Image

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ ജോലികളില്‍ വിദേശികള്‍ക്ക്‌ വിലക്ക്‌

Published on 11 October, 2012
സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ ജോലികളില്‍ വിദേശികള്‍ക്ക്‌ വിലക്ക്‌
റിയാദ്‌: സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്‌കരണത്തിന്‍െറ ഭാഗമായി ഓപറേഷന്‍ മെയിന്‍റനന്‍സ്‌ ജോലികളില്‍ വിദേശികളെ നിയമിക്കുന്നതിന്‌ തൊഴില്‍മന്ത്രാലയം വിലക്ക്‌ ഏര്‍പ്പെടുത്തി. സൗദി തൊഴില്‍ നിയമത്തിലെ 15ാം ഖണ്ഡികയനുസരിച്ച്‌ സ്വദേശികള്‍ക്ക്‌ സംവരണം ചെയ്‌ത തൊഴിലില്‍ വിദേശികളെ നിയമിക്കുന്നതിന്‌ വിലക്കുണ്ടെന്നും അതനുസരിച്ച്‌ ഓപറേഷന്‍ മെയിന്‍റനന്‍സ്‌ ജോലികള്‍ കരാറെടുത്ത കമ്പനികള്‍ ഈ ജോലിക്ക്‌ സന്നദ്ധരായ സ്വദേശികളുണ്ടെങ്കില്‍ തല്‍സ്ഥാനത്ത്‌ വിദേശികളെ നിയമിക്കരുതെന്നും ഉണര്‍ത്തി.

ഓപറേഷന്‍, മെയിന്‍റനന്‍സ്‌ ജോലികള്‍ സ്വദേശിവത്‌കരിക്കാനുള്ള തീരുമാനത്തിന്‌ കഴിഞ്ഞ മാസം 24ന്‌ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ശൂറാ കൗണ്‍സില്‍ നിര്‍ദേശമനുസരിച്ചാണ്‌ മന്ത്രിസഭ സംവരണത്തിന്‌ അംഗീകാരം നല്‍കിയത്‌.

തൊഴില്‍മന്ത്രാലയത്തിന്‍െറ പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ തൊഴിലന്വേഷകരായ സ്വദേശികളുടെ ഡാറ്റാബേസില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തുകയും ഓപറേഷന്‍, മെയിന്‍റനന്‍സ്‌ ജോലിക്ക്‌ യോഗ്യരായവരുടെ പട്ടിക തയാറാക്കുകയും ചെയ്യും. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാര്‍ അവസാനിച്ച്‌ മറ്റു കമ്പനികളിലേക്ക്‌ മാറാനോ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റുന്നതിനോ സമര്‍പ്പിക്കുന്ന വേളയില്‍ തല്‍സ്ഥാനത്തേക്ക്‌ സന്നദ്ധരായ സ്വദേശികളുണ്ടോ എന്ന്‌ മന്ത്രാലയം പരിശോധിക്കും.

സന്നദ്ധരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണിതകാലത്തേക്ക്‌ മാത്രമായിരിക്കും വിദേശികള്‍ക്ക്‌ തൊഴില്‍ മന്ത്രാലയം തൊഴില്‍ അനുമതിപത്രം നല്‍കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയസമ്പന്നരായ വിദേശികളുടെ കൂടെ തൊഴില്‍ പരിചയം നേടുന്നതിനായി സ്വദേശികളെ നിയമിച്ച്‌ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്‌. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിന്‌ കീഴില്‍ 500ലധികം വരുന്ന തൊഴിലാളികള്‍ ഓപറേഷന്‍, മെയിന്‍റനന്‍സ്‌ മേഖലയിലുണ്ടെങ്കില്‍ മറ്റു കമ്പനികള്‍ക്ക്‌ കരാര്‍ നല്‍കുന്നതിന്‌ പകരം സ്വന്തമായി ഈ മേഖല നടത്തിക്കൊണ്ടുപോകാവുന്നതാണ്‌.

ഓപറേഷന്‍, മെയ്‌ന്‍റനന്‍സ്‌ ജോലികള്‍ കരാറെടുത്ത്‌ നടപ്പാക്കുന്ന കമ്പനികള്‍ സ്വദേശിവത്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെങ്കില്‍ കരാര്‍ സംഖ്യയുടെ 50 ശതമാനം വരെ പിഴ ചുമത്താനും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നിയമം അനുവദിക്കുന്നുണ്ട്‌. കോണ്‍ട്രാക്‌ കാലത്ത്‌ തെറ്റ്‌ ആവര്‍ത്തിച്ചാല്‍ കരാര്‍ ദുര്‍ബലപ്പെടുത്താനും മന്ത്രാലയത്തിന്‌ അധികാരമുണ്ട്‌. അതേസമയം വിദേശി തൊഴിലാളിയുടെ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച്‌ നാടുകടത്തുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക