Image

ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നു

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 10 October, 2012
ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നു
താമ്പാ: പ്രസിദ്ധ കവിയും താമ്പായിലെ ദീര്‍ഘകാല നിവാസിയുമായ ചെറിയാന്‍ കെ. ചെറിയാന്റെ എണ്‍പതാം ജന്മദിനം സമുചിതമായി ആഘോഷിക്കുമെന്ന്‌ താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ അറിയിച്ചു. 1932 ഒക്ടോബര്‍ ഇരുപത്തിനാലിനാണ്‌ കവിയുടെ ജന്മദിനം. കേരളാഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന പരേതനായ  ടി. പി. ചെറിയാന്റേയും പരേതയായ മറിയം ചെറിയാന്റേയും മകനാണ്‌ കുറ്റിക്കാട്ട്‌ ചെറിയാന്‍ ചെറിയാന്‍ എന്ന ഒദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ചെറിയാന്‍ കെ. ചെറിയാന്‍. കോട്ടയം ജില്ലയിലെ വൈക്കത്തായിരുന്നൂ ജനനം.

കേരള യുണിവേഴ്‌സിറ്റിയില്‍ നിന്നും കല്‍ക്കത്ത യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ നേടി വടവുകോട്‌ രാജര്‍ഷി മെമ്മോറിയല്‍ ഇംഗ്ലീഷ്‌ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായും മലയാള മനോരമ ദിനപ്പത്രത്തിന്റെ ഉപ പത്രാധിപരായും ജോലി അനുഷ്‌ഠിച്ചശേഷം 1958 മുതല്‍ 1973 വരെ നൂഡല്‍ഹിയിലെ കേന്ദ്ര വാണിജ്യമന്ത്രി കാര്യാലയത്തിലെ പ്രസിദ്ധീകരണവകുപ്പിലും പ്രദര്‍ശന വകുപ്പിലും ഉദ്യോഗസ്ഥനായി. 1973 ല്‍ അമേരിക്കയിലേയ്‌ക്ക്‌ കുടുംബസമേതം കുടിയേറി. ദീര്‍ഘകാലം ന്യൂയോര്‍ക്ക്‌ നഗര കാര്യാലയത്തിന്‍റെ ശിശുപരിപാലന വകുപ്പിലേ ഉദ്യോഗസ്ഥനായിരുന്നു. 2001 -ല്‍ ഉദ്യോഗത്തില്‍ നിന്ന്‌ വിരമിച്ചു. പിന്നീട്‌ ഫ്‌ളോറിഡായിലെയ്‌ക്ക്‌ താമസം മാറ്റി.

2008-ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ ധാരാളം പുരസ്‌ക്കാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. ധാരാളം കവിതകളുടെയും, ചെറുകഥകളുടെയും രചയിതാവാണ്‌ അദ്ദേഹം, ഇപ്പോള്‍ ഹൈക്കൂ കവിതാരചനയിലും ചിത്രരചനയിലുമാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌.

ശ്രീമതി ആനിയമ്മ ചെറിയാന്‍ ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍റെ ഭാര്യയും ബാബുലു, കവിത, ബാബ എന്നിവര്‍ മക്കളുമാണ്‌. അനീഷ, അമിത്‌, മീര, ആരന്‍ എന്നിവരാണ്‌ കൊച്ചുമക്കള്‍. ഇപ്പോള്‍ ഫ്‌ളോറിഡായിലെ താമ്പായ്‌ക്ക്‌ അടുത്തുള്ള വാലിറ്‌ക്കോയില്‍ വിശ്രമ ജീവിതം നയിക്കുന്നു.

ഒക്ടോബര്‍ പതിന്നാലാം തീയതി ഞായറാഴ്‌ച മൂന്നു മണിക്ക്‌ താമ്പായിലുള്ള `മയൂരി റസ്‌റ്റോറന്റി'ല്‍ വച്ച്‌ ജന്മദിന ആഘോഷങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുവാന്‍ താമ്പാപ്രസ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  യോഗം ചേരുന്നതാണെന്നും അതിലേയ്‌ക്ക്‌ എല്ലാ നല്ല ആളുകളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌ ഭാരവാഹികളായ ഡോ. എം. പി. രവീന്ദ്രനാഥന്‍, പി. വി. ചെറിയാന്‍, ഡോ. എ. കെ. പിള്ള, ഡോ. സുശീല രവീന്ദ്രനാഥന്‍,  കിഷോര്‍ പീറ്റര്‍, സജി കരിമ്പന്നൂര്‍,  ജയിംസ്‌ ഇല്ലിക്കല്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍,  ജോസ്‌മോന്‍ തത്തംകുളം,  സുനില്‍ വല്ലാത്തറ,  തോമസ്‌ ഡാനിയേല്‍,  ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ അറിയിച്ചു.
ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക