Image

സി.പി.എമ്മില്‍ സ്റ്റിംഗ്‌ ഓപ്പറേഷന്‍ കാലത്തെ വാര്‍ത്താ ചോര്‍ച്ച

ജി.കെ. Published on 19 August, 2011
സി.പി.എമ്മില്‍  സ്റ്റിംഗ്‌ ഓപ്പറേഷന്‍ കാലത്തെ വാര്‍ത്താ ചോര്‍ച്ച
അമേരിക്കന്‍ സാമ്രാജ്യത്വം ഒരു ലക്ഷ്യം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനു രണ്‌ടുതരം പ്രചാരണങ്ങളാണ്‌ സാധാരണയായി നടത്താറുള്ളത്‌. ആദ്യം മാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തി ഒരു ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പിന്നാലെ സൈനിക നടപടിയിലൂടെ തങ്ങളുടെ ലക്ഷ്യം നേടുകയും ചെയ്യുക എന്നതാണത്‌. പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ള യുവതലമുറക്ക്‌ ഇറാഖും അഫ്‌ഗാനിസ്ഥാനും ഉദാഹരണങ്ങളായി മുന്നിലുണ്‌ട്‌.

സാമ്രാജ്യത്വ ശക്തിയായ അമേരിക്കയും തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎമ്മും തമ്മില്‍ എന്തെങ്കിലും താരതമ്യങ്ങളുണ്‌ടോ എന്ന്‌ ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ താരതമ്യങ്ങളൊന്നുമില്ല. എന്നാല്‍ സിപിഎമ്മില്‍ ഇപ്പോള്‍ ഉയരുന്ന പല ആരോപണങ്ങളും പരിശോധിക്കുമ്പോള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രചാരണരീതിശാസ്‌ത്രമാണോ സിപിഎമ്മും പിന്തുടരുന്നതെന്ന്‌ സഖാക്കള്‍ പോലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിഷയത്തിലായാലും വിഎസ്‌ പക്ഷത്തെ ഒതുക്കുന്ന കാര്യത്തിലായാലും പി.ശശി, ഗോപി കോട്ടമുറിക്കല്‍ വിഷയങ്ങളിലായാലും ഓദ്യോഗികപക്ഷവും വി.എസ്‌ പക്ഷവും സ്വീകരിച്ച നിലപാടുകള്‍ അമേരിക്കന്‍ പ്രചാരണരീതിശാസ്‌ത്രത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നവയായിരുന്നുവെന്ന്‌ സമ്മതിക്കാതിരിക്കാനാവില്ല.

സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങള്‍ ഒറ്റുകാരെയും പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നവരെയും കൂട്ടുപിടിച്ച്‌ സിപിഎം സമ്മേളനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ഒറ്റുകാരുമെല്ലാം ഈ പാര്‍ട്ടിക്കകത്തു തന്നെയല്ലെ എന്ന്‌ തിരിച്ചുചോദിക്കാനാണ്‌ തോന്നുക. കാരണം പാര്‍ട്ടി സെക്രട്ടറി തന്നെ കുറ്റസമ്മതം നടത്തിയത്‌ പാര്‍ട്ടിയുടെ ഇരുമ്പുമറയ്‌ക്കുള്ളില്‍ നിന്നുപോലും വാര്‍ത്തകള്‍ ചോരുന്നുണ്‌ടെന്നും അത്‌ തങ്ങള്‍ക്ക്‌ നാണക്കേടാണെന്നുമായിരുന്നു.

അടച്ചിട്ടമുറികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വള്ളിപുള്ളി വിടാതെ സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇതേ പാര്‍ട്ടി സെക്രട്ടറി മുമ്പ്‌ പറഞ്ഞത്‌ നിങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ഈ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കുമറിയില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ പാര്‍ട്ടി സെക്രട്ടറി മൊഴിമാറ്റി പറഞ്ഞതിന്‌ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ കണ്‌ടുപിടിക്കാന്‍ എറണാകുളത്തെ ലെനിന്‍ സെന്ററില്‍ പെന്‍ഡ്രൈവ്‌ വെക്കേണ്‌ട കാര്യമൊന്നുമില്ല എന്നതാണ്‌ വാസ്‌തവം.

അടുത്തിടെ തങ്ങള്‍ക്ക്‌ നഷ്‌ടമായ കരുത്തരായ രണ്‌ടു ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സദാചാരവുമായി ബന്ധപ്പെട്ടതാണെന്ന്‌ പല പാര്‍ട്ടി സഖാക്കള്‍ പോലും അറിഞ്ഞത്‌ ഈ സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളിലൂടെയായിരുന്നു. അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ വി.എസ്‌.പക്ഷമാണെന്ന തിരിച്ചറിവില്‍ നിന്നാണ്‌ വാര്‍ത്ത ചോര്‍ത്തല്‍ നടക്കുന്നു എന്ന കുറ്റസമ്മതത്തിന്‌ പാര്‍ട്ടി സെക്രട്ടറി തയാറായത്‌.

മുമ്പ്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ വാര്‍ത്ത ചോര്‍ത്തലിന്റെ മൊത്തം കരാറേറ്റെടുത്തിരുന്നുവെന്ന്‌ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമീഷന്‍ തന്നെ കണ്‌ടെത്തിയ കെ.എം.ഷാജഹാനെ പടിയടച്ച്‌ പിണ്‌ഡം വെച്ചിട്ടും വാര്‍ത്തകള്‍ ചോരുന്നുവെങ്കില്‍ അതിന്‌ ഉത്തരവാദി വി.എസ്‌.അച്യുതാനന്ദന്നും കൂട്ടരുമാണെന്ന്‌ പരോക്ഷമയി പറയാതെ പറയുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. എന്നാല്‍ വാര്‍ത്ത ചോര്‍ത്തുന്നുവെങ്കില്‍ അത്‌ ആരാണെന്ന്‌ പിണറായി വിജയന്‍ തന്നെ പറയുമെന്ന്‌ പ്രതികരിച്ച വി.എസ്‌ ആകട്ടെ വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള നീക്കത്തിന്‌ തുടക്കത്തിലേ തടയിടുകയും ചെയ്‌തു.

ഒളിക്യാമറ ഉപയോഗിച്ച്‌ മാധ്യമങ്ങള്‍ നടത്തുന്ന സ്‌റ്റിംഗ്‌ ഓപ്പറേഷനുകളെപ്പോലും വെല്ലുന്ന രീതിയില്‍ സ്റ്റിംഗ്‌ ഓപ്പറേഷനുകള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ തന്നെയുള്ളപ്പോള്‍ വാര്‍ത്ത ചോരുന്നതിന്റെ ഉത്തരവാദിത്തം ഒരു വിഭാഗത്തിന്റെ മേല്‍ മാത്രം പിണറായിക്ക്‌ കെട്ടിവയ്‌ക്കാനാവില്ല എന്നതാണ്‌ വാസ്‌തവം. കാരണം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രമല്ല വി.എസിനും അദ്ദേഹത്തിന്റെ കൂടെനില്‍ക്കുന്നവര്‍ക്കുമെതിരെ പാര്‍ട്ടി യോഗങ്ങളില്‍ ഉയരുന്ന ആക്ഷേപങ്ങളും വിമര്‍ശനങ്ങളും തിരക്കഥയിലെന്ന പോലെ സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്‌ട്‌.

വി.എസിനെതിരെ കേന്ദ്ര നേതൃത്വത്തിന്‌ പരാതി നല്‍കിയെന്ന വാര്‍ത്ത എന്തായാലും വി.എസ്‌ പക്ഷം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുമെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ വിശ്വസിക്കില്ലല്ലോ. അപ്പോള്‍ വാര്‍ത്ത ചോര്‍ത്തലിലെ പൂര്‍വകാലചരിത്രംവെച്ച്‌ മാത്രം ഇക്കാര്യത്തില്‍ വി.എസ്‌.പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാര്‍ട്ടി സെക്രട്ടറിക്ക്‌ എങ്ങിനെ കഴിയും.

വിഭാഗീയതയുടെ പേരില്‍ സ്വന്തം സഖാവിനെതിരെ സ്റ്റിംഗ്‌ ഓപ്പറേഷന്‍ നടത്താന്‍വരെ തയാറാവുന്ന ഇക്കാലത്ത്‌ പാര്‍ട്ടി സമ്മേളനങ്ങള്‍ വാര്‍ത്ത ചോര്‍ത്തലുകളുടെ പുഷ്‌കല കാലമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഇത്‌ തിരിച്ചറിഞ്ഞുകൊണ്‌ടാണ്‌ വി.എസ്‌.പക്ഷത്തിന്‌ ശക്തമായൊരു താക്കീതും പിണറായി നല്‍കിയത്‌. എന്നാല്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതുപോലെ പിണറായിയുടെ താക്കീതിനെയും വെല്ലുവിളിക്കാന്‍ തന്നെയാണ്‌ തന്റെ തീരുമാനമെന്നാണ്‌ വി.എസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയും വ്യക്തമാക്കുന്നത്‌.

എന്തായാലും ഇപ്പോള്‍ ഒറ്റകാര്യത്തിലേ പാര്‍ട്ടിയില്‍ ഇരു വിഭാഗവും തമ്മില്‍ അഭിപ്രായസമന്വയമുള്ളൂ എന്നാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. അത്‌, സമ്മേളനങ്ങള്‍ അടുക്കുംതോറും വാര്‍ത്താ ചോര്‍ച്ച തടയാന്‍ പറ്റാത്ത വിധമാകുമെന്ന കാര്യത്തിലാണെന്നാണ്‌ അടക്കം പറച്ചില്‍. അങ്ങനെയെങ്കില്‍ സെക്രട്ടറി സഖാവെ സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളെയും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും പഴി പറയുന്നതിന്‌ മുമ്പ്‌ കൂടെനില്‍ക്കുന്ന യൂദാസുമാരെ കണ്‌ടെത്താനല്ലെ അങ്ങ്‌ ശ്രമിക്കേണ്‌ട്‌ത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക