക്കുന്നവര്‍ക്കു സാന്ത്വനമേകിയും നന്മകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന വന്ദ്യവയോധികനായ വൈദികനെ എന്തിനു കൊലക്കത്തിക്കിരയാക്കിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും, ഒടുവില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐയും രഘുകുമാറില്‍മാത്രം കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, രഘുകുമാര്‍ മാത്രമല്ല ഈ കൊലപാതകം നടത്തിയതെന്നു വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ കൊലപാതകത്തിനു മുമ്പും പിമ്പും അരങ്ങേറിയത് ഇവരൊക്കെ കണ്ടില്ലെന്നു നടിച്ചു.

കൊലപാതകത്തിനുശേഷം രഘുകുമാര്‍ അറസ്റ്റിലാകുന്നതിനു മുമ്പുവരെ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വേറെയും പ്രതികളുണ്ടായിരുന്നു. ഇവരെല്ലാം പോലീസിന്റെ കസ്റ്റഡിയിലുമുണ്ടായിരുന്നു. എന്നാല്‍, ഉന്നത പോലീസ് ഇടപെടലിനെത്തുടര്‍ന്ന് പിന്നീട് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

കേസില്‍ നാലു പ്രതികളുണെ്ടന്നു നേരത്തേ പറഞ്ഞിരുന്ന പോലീസ് അറസ്റ്റുവിവരം പ്രഖ്യാപിച്ചപ്പോള്‍ രഘുകുമാര്‍ മാത്രമാണു പ്രതിയെന്നായി. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടര്‍ന്നാണു പെട്ടെന്നു കേസ് തകിടം മറിഞ്ഞത്. ഉന്നതതലങ്ങളില്‍നിന്നുള്ള ഇടപെടല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനു വിലങ്ങുതടിയാവുകയായിരുന്നു.
ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യം വളരെ സുതാര്യമായിരുന്നു. അന്വേഷണത്തില്‍ രണ്ടുപേരെ ചോദ്യംചെയ്തപ്പോള്‍ സംഭവങ്ങള്‍ പോലീസിനോടു വെളിപ്പെടുത്തിയവരില്‍ ഒരാള്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഇതോടെയാണു കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പോലീസ് കസ്റ്റഡിയിലായത്. കൊലപാതകത്തിനുമുമ്പും അതിനുശേഷവും പലരും ഒളിവില്‍ പോയിരുന്നു. കൊലപാതകം നടത്തിയശേഷം രഘുകുമാര്‍ ഒരു വീട്ടിലെത്തി മുട്ടിവിളിച്ചശേഷം കൊലനടത്തിയ കാര്യം ഒരാളെ അറിയിക്കാനും പറഞ്ഞിരുന്നു.
അന്ധവിശ്വാസമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 20 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പൂജാരിയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ് അന്ധവിശ്വാസം പ്രചരിച്ചിരുന്നത്. ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു പ്രമുഖന്റെ ജീവന്‍ ബലിയായി നല്കണമെന്ന മട്ടില്‍ പ്രചാരണമുണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജോബച്ചനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ മുമ്പു കൊലപാതകം നടത്തിയിട്ടുള്ള രഘുകുമാറിനെത്തന്നെ ഇതിനു നിയോഗിച്ചതാണെന്നും വ്യക്തമായതാണ്. മുമ്പ് കൊലപാതകം നടക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന രഘുകുമാര്‍ പിന്നീട് ബിജെപിയിലേക്കു മാറി. സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ രഘുകുമാര്‍ നാടുവിടുകയും ചെയ്തിരുന്നു.

രഘുകുമാര്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ ജോബച്ചന്‍ തുരുത്തിപ്പറമ്പില്‍ വികാരിയായി എത്തിയിരുന്നുമില്ല. സ്ഥലത്തില്ലാതിരുന്ന രഘുകുമാര്‍ താന്‍ കണ്ടിട്ടു പോലുമില്ലാത്ത ജോബച്ചനെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനും ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍, ജോബച്ചനോടുള്ള രഘുകുമാറിന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് അന്വേഷണസംഘങ്ങള്‍ കണെ്ടത്തിയതും മറ്റൊരദ്ഭുതമായി.

ജോബച്ചന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2004 ഓഗസ്റ്റ് 28നു തിരുവോണദിവസം പുലരുന്നത് കൊലപാതക വാര്‍ത്ത കേട്ടാണ്. നാടുമുഴുവന്‍ തുരുത്തിപ്പറമ്പിലേക്ക് ഒഴുകിയെത്തി.

യഥാര്‍ഥാപ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ അന്വേഷണം രഘുകുമാറില്‍ ഒതുക്കി യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ മടിച്ചപ്പോള്‍ പ്രക്ഷോഭങ്ങള്‍ നിലച്ചു. ജനങ്ങളുടെ മനസിലെ പ്രതിഷേധം ഇന്നും അണയാത്ത തീക്കനലായി ജ്വലിക്കുക തന്നെയാണ്.

deepika
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക