Image

ആനവാല്‍ മോതിരം (അനുഭവകുറിപ്പ്‌)

Published on 13 October, 2012
ആനവാല്‍ മോതിരം (അനുഭവകുറിപ്പ്‌)
പത്തനംതിട്ട ജില്ലയിലുള്ള മക്കപ്പുഴ എന്ന്‌ പേരുള്ള ഒരു കൊച്ചു ഗ്രാമം. കേരളക്കരയിലുള്ള എല്ലാ കൃഷി വിഭവങ്ങളും വിളയിപ്പിച്ചെടുക്കുന്ന കര്‍ഷകര്‍ തിങ്ങിപാര്‌ക്കുന്ന അതിമനോഹരമായ ഗ്രാമം. ജാതി മതത്തിന്‌ അതീതമായി ഒരുമയോടെ വസിക്കുന്ന ആള്‍ക്കാര്‍.

എല്ലാവര്‍ക്കും സ്വന്തമായ കൃഷി ഭൂമി. റബ്ബര്‌, തെങ്ങ്‌ , കമുക്‌, വാഴ , കുരുമുളക്‌, ജാതി, ഗ്രാമ്പു, കപ്പ, നെല്‍്‌ പാടങ്ങള്‍ ഉള്‍കൊണ്ട അതിമനോഹരമായ ഈ ഗ്രാമത്തില്‍ കളിച്ചു വളന്ന എന്റെ പഴയ നൂറു നൂറു ഓര്‍മകളില്‍്‌ ഞ്ഞടുപ്പിക്കുന്ന ഒരെണ്ണം. ഒരു ഡിസംബര്‍ മാസത്തില്‍ ഭീതിയുടെ കുറെ മിനിറ്റുകള്‍ കടന്നു പോയ ഒരിക്കലും മറക്കാനാവാത്ത ആ ദിവസം ഓര്‌മ്മയില്‌ തളം കെട്ടി നില്‌ക്കുന്നു.

നെല്‌കൃഷി വിളവെടുപ്പ്‌ കഴിഞ്ഞു. വയലുകള്‍ ഉണങ്ങി വരണ്ടു. വരമ്പുകളില്‍ ധാരാളം പച്ച പുല്ലുകള്‍ ഇടതൂര്‍ന്നു വളന്നു നില്‌ക്കുന്ന സമയം.രണ്ടു പശുക്കളുമായി ഞാന്‍ വയലിലേക്കു ഇറങ്ങി. വയലിന്‌ തൊട്ടു കിഴക്ക്‌ വശത്തായുള്ള സര്‍വീസ്‌ റോഡില്‍ കൂടി നൂറു കണക്കിന്‌ വാഹനങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നു. സ്വാമിയെ ..ശരണം. . അയ്യപ്പോ എന്നുള്ള സ്‌തുതി ഗാനങ്ങള്‍ ആലപിച്ചുകൊണ്ട്‌ ഭക്തര്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥജന പ്രവാഹം. തമിഴ്‌നാട്‌, ആന്ധ്ര പ്രദേശ്‌, കര്‍ണടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അലങ്കാരത്തില്‍ ഒന്നിനോടൊന്നു കിടപിടിക്കുന്ന വാഹങ്ങളുടെ നില്‌ക്കാത്ത പ്രവാഹം.

വയലില്‍ ഒരു വരമ്പില്‍ ഞാന്‌ ഇരുന്നു. പിന്നില്‍ നിന്നും എന്റെ ഭാര്യ എന്നോട്‌ `മകളെ കൂടി നോക്കി കൊള്ളണമേ , ഞാന്‌ ഒന്ന്‌ കുളിച്ചിട്ടു വരട്ടെ' എന്ന്‌ പറഞ്ഞു രണ്ടു വയസു പ്രായമുള്ള മകളെ എന്നെ ഏല്‌പ്പിച്ചു. മകള്‍ക്ക്‌ വാഹങ്ങളുടെ പ്രവാഹം ഒരു കാഴ്‌ച ആയിരുന്നു. വിവിധ ഭാഷയിലുള്ള അയ്യപ്പ ഭക്തി ഗാനങ്ങള്‍ ശ്രവിച്ചു കൊണ്ട്‌ ഇരിക്കെ ജീപ്പില്‍ കുറെ ആള്‍ക്കാര്‍ എന്തൊക്കെയോ അലറി പുലമ്പുന്നു.എന്താണ്‌ പ്രശ്‌നം? അയ്യപ്പ ഭക്തരുടെ മൈക്കില്‍ കൂടിയുള്ള ശബ്ദം കൊണ്ട്‌ ഒന്നും കേള്‌ക്കാന്‍ ആവുന്നില്ല. എന്തോ പന്തികേട്‌ തോന്നുന്നു. ഞാന്‌ വയലില്‍ കൂടി റോഡു ഭാഗത്തേക്ക്‌ നീങ്ങി. ഡ്രൈവര്‍ ജോസ്‌ ഓടിക്കുന്ന KLB 3742 ജീപ്പ്‌ . ജോസ്‌ അലറി വിളിച്ചു കൊണ്ട്‌ പറഞ്ഞു .ഓടി രക്ഷപെടുവാന്‍. ഞാന്‌ ചോദിച്ചു എന്താണ്‌ പ്രശ്‌നം.അപ്പോള്‍ ജോസ്‌ വടക്കോട്ട്‌ കൈ ചൂണ്ടി കാട്ടി അലറിക്കൊണ്ട്‌ പറഞ്ഞു രക്ഷപ്പെടൂ ...മദമിളകിയ ആന...അതെ സത്യം ഞങ്ങളുടെ നേരെ ഏതാണ്ട്‌ 200 അടി അകലെയായി കാണും. മദമിളകിയ ആന അതിന്റെ മുന്‍പില്‍ കാണുന്ന എന്തിനെയും കൊന്നു നശിപ്പിക്കും. ഞാന്‍ എന്റെ മകളെ കോരി എടുത്തു.ആന അടുത്തു വന്നു കൊണ്ടിരിരിക്കുന്നു. ഞാന്‍ ജീവച്ഛവം പോലെ കുറെ നിമിഷങ്ങള്‍ തള്ളി നീക്കി. പശുക്കള്‍ ഭയം കൊണ്ട്‌ അമറി. പട്ടികള്‍ കൂട്ടമായി മോങ്ങികൊണ്ടിരിക്കുന്നു. രക്ഷിക്കുവാന്‍ സമീപം ആരുമില്ല. അറിഞ്ഞവരും കണ്ടവരുമൊക്കെ ഓടി ഒളിച്ചു. ഹൈസ്‌കൂളില്‌ പഠിക്കുമ്പോള്‍ 500 ,1000 മീറ്റര്‍ ഓട്ട മത്സരത്തിനു ഒന്നാം സ്ഥാനം നേടിയിട്ടുള്ള എനിക്ക്‌ കുറെ നിമിഷത്തേക്ക്‌ കാലുകള്‍ മുന്നോട്ട്‌ ചലിച്ചില്ല. മരണത്തെ മുന്നില്‍്‌ ഞാന്‍ കണ്ടു. ആന എന്നെ കൊന്നാലും എന്റെ മകളെ എങ്ങനെയും രക്ഷിക്കണമേ എന്ന്‌ ഈശ്വരനോട്‌ യാചിച്ചു. പെട്ടെന്ന്‌ ഭയന്ന്‌ കരയുന്ന മകളെ മാറത്തു ചേര്‍ത്തു കൊണ്ട്‌ പശുക്കളുടെ കയറില്‍ പിടിച്ചു വലിച്ചു പടിഞ്ഞാറ്‌ വശത്തുള്ള എന്റെ വീട്ടിലേക്കു ഓടി. പടിഞ്ഞാറ്‌ തിരിയുമ്പോള്‍ ആന ഏതാണ്ട്‌ 20 അടി അടുത്തു കഴിഞ്ഞിരുന്നു. വീട്ടിലോട്ടു ഞാന്‌ തിരിഞ്ഞപ്പോള്‍ പ്രതീക്ഷയായി. മരണത്തില്‍ നിന്നും രക്ഷപെട്ടു എന്ന്‌ മനസ്സില്‍ പറഞ്ഞു. ആന നേരെ പോയി കാണുമല്ലോ? ഞാന്‍ ആശ്വസിച്ചു. തിരിഞ്ഞു നോക്കി ആനയും പടിഞ്ഞാറോട്ട്‌ തിരിയുന്നു. എല്ലാ കരുത്തും ആര്‍ജ്ജിച്ചു ഞാന്‌ ഓടി. പശുക്കള്‍ എന്റെ കൈയില്‍ നിന്നും ഭയം കൊണ്ട്‌ കുതിച്ചു ഓടി. പുറത്തു കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ എന്താണെന്ന്‌ അന്വേഷിക്കുവാന്‍ ഭാര്യ മുന്‍്‌ വാതില്‍ തുറന്നു മുറ്റത്തേക്കു ഇറങ്ങി. അകത്തേക്ക്‌ കയറുവാന്‍ ഭാര്യയോടു അലറി പറഞ്ഞു. കൂടെ ഞങ്ങളും മുന്‌ വാതിലിലൂടെ കയറി വാതില്‌ അടക്കുവാന്‌ തിരിഞ്ഞു. ആനക്ക്‌ ഞങ്ങളെ തന്നയാണ്‌ ഉന്നം.ഭയം കൊണ്ട്‌ കൂട്ടമായി അലറി കരഞ്ഞു. ഒരു കണക്കിന്‌ വാതിലിനു സാക്ഷാ ഇട്ടു. പഴയ വീടല്ലേ? മണ്‍കട്ടകൊണ്ട്‌ പണിത വീട്‌. മദം ഇളകി വരുന്ന ആന വീട്‌ തള്ളി തകര്‍ക്കുമെന്ന്‌ ഉറപ്പായി. ഞങ്ങള്‌ ഓട്ടം നിര്‌ത്തിയില്ല. കൊവേണിയില്‍്‌ കൂടി തട്ടും പുറത്തു ഒളിച്ചിരുന്നു. ജീവിതം അസ്‌തമിച്ചതുപോലെ തോന്നി. ആന വീട്ടില്‍ കയറും തള്ളി പൊളിക്കും? തട്ടും പുറത്തു നിന്ന്‌ വീഴുന്ന ഞങ്ങളെ ആന ചവിട്ടി കൊല്ലും? .. എല്ലാം മനസ്സില്‍ കൂടി കടന്നു പോയി. നിമിഷങ്ങള്‍ കടന്നു. മിനിറ്റുകള്‍ നീങ്ങി. എങ്ങനെ താഴോട്ട്‌ ഇറങ്ങും. ഞങ്ങള്‍ ഈശ്വരനോട്‌ കരഞ്ഞു പ്രാര്‍ത്ഥിച്ചു.

15 മിനിട്ട്‌ കഴിഞ്ഞപ്പോള്‌ മുന്‍വാതില്‍ ആരൊക്കെയോ മുട്ടുന്നു. ഇറങ്ങി വരുവാന്‍ ആരൊക്കെയോ പാറുന്നു. ഡ്രൈവര്‍ ജോസ്‌ എന്നെ വിളിച്ചു. അപ്പോഴാണ്‌ ഒരു ജീവന്‍ വീണതു. ഞങ്ങള്‍ വാതില്‍ തുറന്നു. ഞാന്‍ ആന എവിടെ എന്ന്‌ അന്വേഷിച്ചു. ജോസ്‌ ചൂണ്ടികാട്ടി . ആന എന്റെ വീടിനു മുന്‌ വശത്തുള്ള തെങ്ങ്‌ മരത്തില്‍്‌ തളച്ചിരിക്കുന്നു.

ആനയുടെ ഉടമസ്ഥന്‌ മുഹമ്മദു കുട്ടി തളച്ചിരിക്കുന്ന ആനയുടെ അടുത്ത്‌ ചെന്നു. ആനയുടെ തുമ്പി കൈയില്‍്‌ തലോടി. മദമിളകിയ ആന ഉടമസ്ഥനെ കണ്ടതും അടങ്ങിയതും പെട്ടന്നായിരുന്നു. മുഹമ്മദു കുട്ടി ആനപ്പാപ്പാന്‌ ജോണുകുട്ടിയെ വിളിച്ചു. അയാളുടെ കൈയില്‍ ഉണ്ടായിരുന്ന മടക്കു കത്തി വാങ്ങി.മൂന്നു ആനവാല്‍ മുറിച്ചു എന്നെ ഏല്‌പ്പിച്ചു. ആനവാല്‍ ധരിച്ചാല്‍ ഭയം പമ്പ കടക്കുമെന്നാണ്‌ പൂര്വികരുടെ വിശ്വാസം. മുഹമ്മദു കുട്ടി സമ്മാനിച്ച ആ ആനവാല്‌ കൊണ്ട്‌ പണിത മോതിരം എന്റെ വിരളില്‍ അണിയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മദമിളകിയ ആന ഞങ്ങളുടെ ജീവിതത്തില്‌ വിതറിയ ഭീതിയുടെ നിമിഷങ്ങള്‌ ഓര്‍ത്തു പോകും.

അനുഭവ കുറിപ്പ്‌ അയച്ചത്‌: എബി തോമസ്‌, ഡാലസ്‌.
ആനവാല്‍ മോതിരം (അനുഭവകുറിപ്പ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക