Image

ഉള്ളുപൊള്ളിക്കുന്ന കാഴ്‌ചവട്ടം

Published on 02 October, 2012
ഉള്ളുപൊള്ളിക്കുന്ന കാഴ്‌ചവട്ടം
``ഒരു കാര്യം എനിക്കുറപ്പുണ്ട്‌. കേരളീയ സമൂഹത്തിന്‌ എന്നെ ഇഷ്‌ടമാണ്‌. അവര്‍ക്കെന്നെയറിയാം. എന്റെ സിനിമകളിലൂടെ അവരെന്റെ ഹൃദയം തൊട്ടറിഞ്ഞിട്ടുണ്ട്‌. നാല്‍ക്കവലകളിലും തെരുവോരങ്ങളിലും അവരിലൊരാളായി ഞാന്‍ അംഗീകരിക്കപ്പെടുന്നു. സ്‌നേഹിക്കപ്പെടുന്നു''.

ജനപ്രീയ കഥാകാരന്‍ ലോഹിതദാസിന്റേതാണ്‌ ഈ വാചകങ്ങള്‍. നെഞ്ചില്‍ കൈവെച്ചു തന്നെ ലോഹിതദാസിന്‌ ഇത്‌ പറയാന്‍ കഴിയും. കാരണം കേരളം അദ്ദേഹത്തെ അത്രത്തോളം സ്‌നേഹിച്ചിരുന്നു. സാധാരണക്കാരന്റെ സിനിമകളെഴുതിയ വലിയ എഴുത്തുകാരന്‍. എഴുത്തിന്റെ ലോകത്ത്‌ മനസര്‍പ്പിച്ച്‌ ജീവിക്കുമ്പോഴും ലോഹി സാധാരണക്കാരനായിരുന്നു. മലയാളിയുടെ പ്രീയപ്പെട്ട ലോഹിതദാസ്‌.

ആത്മവിശ്വാസം സ്‌ഫുരിക്കുന്ന ഈ വാക്കുകള്‍ അദ്ദേഹം അത്‌ കുറിച്ചിട്ടു പോയത്‌ ഗ്രീന്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച കാഴ്‌ചവട്ടം എന്ന പുസ്‌കതത്തിലാണ്‌. ലോഹിയുടെ ഓര്‍മ്മക്കുറിപ്പുകളും അനുഭവങ്ങളുമാണ്‌ പുസ്‌തകത്തില്‍. എന്നാല്‍ ഈ ആത്മവിശ്വാസം ലോഹിതദാസിന്‌ പ്രേക്ഷകരില്‍ മാത്രമേയുണ്ടായിരുന്നുള്ളു. തനിക്കു ചുറ്റം നിന്ന സിനിമാ ലോകം തന്നെ പലപ്പോഴും ഓരം ചേര്‍ത്തു നിര്‍ത്തിയതിന്റെ ഓര്‍മ്മകളാണ്‌ കാഴ്‌ചവട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.

ലോഹിയുടെ ഓരോ സിനിമകള്‍ കാണുമ്പോഴും അത്‌ നൊമ്പര കാഴ്‌ചകളായിരുന്നു. കിരീടത്തിലെ സേതുമാധവനും സേതുവിന്റെ അച്ഛന്‍ അച്യുതന്‍നായരും, ഭരതത്തിലെ ഗോപിനാഥനും, ജേഷ്‌ഠന്‍ രാമനാഥനും, അമരത്തിലെ അച്ചൂട്ടിയും, തനിയാവാര്‍ത്തനത്തിലെ ബാലന്‍ മാഷും, ഭൂതക്കണ്ണാടിയിലെ വിദ്യാധരനും, ജോക്കറിലെ അബൂക്കയും ബാബുവും....മനസിനുള്ളില്‍ നൊമ്പരത്തിന്റെ കടലൊളിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍. ലോഹിയുടെ ഓരോ സിനിമയും ഓരോ കഥാപാത്രവും നൊമ്പരങ്ങളുടെ യഥാര്‍ഥ മനുഷ്യാവസ്ഥകളായിരുന്നു.

ഇത്രയും നൊമ്പരകടല്‍ എങ്ങനെ ഈ മനുഷ്യന്‍ മനസില്‍ നിറച്ചു വെച്ചു?. അത്‌ അയാളുടെ ജീവിതവുമായി എങ്ങനെ ഇണചേര്‍ന്നു കിടക്കുന്നു?. എന്തുകൊണ്ട്‌ ലോഹിയുടെ കഥാപാത്രങ്ങള്‍ കൂടുതലും അവഗണ പേറുന്ന അരികു ജീവിതങ്ങളായി മാറി?. ഈ ചോദ്യങ്ങള്‍ക്കുള്ള ലോഹിയുടെ ഉത്തരമാണ്‌ `കാഴ്‌ചവട്ടം'. ജീവിതത്തില്‍ താന്‍ അനുഭവിച്ച തീര്‍ത്ത നൊമ്പരങ്ങളുടെയും അവഗണനയുടെയും വലിയ കാഴ്‌ചകള്‍ ചെറിയ വാക്കുകളിലൂടെ ലോഹി പറയുന്നുണ്ട്‌ കാഴ്‌ചവട്ടത്തില്‍. അതുകൊണ്ടു തന്നെ കണ്ണ്‌ നനയാതെ മലയാളിക്ക്‌ കാഴ്‌ചവട്ടം വായിച്ചു തീര്‍ക്കാനാവില്ല.

ലോഹി വിടപറഞ്ഞു പോയതിനു ശേഷം ലോഹിയെ നെഞ്ചേറ്റുന്നവര്‍, മലയാളത്തിന്റെ മികച്ച എഴുത്തുകാരന്‍ ലോഹി തന്നെ എന്ന്‌ പറയുന്നവര്‍ ശരിക്കും ലോഹി ജീവിച്ചിരുന്നപ്പോള്‍ ആ മനുഷ്യനെ അംഗീകരിച്ചിരുന്നോ? തന്റെ ജീവിതത്തിലെമ്പാടും മുറിപ്പെടുത്തലുകള്‍ ഒരു തുടര്‍ച്ചയായി വന്നു പോയിരുന്നെന്ന്‌ ലോഹി എഴുതിതിയിട്ടുണ്ട്‌. അത്‌ തന്റെ വിധിയാണെന്നാണ്‌ ലോഹി പറയുന്നത്‌. എന്നാല്‍ മരണ ശേഷമാവും താന്‍ അംഗീകരിക്കപ്പെടുകയെന്നും അദ്ദേഹത്തിന്‌ ഉറപ്പുണ്ടായിരുന്നു. അത്‌ വാസ്‌തവമായിരുന്നെന്ന്‌ കാലം തെളിയിക്കുന്നു.

അവഗണനയുടെ തനിയാവര്‍ത്തനങ്ങള്‍ എന്ന കുറിപ്പില്‍ ലോഹി ഇങ്ങനെയെഴുതിയിരിക്കുന്നു - ``പടയിലും പന്തയത്തിലും ഞാനെന്നും തോറ്റുപോകും. എല്ലായിടത്തു നിന്നും ഉള്‍വലിയുന്ന ഒരു സ്വഭാവം എനിക്കുണ്ട്‌. അര്‍ഹമായത്‌ ചോദിച്ചു വാങ്ങാനറിയില്ല. അമരവും, ഭരതവും, കിരീടവും, ആധാരവും, വെങ്കലവും, ദശരഥവും ഒരു അംഗീകാരത്തിനും എന്നെ അര്‍ഹനാക്കിയില്ല. പക്ഷെ ഇന്ന്‌ പലരും വാഴ്‌ത്തി പറയുന്നുണ്ട്‌. പക്ഷെ അവയൊരുക്കിയ കാലത്ത്‌ അനുമോദനത്തിന്റെ പൂവിതള്‍ തന്ന്‌ ആരും പ്രോല്‍സാഹിപ്പിച്ചില്ല. മാത്രമല്ല വിമര്‍ശനങ്ങളും അവഗണനകളും ഏറെ ലഭിക്കുകയും ചെയ്‌തു''.

ഈ അവഗണന തന്നെയായിരുന്നു എന്നും ലോഹിയെ അലട്ടിയിരുന്നതും വേദനിപ്പിച്ചിരുന്നതും എന്ന്‌ കാഴ്‌ചവട്ടം വായിക്കുമ്പോള്‍ തോന്നും. ഒരിക്കല്‍ ഒരു അവാര്‍ഡ്‌ നൈറ്റില്‍ ലോഹിയെ ക്ഷണിച്ചുവരുത്തിയ സംഘാടകര്‍ തന്നെ ചടങ്ങിന്റെ സമയത്ത്‌ ലോഹിയെ ഹോട്ടല്‍ റൂമില്‍ നിന്നും വിളിക്കാതെ പോയതിനെക്കുറിച്ച്‌ ലോഹി കാഴ്‌ചവട്ടത്തില്‍ എഴുതിയിട്ടുണ്ട്‌. അവഗണിക്കപ്പെട്ടതിന്റെ വേദനയുമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഹോട്ടല്‍ മുറിയില്‍ ലോഹി കഴിച്ചു കൂട്ടിയത്‌ വായിക്കുമ്പോള്‍ ലോഹിയെ ഇഷ്‌ടപ്പെട്ട ആരുടെയും മനസ്‌ നോവും.

ശരിയാണ്‌ മലയാളത്തിന്റെ സുവര്‍ണ്ണ ചിത്രങ്ങളെഴുതിയ, സംവിധാനം ചെയ്‌ത ലോഹിതദാസ്‌ വേണ്ടവിധത്തില്‍ ഒരിക്കലും പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനായിട്ടില്ല. എന്നാല്‍ കാഴ്‌ചവട്ടത്തില്‍ തനിക്ക്‌ നേരിടുന്ന അവഗണനകളെ വിഷമത്തോടെയെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ലോഹിതദാസിനെ കാണാം. പകരം ലോഹിയെ ഉള്ളുപൊള്ളിച്ച്‌ കരയിച്ചിരുന്നത്‌ പ്രീയപ്പെട്ടവരുടെ വേര്‍പാടുകളായിരുന്നു.

അവിടേക്ക്‌ ആദ്യം എത്തുന്നത്‌ രവീന്ദ്രന്‍മാഷാണ്‌. തന്റേടിയും നിഷേധിയുമായ സംഗീതഞ്‌ജന്‍ രവീന്ദ്രന്‍. മലയാളിയുടെ പ്രീയപ്പെട്ട രവീന്ദ്രന്‍മാഷ്‌. ആരോടും കലഹിക്കാന്‍ മടിയില്ലായിരുന്ന എന്നാല്‍ ഉള്ളില്‍ കടലോളം സ്‌നേഹം സൂക്ഷിച്ച രവീന്ദ്രന്‍മാഷ്‌. ലോഹിയും രവീന്ദ്രന്‍മാഷും ഒരുമിച്ചപ്പോള്‍ ലഭിച്ചത്‌ ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, അമരം, ഭരതം, കമലദളം തുടങ്ങി ചിത്രങ്ങളായിരുന്നു. മനോഹരമായ തിരക്കഥയിലേ മനോഹരമായ സംഗീതമുണ്ടാകു എന്നതിന്‌ ലോഹി ചിത്രങ്ങളിലെ രവീന്ദ്രന്‍ സംഗീതം തന്നെയാണ്‌ ഉദാഹരണം. രവീന്ദ്രന്‍മഷിനെ അവസാനം ചെന്നു കാണാന്‍ കഴിഞ്ഞിരുന്നില്ല ലോഹിക്ക്‌. അത്‌ വലിയ വേദനയായി ലോഹി കാഴ്‌ചവട്ടത്തില്‍ കുറിക്കുന്നുണ്ട്‌.

അതുപോലെ തന്നെ ഒടുവില്‍ ഉണ്ണികൃഷ്‌ണനെക്കുറിച്ചും ലോഹി കുറിക്കുന്നത്‌ തീവ്രമായ വേദനയോടെയാണ്‌. വളയം എന്ന സിനിമയില്‍ ആത്മഹത്യ ചെയ്‌ത മകളുടെ മൃതശരീരം വീട്ടിലേക്ക്‌ എത്തിക്കുന്നത്‌ കാത്തു നില്‍ക്കുന്ന ഗോവിന്ദനാശാനായി ഒടുവിലാന്‍ അഭിനയിക്കുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തുന്ന നാട്ടുകാരനായി ലോഹിയും കാമറക്ക്‌ മുമ്പിലെത്തുന്നുണ്ട്‌.

അതിനെക്കുറിച്ച്‌ ലോഹി എഴുതിയിരിക്കുന്നത്‌ ഇങ്ങനെയാണ്‌...

``കഥാപാത്രമായി അദ്ദേഹം ആടിത്തിമര്‍ക്കുമ്പോള്‍ എപ്പോഴാ ഞാന്‍ അദ്ദേഹത്തിന്റെ കൈയ്യിലൊന്ന്‌ പിടിച്ചു. ക്യാമറക്ക്‌ കാണാന്‍ കഴിയാത്ത ഒരു വിറയില്‍ ഉണ്ണ്യേട്ടന്റെ ഉടലാകെ ബാധിച്ചിരിക്കുന്നത്‌ ഞാനറിഞ്ഞു. കഥാപാത്രത്തിന്റെ ജീവിതം സ്വന്തം ജീവിതമായി മാറുന്ന അനര്‍ഘനിമിഷമായിരുന്നത''.

അതുപോലെ തന്നെ ആദ്യമായി തിരക്കഥയെഴുതാന്‍ പ്രേരിപ്പിച്ച അബ്‌ദുല്ലക്കയുടെയും, ഒരു അനിയനെ പോലെ എന്തിനും കൂടെ നടന്ന വിനു ആനന്ദിന്റെയും വേര്‍പാടുകളും, പിന്നെ കോമഡിയനായി ലോകം മുഴുവന്‍ നോക്കിക്കണ്ട ബഹദൂര്‍ എന്ന നടന്റെ ഉള്ളുപൊള്ളുന്ന വേദനകളും ലോഹി തന്റെ കാഴ്‌ചവട്ടത്തില്‍ കുറിച്ചിടുന്നു.

നൊമ്പരങ്ങള്‍ക്കിടയിലും ചില കൗതുക കുറിപ്പുകളും ലോഹി കാഴ്‌ചവട്ടത്തില്‍ ബാക്കി വെക്കുന്നുണ്ട്‌. മോഹന്‍ലാലും മമ്മൂട്ടിയും എന്റെ ശത്രുക്കള്‍ എന്ന ലേഖനം അത്തരത്തിലൊന്നാണ്‌. ലോഹിയുടെ സ്ഥിരം സുഹൃത്തുക്കളിലൊരാളായ ഒരു ചെറുപ്പക്കാരന്‍ ഒരിക്കല്‍ ലോഹിയെ കാണാനെത്തി. അയാള്‍ നന്നായി മദ്യപിച്ചിരിക്കുന്നു. ഒരുപാട്‌ സിനിമാ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അയാള്‍ പറഞ്ഞു, ``ലോഹിയേട്ടാ മമ്മൂട്ടിയും മോഹന്‍ലാലുമാണ്‌ നിങ്ങളുടെ വലിയ ശത്രുക്കള്‍. അയാള്‍ പറഞ്ഞതിന്റെ പൊരുളെന്തെന്ന്‌ ലോഹിക്ക്‌ മനസിലായതേയില്ല. താനുമായി ഏറ്റവും അടുപ്പമുള്ളവരാണ്‌ ഈ രണ്ട്‌ താരങ്ങളും പിന്നെ എങ്ങനെ അവര്‍ തന്റെ ശത്രുക്കളാകും. മനസിലാവാതെ ലോഹിയിരിക്കുമ്പോള്‍ അയാള്‍ ബാക്കി പറഞ്ഞു തുടങ്ങി.

``സാറ്‌ തനിയാവര്‍ത്തനത്തിലെ ബാലന്‍മാസ്റ്ററെയുണ്ടാക്കിയത്‌ മമ്മൂട്ടിയെ വെല്ലുവിളിക്കാനാണ്‌. താന്‍ കുറെക്കാലമായല്ലോ അഭിനയിക്കാന്‍ തുടങ്ങിയിട്ട്‌ എങ്കിലിതൊന്ന്‌ ചെയ്‌തു കാണിക്ക്‌,,അങ്ങനെയൊരു വാശി. പക്ഷെ മമ്മൂട്ടി പുഷ്‌പം പോലെ ബാലന്‍മാസ്റ്ററെ അവതരിപ്പിച്ചു കാണിച്ചു. സാറ്‌ പരാജയപ്പെട്ടു. പിന്നെ മമ്മൂട്ടിയെ വെച്ച്‌ സിനിമയെടുക്കുമ്പോഴൊക്കെ സാറിന്റെ ലക്ഷ്യം എങ്ങനെ അയാളെ പരാജയപ്പെടുത്താമെന്നാണ്‌. അങ്ങനെ മൃഗയയിലെ വാറുണ്ണി വരുന്നു, അമരത്തിലെ അച്ചൂട്ടി വരുന്നു. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ വരുന്നു, അരയന്നങ്ങളുടെ വീട്ടിലെ രവി വരുന്നു.


മോഹന്‍ലാലിനെയും സാറ്‌ ഇതുപോലെ വെല്ലുവിളിക്കുകയായിരുന്നു. കിരീടത്തിലെ സേതുമാധവന്‍, ദശരഥത്തിലെ രാജീവ്‌ മേനോന്‍, ഭരതത്തിലെ കലൂര്‍ ഗോപിനാഥന്‍, കമലദളത്തിലെ നന്ദഗോപന്‍, ധനത്തിലെ ശിവശങ്കരന്‍. പക്ഷെ ഓരോ പ്രാവിശ്യവും മോഹന്‍ലാല്‍ സാറിനെ അഭിനയം കൊണ്ട്‌ പരാജയപ്പെടുത്തി.

നിങ്ങള്‍ തമ്മിലുള്ള പാത്രസൃഷ്‌ടിയും അഭിനയവും കൊണ്ടുള്ള വെല്ലുവിളിയും ശത്രുതയുമാണ്‌ മലയാളത്തിന്റെ ഭാഗ്യമായത്‌. അവരാണ്‌ സാറിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍. ഇത്തരം ശത്രുക്കളാണ്‌ സാറിന്റെ യഥാര്‍ത്ഥ മിത്രങ്ങള്‍. ഇനിയും സാറ്‌ അവരെ വെല്ലുവിളിക്കണം. ഞങ്ങള്‍ കുറെ നല്ല സിനിമകള്‍ കിട്ടും''.


ആ സുഹൃത്ത്‌ ലോഹിയോട്‌ പറഞ്ഞത്‌ ശരിയായിരുന്നു. ലോഹിയുടെ കഥാപാത്രങ്ങള്‍ അഭിനേതാക്കള്‍ക്കുള്ള വെല്ലുവിളികളായിരുന്നു. ആ കഥാപാത്രങ്ങളെ ആവേശത്തോടെ സ്വീകരിക്കാനുള്ള അഭിനയ ശേഷിയുള്ള നടന്‍മാരുമുണ്ടായിരുന്നു. പക്ഷെ പറയാനേറെ കഥകള്‍ ബാക്കി വെച്ച്‌ ലോഹി സിനിമയോടും പ്രേക്ഷകരോടും വിടപറഞ്ഞു പോയി. ഇപ്പോള്‍ മൂന്ന്‌ കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ ബാലന്‍മാഷും, സേതുമാധവനും, അച്ചൂട്ടിയുമൊക്കെ ഉള്ളുപൊള്ളിക്കുന്ന ഓര്‍മ്മകളായി നീറിനില്‍ക്കുന്നുണ്ട്‌ പ്രേക്ഷക മനസുകളില്‍. അതുപോലെ തന്നെ ലോഹിയുടെ മനസെഴുതിയ കുറുപ്പുകളുമായി കാഴ്‌ചവട്ടവും മലയാളിയുടെ പ്രീയപ്പെട്ട പുസ്‌തകമായി എന്നുമുണ്ടാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക