Image

ബാവൂട്ടിയുടെ നാമത്തില്‍: മമ്മൂട്ടി, കാവ്യ

Published on 07 October, 2012
ബാവൂട്ടിയുടെ നാമത്തില്‍: മമ്മൂട്ടി, കാവ്യ
രഞ്‌ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി വീണ്‌ടും അഭിനയിക്കുന്നു. ജി.എസ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ബാവൂട്ടിയുടെ നാമത്തിലാണ്‌ ഈ ചിത്രം. ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്‌ജിത്താണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കോഴിക്കോട്‌ പുരോഗമിക്കുന്നു.

കൈയ്യൊപ്പ്‌, പ്രാഞ്ചിയേട്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം ക്യാപിറ്റോള്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന ചിത്രമാണ്‌ ബാവുട്ടിയുടെ നാമത്തില്‍. കാവ്യമാധവന്‍, റിമാ കല്ലുങ്കല്‍, കനിഹ എന്നിവരാണ്‌ ഈ ചിത്രത്തിലെ നായികമാര്‍.

മലപ്പുറം ജില്ലയിലെ ഒരു ഇടത്തരം ഗ്രാമത്തിലാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം. ജീവിതത്തെ വ്യത്യസ്‌ത വീക്ഷണങ്ങളിലൂടെ നോക്കികാണുന്ന രണ്‌ടുപേരിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാ വികസനം.

ബിസിനസുകാരനായ സേതുമാധവനും, അദ്ദേഹത്തിന്റെ ഡ്രൈവറായ ബാവൂട്ടിയുമാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജീവിതത്തിലെ ഓരോ നിമിഷവും പണമുണ്‌ടാക്കുക എന്നതാണ്‌ സേതുമാധവന്റെ ലക്ഷ്യം. പക്ഷെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ബാവൂട്ടിക്ക്‌ അന്നന്നത്തെ ജീവിതം എങ്ങനെ കൊണ്‌ടുപോകാമെന്ന്‌ മാത്രമാണ്‌ ചിന്ത. ബാവൂട്ടി തികച്ചും ഒറ്റയാനാണ്‌. കുടുംബമോ ബന്ധുക്കളോ ഇല്ല.

സേതുമാധവന്‌ കലയോട്‌ എന്നും സ്‌നേഹമാണ്‌. ഹോംസിനിമകളില്‍ അഭിനയിക്കുക എന്നതാണ്‌ ജോലികഴിഞ്ഞാലുള്ള ഏകെ പരിപാടി. അഭനയത്തിലൂടെ വലിയ ഉയരങ്ങള്‍ കീഴടക്കുക എന്നത്‌ സേതുവിന്റെ സ്വപ്‌നമാണ്‌. ഇതിനെല്ലാം നല്ല പ്രോല്‍സാഹനം നല്‍കി ഭാര്യ വനജയുമുണ്‌ട്‌. ഇങ്ങനെയൊക്കെ ജീവിതം തള്ളിനീക്കുന്നതിനിടയിലാണ്‌ ഇവര്‍ക്കിടയിലേക്ക്‌ ഒരു കഥാപാത്രത്തിന്റെ കടന്നു വരവ്‌. ഇതോട ശാന്തമായിരുന്ന ജീവിതം സംഘര്‍ഷ ഭരിതമാവുകയാണ്‌. സമൂഹം മനസിലാക്കേണ്‌ട ചില വസ്‌തുതകളിലേക്കാണ്‌ ഈ ചിത്രം വിരല്‍ ചൂണ്‌ടുന്നത്‌.

മമ്മൂട്ടി ബാവൂട്ടിയെ അവതരിപ്പിക്കുമ്പോള്‍, സേതുമാധവനെ അവതരിപ്പിക്കുന്നത്‌ ശങ്കര്‍ രാമകൃഷ്‌ണനാണ്‌. വനജയായി കാവ്യാ മാധവന്‍ അഭിനയിക്കുന്നു. കനിഹ സേതുമാധവന്റെ വീട്ടിലെ ജോലിക്കാരിയായ മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ അധ്യാപികയായ നൂര്‍ജഹാനെ അവതരിപ്പിക്കുന്നു. ഹരിശ്രീ അശോകന്‍, വിനീത്‌, മോഹന്‍ ജോസ്‌, ശ്രീരാമന്‍ അഗസ്റ്റിന്‍, അരുണ്‍, മുസ്‌തഫ, ബേബി അനിഘ എന്നിവരും നിരവധി നാടക കലാകാരന്‍മാരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ഷഹബാസ്‌ അമന്‍ ഈണം പകരുന്നു. മനോജ്‌ പിള്ള ഛായാഗ്രഹണവും, സദ്ധീപ്‌ സുകുമാരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം സന്തോഷ്‌ രാമന്‍, മേക്കപ്പ്‌ - രഞ്‌ജിത്ത്‌ അമ്പാടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സേതു മണ്ണാര്‍കാട്‌. സെവന്‍ ആര്‍ട്ട്‌സ്‌ റിലീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. -വാഴൂര്‍ ജോസ്‌.
ബാവൂട്ടിയുടെ നാമത്തില്‍: മമ്മൂട്ടി, കാവ്യ
ബാവൂട്ടിയുടെ നാമത്തില്‍: മമ്മൂട്ടി, കാവ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക