Image

വീട്ടിലുള്ളവരെല്ലാം രോഗികള്‍; ജീവിതഭാരം എട്ടുവയസുകാരിയുടെ ചുമലില്‍

Published on 26 September, 2012
വീട്ടിലുള്ളവരെല്ലാം രോഗികള്‍; ജീവിതഭാരം എട്ടുവയസുകാരിയുടെ ചുമലില്‍
കോഴിക്കോട്: ഒറ്റമുറി പ്ലാസ്റ്റിക് കൂരയില്‍ കഴിയുന്ന രോഗികളായ അച്ഛനെയും അമ്മയെയും ചേച്ചിയെയും അനിയനെയും സംരക്ഷിക്കേണ്ട ബാധ്യത എട്ടുവയസുകാരി അലീനയുടെ ചുമലില്‍. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പ്ലാത്തോട്ടത്തില്‍ സണ്ണിയുടെയും കുടുംബത്തിന്റെയും ഏക ആശ്രയമാണ് ഈ നാലാം ക്ലാസുകാരി. അഞ്ചംഗകുടുംബത്തിലെ നാലുപേരും രോഗികളാണ്.

മകനെ ചികിത്സിക്കാന്‍ സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലം വിറ്റ സണ്ണിയുടെ അഞ്ചംഗ കുടുംബം ഇപ്പോള്‍ നല്ലവനായ അയല്‍ക്കാരന്റെ കാരുണ്യത്തില്‍ ലഭിച്ച സ്ഥലത്തെ ഒറ്റമുറി പ്ലാസ്റ്റിക് കൂരയിലാണ് താമസം. കുടുംബത്തിലെ രോഗമില്ലാത്ത ഏക അംഗമാണ് അലീന. ട്രൈബല്‍ സ്‌കൂളില്‍ പഠിക്കുന്ന അലീനയും കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന ചേച്ചി ആഷ്‌നയും സ്‌കൂളില്‍ നിന്നുകൊണ്ടുവരുന്ന ഉച്ചക്കഞ്ഞി മാത്രമാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ഓരോ ദിവസത്തെയും ഭക്ഷണം. 

തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ ക്ഷയിക്കുന്ന രോഗമാണ് മകന്‍ അഭിഷേകിനെ ബാധിച്ചത്. പതിനേഴുകാരിയായ ആഷ്‌നയ്ക്ക് ഹൃദയവാല്‍വിന് തകരാറാണ്. ഇവരുടെ ചികിത്സയ്ക്കിടെയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സണ്ണിയും രോഗബാധിതനായത്. സണ്ണിയുടെ ഭാര്യ ഷൈനിയുടെ തലയില്‍ തേങ്ങ വീണതോടെ കുടുംബത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണമായി. ജീവിതമെന്തെന്നറിയാത്ത ഈ എട്ടുവയസ്സുകാരിക്ക് മുന്നിലാണ് അച്ഛനും അമ്മയും മക്കളും തങ്ങളുടെ കുടുംബത്തിന്റെ അത്താണിയായി നോക്കികാണുന്നത്. നാട്ടുകാരുടെയും അയല്‍ക്കാരുടെയും സഹായത്താലാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ടുപോകുന്നത്.

പന്ത്രണ്ടുകാരനായ അഭിഷേകിന് അഞ്ചാം വയസിലാണ് രോഗം തുടങ്ങിയത്. മുണ്ടന്‍മല ബദാംചോട്ടിലെ വീടും സ്ഥലവും വിറ്റാണ് സണ്ണി അഭിഷേകിനെ ചികിത്സിച്ചത്. ഏഴ് വര്‍ഷത്തോളം ചികിത്സിച്ചു. ഇനി ചികിത്സിച്ചാലും ഫലമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഈ കുടുംബം. വീടുവിറ്റശേഷം കൂമ്പാറയില്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെങ്കിലും വാടക കൃത്യമായി കൊടുക്കാന്‍ കഴിയാതെ അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. ഇതോടെ രണ്ട് പെണ്‍മക്കളടക്കമുളള അഞ്ചംഗകുടുംബം പെരുവഴിയിലായി. സമീപവാസിയായ പുതിയ പറമ്പില്‍ ബേബി തന്റെ സ്ഥലത്ത് കൂര വയ്ക്കാന്‍ അനുമതി നല്‍കിയതിനാലാണ് തലചായ്ക്കാന്‍ ഇവര്‍ക്ക് ഇടം ലഭിച്ചത്. ഇതിനിടെയാണ് മൂത്ത മകള്‍ ആഷ്‌ന ഹൃദയവാല്‍വിന്റെ തകരാര്‍ മൂലം കിടപ്പിലായത്. രണ്ടുവര്‍ഷത്തോളം പഠനം മുടങ്ങിയ ആഷ്‌ന അടുത്ത കാലത്താണ് വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങിയത്. ഇപ്പോഴും ആഷ്‌നക്ക് ഇടയ്ക്കിടെ വേദന അനുഭവപ്പെടാറുണ്ട്. അപ്പോഴെല്ലാം ആശുപത്രിക്കിടക്കയിലാവുകയും ചെയ്യും. അഞ്ചംഗകുടുംബത്തിലെ ഗൃഹനാഥനായ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സണ്ണി തെങ്ങുകയറി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചുപോന്നിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് സണ്ണിക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതവും നേരിട്ടു. ഇതോടെ കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗം നിലച്ചു. 

കുടുംബത്തിന്റെ ഭാരം തോളിലേറ്റാന്‍ വീടുകളില്‍ ജോലിക്കുപോയ സണ്ണിയുടെ ഭാര്യ ഷൈനിയെയും ദുരിതം പിന്തുടര്‍ന്നു. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ തലയിലും തോളിലും തേങ്ങ വീണതോടെ ഷൈനിയും കിടപ്പിലായി. മാസങ്ങളാണ് ഷൈനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. രോഗം പൂര്‍ണമായി ഭേദമാകാതെ വേദന തിന്നുന്ന ഷൈനിക്ക് ഇടയ്ക്കിടെ ഓര്‍മ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ജോലിക്കുപോകാനും കഴിയുന്നില്ല. അവസാനത്തെ പ്രതീക്ഷയര്‍പ്പിച്ച ഷൈനിയ്ക്കും അസുഖം വന്നതോടെ കുടുംബം നിരാലംബരായി. മരുന്നിനും ചികിത്സയ്ക്കും അയല്‍വാസികള്‍ നല്‍കുന്ന സഹായം മാത്രമാണ് ഇവര്‍ക്ക് ഇപ്പോഴുള്ളത്. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും തങ്ങളുടെ ദുരിതം കാണുന്നില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന് നിരവധി തവണ വീടിനായും മറ്റും അപേക്ഷ നല്‍കിയിട്ടും നോക്കാമെന്ന മറുപടിയില്ലാതെ ഇതു വരെ തിരിഞ്ഞുനോക്കിയിരുന്നില്ല. നിരവധി സഹായത്തിനായി അപേക്ഷിച്ചെങ്കിലും സര്‍ക്കാറില്‍ നിന്നും ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നാലുപേരുടെയും ചികിത്സ നടത്താന്‍ സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്ത ഇവര്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ വിഷമിക്കുകയാണ്. ആരെങ്കിലും സഹായിക്കുവാനെത്തുമോയെന്ന പ്രതീക്ഷയിലാണ് സണ്ണിയുടെ കുടുംബം കാത്തിരിക്കുന്നത്. സണ്ണിയ്ക്കും ഷൈനിയ്ക്കും കനറാ ബാങ്കില്‍ ഒരു സംയുക്ത സേവിഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.

ank Ac No - 1698101006919 Joint Account Sunny And Shiny Canara Bank, Kumbara Branch, Phone - 9497825459

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക