Image

മഴയുടെ സംഗീതം - നീനാ പനയ്ക്കല്‍

നീനാ പനയ്ക്കല്‍ Published on 10 October, 2012
മഴയുടെ സംഗീതം - നീനാ പനയ്ക്കല്‍
നേഴ്‌സിംഗ് ഹോമിന്റെ വരാന്തയില്‍ ഇട്ടിരുന്ന ചൂരല്‍ക്കസേരകളിലൊന്നില്‍ അവളിരുന്നു. അമ്മയുടെ വരവും കാത്ത്.

“വലിയ മഴ വരുന്നു.കണ്ടില്ലേ കാറും കോളും.” സിസ്റ്റര്‍ സോഫിയ അവളുടെ തോളില്‍ കൈവെച്ചു. "സുജക്ക് ഇവിടെ ഇരിക്കണമെന്നു നിര്‍ബന്ധമുണ്ടോ? അമ്മ എത്താന്‍ ഇനിയും വൈകും.”

എനിക്കിവിടെ ഇരിക്കണം സിസ്റ്റര്‍. സുജയുടെ സ്വരം നനഞ്ഞിരുന്നു.

എങ്ങോട്ടും പോവില്ലല്ലോ? സിസ്റ്റര്‍ സോഫിയയുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍. “അമ്മയെത്തുമ്പോള്‍…”

ഇവിടെത്തന്നെ ഇരിക്കാം സിസ്റ്റര്‍ .

രാവിലെ ഉണര്‍ന്നതു മുതല്‍ ഒരുങ്ങി കാത്തിരിക്കയാണ്. കുഞ്ഞമ്മാമന്‍ കൊണ്ടുവന്ന കസവിട്ട മഞ്ഞ സില്‍ക്കിന്റെ പാവാടയും ബ്ലൗസും ധരിച്ച്.

ബ്ലൗസ് ഒരുപാട് വലുതാക്കി തയ്പ്പിച്ചുകളഞ്ഞു. അവള്‍ ബ്ലൗസിലേക്കു നോക്കി. അതോ തനിക്ക് വണ്ണം കുറഞ്ഞോ?

ഇങ്ങനെ ചോക്ലേറ്റ് തിന്നാതെന്റെ കുട്ടിയേ… മുത്തശ്ശി വഴക്കു പറയും. പല്ലു മുഴുവന്‍ പോകും. വണ്ണോം വെക്കും.
അവളു തിന്നോട്ടെ. കുട്ട്യല്ലേ. ഇതല്ലേ ചോക്ലേറ്റ് തിന്നണ്ട പ്രായം.

ആരാണ് പറഞ്ഞത്?

-ഓര്‍ക്കാന്‍ ശ്രമിക്കൂ സുജാ.

-കഴിയുന്നില്ല ഡോക്ടര്‍ .

-സുജ ശ്രമിക്കാഞ്ഞിട്ടാ.

ഓര്‍മ്മകളില്‍ ഒരുപാട് ചികഞ്ഞു. മനസ്സ് കറുത്തു കിടക്കുന്ന ആകാശംപോലെ.

ഭൂമി ഇരുണ്ടുവന്നു. ആകാശത്ത് തിളങ്ങുന്ന വെള്ളിക്കമ്പികള്‍. മുപ്പല്ലിയുടെ ആകൃതി ചിലതിന്. മഴത്തുള്ളികള്‍ സിമുതറയില്‍ ഒന്നും രണ്ടുമായി വീണു ചിന്നിച്ചതറി. ഓരോ തുള്ളിയും നെല്ലിക്കയുടെ വലുപ്പത്തില്‍.

മുത്തശ്ശി വീണ്ടും മനസ്സിലേക്കോടിയെത്തി. മുത്തശ്ശിയുടെ നെല്ലിക്കാ അച്ചാര്‍. മുത്തശ്ശിയുടെ നാമജപം. മുത്തശ്ശിയുടെ ശകാരം.

“ഇതെന്തൊരു ഓട്ടമാ കുട്ട്യേ? പെണ്‍കുട്ട്യോളിങ്ങനെ മദിച്ച് കുതിച്ച് ഓടരുത്, ഒരടക്കോം ഒതുക്കോമില്ലാതെ.”
“അവള്‍ കുഞ്ഞല്ലേ ഇപ്പോഴല്ലേ ഓടാനും ചാടാനും ഒക്കെ കഴിയൂ. കുറച്ചുകൂടി വളര്‍ന്നാല്‍ …”

ഓര്‍മ്മയില്‍ നിന്നും ഓടിയൊളിച്ച ആരോ ഒരാളുടെ ദയ നിറഞ്ഞ വാക്കുകള്‍.

ആകാശം തുറന്നു. നിര്‍വചിക്കാനാവാത്ത, ഊക്കോടെ ശബ്ദത്തോടെ മഴ പെയ്തു. സിമന്റിട്ട നടപ്പാതയിലും ടാറിട്ട നീണ്ട റോഡിലും പക്ഷികള്‍ പാറുന്നു. പൊങ്ങിപ്പറക്കാനാവാത്ത പക്ഷികള്‍.

എത്ര പക്ഷികള്‍? ആയിരം? പതിനായിരം? കാക്കത്തൊള്ളായിരം?

കാക്കത്തൊള്ളായിരം കിളികള്‍ പറക്കുന്നു. മണ്ണില്‍ ബ്രൗണും ചുവപ്പും നിറങ്ങളിലുള്ള കാക്കത്തൊള്ളായിരം ഇലകള്‍ പൊഴിഞ്ഞു കിടക്കുന്നു. ആരോ ചെയ്ത പെയിന്റിംഗില്‍ എന്നോ എവിടെയോ കണ്ടത്.
അടക്കും ചിട്ടയും ഇല്ലാത്ത, വിള്ളല്‍ വീണ ഓര്‍മ്മകള്‍.

മഴ കഴിഞ്ഞ് നിറഞ്ഞു കവിയുന്ന പാടത്തെ ചെളിവെള്ളം. ചായയുടെ നിറമുള്ള ചെളിവെള്ളം. കാറ്റടിക്കുമ്പോള്‍ അതിലുണ്ടാവുന്ന എണ്ണമില്ലാത്ത കുഞ്ഞോളങ്ങള്‍.

തൊപ്പിക്കുട ചൂടി വയലിറമ്പത്തുകൂടി നടക്കുന്ന ചെറുമര്‍. കാറ്റത്ത് ഓലകൊണ്ട് മുഖം പൊത്തുന്ന കൊച്ചുതെങ്ങുകള്‍. വാഴയില കുടയാക്കി അടുക്കളമുറ്റത്തേക്ക് ഓടിവരുന്ന ആകെ നനഞ്ഞ കാര്‍ത്ത്യായനി. കണ്ണിമാങ്ങായും വെള്ളക്കായും മുരിങ്ങപ്പൂവും പൊഴിഞ്ഞു കിടക്കുന്ന മഴതോര്‍ന്ന തൊടി.

മുറ്റത്തേക്കിറങ്ങുന്ന പടിയിലിരുന്ന് കൈകള്‍ നീട്ടി മഴയെ പിടിക്കാന്‍, കാലു നനയ്ക്കാന്‍ എന്തു രസം. വെള്ളം കേറി വീടുകള്‍ നഷ്ടപ്പെട്ട ഞാഞ്ഞൂലുകള്‍ പൊങ്ങിവരും സങ്കടം പറയാന്‍.

ഇപ്പോള്‍, ഈ നേഴ്‌സിംഗ് ഹോമിന്റെ മുറ്റത്തിരുന്ന് മഴ കാണുമ്പോള്‍ മനസിന്റെ ഉള്ളറകളില്‍ എത്ര കിണഞ്ഞു തപ്പിയിട്ടും കിട്ടാത്ത ഏതോ ഒന്ന് അലോസരപ്പെടുത്തുന്നു. നാവിന്റെ തുമ്പിലിരിക്കുന്ന പറയാനൊക്കാത്ത വാക്കു പോലെ. ഒരു ഓടിട്ട വീട്ടുമുറ്റവും പെരുമഴയത്ത് വെള്ളത്തില്‍ ചാടിക്കളിക്കുന്ന മുഖവും ശബ്ദവുമില്ലാത്ത കുട്ടികളും വല്ലപ്പോഴും ഓര്‍മ്മകളില്‍ മിന്നുന്നു, മായുന്നു.

മഴയുടെ സംഗീതം നിലച്ചു. നേഴ്‌സിംഗ് ഹോമിന്റെ മുറ്റത്തെ ചെടികളുടെ ഇലകളില്‍ നിന്നും മഴവില്ലിന്റെ നിറങ്ങള്‍ ഉള്ളിലൊതുക്കിയ പളുങ്കുമുത്തുകള്‍ നിലത്തേക്കു വീഴുന്നു. ആ മുത്തുകളെ കൈവെള്ളയിലേറ്റു വാങ്ങാന്‍ വല്ലാത്ത ഒരു അഭിനിവേശം.

അവള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു.

തൊട്ടടുത്ത് സിസ്റ്റര്‍ സോഫിയ.

കാത്തിരുന്നു കണ്ണുകഴച്ച് ഉറങ്ങിപ്പോയിരുന്നു അമ്മ വന്നപ്പോള്‍. കുഞ്ഞമ്മാവനുണ്ട് കൂടെ.

കാറില്‍ തൊട്ടടുത്തിരിക്കുന്ന അമ്മ അപരിചിതയായി തോന്നി. സെറ്റു മുണ്ടും ബ്ലൗസും ധരിച്ച് ആഭരണങ്ങളണിഞ്ഞ് തലയില്‍ പൂചൂടി എപ്പോഴും പുഞ്ചിരിതൂകി മാത്രം താന്‍ കണ്ടിരുന്ന അമ്മ. ഇവര്‍ക്ക് അമ്മയുടെ ഛായയേ ഉള്ളൂ.

ടെറസ്സുള്ള രണ്ടുനില കെട്ടിടം.

“സുജമോള്‍ക്ക് സ്വാഗതം” എന്നെഴുതി അലങ്കരിച്ച പോര്‍ട്ടിക്കോയില്‍ അനേകര്‍.

അടുത്ത കണ്ണുകളില്‍ സംശയം, സഹതാപം.

ചുണ്ടുകളില്‍ പണിപ്പെട്ടു വരുത്തിയ ചിരി.

കണ്ണുകള്‍ ചുവരില്‍ പതിച്ചിരിക്കുന്ന ഫോട്ടോയില്‍ ഉറച്ചുനിന്നു.

സ്വര്‍ണ്ണഫ്രെയിമുള്ള കണ്ണടയും തൂക്കിയിട്ട ഹാരവും മുഖത്തെ മറയ്ക്കുന്നു.

“വാ കുട്ട്യേ..” ഫോട്ടോയുടെ മുന്നില്‍ നിന്നും മുത്തശ്ശി പിടിച്ചു മുന്നോട്ടു നടത്തുമ്പോഴും കണ്ണുകള്‍ ഫോട്ടോക്കു നേരെ.

മുത്തശ്ശിയുടെ മുറിയിലെ കട്ടിലുകളില്‍ ഒന്നിലിരുന്ന് അവള്‍ അമ്പരന്നു. എന്റെ മുറി മുകളിലല്ലേ? ഇവിടെന്താ മൂന്നു കട്ടിലുകള്‍?

വീട്ടില്‍ ഡോക്ടര്‍ വന്നു. തെറാപ്പിസ്റ്റു വന്നു… ചികിത്സ തുടര്‍ന്നു.

-എനിക്ക് സ്‌ക്കൂളില്‍ പോവണം അമ്മേ.

-ക്ലാസ്സില്‍ ഫസ്റ്റായിരുന്നു.

-എന്തിനാ എന്നെ നഴ്‌സിംഗ് ഹോമിലാക്കിയത്? എന്തസുഖമായിരുന്നു എനിക്ക്? എന്താ അമ്മ ഒരിക്കലും എന്നെക്കാണാന്‍ വരാഞ്ഞത്?

-എന്താ അമ്മ ഒന്നും പറയാഞ്ഞത്?

അന്നു രാവിലെ മുതല്‍ ആകാശം മുഖം കറുപ്പിച്ചു നിന്നു. ഇന്നു മഴ പെയ്യും. സന്തോഷത്തോടെയവള്‍ ജനാലക്കടുത്തു ചെന്നു നിന്നു. മഴയത്തു കളിക്കുന്ന കുട്ടികളുടെ മുഖങ്ങള്‍ ശബ്ദങ്ങള്‍…. ഓര്‍മ്മയില്‍ മിന്നുന്നു. മായുന്നു വീണ്ടും വീണ്ടും. ഓര്‍ക്കണ്ട എന്ന ഉപബോധമനസിന്റെ ശാഠ്യം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. മനസില്‍ മിന്നലായി, ഇടിയായി, പീലി വിടര്‍ത്തുന്ന മയിലായി ഓര്‍മ്മകള്‍ …

മഴ പെയ്യുകയാണ്. കോരിച്ചൊരിയുന്ന ഉഗ്രന്‍ മഴ. കാറ്റും പെശറും. മുകളില്‍ മുറിയിലെ ജനാലയിലൂടെ മഴയും കണ്ട് കാറ്റില്‍ മുഖത്ത് ആഞ്ഞടിക്കുന്ന പെശറിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തുകൊണ്ട് നില്‍ക്കുകയാണ് താന്‍. മഴയുടെ സംഗീതം ഹൃദയത്തെ ഉന്മാദത്താല്‍ വെള്ളത്തില്‍ ചാടിക്കളിക്കുന്ന കൂട്ടുകാര്‍. വരൂ…സുജാ..വരൂ…അവര്‍ മാടി വിളിക്കുന്നു.

മുറിയില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന മുത്തശ്ശിയുടെ വിലക്കും ശകാരവും വകവെക്കാതെ വലിയ ശീല്‍ക്കാരത്തോടെ അടക്കാനാവാത്ത ആത്മഹര്‍ഷത്തോടെ ഓടുകയാണ് താന്‍. വെള്ളത്തില്‍, മഴയില്‍ കളിക്കാന്‍.

കോണിപ്പടി തുടങ്ങുന്നിടത്തെ ചുവരില്‍ മുക്കാലിയില്‍ കയറിനിന്ന് കാക്കത്തൊള്ളായിരം കിളികളും കാക്കത്തൊള്ളായിരം ബ്രൗണും ചുവപ്പു നിറങ്ങളിലുള്ള ഇലകളും ഉള്ള പെയിന്റിംഗ് തൂക്കുന്ന അച്ഛനെ താന്‍ ശ്രദ്ധിച്ചതേയില്ല.

അമ്മയുടെ നിലവിളിയില്‍ ലോകം സ്തംഭിച്ചു നിന്നു.

മുക്കാലിയോടൊപ്പം ഓരോ പടിയിലും തലയിടിച്ച് താഴേക്കുരുളുന്ന അച്ഛന്‍!

അലര്‍ച്ച കേട്ട് മുറിയിലേക്ക് ഓടിവന്ന അമ്മയെ അവള്‍ തുറിച്ചുനോക്കി. ഉറയ്ക്കാത്ത മിഴികളോടെ.
ഡോക്ടര്‍ വന്നു! “ഗുഡ്‌സൈന്‍ എല്ലാം സുജക്ക് ഓര്‍മ്മിക്കാന്‍ സാധിച്ചല്ലോ!”

അച്ഛന്റെ ഫോട്ടോക്കു മുന്നില്‍ എന്നും നടുക്കത്തോടെ നിന്ന് അവള്‍ വിതുമ്പി. “അറിഞ്ഞുകൊണ്ട് ചെയ്തതല്ലച്ഛാ. എന്നോട് ക്ഷമിക്കില്ലേ.”

ഒരു സാന്ത്വന വാക്കിന്, ദയയുള്ള ഒരു വാക്കിന് അവളുടെ ഹൃദയം കെഞ്ചിക്കേണു. ആരുടേയെങ്കിലും…ഒരാളുടെയെങ്കിലും…

കണ്ണടക്കകത്തെ കണ്ണുകളും തന്നെ കുറ്റപ്പെടുത്തുകയാണെന്ന് അവള്‍ക്ക് തോന്നി. എത്ര ക്ഷമ ചോദിച്ചിട്ടും ആ കണ്ണുകളില്‍ കോപം മാത്രം! 'നീ… നീ കാരണം..”

എന്നെയിങ്ങനെ നോക്കണ്ട. അവള്‍ക്കും ദേഷ്യമായി.

കണ്ണടയുള്ളതുകൊണ്ടാണല്ലോ അച്ഛനു തന്നെ കാണാനാവുന്നത്.

അവള്‍ അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണടയെടുത്തു മാറ്റി.
മഴയുടെ സംഗീതം - നീനാ പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക