Image

വിഷ്ണുനാഥ് പറഞ്ഞതുപോലെ

Berly Thomas Published on 16 October, 2012
വിഷ്ണുനാഥ് പറഞ്ഞതുപോലെ

ജന്മാഷ്ടമിയോടനുബന്ധിച്ച് നാടെങ്ങും നടന്നുവരുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍ ഭാവിയില്‍ തീവ്രവാദികളായി മാറിയേക്കും എന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ് പറഞ്ഞതില്‍ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി എവിടെയോ വിഷ്ണുനാഥിന്‍റെ കോലം കത്തിച്ചു, അതോടെ യൂത്ത് കോണ്‍ഗ്രസ് ഇനി ആരുടെയും കോലം കത്തിക്കില്ല എന്നും വിഷ്ണുനാഥ് പ്രഖ്യാപിച്ചു.

ശോഭായാത്രയും തീവ്രവാദവും തമ്മില്‍ എങ്ങനെ ചേര്‍ന്നുപോകും എന്നെനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല. എങ്കിലും നമ്മള്‍ അതിന്‍റെ സാധ്യതകള്‍ പരിശോധിക്കണം. എന്തിന്‍റെയും സാധ്യത പരിശോധിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ തന്നെ തേടുന്നതാണ് നല്ലത്. പ്രോബബിലിറ്റി തിയറി എന്നൊക്കെ പറഞ്ഞ് പല സംവിധാനങ്ങളുമുണ്ട്. ഇത്തരുണത്തില്‍ വിഷ്ണുനാഥിന്‍റെ തിയറി മറ്റു മേഖലകളില്‍ അപ്ലൈ ചെയ്താല്‍ കിട്ടാവുന്ന സാധ്യതകള്‍ ഒന്നൊന്നായി താഴെ കൊടുക്കുകയാണ്. ഇവയൊക്കെ ശരിയാണെങ്കില്‍ നമുക്ക് വിഷ്ണുനാഥിന്‍റെ പ്രസ്താവന ശരിയാകാനുള്ള സാധ്യതകളും പരിശോധിക്കാം.

1. ക്രിസ്മസ് കരോളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഭാവിയില്‍ പള്ളീലച്ചന്‍മാരാകും

2. കെഎസ്‍യുവില്‍ ചേരുന്ന കുട്ടികള്‍ ഭാവിയില്‍ അഴിമതിക്കാരാവും

3. കായംകുളത്ത് ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പെരുങ്കള്ളന്‍മാരാവും

4. ഇറ്റലിയില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ ഭാവിയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമാരാവും

5. കളിയില്‍ തോറ്റാല്‍ പിണങ്ങിപ്പോകുന്ന കുട്ടികള്‍ ഭാവിയില്‍ പ്രതിരോധമന്ത്രിമാരാവും

6. കോഴി ബിരിയാണി തിന്നുന്ന കുട്ടികള്‍ ഭാവിയില്‍ മുസ്‍ലിം ലീഗില്‍ ചേരും

7. എന്തു ചോദിച്ചാലും മിണ്ടാത്ത കുട്ടികള്‍ ഭാവിയില്‍ പ്രധാനമന്ത്രിമാരാവും

8. ബെര്‍ളിത്തരങ്ങള്‍ വായിക്കുന്ന കുട്ടികള്‍ ഭാവിയില്‍ വീരശൂരപരാക്രമികളാകും

9. നിയമങ്ങളനുസരിക്കില്ലെന്നു പറയുന്ന കുട്ടികള്‍ ഭാവിയില്‍ വനംവകുപ്പ് മന്ത്രിമാരാവും

10.വൃത്തികേടു പറഞ്ഞു നടക്കുന്ന കുട്ടികള്‍ ഭാവിയില്‍ ന്യൂജനറേഷന്‍ തിരക്കഥാകൃത്തുക്കളാവും

അങ്ങനെ വിഷ്ണുനാഥിന്‍റെ തിയറി അപ്ലൈ ചെയ്താല്‍ ഇവിടെ പലരും പലതുമാകും എന്നു നമുക്ക് അനുമാനിക്കാം. എന്നാല്‍, ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ എട്ടാമത്തെ തിയറിയൊഴികെ മറ്റെല്ലാം അസംബന്ധമാണെന്നു നമുക്ക് മനസ്സിലാക്കാം. അപ്പോള്‍,ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളെ സംബന്ധിച്ച വിഷ്ണുനാഥിന്‍റെ പ്രസ്താവനയും അസംബന്ധമാണെന്നു കരുതി തള്ളിക്കളയാവുന്നതേയുള്ളൂ എന്നു സമാധാനിക്കാം

see reactions to Vishnunath

വിഷ്ണുനാഥ് മാപ്പ് പറയണം: ബാലഗോകുലം

ആലപ്പുഴ: ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ ഭഗവാന്റെ വേഷം കെട്ടുന്ന കുട്ടികള്‍ ഭാവിയില്‍ വര്‍ഗീയവാദികളാകുമെന്ന്‌ പറഞ്ഞ പി.സി.വിഷ്ണുനാഥ്‌ എംഎല്‍എ രാജിവെയ്ക്കണമെന്നും ഹിന്ദുസമൂഹത്തോട്‌ മാപ്പ്‌ പറയണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ ആവശ്യപ്പെട്ടു.
നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കി ഭാരതത്തെ തകര്‍ക്കാനും പാരമ്പര്യത്തെ തള്ളിപ്പറയാനും ശ്രമിക്കുന്ന രാജ്യദ്രോഹികള്‍ക്ക്‌ ഒത്താശ ചെയ്യാന്‍ മതഭീകരരുടെ വക്താവാകുകയാണ്‌ ബാലഗോകുലത്തെ ആക്രമിക്കുന്നതിലൂടെ വിഷ്ണുനാഥ്‌ ചെയ്യുന്നത്‌. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്‌ വേണ്ടി മതഭീകരവാദികളുടെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ നീക്കം ദേശദ്രോഹപരമാണ്‌. ഹൈന്ദവ ദര്‍ശനങ്ങളേയും ആചാരങ്ങളേയും ആക്ഷേപിക്കുന്ന എംഎല്‍എ സ്വന്തം പേരായ വിഷ്ണുനാഥ്‌ എന്ന പേരിന്‌ അര്‍ഹനല്ല. ആ പേര്‌ മാറ്റി പുതിയ പേര്‌ സ്വീകരിക്കേണ്ടതാണെന്നും എംഎല്‍എയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനത്തെപ്പറ്റി നിയമസഭാസമിതി അന്വേഷിക്കണമെന്നും സുശികുമാര്‍ ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ്സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിഷ്ണുനാഥ്‌

ആലപ്പുഴ: തന്റെ ഹിന്ദുത്വത്തിന് ആര്‍.എസ്.എസ്സിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഹിന്ദുസമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം പിന്തുണയുളള ആര്‍.എസ്.എസ്സും ഹിന്ദുഐക്യവേദിയും ഹിന്ദുക്കളുടെ കുത്തകാവകാശം ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിലെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച് നടത്തിയിരുന്ന ശ്രീകൃഷ്ണ ജയന്തിയാഘോഷം സംഘപരിവാര്‍ ഹൈജാക്ക് ചെയ്തുവെന്നാണ് താന്‍ വിമര്‍ശിച്ചത്.

വിഷ്ണുനാഥ് മാപ്പുപറയണം- ബി.എം.എസ്.

ആലപ്പുഴ: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഭാവിയില്‍ വര്‍ഗീയവാദികളായി മാറുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരള ജനതയോട് മാപ്പുപറയണമെന്ന് ബി.എം.എസ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. രാജശേഖരന്‍, പി.ബി. പുരുഷോത്തമന്‍, വി.കെ. ശിവദാസ്, കെ. പ്രദീപ്, യു.ആര്‍. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക