റാസല്‍ഖൈമ : പ്രവാസികളുടെ യാത്ര ദുരിതങ്ങളോടും മറ്റു പ്രശ്നങ്ങളോടും മുഖം തിരിഞ്ഞു
നില്ക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍
അനിവാര്യമാണെന്ന് പ്രവാസി ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയും സിപിഐ ദേശീയ നിര്‍വാഹക
സമിതി അംഗവുമായ കെ.ഇ. ഇസ്മയില്‍ പ്രസ്താവിച്ചു. യുവകലാസാഹിതി യുഎഇ സമ്മേളനം
മുഗള്‍ ഗഫൂര്‍ നഗറില്‍ (ഇന്ത്യന്‍ പബ്ലിക് സ്കൂള്‍) ഉദ്ഘാടനം ചെയ്തു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്ന് നിരവധി മന്ത്രിമാര്‍
കേന്ദ്ര ഗവണ്മെന്റില് പ്രതിനിധികള്‍ ആയിരുന്നിട്ടും കേരളത്തിലെ പ്രവാസികളോട്
മാത്രമുള്ള ഗവണ്മെന്റിന്റെ ചിറ്റമ്മ നയം നിര്‍ഭാഗ്യകരം ആണെന്ന് അദ്ദേഹം പറഞ്ഞു.
കാലങ്ങളായുള്ള യാത്ര ദുരിതം അനുഭവിക്കുന്ന പ്രവാസികളോട് കടുത്ത അവഗണനയാണ്
രാജ്യത്തിന്റെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ തുടരുന്നത്. പാസ്പോര്‍ട്ട്
പുതുക്കല്‍ നിരക്ക് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന
നിലപാടുകള്‍ കുറഞ്ഞ വേതനമുള്ള പ്രവാസികളെ ബാധിക്കുമെന്നും അദ്ദേഹം
കൂട്ടിചേര്‍ത്തു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസി
ക്ഷേമ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിനു
സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോര്‍ക്ക -റൂട്സ് ഡയറക്ട്ടര്‍
ഇസ്മയില്‍ റാവുത്തര്‍ മുഖ്യാഥിതി ആയിരുന്നു. നടനും യുവകലാസാഹിതി ജോയിന്റ്
സെക്രെട്ടറി ബാബു ചെരിഞ്ഞൂര്, ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.കെ. സലിം
എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍ വിനയചന്ദ്രന്, സലിം കാഞ്ഞിരവിള,വില്‍സണ്‍ തോമസ്
എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ഇ.ആര്. ജോഷി
പ്രവര്‍ത്തന റിപ്പോര്‍ട്ടും പി.എന്‍. വിനയചന്ദ്രന് ഭാവി പ്രവര്‍ത്തന രേഖയും അജിത്
വര്‍മ്മ വരവ് ചെലവു റിപ്പോര്‍ട്ടും പി.എം.പ്രകാശന് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും
അവതരിപ്പിച്ചു.
പൊതു ചര്‍ച്ചയില്‍ അനീഷ് നിലമേല്‍, മുജീബ് റഹ്മാന്
(ദുബായ്) പ്രശാന്ത് മണിക്കുട്ടന്, ശരവണന് (ഷാര്‍ജ) എം.സുനീര്‍, ഷക്കീല സുബൈര്‍,
(അബുദാബി) സലിം മുസ്തഫ(അല്‍ഐന്‍) രഞ്ജിത് കായംകുളം, മുരളി (മുസാഫ), പ്രദീപ്
പൊന്നാനി (അജ്മാന്), ശിഹാബ് (റാസല്‍ ഖൈമ) എന്നിവര്‍
പങ്കെടുത്തു.
കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, പ്രവാസികളോടുള്ള എയര്‍
ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. നജിമുദീന്‍, സ്വാഗതവും ചെയര്മാന് കെ.രഘു നന്ദന്
നന്ദിയും പറഞ്ഞു.