Image

ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഷിക്കാഗോയില്‍ അരങ്ങേറി

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2012
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഷിക്കാഗോയില്‍ അരങ്ങേറി
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഏകോപിത സംഘടനയായ ഫോമയുടെ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം സെപ്‌റ്റംബര്‍ 29-ന്‌ ശനിയാഴ്‌ച കെ.സി.എസ്‌ കമ്യൂണിറ്റി ഹാളില്‍ വെച്ച്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു നിര്‍വഹിച്ചു. വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിച്ച യോഗത്തില്‍ ബെന്നി വാച്ചാച്ചിറ വിശിഷ്‌ടാതിഥികളെ സദസിന്‌ പരിചയപ്പെടുത്തി. സ്റ്റാന്‍ലി കളരിക്കമുറി എം.സിയായി യോഗനടപടികള്‍ നിയന്ത്രിച്ചു. കുമാരി ജിജിന്‍ സൈമണിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ സ്വാഗതം പറഞ്ഞു.

സ്വാഗത പ്രസംഗത്തില്‍ വിശിഷ്‌ടാതിഥികളെയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംക്ഷിപ്‌ത രൂപരേഖ നല്‍കുകയുണ്ടായി. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഷിക്കാഗോയിലെ അഞ്ചു സംഘടനകളും ചേര്‍ന്ന്‌ ഐക്യകണ്‌ഠ്യേന തന്നെ തല്‍സ്ഥാനത്തേക്ക്‌ തെരഞ്ഞെടുത്തതില്‍ നന്ദി രേഖപ്പെടുത്തുകയും, ഫോമയുടെ ഈ റീജിയനിലെ ഭാവി പ്രവര്‍ത്തനങ്ങളിലും ഈ ഐക്യം കാത്തുസൂക്ഷിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ഫോമ എക്കാലവും പറയുന്നത്‌ മാത്രം പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിക്കാവുന്നതു മാത്രം പറയുകയും ചെയ്യുന്ന സംഘടനയാണെന്ന്‌ അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ അദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി. യുവജനോത്സവം, സ്‌പെല്ലിംഗ്‌ ബീ, കായിക മത്സരം, കിക്ക്‌ഓഫ്‌ കണ്‍വന്‍ഷന്‍ എന്നിവ നടത്തുമെന്നും അതിന്‌ വിവിധ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കുമെന്നും ജോസി പറഞ്ഞു. ഷിക്കാഗോ റീജിയന്‍ ശക്തമായ ഒരു വനിതാ വിംഗിന്‌ രൂപം നല്‌കിയെന്നും ഷിക്കാഗോയിലെ പ്രഗത്ഭ വനിതകളെ ഉള്‍പ്പെടുത്തി ഈ കമ്മിറ്റി വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഫോമയുടെ കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംതൃപ്‌തിദായകമാണെന്ന്‌ പറഞ്ഞു. അമേരിക്കയിലും കാനഡയിലുമായി 11 റീജിയനുകലും 52 മലയാളി സംഘടനകളും സജീവമായി ഫോമയുടെ പിന്നിലുണ്ട്‌. ഇനിയും പല സംഘടനകളും ഫോമയുടെ കൊടിക്കീഴില്‍ അണിനിരക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഫോമയുടെ പത്തിന കര്‍മ്മപദ്ധതികള്‍ക്കുള്ള രൂപരേഖ തയാറായിക്കഴിഞ്ഞുവെന്നും ഫിലാഡല്‍ഫിയയില്‍ ഓഫീസ്‌ തുറന്നതായും ജോര്‍ജ്‌ മാത്യു അറിയിച്ചു. തുടക്കമായി കോട്ടയത്തുവെച്ച്‌ നൂറുപേര്‍ക്ക്‌ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്‌തു. അടുത്തവര്‍ഷം ജനുവരി പത്തിന്‌ കൊച്ചിയിലെ ലേ മെറീഡിയനില്‍ വെച്ച്‌ കേരളാ കണ്‍വന്‍ഷന്‍ ബിസിനസ്‌ സമ്മേളനമായി പ്ലാന്‍ ചെയ്യുന്നതാണ്‌. ബ്രിഡ്‌ജിംഗ്‌ ഓഫ്‌ മൈന്‍ഡ്‌സ്‌ പദ്ധതിയുടെ ഭാഗമായി പ്രൊഫഷണലുകളുടെ സംഗമം നടത്താനും പദ്ധതിയുണ്ട്‌. ഫോമാ പൊളിറ്റിക്കല്‍ അവയര്‍നെസ്‌ മാസം ആചരിക്കുവാനും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്‌പര്യമുള്ളവരെ പരിശീലിപ്പിക്കുവാനും പദ്ധതിയുണ്ട്‌. ഹെല്‍പ്‌ ലൈനില്‍കൂടി കൂടുതല്‍ ആളുകള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

തുടര്‍ന്ന്‌ ബഹു. വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്തിന്റെ ആശംസാ പ്രസംഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ശാഘിക്കുകയും കഴിഞ്ഞ കണ്‍വന്‍ഷന്‍ ക്രൂയിസ്‌ കപ്പിലില്‍ വെച്ച്‌ നടത്തിയത്‌ വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നുവെന്ന്‌ സ്‌മരിക്കുകയും ചെയ്‌തു.

ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ തന്റെ പ്രസംഗത്തില്‍ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഏറ്റവും ഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുകയുണ്ടായി. കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിലെ മിക്കവാറും എല്ലാ മന്ത്രിമാരും പങ്കെടുക്കാമെന്ന്‌ ഉറപ്പുനല്‍കിയതായി പ്രസ്‌താവിച്ചു. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പും, ഹെല്‍പ്‌ ലൈന്‍ വികസനവും പ്രാധാന്യം കൊടുത്ത്‌ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്‌ സംസാരിച്ച ഇല്ലിനോയി സ്റ്റേറ്റ്‌ പ്രതിനിധി ഡാനിയന്‍ ബിസ്‌ കേരള സമൂഹം തന്റെ തെരഞ്ഞെടുപ്പില്‍ നല്‍കിയ സഹായത്തെ കൃതജ്ഞതയോടെ സ്‌മരിച്ചു. കോണ്‍സുലേറ്റ്‌ ഓഫീസിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത എന്‍.ജെ. ഹാങ്ങ്‌ടെ ഫോമയ്‌ക്ക്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. ഷിക്കാഗോയിലെ വിവിധ അംഗസംഘടനകളെ പ്രതിനിധീകരിച്ച്‌ സണ്ണി വള്ളിക്കളം, പീറ്റര്‍ കുളങ്ങര, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, റോയി നെടുങ്ങോട്ടില്‍, ബിന വള്ളിക്കളം, പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം എന്നിവരും ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

തുടര്‍ന്ന്‌ ഷിക്കാഗോയിലെ വിവിധ നൃത്ത വിദ്യാലയങ്ങളെ ഏകോപിപ്പിച്ച്‌ നയനമനോഹരമായ നൃത്തസന്ധ്യ അരങ്ങേറി. കലാപരിപാടികളുടെ അവതരണവും, നിയന്ത്രണവും വനിതാ കോര്‍ഡിനേറ്ററായ ബീന വള്ളിക്കളം ഭംഗിയായി നിര്‍വഹിച്ചു.

മലബാര്‍ കേറ്ററിംഗ്‌ ഒരുക്കിയ സ്‌നേഹവിരുന്നും ഉദ്‌ഘാടന ചടങ്ങിന്‌ ചാരുതയേകി. നാഷണല്‍ കമ്മിറ്റി അംഗം തമ്പി ചെമ്മാച്ചേലിന്റെ നന്ദി പ്രസംഗത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു. അറ്റോര്‍ണി സ്റ്റീവ്‌ കിഫേര്‍ഡ്‌, അറ്റോര്‍ണി നാന്‍സി സാന്‍സേഴ്‌സ്‌, ഔസേഫ്‌ തോമസ്‌ സിപിഎ എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സേഴ്‌സ്‌.
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഷിക്കാഗോയില്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക