Image

മറക്കരുത് ഈ മണ്ണിനെ- പ്രൊഫ.എം.പി. ലളിതാബായ്

പ്രൊഫ.എം.പി. ലളിതാബായ് Published on 13 October, 2012
മറക്കരുത് ഈ മണ്ണിനെ- പ്രൊഫ.എം.പി. ലളിതാബായ്

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ!

ഈ സംബോധന ഒരു വ്യക്തിയില്‍ നിന്ന് കടം കൊണ്ടതാണ്. യുഗപ്രഭാവനായ സ്വാമി വിവേകാനന്ദനില്‍ നിന്ന്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു മുമ്പ് പല നേതാക്കളും സംസാരിച്ചു. Ladies And Gentlemen. My Dear Friends എന്നിങ്ങനെ പതിവ് സംബോധനയോടെയാണ് അവര്‍ പ്രസംഗം തുടങ്ങിയത്. എന്നാല്‍ My American brothers and sisters എന്ന സ്വാമി വിവേകാനന്ദന്റെ സംബോധന തന്നെ സദസ്സിനെ പുളകം കൊള്ളിച്ചു.

പിന്നീട് മഹാനദീ പ്രവാഹം പോലെ മതധര്‍മ്മത്തെക്കുറിച്ചും മനുഷ്യധര്‍മ്മത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോകം ഒരു കിളിക്കൂടാണെന്നും അതില്‍ ചേക്കാറാന്‍ വന്ന പറവകളാണ് മനുഷ്യരായ മനുഷ്യരെല്ലാവരും എന്ന 'ഏകനീഡ സങ്കല്പം' അവിടെ വിശദമാക്കപ്പെട്ടു. അതുവരെ അറിയാതിരുന്ന മാനവസ്‌നേഹമന്ത്രത്തെക്കുറിച്ച് പുതിയ അറിവുകള്‍ നേടിയ സദസ്സ് ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ഭാരതം എന്ന രാജ്യത്തെക്കുറിച്ചും ഭാരതപുത്രനായ വിവേകാനന്ദനെക്കുറിച്ചുമുള്ള അറിവ് സദസ്യരെ ചിന്തിപ്പിച്ചു. ആ വിവേകാനന്ദന് ജന്മം കൊടുത്ത നാടാണ് നമ്മുടെ ഭാരതം.

"അഹോ ഭുവഃ സപ്തസമുദ്രപത്യാ
ദ്വീപേഷു വര്‍ഷേഷ്വധി പുണ്യമേതത്."
(അഹോ സപ്ത സാഗരങ്ങളാല്‍ ആവൃതമായ ഈ ഭൂമിയില്‍ സര്‍വ്വ ദ്വീപുകളിലും വര്‍ഷങ്ങളിലും വച്ച് ഏറ്റവും പാവനമായ സ്ഥാനം ഇത്-ഭാരതഭൂമി- യാകുന്നു) എന്ന് മഹാമനീഷികള്‍ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്. ഭാരതവര്‍ഷത്തില്‍ ജനിച്ച ആളുകള്‍ ദേവന്മാരെക്കാള്‍ ധന്യരാണെന്ന് ഓരോ ഭാരതീയനും വിശ്വസിച്ചിരുന്നു.

സ്വര്‍ഗ്ഗസീമകളെ ചുംബിക്കുന്ന ഹിമവാനും, നിത്യഹരിത വനങ്ങളും, സ്വച്ഛശീതള ജലാശയങ്ങളും, കടലും കായലും ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങളായ പുഴകളും മലകളും, പീഠഭൂമികളും സമതലങ്ങളും എല്ലാം ചേര്‍ന്ന് അനന്തവൈചിത്ര്യങ്ങളുടെ ഗര്‍ഭഗൃഹമായ ഭാരതം ആഹാരനീഹാരങ്ങള്‍ വെടിഞ്ഞ് ഗൃഹാന്തരങ്ങളിലും ഘോര കാനനങ്ങളിലും ദീര്‍ഘകാലം അതികഠിനമായ തപസ്സനുഷ്ഠിച്ച് ലഭ്യമായ വിജ്ഞാനതേജസ്സിന്റെ ബഹിര്‍സ്ഫുരണങ്ങളായ ശ്രുതികള്‍ പിറന്നുവീണത് ഈ മണ്ണിലാണ്.

രാഷ്ട്രതന്ത്രജ്ഞതയും സാമൂഹ്യവ്യവസ്ഥിതിയും വിശദമാക്കപ്പെടുന്ന സ്മൃതികളും നമുക്ക് സ്വന്തം. ലോകത്തിലാകമാനമുള്ള സൗന്ദര്യശാസ്ത്രവും ശാസ്ത്രസത്യങ്ങളും ആധുനിക മനശ്ശാസ്ത്രവും നമ്മള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ വശപ്പെടുത്തിയിരുന്നു എന്ന് തെളിയിക്കുന്ന രാമായണ മഹാഭാരതാദി ഇതിഹാസങ്ങല്‍. ഇത്തരത്തില്‍ ഋഷിപ്രോക്തങ്ങളായ മഹാസംസ്‌കൃതി മറ്റൊരു നാടിനും അവകാശപ്പെടാന്‍ സാധ്യതയില്ല തന്നെ. ലോകത്തെ ഏതു സംസ്‌കാരത്തോടും ഒപ്പമോ ഉയര്‍ന്നോ നില്‍ക്കുന്ന സിന്ധു നദീതടസംസ്‌കാരം നമ്മുടേതാണ്.

അനന്തവും അമേയവുമായ ഭാരതസംസ്‌കൃതിയുടെ അടിവേരുകള്‍ തേടിപ്പോയ മനീഷികളാരും തന്നെ പൂര്‍ണമായ അളവില്‍ വേരുകല്‍ കണ്ടെത്തിയിട്ടില്ല. ഏവര്‍ക്കും ചില എത്തിനോട്ടങ്ങള്‍ക്കേ സാധിച്ചിട്ടുള്ളൂ. പാര്‍ശ്വവീക്ഷണങ്ങളോ ഭാഗിക വീക്ഷണങ്ങളോ മാത്രമേ നടത്താന്‍ സാധിച്ചിട്ടുള്ളൂ.

നമ്മുടെ ഭാരതം. ഗംഗായറൊഴുകുന്ന നാട്. എന്നും ഒഴുകുന്ന എന്നും മാറുന്ന എന്നും ഗംഗയായിത്തന്നെയിരിക്കുന്ന പുണ്യനദി. ഈ ഗംഗയുടെ സമതലങ്ങളില്‍ ഉണ്ടായ കല്പവൃക്ഷങ്ങള്‍ എത്രയെത്ര? രാജകായമായ സര്‍വ്വ ഐശ്വര്യങ്ങളെയും ആഡംബര സമന്വതിമായ ജീവിതത്തെയും ഉപേക്ഷിച്ച് ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന ചക്രവാളം വരെ യാത്ര തുടരുന്ന ഗൗതമബുദ്ധന്റെ പെറ്റമ്മ ഈ ഭാരതഭൂമിയാണ്. അഹിംസാമന്ത്രങ്ങള്‍ ചൊല്ലി മനുഷ്യരെ സ്‌നേഹത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച അദ്ദേഹത്തിന്റെ സൂര്യതേജസ് ഭാരതത്തിനു വെളിയിലും ജാജ്ജ്വല്യമാനമായി ഇന്നും നിലനില്‍ക്കുന്നു.

വിവേകാനന്ദനും വഴി കാട്ടിക്കൊടുത്ത സാക്ഷാന്‍ ശ്രീ രാമകൃഷ്ണ പരമഹംസര്‍, രക്തരഹിത വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായ മഹാത്മാഗാന്ധി, കാവ്യസുമസുഗന്ധം കൊണ്ട് ലോകത്തെയാകമാനം സൗരഭ്യപൂരിതമാക്കിയ രവീന്ദ്രനാഥ് ടാഗോര്‍, നിത്യഭാസുരങ്ങളായ കാവ്യനക്ഷത്രങ്ങളുടെ ശോഭയാല്‍ ഭൂമിയെ സ്വര്‍ഗ്ഗത്തേക്ക് ഉയര്‍ത്തുകയോ, സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരുകയോ അതുമല്ലെങ്കില്‍ ഈ ഭൂമി തന്നെയാണ് സ്വര്‍ഗ്ഗം എന്ന് തെളിയിക്കുകയോ ചെയ്ത മഹാകവി കാളിദാസന്‍, മാനവഹൃത്തിന്റെ അമേയങ്ങളായ അത്യഗാധതലങ്ങളെ നാടകളിലൂടെ അവതരിപ്പിച്ച ഭാസനും ഭവഭൂതിയും, നടന കലയ്ക്ക് ആധികാരികഗ്രന്ഥം ചമച്ച ഭരതമുനി, ഭാഷയ്ക്ക് വ്യാകരണം തയ്യാറാക്കിയ സാക്ഷാല്‍ പാണിനി മഹര്‍ഷി, ആര്യഭട്ടന്‍, ചരകന്‍, ധന്വന്തരി, ചാണക്യന്‍, കാളിദാസനെയും പോറ്റിയ വിക്രമാദിത്യന്‍, ഭഗവാന്‍ ബുദ്ധന്റെ പാദരേണുക്കള്‍ ശിരസ്സിലേറ്റു വാങ്ങിയ അശോകചക്രവര്‍ത്തി, എന്നിങ്ങനെ ഭാരതാംബയുടെ ദിവ്യഗര്‍ഭത്തില്‍ പിറവി കൊണ്ട മഹാജ്ഞാനികള്‍ എത്രയെത്ര!

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ നിരവധി മതങ്ങള്‍. എണ്ണിയാലൊടുങ്ങാത്ത ജാതികള്‍, ഉപജാതികള്‍, പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങല്‍, നാനാവിധ വേഷവിതാനങ്ങള്‍, വൈവിധ്യങ്ങളായ ആഹാരനീഹാര സമ്പ്രദായങ്ങള്‍. അരൂപികളായ ഈശ്വരനെ മുതല്‍ കല്ലിനെയും മണ്ണിനെയും മരങ്ങളെയും വരെ പൂജിക്കുന്നവര്‍ ഇതൊക്കെയാണ് ഇന്ത്യ. കാലാവസ്ഥ പോലും വ്യത്യസ്തം. കാശ്മീരില്‍ മഞ്ഞുമൂടുമ്പോള്‍ തമിഴ്‌നാട് വെന്തുരുകുന്നു. അസമില്‍ മഴചൊരിയുമ്പോള്‍ കേരളം ചുട്ടുപൊള്ളുന്നു. ഇങ്ങനെ പോകുന്നു ഋതുക്കളുടെ വൈചിത്ര്യം.

വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടെയും ഒത്തുചേരല്‍. അതാണ് ഭാരതം. പക്ഷെ ഈ നാനത്വത്തിലും ഓരോ ഭാരതീയന്റെ മനസ്സിലും കെടാതെ കത്തുന്ന തിരിവെളിച്ചമാണ് നമ്മള്‍ ഒന്നാണെന്ന ചിന്ത. ആ സവിഷേഷതയാണ് ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തലടെയുപ്പോടെ പ്രതിഷ്ഠിച്ചത്. ആരെല്ലാം കാലാകാലങ്ങളില്‍ ഇവിടെയെത്തി; അന്യമതക്കാര്‍, അന്യരാജ്യക്കാര്‍ കച്ചവടത്തിനും മതപ്രചരണത്തിനും സമ്പത്ത് കൊള്ളയടിക്കാനും അധികാരം കവര്‍ന്നെടുക്കാനും, മതമൈത്രി ഉറപ്പിക്കാനും ഇവിടെയെത്തി. എല്ലാവരെയും നിറഞ്ഞ മനസ്സോടെ ഈ അമ്മ വരവേറ്റു. കച്ചവടക്കാരെ സഹായിച്ചു. പാതിരിമാരെ മതപ്രചരണത്തിന് അനുവദിച്ചു. അങ്ങനെ അക്ബറും ഷാജഹാജും തുഗ്ലക്കും ഭാരതസംസ്‌ക്കാരത്തിന്റെ ശില്പികളില്‍ ചിലരായി. ടാജ്മഹലും ആഗ്രാ കോട്ടയും, കുത്തബ് മിനാറും, ചെങ്കോട്ടയും അങ്ങനെ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഈടുവയ്പുകളായി.

ഇന്നത്തെ ഇന്ത്യ ഇതാണോ എന്ന് നോക്കാം. ഒരു പാട് മാറിപ്പോയി എന്ന് തോന്നുന്നില്ലേ? മതമൈത്രിക്കു കേളികൊണ്ട നമ്മുടെ നാട് വര്‍ഗ്ഗീയക്കോമരങ്ങളുടെ പേക്കൂത്തുകള്‍ക്ക് വേദിയാകുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതിലൂടെ നമുക്ക് നഷ്ടമായത് നീണ്ട കാലമായി നാം കാത്തുസൂക്ഷിച്ച മതമൈത്രിയെന്ന അമൂല്യരന്തമാണ്. രാഷ്ട്രത്തെ സ്‌നേഹിക്കുന്നവനും സേവിക്കുന്നവനുമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന സമവാക്യം സ്വാര്‍ത്ഥതയും അഴിമതിയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു. വര്‍ഗീയതയുടെയും വംശീയതയുടെയും വിഷജ്വാലകള്‍ ഭാരതഭൂമിയെ സര്‍വ്വനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

ഭൂമിയും വെള്ളവും ആകാശവും വരെ വിലപേശി വിറ്റു കൊണ്ടിരിക്കുന്നു. അധികാരക്കൊതിയുടെയും പകപോക്കലിന്റെയും സുഖഭോഗങ്ങളുടെയും വേദിയായി ഭരണകൂടം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം എന്ന അതിമനോഹരമായ ഭരണവ്യവസ്ഥ അപഹാസത്തിനിരയായിക്കൊണ്ടിരിക്കുന്നു. എവിടെയാണോ നാരികള്‍ പൂജിക്കപ്പെടുന്നത് അവിടെ ദേവതകള്‍ അധിവസിക്കുന്നു എന്ന് ആരും പറയാത്ത ആപ്തവാക്യം ലോകത്തിനു സമര്‍പ്പിച്ച നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പ്രായഭേദമെന്യേ അപമാനിതരാക്കുന്നു. ഇതൊക്കെ നേരായനേരുകള്‍ തന്നെ. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഈ നാടിനെ ചെറുക്കാന്‍ നമുക്കാവുമോ? എല്ലാവര്‍ഷവും ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ ഉയരുന്ന ത്രിവര്‍ണ്ണപതാകയ്‌ക്കൊപ്പം നമ്മുടെ ഹൃദയങ്ങളും അഭിമാനപൂരിതമാകാറില്ലേ? എപ്പോഴൊക്കെ ജനഗണമന കേള്‍ക്കുന്നുവോ അപ്പോഴൊക്കെയും നമ്മുടെ ഹൃദയതാളങ്ങള്‍ ആ ദേശീയഗാനത്തെ ഏറ്റുവാങ്ങുകയില്ലേ? അതുകൊണ്ട് എല്ലാ കുറ്റങ്ങളോടും കുറവുകളോടും ഒപ്പം നാം ഭാരതത്തെ സ്‌നേഹിക്കുന്നു.

ഇനി നമുക്ക് നമ്മുടെ ജന്മനാട്ടിലേക്ക് പോകാം. നീലാകാശത്തിന് താഴെ ഒരു തൂശനില മുറിച്ചുവച്ചതു പോലുള്ള നമ്മുടെ സ്വന്തം കേരളം, ഗോകര്‍ണേശനും കുമാരിയും കാത്തുകൊള്ളുന്ന സാക്ഷാല്‍ കേരളാംബ. വടക്ക് കാസര്‍ഗോഡു നിന്ന് തുടങ്ങാം അല്ലേ? ആദ്യമേ ഒരു കാര്യം അറിയിക്കുകയാണ്. കേരളമെന്ന് വച്ചു തലയുയര്‍ത്തി, പീലിവിടര്‍ത്തിയ കേരവൃക്ഷങ്ങള്‍ എമ്പാടും നിറഞ്ഞുനില്‍ക്കുന്ന കാഴ്ചകാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് സാധ്യമല്ല.

കേരളം എന്ന് പേര് നമുക്ക് നേടിത്തന്ന കേരവൃക്ഷങ്ങള്‍ ഇന്ന് നമ്മുടെ സ്വന്തമല്ലെന്നു തോന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും, തെങ്കാശിയിലും, തിരുനല്‍വേലിയിലും മറ്റും കാണുന്ന നീണ്ടുപരന്ന കേരമരത്തോട്ടങ്ങല്‍ കാണുമ്പോള്‍. ഒരു കാലത്ത് അടിമുതല്‍ മുടിവരെയുള്ള എല്ലാ ഭാഗങ്ങളും ആര്‍ത്തിയോടെ ഉപയോഗിച്ചുകൊണ്ടിരുന്ന നമുക്ക് ഇന്ന് കല്പവൃക്ഷങ്ങള്‍ വേണ്ടാതായി. കുപ്പിയിലടച്ച കരിക്കിന്‍ വെള്ളവും കവറിലടച്ച തേങ്ങാപ്പീരയും നമുക്ക് ആവോളം തൃപ്തി തരുന്നുണ്ട് ഇപ്പോള്‍. കേരളത്തിന്റെ മുഖമുദ്രയായ ആ പുണ്യവൃക്ഷങ്ങലെ നിര്‍ദ്ദാക്ഷിണ്യം മുറിച്ചു മാറ്റി അവിടെ റബ്ബറും മറ്റു നാണ്യവിളകളും നട്ടുപിടിപ്പിച്ചു പുതിയ കേരളീയന്‍. അങ്ങനെ ആര്‍ക്കും വേണ്ടാത്ത പാവം കേരങ്ങളെ കാറ്റുവീഴ്ചയും മണ്ഡരിയും വളരെയെളുപ്പം കീഴടക്കുകയും ചെയ്തു.

ഇവിടെ കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍ഗോഡ് നാം കാണുന്നതെന്തു കാഴ്ച? ഇക്കാണുന്നവര്‍ മനുഷ്യര്‍ തന്നെയാണോ? അതോ ഗോളാന്തര ജീവികളോ? കൈകാലുകള്‍ തളര്‍ന്നവര്‍, തലമാത്രം വളര്‍ന്നു നിലത്തുകിടന്ന് ഉരുളുന്നവര്‍, കണ്ണും കാതും പ്രവര്‍ത്തിക്കാത്തവര്‍, സംസാരശേഷിയില്ലാത്ത മിണ്ടാപ്രാണികള്‍, പായില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ കിടന്ന കിടപ്പില്‍ മലമൂത്രവിസര്‍ജനം ചെയ്യുന്നവര്‍, കൈയും കാലും ഒടിഞ്ഞു വളഞ്ഞ് ശരീരത്തിനകത്തേക്ക് പ്രവേശിച്ചവര്‍, ആഹാരം പോലും സ്വന്തമായിട്ടെടുത്ത് കഴിക്കാന്‍ സാധിക്കാത്തവര്‍, ആഹാരമില്ലാത്തവര്‍, മന്ദബുദ്ധികള്‍, കാന്‍സര്‍ തളര്‍ത്തിയ അവയവങ്ങളോടെ മരണത്തിനും ജീവിതത്തിനുമിടയില്‍ തളര്‍ന്നിരിക്കുന്നവര്‍, ഗര്‍ഭത്തില്‍ വച്ചുതന്നെ പുഴുക്കുത്തലേറ്റ പൂമൊട്ടുകള്‍! ഈ ദുരിതക്കാഴ്ചകള്‍ നിങ്ങളുടെ മനഃസ്വാസ്ഥ്യം കെടുത്തിയോ? ഇവരും നമ്മുടെ സഹോദരങ്ങള്‍ തന്നെയല്ലേ? എന്റോസല്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ പകര്‍ന്നാട്ടങ്ങളാണ് ഈ ദുരിതക്കാഴ്ചകള്‍ നമുക്കായി ഒരുക്കിയത്. നല്ല മുഴുത്ത കശുവണ്ടി ലഭിക്കാന്‍ വേണ്ടി തലമുറകളെത്തന്നെ രോഗഗ്രസ്തമാക്കുന്ന ഈ മാരകവിഷത്തെ തടയാനുള്ള ഇച്ഛാശക്തിയും അലിവും അധികാരികള്‍ക്കില്ലെന്നുണ്ടോ?

(തുടരും..)
മറക്കരുത് ഈ മണ്ണിനെ- പ്രൊഫ.എം.പി. ലളിതാബായ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക