Image

ഭ്രാന്തില്ലായ്മയുടെ ദയാരഹിതമായ ഭാഷ - ഡോ.കെ.ഗോപിനാഥന്‍

Published on 04 October, 2012
ഭ്രാന്തില്ലായ്മയുടെ ദയാരഹിതമായ ഭാഷ - ഡോ.കെ.ഗോപിനാഥന്‍
വിദ്യാഭ്യാസസ്ഥാപനങ്ങളായാലും, ജനറല്‍ ആശുപത്രികളായാലും സര്‍ക്കാരിന്റെ ധര്‍മ്മസ്ഥാപനങ്ങള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളുണ്ട്. കുറ്റകരമായ അവഗണനയും കെടുകാരസ്ഥതയും ആയിരിക്കും പലപ്പോഴും ഇത്തരം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെത്തുന്നവരെ സ്വീകരിക്കുക. ഭ്രാന്താസ്പത്രികളിലാണെങ്കില്‍ ഈ അനാസ്ഥ അതിന്റെ ഏറ്റവും വൃത്തികെട്ടതും ക്രൂരവുമായ രൂപങ്ങളിലായിരിക്കും പ്രകടമാകുക. കാരണം ഭ്രാന്തര്‍ തിരിഞ്ഞുനിന്ന് തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കില്ലല്ലോ. അവരുടെ പരാതികള്‍ക്കും തെളിവുകള്‍ക്കും നീതിന്യായ വ്യവസ്ഥയില്‍ മാന്യതയും കല്പിക്കപ്പെടുന്നില്ല. അതെല്ലാം വെറും ഭ്രാന്തന്‍ ജല്‍പനങ്ങള്‍മാത്രം. ബന്ധുമിത്രാദികള്‍ക്കും, സിവില്‍ സമൂഹത്തിന് പൊതുവെയും അനിവാര്യമായും ഒഴിവാക്കേണ്ടിയിരിക്കുന്ന ഒരു ശല്യം മാത്രമാണ് ഇക്കൂട്ടര്‍.

ആധുനിക കാലഘട്ടത്തിലെ മാനസികരോഗാശുപത്രികളുടെ ഉത്ഭവും വസ്തുനിഷ്ഠ യുക്തി(objective reason)യില്‍ കെട്ടിപ്പടുത്ത ആധുനിക മനുഷ്യന്റെ സംസ്‌കാരവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫുക്കോ പഠനത്തില്‍ (Madness and Civilization) വ്യക്തമാക്കുന്നുണ്ട്. മാനസിക രോഗി അധമവും രാക്ഷസീയമായ ഒരു ബലിമൃഗവുമാണ്. അതുകൊണ്ട് മറ്റുള്ളവര്‍ അവനില്‍നിന്നും സംരക്ഷണം അര്‍ഹിക്കുന്നു എന്ന ബോധമാണ് ഈ സംസ്‌ക്കാരത്തിനുള്ളത്. സംരക്ഷണം ഇവിടെ രോഗിക്കല്ല, മറ്റുള്ളവര്‍ക്കാണ് എന്ന് ചുരുക്കം. ഈ തലതിരിഞ്ഞ യുക്തിയാണ് ആധുനിക കാലഘട്ടത്തിലെ മാനസിക രോഗാശുപത്രികളെ നയിക്കുന്നത്. സ്വതന്ത്രവായുവും സിവില്‍ സമൂഹവും കടന്നുവരാത്ത തടവറകളില്‍ രോഗികള്‍ തളയ്ക്കപ്പെട്ടിരിക്കുന്നത് ഈ ഒരു വിശ്വാസത്തിന്റെ ബലത്തിലാണ്. അടിസ്ഥാനപരമായും ഇവര്‍ മനുഷ്യരാണെന്നുള്ള കാഴ്ചപ്പാട് ഇത് മൂലം ആധുനിക വൈദ്യശാസ്ത്രത്തിനും സമൂഹത്തിനും നഷ്ടപ്പെടുന്നു. യുക്തി, സമചിത്തത, ക്‌ളിനിക്കല്‍, സൈക്യാട്രി എന്നിവ ചേര്‍ന്നു നടത്തുന്ന ഔദ്യോഗികസംഭാഷണത്തിന്(Official Lanfrase) അതിന്റെ ശത്രുവോ അപരനോ ആയി മാത്രം മാനസിക രോഗിയെ നിലനിര്‍ത്തേണ്ടിവരുന്നു. ഔദ്യോഗിക യുക്തിയുടെ (Official reason) പരിധിയില്‍ വരാത്തതെല്ലാം ഭ്രാന്തായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.

പ്രശ്‌നം യുക്തിയുടെ ഏതു ഭാഗത്താണ് നിങ്ങള്‍ എന്നതാണ്. ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷണത്തിന്റെ, ഭൂരിപക്ഷ യുക്തിയുടെ കൂടെ അല്ലാത്തവരെല്ലാം സമനില തെറ്റിയവരാണ്. ഒരു രോഗി ഈ തലതിരിഞ്ഞ ലോകത്തെ നോക്കി, തന്നോടുതന്നെ ഊദമായി ചിരിക്കുകയാണ്. ബ്‌ളേസ്പാസ്‌കല്‍ പറഞ്ഞതുപോലെ മനുഷ്യര്‍ ഇന്ന് വളരെ അനിവാര്യമായും ഭ്രാന്തരാകേണ്ടിയിരിക്കുന്നു. കാരണം ഊദിയല്ലാതിരിക്കുകയെന്നാല്‍ അത് മറ്റൊരു തരം ഭ്രാന്തിന് തുല്യമാണ്. ഭ്രാന്തില്ലായ്മയുടെ ഭാഷ ഏറ്റവും ദയാരഹിതമാണ് എന്ന് ഫൂക്കോ പറയുന്നത് അതുകൊണ്ടാണ്. മലത്തിലും മൂത്രത്തിലും കുതിര്‍ന്ന തറകളില്‍ രോഗി ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍, ഭക്ഷണവും ശുശ്രൂഷയും രോഗിക്ക് നിഷേധിക്കപ്പെടുമ്പോള്‍ ഈ ദയാശൂന്യമായ ഭാഷയാണ് നാം കാണുന്നത്. ഉപകരണസമാനമായ യുക്തിയുടെ സംസ്‌കാരമാണ് ആശുപത്രി അധികൃതരെ നയിക്കുന്നത്. നമുക്കും രോഗികള്‍ക്കും ഇടയില്‍ ഉണ്ടാകേണ്ടിയിരിക്കുന്ന കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും പൊതുഭാഷ നഷ്ടപ്പെട്ടതാണഅ ആശയവിനിമയം അസാദ്ധ്യമായ രണ്ടു ലോകങ്ങളായി നമ്മെയും രോഗികളെയും മുഖാമുഖം നിര്‍ത്തുന്നത്. ഊദത്തിന്റേത് വ്യത്യസ്തമായ ഒരു ഭാഷയാണ് എന്ന ബോധത്തിനു പകരം സമൂഹം രോഗികളെ പ്രൊഫഷണല്‍ സൈക്യാട്രിക്ക് ഏല്‍പ്പിച്ച് കൊടുത്ത് കൈകഴുകി മാറുകയാണ്. കാരുണ്യമില്ലാത്ത വൈദ്യശാസ്ത്രത്തിന്റെ അമൂര്‍ത്തവും അന്യവുമായ ഭാഷ രോഗിയുടെ മനസ്സിലെ ഉറവുകള്‍ തൊട്ടുണര്‍ത്തുന്നതിന് പരാജയപ്പെടുന്നു. പകരം ഗുളികയിലും മരുന്നിലും കുത്തിവെപ്പുകളിലും ചങ്ങലക്കിടുന്നതിലും മാത്രം ഒതുങ്ങുന്നു. മുറിഞ്ഞുപോയ ഒരു ഭാഷണത്തിന്റെ രണ്ട് അതിരുകളില്‍ അങ്ങനെ രോഗികളും ആശുപത്രി അധികൃതരും തുടരുന്നു. പുനരധിവാസത്തിന്റെ പേരില്‍ കൈയൊഴിയപ്പെടുന്ന രോഗികള്‍ അവയവ കച്ചവടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും നോര്‍മല്‍ ലോകത്തേക്ക് എത്തിപ്പെടുന്നതിന്റെ അടിസ്ഥാന കാരണം സ്‌നേഹവും കാരുണ്യവും ചേര്‍ന്ന പൊതുഭാഷയുടെ നഷ്ടമാണ്.

ഭ്രാന്ത് ഒരു ഭാഷയാണ്, വ്യത്യസ്തമായ ഒരു അനുഭവലോകത്തിന്റെ ഭാഷ. ചതിയും വഞ്ചനയും ഉപഭോഗാസക്തിയും അധികാരവും ചൂഷണവും നടത്തുന്ന ലോകത്തിന്റെ യുക്തിസഹമായ ഭാഷയല്ല അത്. ഭ്രാന്താസ്പത്രി അധികൃതരും സാമൂഹ്യരാഷ്ട്രീയ നേതൃത്വവും സംസാരിക്കുന്ന ഭാഷ ബന്ധനസ്ഥരാക്കപ്പെട്ട രോഗികള്‍ക്ക് മനസ്സിലാകുന്നതല്ല. ശിശുസഹജമായ നിഷ്‌കളങ്കതയോടെ തടവറക്കപ്പുറമുള്ള യുക്തിയുടെ ലോകത്തെ നോക്കി അവര്‍ ചിരിക്കുന്നു. ക്‌ളിനിക്കല്‍ സൈക്ക്യാട്രിക്കും, കച്ചവടവല്‍ക്കരിക്കപ്പെട്ട ആതുരശുശ്രൂഷക്കും ആചിരിയുടെ പൊരുള്‍ മനസ്സിലാക്കുക. അസാധ്യമാണ്. അതിനുപകരമായി അവര്‍ സ്വന്തം അയല്‍ക്കാരെ ബന്ധനസ്ഥരാക്കുന്നതിലൂടെ സ്വന്തം ഭ്രാന്തില്ലായ്മയെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയാണ്. അതിനുപകരമായി അവര്‍ സ്വന്തം അയല്‍ക്കാരെ ബന്ധനസ്ഥരാക്കുന്നതിലൂടെ സ്വന്തം ഭ്രാന്തില്ലായ്മയെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയാണ്(ദെസ്‌തോയവ്‌സ്‌കി). നവോത്ഥാന കാലഘട്ടത്തില്‍, മാനസിക രോഗ ആശുപത്രികളുടെ ആവിര്‍ഭാവത്തിനു മുമ്പ്, ഭ്രാന്തരെ നിറച്ച കപ്പലുകള്‍ (Ship of Fools) യൂറോപ്പിന്റെ കടലുകളിലും തോടുകളിലും അലക്ഷ്യമായി അലഞ്ഞിരുന്ന ചിത്രം ഫുക്കോ നല്‍കുന്നുണ്ട്. അന്ന് ഈ സാമൂഹ്യപ്രശ്‌നത്തെ അവര്‍ പരിഹരിച്ചത് ആ വിധമായിരുന്നു. കടലുകളിലെ അന്തമില്ലാത്ത അലച്ചിലില്‍ കൊടിയ ഏകാന്തതയിലും പ്രതികൂല സാഹചര്യങ്ങളിലും പെട്ട് രോഗികളില്‍ പലരും മരണമടയുകയാണ് പതിവ്. ശേഷിക്കുന്നവരുമായി കപ്പലുകള്‍ അവയുടെ ലക്ഷ്യമില്ലാത്ത പ്രയാണം തുടരും. അവിചാരിതമായി യൂറോപ്യന്‍ നാടുകളിലെ ഏതെങ്കിലും തുറമുഖത്ത് ഈ കപ്പലുകളില്‍ ഒന്ന് എത്തിപ്പെടുന്നത് ആ നഗരത്തിലെ പൗരന്മാര്‍ക്ക് നേരം പോക്കിനുള്ള സന്ദര്‍ഭമായിരുന്നുവത്രേ. നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ വട്ടരുടെ കോമാളിത്തരങ്ങള്‍ കാണാന്‍ അവര്‍ കപ്പലിനു ചുറ്റും തടിച്ചുകൂടാറുണ്ട്. മാന്യസമൂഹത്തിലെ പൗരന്മാര്‍ക്ക് തങ്ങളുടെ സിരാസംഘര്‍ങ്ങള്‍ക്ക് അയവുവരുത്താനാവശ്യമായ ഒരു കെട്ടുകാഴ്ചയായിരുന്നും അത്തരം കോമാളികളുടെ കപ്പല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക