Image

'കേരള' കണ്‍വന്‍ഷന്‍സ് - ജെ.മാത്യൂസ്

ജെ.മാത്യൂസ് Published on 08 October, 2012
'കേരള' കണ്‍വന്‍ഷന്‍സ് - ജെ.മാത്യൂസ്
വടക്കെ അമേരിക്കയിലെ മലയാളികളുടെ കേന്ദ്രസംഘടനകള്‍ കേരളത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അതീവതല്‍പരരാണ്. ഫൊക്കാന, ഫോമ, ലാന, ഇന്‍ഡ്യാ പ്രസ്‌ക്ലബ് തുടങ്ങിയ സാംസ്‌കാരിക സംഘടനകള്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നു. മന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും സാംസ്‌കാരിക പ്രമുഖരും ഈ സമ്മേളനങ്ങളില്‍ അതിഥികളാകാറുണ്ട്. അമേരിക്കയില്‍ നിന്നുള്ള സംഘടനാ നേതൃത്വവും മറ്റുചില പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സാധാരണക്കാരുടെ പങ്കാളിത്തം പലപ്പോഴും വളരെ ശുഷ്‌കമായിരിക്കും. മനോഹരമായ റിപ്പോര്‍ട്ടുകള്‍ കൊണ്ട് അതു പരിഹരിച്ചെടുക്കാനുള്ള മിടുക്ക് അമേരിക്കന്‍ സംഘാടകര്‍ക്കുണ്ട്!

നിര്‍ദ്ധനര്‍ക്കു വേണ്ടിയുള്ള വീടുനിര്‍മ്മാണം, വിവാഹസഹായനിധി, മലയാളത്തിന്റെ വികാസം, മാലിന്യനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി, കേരളത്തിന്റെ ഭാവി ശോഭനമാക്കാനുള്ള പലവിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. ചുരുക്കം ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ അതിനുവേണ്ടി നല്‍കുന്ന സംഭാവനത്തുകയുടെ അനേകമിരട്ടിയാണ് സമ്മേളനച്ചെലവുകള്‍. കേരളത്തിനു കിട്ടുന്ന പ്രയോജനത്തേക്കാള്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത് അവരുടെ സംഘടനയുടെ പ്രചാരണമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൊട്ടും കുഴല്‍വിളിയും വേണമെന്നില്ലല്ലോ. അതൊന്നും കൂടാതെ, അത്തരം സേവനങ്ങള്‍ മാന്യമായി നടത്തുന്ന പല വ്യക്തികളും അമേരിക്കയിലെ മലയാളികളില്‍ ഉണ്ട്.

അമേരിക്കയിലെ കേന്ദ്രസംഘടനകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത് മുഖ്യമായും അമേരിക്കയിലെ മലയാളികളുടെ ക്ഷേമത്തിനും ശ്രേയസിനും വേണ്ടിയാണ്. എന്നാല്‍ ജന്മനാടിനെ മറക്കണെന്നോ ആതുര സേവനം വേണ്ടെന്നോ അല്ല. അത് മുഖ്യമായ പ്രവര്‍ത്തന ലക്ഷ്യത്തെ വഴിതെറ്റിച്ചു കൊണ്ടാകരുത്. ചിലരുടെ പ്രസ്താവന കേട്ടാല്‍ അത്ഭുതം തോന്നും. ഭവനരഹിതരുടെയും അവിവാഹിതരായ പെണ്‍കുട്ടികളുടെയും ദാരിദ്ര്യലക്ഷങ്ങളുടെ നാടായിട്ടാണ് കേരളത്തെ ചിലര്‍ ചിത്രീകരിക്കുന്നത്. 1970-കളില്‍ ഒരു കര്‍ഷകത്തൊഴിലാളിയുടെ ദിവസക്കൂലി ശരാശരി രണ്ടുരൂപ മാത്രമായിരുന്നു. ഇന്ന് കൃഷിപ്പണിക്കാളില്ല. ആരെങ്കിലും തയ്യാറായാല്‍ തന്നെ കൂലി 500 രൂപയില്‍ കൂടുതലാണ്. ഒരു കിലോ അരിയുടെ വില റേഷന്‍കടയില്‍ ഒരു രൂപയും! കേരളം ദരിദ്രരുടെ നാടല്ലിന്ന്. അവിടെ ജനങ്ങളെ അലട്ടുന്നത് അഴിമതി ഭരണവും അക്രമ രാഷ്ട്രീയവുമാണ്. മടിയും ദുരഭിമാനവും അനുകരണഭ്രമവും മുന്‍പേയുണ്ട്. അത്തരം പ്രവണതകള്‍ക്കു പരിഹാരം കാണാന്‍ ഇത്തരം കണ്‍വന്‍ഷനുകള്‍ക്കു കഴിയുമെങ്കില്‍ വളരെ നല്ലത്.

അമേരിക്കയിലെ കേന്ദ്രസംഘടനകളുടെ ആദ്യത്തെ കടമ അവരുടെ കീഴിലുള്ള അംഗ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ്. അതിനു വേണ്ടി ഒരു സ്വയം പരിശോധനയും വിലയിരുത്തലും ആവശ്യമാണ്. ഇതരസംഘടനകളെ വിമര്‍ശിച്ചിരുന്ന മാധ്യമങ്ങള്‍ക്ക്, ഒരു കേന്ദ്രസംഘടന ഉണ്ടായപ്പോള്‍ അവരും അനുകരിക്കുന്നത് മുന്‍സംഘടനകളുടെ പ്രവര്‍ത്തനശൈലിതന്നെ!
“മുന്‍പേ ഗമിച്ചീടിനേ ഗോവു തന്റെ
പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം”
ഇത് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്കു വേണ്ടി എഴുതിയതൊ, എന്തോ!
(from New Issue of Janani-mukhaprasamgam)
'കേരള' കണ്‍വന്‍ഷന്‍സ് - ജെ.മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക