Image

ഇന്ത്യയുടെ ദുരന്തം ദേശീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം- ടി.വി.ആര്‍ ഷേണായ്

Published on 04 October, 2012
ഇന്ത്യയുടെ ദുരന്തം ദേശീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം- ടി.വി.ആര്‍ ഷേണായ്
ദുബൈ: ദേശീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായ് അഭിപ്രായപ്പെട്ടു. വ്യക്തികേന്ദ്രീകൃതമായ അഞ്ച് പാര്‍ട്ടികളെങ്കിലും ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ അതിന്‍െറ പുതിയ പതിപ്പായി മാറി. ജയലളിതക്കും മമതക്കും മായാവതിക്കും നിതീഷ് കുമാറിനും നവീന്‍ പട്നായികിനുമെല്ലാം മാത്രമായാണ് അവരുടെ പാര്‍ട്ടികള്‍ നിലകൊള്ളുന്നത്.

രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള അന്തരം ഇല്ലാതായി. അരവിന്ദ് കെജ്രിവാളിന്‍െറ പുതിയ പാര്‍ട്ടി വന്നതുകൊണ്ട് അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നില്ല. ധാര്‍മികതയുടെയും ചിന്തയുടെയും കുറവുള്ള പുതുതലമുറ വളര്‍ന്നുവരുന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷേണായ്. കേരളത്തില്‍ പിറവത്തിന് മാത്രമായി ഒരു പാര്‍ട്ടി എന്ന അവസ്ഥയാണ്. ടി.എം. ജേക്കബ് മരിച്ചപ്പോള്‍ മകന്‍ മന്ത്രിയായി. കോണ്‍ഗ്രസിലും ഇതുപോലെ എല്ലാക്കാര്യങ്ങളും കുടുംബത്തെ കേന്ദ്രീകരിച്ചായി. ഇങ്ങനെ കോണ്‍ഗ്രസ് തകരുകയാണെന്ന് മാത്രമല്ല, ബി.ജെ.പി വളരുന്നുമില്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തരം കുറയുകയും ചെയ്തു.

വിവേകശാലികള്‍ എന്നും ഇന്ത്യന്‍ ഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മ ഗാന്ധിയും ജയപ്രകാശ് നാരായണനുമെല്ലാം ഇതിന് ഉദാഹരണമാണ്. ഹസാരെയെയും ഇങ്ങിനെ വേണം കാണാന്‍. രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം ഏകകക്ഷി ഭരണത്തിന് സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.എം.എഫ് സ്ഥാപക പ്രസിഡന്‍റ് പി.വി. വിവേകാനന്ദ് ടി.വി.ആര്‍ ഷേണായിയെ പൊന്നാട അണിയിച്ചു. ഐ.എം.എഫ് പ്രസിഡന്‍റ് എന്‍. വിജയമോഹന്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക