Image

വഴിപോക്കര്‍ (കവിത) - വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 19 October, 2012
വഴിപോക്കര്‍ (കവിത) - വാസുദേവ് പുളിക്കല്‍
എനിക്ക് വഴിയറിയാമായിരുന്നു
എന്നിട്ടും അവള്‍ ചോദിച്ചപ്പോള്‍
പറയാന്‍ കഴിഞ്ഞില്ല…
കാരണം അവളും ഞാനും
ഒരിക്കല്‍ ഒരുമിച്ചു നടന്നവരായിരുന്നു.
ഇടക്കെവിടേയോ ഞങ്ങള്‍ക്ക് വഴി തെറ്റി
ഞങ്ങള്‍ നടന്നകന്നു, നടന്നലഞ്ഞു
വീണ്ടും കണ്ടുമുട്ടിയപ്പോള്‍
ഞാനെന്റെ വഴി കണ്ടെത്തിയിരുന്നു
ആ വഴിയാണ് അവള്‍ ചോദിച്ചത്
അതു പറയാന്‍ ഞാന്‍ വിമുഖനായപ്പോള്‍
ഒരു വഴിയുമില്ലാത്ത അവള്‍ ഖിന്നയായി
അവളുടെ കണ്ണുകള്‍ മഴ പെയ്തു
അവളുടെ ശ്വാസം കൊടുങ്കാറ്റായി
എന്റെ വഴിയില്‍ ഒരു കരിയിലയും
അകലെ ഒരു മണ്ണാങ്കട്ടയും
അവള്‍ പറഞ്ഞു വഴിയേക്കാള്‍
വഴിയറിയുക അതേ വഴിയുള്ളു
എന്നിട്ടവള്‍ ഒരു കരിയിലപോലെ പറന്നുപോയി
മണ്ണാങ്കട്ടപോലെ ഞാനലിഞ്ഞുപോയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക