Image

കാലം കടപുഴക്കിയ വടവൃക്ഷം - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 09 October, 2012
കാലം കടപുഴക്കിയ വടവൃക്ഷം - ഡോ.എന്‍.പി.ഷീല
സൃഷ്ട വസ്തുക്കള്‍ക്കെല്ലാം പതനമുണ്ട്. സര്‍വ്വജീവജാലങ്ങള്‍ക്കും നാശമുണ്ട്. ഈ പ്രകൃതിനിയമത്തിന് ആരും അതീതരല്ല. അക്കാര്യം തന്റെ ലോകമേയാത്ര എന്ന സഹൃദയ പ്രീതിയാര്‍ജ്ജിച്ച കവിതയില്‍ മേരി ജോണ്‍ തോട്ടം(സി.മേരി ബനിഞ്ഞ)നമുക്കായി പറഞ്ഞു വച്ചു.

"സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്രവിഭ്രമത്തിലെങ്കീലീ
നമുക്കുപിന്നെയെന്തുശങ്ക? കുറ്റമൊന്നുമില്ലതില്‍
അഭിനയ ചക്രവര്‍ത്തിയെന്ന് കലാലോകത്തിന് അഭിമാനിക്കാവുന്ന നടന്‍ തിലകനും കാലചക്രവിഭ്രമത്തില്‍ അമര്‍ന്നു പോയി അഥവാ കൃതാന്തന്റെ കരുണയറ്റ കരം കവര്‍ന്നെടുത്തു.
അതെ, പിരിയേണമരങ്ങില്‍ നിന്നുടന്‍
കരിയായിക്കളിതീര്‍ന്ന നടുവന്‍
സിനിമാപ്രേമികളുടെ മനസ്സില്‍ ഒരായിരം വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് തിലകന്‍ വിട പറഞ്ഞത്, കുമാരനാശാന്റെ ജലസമാധി അദ്ദേഹത്തിന്റെ തന്നെ കവിതാശകലം അറംപറ്റിയതുകൊണ്ടാണെന്ന് ഒരു ചൊല്ലുണ്ട് അതിനെ സ്ഥിതീകരിക്കും വിധമാണ് തിലകന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രത്തില്‍(സീന്‍ 1, നമ്മുടെ വീട്) നിന്ന് സിനിമാകൊട്ടകപൂട്ടി താക്കോലുമായി ഹൃദയഭാരത്തോടെ ഈ നടന്‍ നടന്നകലുന്നത്- ജീവിതത്തില്‍ നിന്ന് മൃതികവാടത്തിലേക്കുള്ള പ്രയാണം! അന്ധവിശ്വാസമെന്ന് പറയുമ്പോഴും നമുക്കജ്ഞാതമായ എന്തോ ഒക്കെ ഉണ്ടെന്നു സമ്മതിച്ചുപോകുന്ന ചില കാര്യങ്ങള്‍ അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ഈ പ്രപഞ്ചത്തിലുണ്ട്. അതുനില്‍ക്കട്ടെ.

തിലകന്‍! അനിതരസാധാരണമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ മഹാനടന്‍. വ്യക്തിത്വമെന്നത് മേനിയഴകും മോടിയായ വസ്ത്രധാരണവും ഒപ്പംചേര്‍ക്കാവുന്ന ചടപടാലിറ്റിയുമല്ലെന്നു തിലകന്‍ തന്റെ മൗനഭാഷയില്‍ നമ്മോടു വിളിച്ചോതുന്നു. പുറമെ വജ്രാദപി കഠോരം അകമേ കുസുമാദപി മൃദുലം എന്ന ശൈലി തിലകന്‍ എന്ന മനുഷ്യസ്‌നേഹിക്കു നന്നായി ഇണങ്ങും. തന്റെ അഭിനയ ജീവിതത്തില്‍, ജീവിത സായാഹ്നത്തില്‍ അമ്മ പിണങ്ങിയപ്പോഴും ആ മുട്ടുകള്‍ മടക്കാനുള്ള തല്പരകക്ഷികളുടെ ശ്രമം വിജയിച്ചില്ല. എല്ലാ എതിര്‍പ്പുകളുടെയും മുന്നില്‍ ആ ധിക്കാരിയുടെ കാതല്‍ അചഞ്ചലമനായി, അക്ഷോഭ്യനായി അടിപതറാതെ നിലകൊണ്ടു. അകത്തു പത്തിയും പുറത്തു മുനിയും എന്ന നയം തിലകന് അഭിനയത്തികവിന്റെ ആ തമ്പുരാന് തികച്ചും അഞ്ജാതം.

തന്റെ കഥാപാത്രങ്ങളിലൂടെ തിലകന്‍ ജീവിക്കുകതന്നെയായിരുന്നു. അദ്ദേഹത്തിന് കലതന്നെ ജീവതം, ജീവിതം തന്നെ കല എന്ന മട്ടായിരുന്നു. തന്റെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തുല്യ ശുഷ്‌ക്കാന്തിയോടും ശ്രദ്ധയോടും അവതരിപ്പിക്കുന്നതില്‍ ഈ നടന്‍ പൂര്‍ണ്ണമായും വിജയിച്ചുവെന്ന് തന്റെ എതിരാളികളും സമ്മതിക്കും. ഞാന്‍ വളരെ കുറച്ചുമാത്രം സിനിമാ കാണുന്നയാളാണ്. പെരുന്തച്ചന്‍, പെയ്‌തൊഴിയാതെ, നാടോടിക്കാറ്റ്, ഇന്ത്യന്‍ റുപ്പി, മുന്‍ സൂചിപ്പിച്ച ഒടുവിലഭിനയിച്ച--നമ്മുടെ വീട് തുടങ്ങിയവയിലെ അഭിനയം മാത്രം മതിയാകും ഈ നടന്റെ അഭിനയ സിദ്ധിയെ വിലയിരുത്താന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരപൂര്‍വ്വസിദ്ധിവിശേഷം മറ്റു ചിലരെപ്പോലെ മേനിയഴകും ധാടിമോടികളുമില്ലാത്ത ഈ പരുക്കന്‍ മനുഷ്യനു സ്വായത്തമായിരുന്നു എന്നറിയാന്‍ ഏതാനും ചിത്രങ്ങളിലൂടെ പറ്റുമായിരുന്നു. ഒരു നടന് എന്തെന്തു ഗുണങ്ങള്‍ അനിവാര്യമാണോ അവയെല്ലാം ഈ നടനില്‍ ഒത്തിണങ്ങിയിരുന്നു. പലരെയും നിത്യഹരിത നായകന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പലപ്പോഴും ജാഡ കണ്ടിട്ടാണ് ചിലര്‍ ജീവിതവുമായി പുലബന്ധം പോലുമില്ലാതെ കൂടയല്ല പിറക്കുന്ന നേരത്തും-മരിക്കുന്ന നേരത്തും; മധ്യേയിങ്ങനെ കാണുന്ന നേരത്ത് നാം വൃഥാ കലഹിക്കുന്നതെന്തിന്? എന്നൊക്കെയുള്ള ഗീര്‍വ്വാണവും തട്ടിമൂളിയിട്ട് നമ്മെ വിഭ്രമിപ്പിക്കാറുമുണ്ട്.

ജീവിതസായാഹ്നത്തില്‍, ഓട്ടം തികച്ച് കൃതകൃതൃനായി, എതിര്‍പ്പുകളുടെയും അവഗണനയൂടെയും നേരെ മുഖം തിരിക്കാതെ, തന്നെ എതിര്‍ത്തവരുടെ നേരെ നിര്‍ന്നിമേഷം നോക്കിനിന്നപ്പോഴും ആ ചേതന തളര്‍ന്നില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ലല്ലൊ. എന്നെ അദ്ഭുതപ്പെടുത്തിയത് ദീര്‍ഘനാള്‍ ഒപ്പം സഹകരിച്ചിരുന്നവര്‍ അകന്നപ്പോഴും, തന്നെ അകറ്റി നിര്‍ത്തിയപ്പോഴും ദുഃഖിതനായെങ്കിലും തകര്‍ന്നു പോയില്ല; പ്രത്യുത, വര്‍ദ്ധിത വീര്യം കൈവരിക്കയാണുണ്ടായത്.

രോഗഗ്രസ്തനായി, ശയ്യാവലംബിയായി ആശുപത്രിക്കിടക്കിയില്‍ മൃത്യുവിനെ മുഖാമുഖം കണ്ട് മൃതികാത്ത് വിധികാത്ത് കഴിഞ്ഞദിനങ്ങളില്‍, ഒടുവില്‍ ആ ചേതനയറ്റ ദേഹം ഒരുനോക്കു കാണാനെങ്കിലും കൂട്ടാക്കാത്ത തഥാകഥിത കലാകാരന്മാരെക്കുറിച്ചോര്‍ത്തപ്പോള്‍, കലാഹൃദയങ്ങല്‍ ആകാശപ്പരപ്പോളം വിശാലവും ഔന്നത്യവുമാര്‍ന്നതാണെന്നും ഭൂമിയോളം ദയാദാക്ഷിണ്യങ്ങളുള്ളതാണെന്നുമുള്ള എന്റെ വിചാരം ഒരു ധാരണപ്പിശകാണെന്നും തോന്നി.

പോകട്ടെ; തിലകന്റെ ഭൗതിക ശരീരം ഇന്നില്ല. എങ്കിലും ആ അതുല്യനടന്റെ ഓര്‍മ്മകള്‍ക്കു മരണമില്ല. പ്രിയപ്പെട്ടവരുടെയും ആരാധകവൃന്ദങ്ങളുടെയും മനസ്സില്‍ ഒരു ചുവന്നറോസാദലമോ, വാടാമലരോ ആയി അതുണ്ടാവും. ആ പാവനസ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കാലം കടപുഴക്കിയ വടവൃക്ഷം - ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക