Image

വത്തിക്കാന്‍ കണ്ണാടി നോക്കുന്നു: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 10 October, 2012
വത്തിക്കാന്‍ കണ്ണാടി നോക്കുന്നു: ഡി. ബാബുപോള്‍
1962 ഒക്ടോബര്‍ 11. ക്രിസ്തുമതത്തിലെ ഏറ്റവും വലിയ സഭാവിഭാഗമായ റോമന്‍ കത്തോലിക്കാസഭയുടെ ചരിത്രം മാറ്റിമറിക്കാന്‍ ഈശ്വരന്‍ കണ്ടെത്തിയ ഉപാധി ആയി ഇന്ന് നാം കാണുന്ന ‘രണ്ടാം വത്തിക്കാന്‍ സുന്നഹദോസ്’ തുടങ്ങിയ നാള്‍.

യേശുക്രിസ്തു ഒരു സഭ സ്ഥാപിച്ചില്ല. വിശ്വാസവും പ്രത്യാശയും പരിശുദ്ധാത്മനല്‍വരവും ചേര്‍ന്ന നല്ല മനുഷ്യരുടെ ചെറിയ ചെറിയ സമൂഹങ്ങളായിരുന്നു ആദിമക്രൈസ്തവ സഭ. ക്രിസ്തുവിനോടുകൂടെ നടന്ന ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരും ഒന്നും സ്വന്തമായി കരുതിയില്ല. പ്രാകൃതകമ്യൂണിസം എന്ന് വിവക്ഷിക്കപ്പെടുന്ന സമ്പ്രദായം ആയിരുന്നു നിയാമകം. ഓരോരുവനില്‍നിന്നും കഴിവുപോലെ, ഓരോരുവനും ആവശ്യം പോലെ. അതായിരുന്നു നിയമം.
അന്നും പ്രശ്നങ്ങള്‍ ഉണ്ടായി. മുഴുവന്‍ വിറ്റിട്ട് പാതി ഒളിച്ച് സ്വകാര്യസ്വത്താക്കിയവരും സമ്മേളനങ്ങളില്‍ തങ്ങളുടെ വിഭാഗം അവഗണിക്കപ്പെടുന്നു എന്ന് മുറുമുറുത്തവരും അന്നും ഉണ്ടായിരുന്നു. പത്രോസും പൗലോസും യാക്കോബും ഒക്കെ സ്വന്തം മുയലുകളുടെ കൊമ്പില്‍ മുറുകെപ്പിടിച്ച വേളകളും ഉണ്ടായി. എന്നാല്‍, എവിടെയും ആത്യന്തികമായി പുലര്‍ന്നത് സമാധാനവും പരസ്നേഹവും ആയിരുന്നു. ഒരു കലഹവും പരിധിവിട്ടില്ല. ഒരു പ്രശ്നവും ഏറെക്കാലം നീണ്ടതുമില്ല.

കൊല്ലം പത്തുമുന്നൂറ് കഴിഞ്ഞു. ചക്രവര്‍ത്തി ക്രിസ്തുമതപീഡനം അവസാനിപ്പിച്ചു. റോമാസാമ്രാജ്യത്തില്‍ ക്രിസ്തുമതം ഔദ്യാഗികമായി അംഗീകരിക്കപ്പെട്ടു. അതിനകം ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞിരുന്ന സഭയില്‍ വിശ്വാസപരമായ ഭിന്നതകള്‍ തലഉയര്‍ത്തി. ആരും ആരുടെയും മേല്‍ അധികാരമോ അധീശതയോ മോഹിച്ചതല്ല. പെസഹാ ആചരിക്കേണ്ട തീയതി, അവതീര്‍ണ ദൈവത്തില്‍ ദൈവത്വവും മനുഷ്യത്വവും സഹവസിച്ചതെങ്ങനെ, പാപമോചനത്തിന് വീണ്ടും വീണ്ടും മാമോദീസാ അനിവാര്യമോ, യേശുക്രിസ്തുവിനെ പ്രസവിച്ചവള്‍ ദൈവമാതാവോ ക്രിസ്തുപ്രസവിത്രിയോ തുടങ്ങിയ ദാര്‍ശനികഭാവം ഉള്ള താത്വിക പ്രശ്നങ്ങളുടെ പേരിലായിരുന്നു തര്‍ക്കം. ചക്രവര്‍ത്തിക്ക് ഒന്ന് മനസ്സിലായി.

വേലിയിലിരുന്ന പാമ്പ് കഴുത്തിലെത്തിയിരിക്കുന്നു. കടിച്ച പാമ്പിനെ വരുത്തി വിഷം ഇറക്കുന്ന പരിപാടിയാണ് ആ ബുദ്ധിശാലി പിന്നെ പുറത്തെടുത്തത്. അങ്ങനെ ആദ്യമായി മെത്രാന്മാരെ ഒരു സ്ഥലത്ത് വിളിച്ചുകൂട്ടി. ആഫ്രിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ഏഷ്യയില്‍നിന്നും മെത്രാന്മാര്‍ വന്നുചേര്‍ന്നു. അവരില്‍ മിക്കവരും നേരില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. തീപ്പൊരി ഏറെ പാറി. ഒടുവില്‍ എകകണ്ഠമായ തീരുമാനങ്ങള്‍ ഉണ്ടായി. എല്ലാവരെയും എല്ലായ്പ്പോഴും വിളിച്ചുചേര്‍ക്കുന്നത് ഒഴിവാക്കാന്‍ ചക്രവര്‍ത്തി മൂന്ന് സിംഹാസനങ്ങള്‍ സ്ഥാപിച്ചു. സാമ്രാജ്യത്തിലെ മൂന്ന് പ്രധാനനഗരങ്ങളിലെ മെത്രാന്മാര്‍ അങ്ങനെ പാത്രിയര്‍ക്കീസുമാരായി. റോം, അലക്സന്ത്രിയ, അന്ത്യോഖ്യ. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സാമ്രാജ്യത്തിന്‍െറ പൗരസ്ത്യ തലസ്ഥാനം ആയപ്പോള്‍ പാത്രിയര്‍ക്കീസുമാര്‍ നാലായി.

അഞ്ചാം നൂറ്റാണ്ടില്‍ പാശ്ചാത്യസിംഹാസനങ്ങള്‍ ഒരുഭാഗത്തും ആഫ്രോ-ഏഷ്യന്‍ സിംഹാസനങ്ങള്‍ മറുഭാഗത്തും ആയി. സ്വാഭാവികമായും രാജാധികാരം തുണച്ചവര്‍ കരുത്താര്‍ജിച്ചു. അപ്പോഴേക്കും ഇസ്ലാം വന്നു. ശത്രുവിന്‍െറ ശത്രു മിത്രം എന്ന തത്ത്വം അനുസരിച്ച് പശ്ചിമേഷ്യയിലെ ക്രൈസ്തവര്‍ തങ്ങളുടെ പച്ചക്കൊടിയുമായി ഇസ്ലാം സ്വീകരിച്ചു. ഒരളവുവരെ ഉത്തരാഫ്രിക്കയിലും അതുതന്നെ സംഭവിച്ചു. അങ്ങനെ പൗരസ്ത്യസഭ ദുര്‍ബലവും സാമ്രാജ്യത്തിന് അനഭിമതവുമായി.
എട്ടാം നൂറ്റാണ്ട് മുതല്‍ മാര്‍പാപ്പ, രാജാധികാരം കൈയാളാന്‍ തുടങ്ങി. അതിന്‍െറ തുടര്‍ച്ചയാണ് കുരിശുയുദ്ധങ്ങള്‍. അതിന്‍െറ തിക്തഫലം അനുഭവിച്ചത് അന്ത്യോഖ്യാ സഭയാണ്. അന്ത്യോഖ്യാ സിംഹാസനത്തിന്‍െറ അധികാരമേഖലയില്‍ റോമന്‍-ബൈസന്‍റയിന്‍ സ്വാധീനത ചോദ്യംചെയ്യാനാവാത്തതായി.

 പശ്ചിമേഷ്യയിലെ ഏതദ്ദേശീയ ക്രിസ്തുമതം അസ്തപ്രഭമായി. റോമിലാകട്ടെ ധാര്‍മികമായ അപചയത്തിന്‍െറ നാളുകളായി പിന്നെ. ഇടക്കിടെ ചില കൈത്തിരികള്‍ ദൃശ്യമായെങ്കിലും പൊതുവേ അന്ധകാരനിബിഡമായിരുന്നു അവസ്ഥ. നവീകരണത്തെ തടയാന്‍ ഇന്‍ക്വിസഷനുകളും ഫത്വകളും പ്രയോഗിച്ചപ്പോള്‍ സഭയുടെ ചൈതന്യമാണ് ക്ഷയിച്ചത്.
പന്ത്രണ്ടാം പീയൂസ് എന്ന മാര്‍പാപ്പ സംഭവബഹുലമായ രണ്ട് ദശാബ്ദങ്ങള്‍ക്കൊടുവില്‍ 1958 ഒക്ടോബര്‍ എട്ടിന് കാലംചെയ്തു. മാധ്യമങ്ങള്‍ തയാറാക്കിയ ചുരുക്കപ്പട്ടികയൊക്കെ കാറ്റില്‍പറത്തി ഈശ്വരന്‍. എഴുപത്തേഴ് കഴിഞ്ഞ ജോസഫ് റൊങ്കാളി എന്ന കര്‍ദിനാള്‍ പുതിയ മാര്‍പാപ്പയായി. ഒരിടക്കാലത്തേക്കുള്ള ഇടയന്‍ എന്നായിരുന്നു മനുഷ്യന്‍ ചിന്തിച്ചത്. ദൈവം ഒരു യുഗപുരുഷനെ കണ്ടെത്തുകയായിരുന്നു.

ഇലക്കും മുള്ളിനും കേടില്ലാതെ സഭാനൗക തല്‍ക്കാലത്തേക്ക് ഉന്തിയുരുട്ടി കൊണ്ടുപോകാനുള്ള കിളവന്‍ എന്ന് എഴുതിത്തള്ളിയവരെ ആദ്യം സ്തബ്ധരാക്കിയത് റൊങ്കാളി തെരഞ്ഞെടുത്ത പേര് ആയിരുന്നു. ജോണ്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ നിഷ്കാസിതനായ ഒരു ജോണ്‍ ഉണ്ടായിരുന്നു. അതിനുശേഷം ആരും സ്വീകരിക്കാതിരുന്ന ആ പേരാണ് പുതിയ പാപ്പാ സ്വീകരിച്ചത്. പഴയ ജോണ്‍ നിഷ്കാസിതനായെങ്കിലും സഭയെ പരിഷ്കരിക്കാനും നവീകരിക്കാനും ആയി ശ്രമിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. പരിത്യജിക്കപ്പെട്ടവനോടുള്ള സഹാനുഭൂതി കൊണ്ടായാലും ദൈവികമായ യാദൃച്ഛികത കൊണ്ടായാലും ജോണ്‍ എന്ന പേര് സീകരിച്ച പുതിയ മാര്‍പാപ്പയും സഭയുടെ നവീകരണത്തിന് വഴിതുറന്നു.

മറ്റൊന്നുകൂടെ പറയാം. യോഹന്നാന്‍ ‘യേശു സ്നേഹിച്ച ശിഷ്യന്‍’ ആയിരുന്നുവല്ലോ. റോമിലും അന്ത്യോഖ്യയിലും ഇത$പര്യന്തം ഉണ്ടായ പാത്രിയര്‍ക്കീസുമാരില്‍ ഏറ്റവും അധികംപേര്‍ ജോണ്‍ അഥവാ യോഹന്നാന്‍ എന്ന പേര് വഹിച്ചവരാണ്. റൊങ്കാളി ഇരുപത്തിമൂന്നാമന്‍ ആയിരുന്നു. അന്ത്യോഖ്യയിലും യൂഹാനോന്‍ ഇരുപത്തഞ്ചാമന്‍ കാലം ചെയ്തിട്ട് കാലം ഏറെയായി. ഇനി ഒരു യോഹന്നാന്‍ ഉണ്ടായാല്‍ ഇരുപത്തിയാറാമന്‍ ആവും (എന്ന് ഓര്‍മയില്‍നിന്ന് കുറിക്കുന്നു).
1959 ജനുവരി 25. പൗലോസിന്‍െറ ദമസ്കോസ് യാത്രാനുഭവത്തിന്‍െറ ഓര്‍മ. റോമിലെ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അത് വീട്ടിലേക്ക് എഴുതി അറിയിക്കാനുള്ള വിശേഷം ഒന്നും ആയിരുന്നില്ല.

എല്ലാ മാര്‍പാപ്പമാരും എല്ലാ വര്‍ഷവും നിവര്‍ത്തിക്കുന്ന ഒരു കര്‍മം. അത്ര തന്നെ. എന്നാല്‍, അന്ന് ജോണ്‍ ഒരു പ്രഖ്യാപനം നടത്തി. ഒരു സാര്‍വത്രിക സുന്നഹദോസ് വിളിച്ചുകൂട്ടാന്‍ പോകുന്നു. മുന്‍കൂട്ടി ആലോചിച്ച് എടുത്ത ഒരു തീരുമാനം പ്രഖ്യാപിക്കുകയായിരുന്നില്ല മാര്‍പാപ്പ. ‘ശൂന്യതയില്‍നിന്ന് പൊട്ടിവീണ ഒരാശയം’ എന്ന് തന്‍െറ ഡയറിയില്‍ ഇതിനെ ജോണ്‍ വിശേഷിപ്പിച്ചു. ഒരു സാധാരണ പേപ്പല്‍ കുര്‍ബാനക്ക് എത്തിയവര്‍ സ്തബ്ധരായി. ‘ഈ കിളവന്‍ ഇത് എന്ത് ഭാവിച്ചാണ്’ എന്ന മട്ടിലായിരുന്നു പ്രമുഖരായ കര്‍ദിനാള്‍മാര്‍ പ്രതികരിച്ചതെങ്കിലും മാര്‍പാപ്പ നിശ്ചയിച്ചുറച്ച മട്ടില്‍ മുന്നോട്ട് പോയി.

റോമിലെ മഹാപുരോഹിതന്മാര്‍ അന്തംവിട്ടുനിന്നു.
‘നാലാം നൂറ്റാണ്ട് മുതല്‍ സഭയിലേക്ക് കടന്നുവന്ന സാമ്രാജ്യത്വത്തിന്‍െറ പൊടിതട്ടിക്കളഞ്ഞ് സഭയെ ശുദ്ധീകരിക്കാതെ വയ്യ’ എന്ന് പ്രഖ്യാപിച്ച ജോണ്‍ സാര്‍വത്രിക സുന്നഹദോസിന്‍െറ ലക്ഷ്യം രണ്ട് വാക്കുകളില്‍ സംക്ഷേപിച്ചു: അജിയോര്‍ണമെന്തോ എത് റിയൂണിയോണെ-സഭയുടെ നവീകരണം, സഭകളുടെ ഐക്യം.
ജോണ്‍ ഒരു പുതിയ സംസ്കാരത്തിന് തുടക്കംകുറിച്ചു. വത്തിക്കാനിലെ സാധാരണ തൊഴിലാളികളോട് കുശലം പറഞ്ഞു. ക്രിസ്മസ് നാളുകളില്‍ ആശുപത്രികളില്‍ കയറിയിറങ്ങി. ജയിലില്‍ പോയി കുര്‍ബാന ചൊല്ലി. ‘നിങ്ങള്‍ക്ക് എന്നെ കാണാന്‍ വരാനാവില്ല എന്നറിയുന്നതിനാലാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്’ എന്ന് പ്രസംഗിച്ച മാര്‍പാപ്പ കുറ്റവാളികളെ മാറോടണച്ചു; അവരുടെ കുമ്പസാരം കേട്ടു; അവരോടൊത്ത് ജപമാല ചൊല്ലി.

കാഴ്ചബംഗ്ളാവിന്‍െറ കാവല്‍ക്കാരല്ല പൂക്കള്‍ സമൃദ്ധമായി വിടരുന്ന തോട്ടത്തിന്‍െറ പാലകരാണ് സഭയുടെ നേതാക്കള്‍ എന്ന് അദ്ദേഹം പറഞ്ഞു. സഭയെ പുരാതനമായ ജലധാരായന്ത്രം എന്ന് വിശേഷിപ്പിച്ചു ജോണ്‍: യന്ത്രം പഴയത്, അത് നല്‍കുന്ന അനുഭവം നിത്യനൂതനം. റോമിലെ തമ്പ്രാക്കളല്ല ക്രിസ്തുവിന്‍െറ കാവല്‍ക്കാര്‍; സ്വന്തം സാംസ്കാരികഭൂമിയില്‍ സ്ഥലകാലബദ്ധമായി സാക്ഷാത്കരിക്കപ്പെടേണ്ടതാണ് ക്രിസ്തുസന്ദേശം.
മതിലുകള്‍ വേണ്ട എന്ന് ശഠിച്ചു ഈ മഹാത്മാവ്. യഹൂദരുമായി ഇണയില്ലാപ്പിണക്കം വേണ്ട എന്ന് അദ്ദേഹം ഉപദേശിച്ചു. നവീകരണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ വഴിതെറ്റി എന്ന് തിരിച്ചറിഞ്ഞു. സഭയുടെ ഘടനാപരമായ നിര്‍മിതിയെയാണ് നവീകരണവാദികള്‍ ആക്രമിച്ചത്. സുവിശേഷവും ക്രിസ്തുവും സഭക്ക് അന്യമായി എന്ന് അവര്‍ ആരോപിച്ചു. സഭയാകട്ടെ ഭൂമിയിലെ ദൈവരാജ്യമാണ് സഭ എന്ന നിലപാടിലായി.

പാപ്പാപദവി ദൃഢതരമായി. പാപ്പയാണ് സഭ എന്നും മെത്രാന്മാര്‍ പാപ്പായുടെ കാരുണ്യത്തില്‍ കസേരയില്‍ ഇരിക്കുന്ന ശിങ്കിടികളാണെന്നും വന്നതോടെ ക്രിസ്തു പുറത്തായി. റോം പറയുന്നതില്‍നിന്ന് മാറി ചിന്തിച്ചവരൊക്കെ ശീശ്മക്കാരായും പാഷണ്ഡതക്കാരായും മുദ്രകുത്തപ്പെടുകയും ചെയ്തു. ആ പശ്ചാത്തലത്തിലാണ്, ഐക്യത്തിലാക്കുന്നതാണ്; വിഘടനത്തിലേക്ക് നയിക്കാവുന്നതല്ല സഭ തേടേണ്ടത് എന്ന് ജോണ്‍ പറഞ്ഞത്. ഇതരക്രൈസ്തവ സഭകളെ നിരീക്ഷകരായി വത്തിക്കാനിലേക്ക് ക്ഷണിച്ചു. ഇന്നത്തെ സഖാപാത്രിയര്‍ക്കീസ് അന്ന് യുവാവായ ഒരു സന്യാസി ആയിരുന്നു; അദ്ദേഹം നിരീക്ഷകനായി ആദ്യന്തം പങ്കെടുത്തു.
വത്തിക്കാന്‍ സുന്നഹദോസ് വഴിത്തിരിവായി എന്നതില്‍ തര്‍ക്കമില്ല.

വിമോചന ദൈവശാസ്ത്രമോ മാതൃഭാഷയിലുള്ള ആരാധനയോ ഒന്നും ഉണ്ടായിരുന്നില്ല അതില്ലാതെ. അത് ഉന്നംവെച്ചത് നേടിയോ എന്നത് മറ്റൊരു ചോദ്യം. നേടിയില്ലെങ്കില്‍ കുറ്റം ഉന്നംവെച്ചവരുടേതല്ല, പിന്‍തലമുറയുടേതാണ്. ജോണല്ല ബനഡിക്ട്. എങ്കിലും ജോണിനെ വ്യാഖ്യാനിക്കാനല്ലാതെ മാറ്റിയെഴുതാന്‍ ഇനി ആര്‍ക്കും കഴിയുകയില്ല. വത്തിക്കാന്‍ II തുറന്നിട്ട ജനാലകളിലൂടെ പലപ്പോഴും കൊടുങ്കാറ്റുകള്‍ അകത്തുകയറി. കൊടുങ്കാറ്റില്‍ പാഴ്മരം മാത്രമല്ല മറിഞ്ഞുവീഴുന്നത്. അതാണ് പുനരവലോകനത്തിന്‍െറ പ്രസക്തി.

‘വ്യക്തിജീവിതത്തില്‍ ഈശ്വരസാക്ഷാത്കാരം’ എന്ന് നിര്‍വചിക്കാവുന്ന ‘നവസുവിശേഷീകരണം’ എന്ന ആശയം വത്തിക്കാനില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ ജോണ്‍ കണ്ട ദര്‍ശനം സൂക്ഷ്മതലത്തില്‍ സ്വാംശീകരിക്കാനാവുന്ന സമൂഹത്തിന്‍െറ നിര്‍മിതിയാണ് ലക്ഷ്യമിടുന്നത്. ജാതിമത ഭേദമില്ലാതെ, വര്‍ഗവര്‍ണവ്യത്യാസമില്ലാതെ അവരവരുടെ സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കവെ തന്നെ അപരിമേയനായ സര്‍വശക്തന്‍െറ സാന്നിധ്യം തിരിച്ചറിയുന്നവനാണ് യഥാര്‍ഥ ഭക്തന്‍. ലോകത്തിലെ ഏറ്റവും വലിയ സഭാവിഭാഗം മുഖത്തിനുനേരെ കണ്ണാടി പിടിക്കുന്ന ഈ ജൂബിലിവേളയില്‍ അവര്‍ക്ക് മംഗളം നേരുക നാം.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക