Image

`വെളിച്ച'ത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഒക്‌ടോബര്‍ 12ന്‌

എം.കെ. ആരിഫ്‌ Published on 11 October, 2012
`വെളിച്ച'ത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഒക്‌ടോബര്‍ 12ന്‌
ദോഹ: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഒക്‌ടോബര്‍ 12ന്‌ (വെള്ളി) വക്‌റ സ്റ്റേഡിയത്തില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ മദീനി, ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ ഡയറക്‌ടര്‍ പ്രഫ. സഈദ്‌ ഫാറൂഖി, റൗദത്തുല്‍ ഉലൂം അറബിക്ക്‌ കോളെജ്‌ ലക്‌ചറര്‍ ഉസ്‌മാന്‍ ഫാറൂഖി തുടങ്ങിയവരും വിവിധ മന്ത്രാലയ പ്രതിനിധികളും വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കും.

സമാപന സമ്മേളനം ഖത്തര്‍ മതകാര്യ മന്ത്രാലയ പ്രതിനിധി ഉദ്‌ഘാടനം ചെയ്യും. 12ന്‌ (വെള്ളി) ജുമുഅ മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ രണ്‌ടായിരത്തി അഞ്ഞൂറിലധികം പേര്‍ ഇതിനകം റജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. മൂവായിരത്തിലേറെ പേരെയാണ്‌ വാര്‍ഷിക പരിപാടികള്‍ക്ക്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സംഘാടകര്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്‌ത പ്രതിനിധികള്‍ക്ക്‌ ഉച്ചയ്‌ക്കും രാത്രിയും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്‌ട്‌. ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്‌ടി തത്സമയ രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്‌ട്‌.

വീട്ടിലിരുന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനായി ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്‌ കീഴില്‍ ഒരു വര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം ആരംഭിച്ച വെളിച്ചം പഠന പദ്ധതിയില്‍ 2500ലധികം പേര്‍ രജിസ്റ്റര്‍ ചെയ്‌തതായി വെളിച്ചം ഡയറക്‌ടര്‍ ഡോ. അബ്‌ദുല്‍ അഹദ്‌ മദനി അറിയിച്ചു. മലയാളത്തിന്‌ പുറമേ വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ്‌ പഠന പദ്ധതിയായ `ദി ലൈറ്റ്‌', മറ്റു മതസ്ഥരെ ഉദ്ദേശിച്ചുള്ള `വെളിച്ചം മാര്‍ഗ്ഗദീപം' പദ്ധതിയിലും നിരവധി പേര്‍ ചേര്‍ന്നിട്ടുണെ്‌ടന്ന്‌ അദ്ദേഹം പറഞ്ഞു.

പരിപാടിക്ക്‌ മുന്നോടിയായി സ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലെത്തിച്ച പ്രഭാഷണ സി ഡിയേയും കഴിഞ്ഞ ആറ്‌ മൊഡ്യൂളുകളിലെ പാഠാവലിയേയും ആസ്‌പദമാക്കി സ്‌പോട്ട്‌ ക്വിസ്‌, വെളിച്ചം അംഗങ്ങളുടെ അനുഭവം പങ്കുവയ്‌ക്കല്‍ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച്‌ നടക്കും. കഴിഞ്ഞ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള സമ്മാന വിതരണവും സുവനീര്‍ പ്രകാശനവും നടക്കും.

വാര്‍ഷികത്തോടനുബന്ധിച്ച്‌ ആര്‍ട്‌സ്‌ ആന്റ്‌ ലിറ്റററി മീറ്റ്‌, ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ നടത്തിയിരുന്നു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനാതുറകളിലുള്ളവര്‍ പങ്കാളികളായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള വെളിച്ചം പദ്ധതി വളരെ ചുരുങ്ങിയ കാലയളവ്‌ കൊണ്‌ടുതന്നെ ജനകീയമായിട്ടുണ്‌ട്‌.

വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനായി ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഉണ്‌ടായിരിക്കും. ബസുകള്‍ സനാഇയ അല്‍ അതിയ്യ മസ്‌ജിദ്‌, പച്ചക്കറി മാര്‍ക്കറ്റ്‌ വലിയ പള്ളി, അബൂഹമൂര്‍ ബലദിയ്യ ക്യാംപ്‌, ബിന്‍മഹ്‌മൂദ്‌ ഇസ്‌ലാഹി സെന്റര്‍, ശാരാ അസ്‌മഖ്‌, ദോഹ ജദീദ്‌, മുംതസ, ബിന്‍ ഉംമ്രാന്‍ പച്ചപ്പള്ളി, ശാരാ ഖലീജ്‌, ഉംമുസഈദ്‌, അല്‍ വക്‌റ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര, വെളിച്ചം പരീക്ഷാ കണ്‍ട്രോളര്‍ സുബൈര്‍ വക്‌റ, ഇസ്‌ലാഹി സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ യു ഹുസൈന്‍ മുഹമ്മദ്‌, മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ സി എം മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
`വെളിച്ച'ത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഒക്‌ടോബര്‍ 12ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക