Image

കിറ്റെക്സ് പോട്ടെ, ഫോക്സ്‍വാഗന്‍ ഉണ്ടല്ലോ !

Berly Thomas Published on 28 September, 2012
കിറ്റെക്സ് പോട്ടെ, ഫോക്സ്‍വാഗന്‍ ഉണ്ടല്ലോ !
ഏതു കേരളം എന്ത് എമേര്‍ജിങ് എന്നു ചോദിക്കുന്ന ഫോക്സ്‍വാഗന്‍ കമ്പനി കേരളത്തില്‍ ആകൃഷ്ടയായി വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ കേരളത്തിന്‍റെ അഭിമാനബ്രാന്‍ഡുകളിലൊന്നായ കിറ്റെക്സ് ഇതേ ചേട്ടന്മാരുടെ അവഗണനയും ഉപദ്രവവും കാരണം നാടുവിട്ടു പോവുകയാണ്. എമേര്‍ജിങ് കേരള കൊണ്ട് ഉദ്ദേശിക്കുന്നത് വിദേശികളെ ആകര്‍ഷിക്കുക എന്നതു മാത്രമല്ല, സ്വദേശികളെ തുരത്തിയോടിക്കുക കൂടിയാണെന്ന് എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

കേരളം നിക്ഷേപസൗഹൃസംസ്ഥാനമാണെന്ന് ഇതുവഴി വന്നുപോകുന്നവരെക്കൊണ്ടെല്ലാം പറയിക്കുന്നുണ്ട് മുഖ്യമന്ത്രി.പുറത്തുള്ള വ്യവസായങ്ങളെ ഇവിടെ വിളിച്ചു വരുത്താനുള്ള ആവേശം ഇവിടെ നിന്ന് പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ ഉണ്ടാകുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. കേരളത്തിന്‍റെ സ്വഭാവം നന്നായറിയാവുന്ന വ്യവസായങ്ങള്‍ പോലും ഇവിടെ വിട്ടു പോകുമ്പോള്‍ ഇവിടം സ്വര്‍ഗമാണെന്നു പറഞ്ഞ് പുറത്തുള്ളവരെ ഇവിടേക്കു ക്ഷണിക്കാന്‍ എങ്ങനെ കഴിയുന്നു ? വികസനവിരോധികളായ സിപിഎമ്മുകാരാണ് കേരളത്തിലെ വ്യവസായരംഗത്തെ പിന്നോട്ടു വലിച്ചത് എന്നാണ് എക്കാലവും വികസനോന്മുഖരാഷ്ട്രീയപ്രവര്‍ത്തകരും അവരുടെ ശിങ്കിടികളും പറഞ്ഞിട്ടുള്ളത്. കിറ്റെക്സ് കമ്പനി കേരളത്തില്‍ നിന്നു രക്ഷപെടുന്നതും പാര്‍ട്ടിയുടെ അമ്പത്തൊന്നു വെട്ടു പേടിച്ചാണോ ?

സിപിഎമ്മിന്‍റെയോ ട്രേഡ് യൂണിയനുകളുടേയോ പ്രതിഷേധം കൊണ്ടാണ് കിറ്റെക്സ് പോകുന്നതെങ്കില്‍ മുഖ്യമന്ത്രി കണ്ണീരോടെ ഒരു നാലഞ്ചു പത്രസമേളനങ്ങളെങ്കിലും വിളിച്ചേനെ. വ്യവസായമന്ത്രി പിന്തിരിപ്പന്മാരായ സഖാക്കന്മാരെ വ്യവസായവല്‍ക്കരണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ചാനലുകളിലൂടെ ബോധവല്‍ക്കരിച്ചേനെ. ഇവിടെ അതൊന്നുമുണ്ടയിട്ടില്ല എന്നു മാത്രമല്ല. കേരളത്തോട് ഫോക്സ്‍വാഗനുള്ളതുപോലത്തെ ഒരപരിചിതത്വം ഭരണാധികാരികള്‍ക്ക് കിറ്റെക്സിനോട് ഉണ്ട് താനും. മലയാളത്തിലെ സകലമാധ്യമങ്ങളിലും കിറ്റെക്സ് നാടുവിട്ടുപോകുന്ന വാര്‍ത്ത വന്നിട്ടും അങ്ങനെയൊരു സംഭവം തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് വ്യവസയമന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നത്. ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നത് ഏതു വ്യവസായമന്ത്രിക്കും നല്ലതാണ്.

കിറ്റെക്സ് എന്നു പറയുന്നത് കേരളത്തില്‍ ജനിച്ചു വളര്‍ന്നു വലുതായ ഒരു വ്യവസായമാണ്. കേരളത്തിന്‍റേതു മാത്രമായ രാജ്യാന്തര ബ്രാന്‍ഡുകളിലൊന്ന്. കിറ്റെക്സ് കേരളം വിടുമ്പോള്‍ വ്യവസായവല്‍ക്കരണത്തില്‍ ശ്രദ്ധയുള്ള ഏതൊരു ജനപ്രതിനിധിക്കും ലജ്ജ തോന്നേണ്ടതാണ്. ഉടുമുണ്ട് തലയില്‍ കെട്ടിയിരിക്കുന്നവരോട് ലജ്ജയെപ്പറ്റി പറയുന്നതില്‍ കാര്യമില്ല. ഇവിടുത്തെ മണ്ണില്‍ കൃഷി വേണ്ട വ്യവസായം മതി എന്നാണ് അലുവാലിയ പറഞ്ഞത്. വ്യവസായങ്ങളോട് നാടുവിട്ടോളാനാണ് ഭരണാധികാരികള്‍ പറയുന്നത്. ഇവരൊക്കെ തന്നെ നാടു ഭരിക്കുകയാണെങ്കില്‍ പത്തു വര്‍ഷം കൊണ്ട് കേരളം വലിയൊരു മാലിന്യപ്പറമ്പായി മാറും. വടക്കേ ഇന്ത്യക്കാര്‍ക്കു വേണ്ടി ഒരു വലിയ സെപ്റ്റിക് ടാങ്കും വിശാലമായൊരു സെമിത്തേരിയും കൂടി പണിയാമെന്ന് ആസുത്രണകമ്മിഷനും പറയും.

വ്യവസായമന്ത്രി പോലും അറിയാതെ അതീവരഹസ്യമായി കിറ്റെക്സ് ഉപേക്ഷിക്കുന്നത് 4000 പേര്‍ക്കു തൊഴില്‍ നല്‍കുന്ന 262 കോടി രൂപയുടെ പദ്ധതികളാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കിറ്റെക്സ്. തദ്ദേശസ്ഥാപനങ്ങളില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും സംസ്ഥാന സര്‍ക്കാറില്‍നിന്നും ലഭിച്ച തിക്താനുഭവങ്ങളാണ് വികസന പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി ഉല്‍പ്പാദനം നടത്തി കയറ്റുമതി ഓര്‍ഡര്‍ യഥാസമയം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അടക്കമുള്ളവരെ ധരിപ്പിച്ചിട്ടും പ്രയോജനം ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇനിയും മുതല്‍മുടക്കിന് പറ്റിയ വ്യവസായ അന്തരീക്ഷം ഇല്ലാത്തതിനാല്‍ ശ്രീലങ്കയിലേക്ക് കമ്പനി പറിച്ചുനടാനാണ് തീരുമാനം. 50 ഏക്കറില്‍ നിര്‍മിച്ചുവന്ന അപ്പാരല്‍ പാര്‍ക്ക് അടക്കമാണ് കിറ്റെക്സ് ഗാര്‍മെന്‍റ്സ് ഉപേക്ഷിക്കുന്നത്. എമേര്‍ജിങ് കേരളയിലേക്ക് സര്‍ക്കാര്‍ ഞങ്ങളെ ക്ഷണിച്ചതുപോലുമില്ല. തങ്ങളെ ഏറ്റവുമധികം ഉപദ്രവിക്കുന്ന രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എം.എല്‍.എയാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.

വിദേശത്തു നിന്നുള്ള നിക്ഷേപം വരുന്നതു നോക്കി ഉടുത്തൊരുങ്ങി നടക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് സ്വദേശിയായ ഈ വ്യവസായിയുടെ ജല്‍പനങ്ങള്‍ക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടാവും. കിറ്റെക്സ് എന്താണെന്നു പോലും അറിയാത്ത മട്ടിലാണ് ബെന്നി ബെഹനാന്‍ പ്രതികരിക്കുന്നത്. വ്യവസായമന്ത്രിയുടെ ശ്രദ്ധയില്‍ ഈ സംഗതി പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ പത്രക്കാര്‍ക്കു വിലക്കുള്ളതുകൊണ്ട് അദ്ദേഹത്തിന് ഉത്തരം പറയാതെ രക്ഷപെടാം. ഇനിയിപ്പോ ചെയ്യാവുന്നത് കിറ്റെക്സ് എന്നത് കേരളത്തിന്‍റെ ജൈവവൈവിധ്യം തകര്‍ക്കാന്‍ വേണ്ടി അമേരിക്കന്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണെന്ന് ഹരിത എംഎല്‍എമാരെക്കൊണ്ടോ പി.സി.ജോര്‍ജിനെക്കൊണ്ടോ പറയിക്കുകയാണ്. പക്ഷേ, ഇവരുടെ വാക്കുകള്‍ക്ക് ജനം ഷിറ്റിന്‍റെ വിലപോലും നല്‍കുന്നുമില്ല. ഈ സാഹചര്യത്തില്‍, കമ്പിളിപ്പുതപ്പ് എന്നു കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല എന്നലറുന്ന ഗോപാലകൃഷ്ണനെപ്പോലെ, മുന്നില്‍ നിരന്നു കിടക്കുന്ന പത്രങ്ങളിലെ കിറ്റെക്സ് വാര്‍ത്തകള്‍ മറച്ചുപിടിച്ചുകൊണ്ട് ശ്രദ്ധയില്‍പെട്ടില്ലാ ശ്രദ്ധയില്‍പെട്ടില്ലാ എന്നാവര്‍ത്തിക്കുയല്ലാതെ വേറെ വഴിയില്ല.

കിറ്റെക്സ് കേരളം വിട്ടുപോകുന്നതില്‍ വ്യവസായമന്ത്രിക്ക് ഒരു പുല്ലുമില്ല എന്നത് അദ്ദേഹം ഏതാണ്ട് സൂചിപ്പിച്ചു കഴിഞ്ഞു. വ്യവസായങ്ങള്‍ കേരളത്തിലേക്കു വരുന്നിലും പോകുന്നതിലും പുതുമയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബ് പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ കോടികള്‍ ചെലവിട്ട് എമേര്‍ജിങ് കേരള എന്ന പേരില്‍ വ്യവസായങ്ങള്‍ കേരളത്തിലേക്കു വരുന്ന പുതുമയില്ലാത്ത പരിപാടിക്കു വേണ്ടി സ്റ്റേജ് പ്രോഗാം നടത്തി നാറിയതെന്നു പിടികിട്ടുന്നില്ല. ചെറുപ്പത്തില്‍ കെഎസ്‍യുവില്‍ പ്രവര്‍ത്തിക്കാത്തതിന്‍റെ ഓരോരോ പ്രോബ്ലംസ്. അല്ലെങ്കില്‍ തന്നെ ഫോക്സ്‍വാഗന്‍റെ അതിസുന്ദരമായ പാര്‍ട്സുകള്‍ നൃത്തമാടുന്ന ഫാക്ടറി വരാനിരിക്കുമ്പോഴാണ് അവന്‍റെയൊരു ലുങ്കി. പോട്ടെ പുല്ല്. ഊമ്മന്‍ ചാണ്ടി കീ, കുഞ്ഞാലിക്കുട്ടി സാഹിബ് കീ, സോണിയാ ഗാന്ധി കീ, മന്മോഹന്‍ സിങ്ങു കീ, രാഹുല്‍ ഗാന്ധി കീ… എന്നിട്ടും കലിപ്പു തീരുന്നില്ലല്ലോ ദൈവമേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക