Image

ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക്‌ ഖത്തറില്‍ അവസരമുണ്ടാക്കും: മന്ത്രി സചിന്‍ പൈലറ്റ്‌

എം.കെ. ആരിഫ്‌ Published on 10 October, 2012
ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക്‌ ഖത്തറില്‍ അവസരമുണ്ടാക്കും: മന്ത്രി സചിന്‍ പൈലറ്റ്‌
ദോഹ: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്ക്‌ ഖത്തറില്‍ അവസരമുണ്‌ടാക്കാന്‍ ശ്രമം നടത്തുമെന്ന്‌ ഇന്ത്യന്‍ വാര്‍ത്താ വിനിമയ- വിവര സാങ്കേതിക സഹമന്ത്രി സചിന്‍ പൈലറ്റ്‌. ഇരുപത്തിയഞ്ചാമത്‌ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ മന്ത്രി ഇന്ത്യന്‍ എംബസിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

ഖത്തര്‍ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി ഖത്തര്‍) സെക്രട്ടറി ജനറല്‍ ഡോ. ഹെസ്സ ആല്‍ജാബിറുമായി ഇന്നലെ ഇക്കാര്യത്തില്‍ ക്രിയാത്മകമായചര്‍ച്ചകള്‍ നടത്തിയതായി സച്ചിന്‍ പൈലറ്റ്‌ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ഐടി കയറ്റുമതിയുടെ 63 ശതമാനവും നടക്കുന്നത്‌ അമേരിക്കയിലേക്കാണ്‌. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കൂടി ഐടി കയറ്റുമതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്‌ടാകും. ഐടി അനുബന്ധ മേഖലകളില്‍ സഹകരിക്കുന്നത്‌ സംബന്ധിച്ച്‌ ഖത്തറുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന്‌ മന്ത്രി വ്യക്തമാക്കി. ഡോ. ഹെസ്സ ആല്‍ജാബിര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്‌ട്‌. ഇന്ത്യയിലായിരിക്കും തുടര്‍ ചര്‍ച്ചകള്‍ നടക്കുക. അന്താരാഷ്‌ട്ര വിപണിയില്‍ അറിയപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ചില വന്‍കിട ഐടി കമ്പനികള്‍ ഖത്തറില്‍ നേരത്തെ സ്ഥാനമുറപ്പിച്ചിട്ടുണ്‌ട്‌. തപാല്‍ വകുപ്പ്‌ മുഖേന വിദേശത്തുള്ളവര്‍ക്കും പബ്ലിക്‌ പ്രൊവിഡന്റ്‌ ഫണ്‌ടിലേക്ക്‌ നിക്ഷേപിക്കാനുള്ള അവസരം അനുവദിക്കാന്‍ ബന്ധപ്പെട്ട ശ്രമം നടത്തുമെന്നും സച്ചിന്‍ പൈലറ്റ്‌ അറിയിച്ചു.

താഴ്‌ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക്‌ ഈ ആനുകൂല്യം ഏറെ ഗുണം ചെയ്യില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. താഴ്‌ന്ന വരുമാനക്കാരായവര്‍ക്ക്‌ ആശ്വാസമായ പബ്ലിക്‌ പ്രൊവിഡന്റ്‌ ഫണ്‌ട്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള പ്രവാസി ജനതയ്‌ക്കും ലഭ്യമാവണമെന്നാണ്‌ തന്റെയും ആഗ്രഹം. തപാല്‍ മുഖേന ഇത്‌ ലഭ്യമാക്കാന്‍ ശ്രമം നടത്തണമെങ്കില്‍ വിവിധ വകുപ്പുകളുടെ അനുമതി വേണമെന്നും ഇതിനു വേണ്‌ടിയുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഊര്‍ജ രംഗത്തും നയതന്ത്രരംഗത്തും ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ഏറെ ഊഷ്‌മളമാണെന്ന്‌ മന്ത്രി വിലയിരുത്തി.
ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക്‌ ഖത്തറില്‍ അവസരമുണ്ടാക്കും: മന്ത്രി സചിന്‍ പൈലറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക