Image

ഇത്‌ നാണക്കേട്‌ തന്നെ സഖാവേ....

Published on 20 October, 2012
ഇത്‌ നാണക്കേട്‌ തന്നെ സഖാവേ....
സിപിഎം കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയെന്നാണ്‌ പൊതുവേയുള്ള ധാരണ. അത്‌ ശരിയായിരുന്നുവെന്ന്‌ പഴയ സഖാക്കളൊക്കെ ആണയിട്ടു പറയും. പക്ഷെ ഇപ്പോഴതൊരു പഴങ്കഥ മാത്രമാണെന്ന്‌ ജനത്തിന്‌ നന്നായിട്ടറിയാം. സ്ഥിരം രാഷ്‌ട്രീയ നാടകങ്ങളുടെ പ്രധാന തട്ടകമായി സിപിഎം തകര്‍ന്നു വീണിട്ട്‌ എത്രയോ കാലമായിരിക്കുന്നു. സംഘടന എന്നത്‌ ഒരു നേതാവിലേക്ക്‌ ചുരുങ്ങുമ്പോഴുള്ള കാര്യമാണ്‌ ഇവിടെ പ്രത്യേകം പരാമര്‍ശ വിധേയമാകുന്നത്‌. ഒരു രാജാവും അയാളെ പിന്താങ്ങുന്ന ചില നാടുവാഴികളും എന്ന അവസ്ഥ ഒരു പാര്‍ട്ടിക്ക്‌ വന്നു ചേര്‍ന്നാല്‍ എന്താണ്‌ ഉണ്ടാവുക എന്ന്‌ സി.പി.എം അതിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ടു തന്നെ വ്യക്തമാക്കുന്നുണ്ട്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ വി.എസ്‌ അച്യുതാനന്ദന്റെ പരസ്യമായ മാപ്പു പറച്ചില്‍.

സിപിഎം രൂപം കൊടുത്തവരില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവാണ്‌ വി.എസ്‌. ജനവിശ്വാസം നേടിയ അദ്ദേഹത്തിന്റെ നിലപാടുകളെ തെറ്റായി ചൂണ്ടിക്കാട്ടി അദ്ദേഹത്തെക്കൊണ്ട്‌ പരസ്യമായി മാപ്പുപറയിച്ചിരിക്കുന്നു ആ പാര്‍ട്ടി. ഇതില്‍ പരം ആ സംഘടനയില്‍ ജനാധിപത്യ പരമായി ഒന്നും അവശേഷിക്കുന്നില്ല എന്ന്‌ മനസിലാക്കാന്‍ വിഷയങ്ങള്‍ വേണമെന്ന്‌ തോന്നുന്നുമില്ല.

മൂന്ന്‌ വിഷയങ്ങളിലാണ്‌ വി.എസ്‌ തന്റെ തെറ്റുകള്‍ ഏറ്റു പറഞ്ഞത്‌. അതില്‍ പ്രധാനം കൂടംകുളം വിഷയം. കൂടംകുളം വിഷയത്തില്‍ സമരസമതിക്ക്‌ അനുകൂലമായും അണവ നിലയത്തിന്‌ എതിരായും നിലപാട്‌ സ്വീകരിച്ചിരുന്നയാളാണ്‌ വി.എസ്‌.. എന്നാല്‍ സിപിഎം സ്വീകരിച്ച നിലപാട്‌ ജനങ്ങളുടെ ആശങ്കയകറ്റി കൂടംകുളം നിലയം കമ്മീഷന്‍ ചെയ്യാമെന്നായിരുന്നു. ആണവ വിഷയം എന്നത്‌ ഒരിക്കലും അന്തിമമായി തീര്‍പ്പു കല്‍പ്പിക്കാവുന്ന ഒന്നല്ല മറിച്ച്‌ ശാസ്‌ത്ര വിഷയമായതിനാല്‍ അതില്‍ തുടര്‍ ചര്‍ച്ചകളും പുതിയ സമീപനങ്ങളും നയമാറ്റങ്ങളും എപ്പോഴും ആവിശ്യമായി വരും എന്നാണ്‌ ആദ്യംമുതല്‍ തന്നെ വി.എസ്‌ ചൂണ്ടിക്കാട്ടിയിരുന്നത്‌. ഈ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാണ്‌ അദ്ദേഹം ആണവ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്‌. എന്നാല്‍ വി.എസ്‌ മുന്നോട്ടു വെച്ച്‌ ഈ ആശയത്തെ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ ഒരു ഫോറവും തയാറായില്ല. മറിച്ച്‌ വി.എസ്‌ കൂടംകുളത്തേക്ക്‌ പോകാന്‍ ശ്രമിച്ചു എന്നതാണ്‌ പാര്‍ട്ടി തെറ്റായി കണ്ടെത്തിയത്‌. ഇതില്‍ എവിടെയാണ്‌ ജനാധിപത്യ മര്യാദകള്‍ ഉള്ളത്‌. സിപിഎം എന്താണ്‌ ഉദ്ദേശിക്കുന്നതെന്നത്‌ ഇവിടെ ലളിതമാണ്‌. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം തീരുമാനിച്ച ഒരു അജണ്ട, യാതൊരു ചര്‍ച്ചകള്‍ക്കും സ്ഥാനമില്ലാതെ നടത്തിയെടുക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അതിന്റെ അവസാനമായിരുന്നു വി.എസിന്റെ പരസ്യമായ മാപ്പു പറച്ചില്‍.

അതുപോലെ തന്നെയാണ്‌ ടി.പി ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വിഷയത്തിലും വി.എസ്‌ തെറ്റ്‌ ഏറ്റു പറയേണ്ടി വന്ന സാഹചര്യം. ഒരു മരണ വിട്ടില്‍ ആശ്വസവാക്ക്‌ പറയാനെത്തിയ മനുഷ്യന്‍ എന്ന പരിഗണന പോലും കൊടുക്കാതെ മാപ്പ്‌ പറഞ്ഞു കൊള്ളണം എന്ന്‌ തീരുമാനിക്കപ്പെട്ടപ്പോള്‍ ഇതില്‍ എവിടെയാണ്‌ മാനവികതയുള്ളത്‌. ഇവിടെ ചര്‍ച്ചയാവേണ്ടത്‌ വി.എസ്‌ ആണോ ശരി, അതോ പാര്‍ട്ടി നിലപാടുകളാണോ എന്നതല്ല. പാര്‍ട്ടിയില്‍ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നുണ്ടോ എന്നതാണ്‌. പ്രത്യേകിച്ചും ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിനു ശേഷം പാര്‍ട്ടിയിലെ ജനാധിപത്യത്തെ സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഇങ്ങനെ കടന്നു വന്നുകൊണ്ടിരിക്കുന്നു.

ഇനി സി.പി.എമ്മിലെ ഒരു പഴയ ചരിത്രം പറയാം. അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ചടയന്‍ ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലം. ആയിടക്ക്‌ അദ്ദേഹത്തിന്റെ ഇളയമകന്‍ സുഭാഷിന്‌ കണ്ണൂര്‍ ദേശാഭിമാനി യൂണിറ്റി റിസപ്‌ഷനിസ്റ്റായി ജോലി കൊടുത്തു. എന്നാല്‍ ചടയന്റെ മകന്‌ പാര്‍ട്ടി സ്ഥാപനത്തില്‍ ജോലി നല്‍കിയതിനെതിരെ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള കമ്പില്‍ ടൗണില്‍ പാര്‍ട്ടി സഖാക്കള്‍ ബോര്‍ഡുകളും പോസ്റ്ററുകളം സ്ഥാപിച്ചു. താഴേക്കിടയിലുള്ള പാര്‍ട്ടി അംഗങ്ങള്‍ അവരുടെ പ്രതിഷേധവും അറിയിച്ചു. ഒട്ടും താമസിക്കാതെ തന്നെ ചടയന്‍ ഗോവിന്ദന്‍ മകനോട്‌ രാജിവെക്കാനും പറഞ്ഞു. ചടയന്‍ ഗോവിന്ദന്റെ മകന്‌ ഒരു സാധാരണ റിസപ്‌ഷനിസ്റ്റിന്റെ ജോലി കൊടുത്തു എന്നതില്‍ യാതൊരു സുതാര്യതയുടെ പ്രശ്‌നവുമില്ലായിരുന്നു. തുശ്ചമായ ശബളം മാത്രമുള്ള ഒരു സാധാരണ ജോലി. എന്നിട്ടും അണികള്‍ക്കിടിയില്‍ അതൊരു പ്രതിഷേധത്തിലേക്ക്‌ വന്നപ്പോള്‍ ചടയന്‍ ഗോവിന്ദന്‍ വിളറിപിടിച്ചില്ല. മറിച്ച്‌ മകനോട്‌ ജോലി ഉപേക്ഷിച്ചേക്കുവാന്‍ പറഞ്ഞു. `ഒളിക്യാമറകള്‍ പറയാത്തത്‌' എന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണിത്‌. ഇത്‌ വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു ചരിത്രം. ഏത്‌ വിഷയത്തിലും പ്രതിഷേധം പ്രകടിപ്പിക്കാനും, പാര്‍ട്ടി സെക്രട്ടറിയോട്‌ തന്നെ വിയോജിക്കാനും, പാര്‍ട്ടി സെക്രട്ടറിയുടെ വ്യക്തി ജീവിതം പോലും ഭൂതക്കണ്ണാടി വെച്ചു നോക്കുവാനും അണികള്‍ക്ക്‌ സ്വാതന്ത്രമുണ്ടായിരുന്ന ഒരു കാലമായിരുന്നു അത്‌. പ്രതിഷേധത്തെ അംഗീകരിക്കാനുള്ള സഹിഷ്‌ണുതയും അന്ന്‌ പാര്‍ട്ടിയിലുണ്ടായിരുന്നു. വ്യക്തിപരമായ വിര്‍ശനങ്ങളെ പോലും പാര്‍ട്ടി നേതാക്കള്‍ ഗൗരവമായി കണ്ടിരുന്നു. എന്നാലിന്നോ പാര്‍ട്ടി നേതൃത്വം പറയുന്നതിന്‌ അപ്പുറം ഒരു വിമര്‍ശനവും പാടില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഇതാണ്‌ ജനാധിപത്യ വിരുദ്ധ പ്രവണതയായി സിപിഎമ്മിനുള്ളില്‍ വളര്‍ന്നു വന്നിരിക്കുന്നത്‌.

ഇതേ സമയം നേതൃത്വത്തിന്റെ ഈ തെറ്റായ രീതികളെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചെറുക്കുന്ന ഒരു വിമത പക്ഷം ഇപ്പോള്‍ ഏറെ സജീവമാണ്‌. അതിന്റെ അമരക്കാരനാണ്‌ വി.എസ്‌ അച്യുതാനന്ദന്‍. വി.എസിന്റെ വിമത നിലപാടുകള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയകളികളാണെങ്കില്‍ കൂടി അത്‌ അണികള്‍ മുതല്‍ ബുദ്ധിജീവികളില്‍ വരെ പ്രകടമായി നില്‍ക്കുന്ന വിമത പക്ഷത്തെ ശക്തിപ്പെടുത്തുന്നാണ്‌. അച്ചടക്ക നടപടി ഉപയോഗിച്ചാണ്‌ എന്നും നേതൃത്വം ഈ വിമത പക്ഷത്തെ വെട്ടിനിരത്തിപ്പോരുന്നത്‌. എന്നാല്‍ അച്ചടക്ക നടപടിയൊന്നും ഈ വിമത ശബ്‌ദങ്ങളെ ഒതുക്കാന്‍ പര്യാപ്‌തമല്ലെന്നും അതിനെ വലിയൊരു അണകെട്ടി ചെറുക്കേണ്ടതുണ്ടെന്നും നേതൃത്വം തിരിച്ചറിയുന്നിടത്താണ്‌ വി.എസിന്റെ പരസ്യമായ മാപ്പു പറച്ചിലിന്‌ കളമൊരുങ്ങിയത്‌.

അതായത്‌ സിപിഎമ്മിനെ ധിക്കരിക്കുന്ന ഒരു സമൂഹം പാര്‍ട്ടി അനുഭാവ മേഖലകളില്‍ തന്നെ വളര്‍ന്നു വന്നു തുടങ്ങി എന്നത്‌ പാര്‍ട്ടി വ്യക്തമായി മനസിലാക്കി കഴിഞ്ഞു. പല മേഖലകളിലേക്ക്‌ കടന്നിരിക്കുന്ന അതിന്റെ വര്‍ഗ ബഹുജന സംഘടനകളിലേക്ക്‌ വിമതപക്ഷം ശക്തിയാര്‍ജ്ജിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ക്ക്‌, പാര്‍ട്ടിക്കുള്ളിലെ ബുദ്ധി ജീവികള്‍ക്ക്‌, എഴുത്തുകാര്‍ക്ക്‌ ഇന്നത്തെ സിപിഎം നേതൃത്വത്തിന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതാണ്‌ യഥാര്‍ഥ്യം. അപ്പോള്‍ എതിര്‍പ്പുകള്‍ വരുന്നു. കവികളും എഴുത്തുകാരും, ആക്‌ടിവിസ്റ്റുകളും സിപിഎമ്മിനെ ആവും വിധം വിമര്‍ശിക്കുന്നു. മാധ്യമങ്ങളും സ്ഥാപിത താത്‌പര്യങ്ങളുണ്ടെങ്കില്‍ കൂടി സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍ ഇതിനെയൊന്നും ഭയന്ന ചരിത്രം സിപിഎമ്മിന്‌ ഇതുവരെയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അണികള്‍ക്കിടയിലെ എതിര്‍പ്പ്‌ സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്‌. വി.എസിനെ ഒതുക്കുമ്പോഴെല്ലാം സാധാരണ അണികള്‍ പോസ്റ്ററെഴുതിയും പ്രകടനം നടത്തിയും എപ്പോഴും പ്രതിഷേധിച്ചു പോന്നത്‌ കഴിഞ്ഞകാലം വരെ അച്ചടക്ക നടപടിയെടുത്ത്‌ ഒതുക്കാമായിരുന്നു. പിന്നീട്‌ ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിനു ശേഷം സിപിഎമ്മിനെതിരെ വളര്‍ന്നു വന്ന ബഹുജനകൂട്ടായ്‌മയാണ്‌ സിപിഎമ്മിന്റെ നേതൃത്വത്തെ ശരിക്കും ഭയപ്പെടുത്തിയത്‌.

അതിനെയും കടത്തി വെട്ടുന്നതായിരുന്നു മൂണ്ടൂര്‍ സംഭവം. ഗോകുല്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന്‌ ഒതുക്കി പുറത്തു കളയാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം മുണ്ടൂരിനെ മറ്റൊരു ഒഞ്ചിയമാക്കുന്നിടത്തോളം എത്തി. പാര്‍ട്ടിയെ എതിര്‍ത്ത്‌ അഞ്ചായിരത്തോളം വരുന്ന ഉറച്ച കമ്മ്യൂണിസ്റ്റുകാര്‍, നിരവധി സ്‌ത്രീകളടക്കം, ഒരു ചെറിയ പ്രദേശത്തു നിന്നു മാത്രം മുന്നോട്ടു വന്നു. അവര്‍ കോടിയേരി ബാലകൃഷ്‌ണന്‍ എന്ന പോളിറ്റ്‌ബ്യൂറോ മെമ്പറെ പാര്‍ട്ടി പരിപാടി കഴിഞ്ഞ്‌ പോകുന്ന വഴി തെരുവില്‍ തടയുന്നതുവരെയെത്തി കാര്യങ്ങള്‍. അവസാനം ഔദ്യോഗിക പക്ഷത്തിന്‌ മുട്ടുകുത്തേണ്ടി വന്നു.

സിപിഎമ്മിനെ ഏറ്റവും ശക്തമായി ഞെട്ടിച്ചു കളഞ്ഞത്‌ യഥാര്‍ഥത്തില്‍ മൂണ്ടൂര്‍ തന്നെയാണ്‌. ടിപി വധക്കേസിനു ശേഷമുള്ള വന്‍ എതിര്‍പ്പുകള്‍ പോലും അവഗണിച്ചു മുന്നേറിയ പിണറായി പോലും മുണ്ടൂരിലെ അണികള്‍ക്കിടയില്‍ കണ്ട എതിര്‍പ്പ്‌ കണ്ട്‌ അത്ഭുതപ്പെട്ടു കാണും. അണികള്‍ ധൈര്യപൂര്‍വ്വം ഇത്രത്തോളം തിരിഞ്ഞു നിന്ന ചരിത്രം സിപിഎമ്മിന്‌ ഇതുവരെയുണ്ടായിട്ടില്ല.

അവിടെ നിന്നാണ്‌ വി.എസിനെക്കൊണ്ട്‌ പരസ്യമായി കുറ്റസമ്മതം നടത്തിക്കുക എന്ന ഗൂഡാലോചന ആരംഭിക്കുന്നത്‌. ഒഞ്ചിയമായാലൂം മൂണ്ടൂരായാലും ഏത്‌ വിമത പക്ഷമായാലും ശരി, സിപിഎമ്മിനെതിരെ വിമത ശബ്‌ദമുയര്‍ത്തുന്നവരുടെ പ്രധാന പ്രചോദനം വി.എസ്‌ തന്നെയാണ്‌. പാര്‍ട്ടി സെക്രട്ടറിയെ പത്രസമ്മേളനം വിളിച്ച്‌ എതിര്‍ക്കാന്‍ വി.എസ്‌ കാണിച്ച ചങ്കുറ്റമാണ്‌ സാധാരണ അണികളെ പ്രചോദിപ്പിച്ചു പോന്നത്‌. വി.എസ്‌ നടത്തുന്നതൊക്കെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയലാഭത്തിനു വേണ്ടിയുള്ള കളികളാവാം. പക്ഷെ അത്‌ പാര്‍ട്ടിയുടെ വേരുകളിലേക്ക്‌ എത്രത്തോളം ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു എന്ന്‌ സിപിഎം യഥാര്‍ഥത്തില്‍ മനസിലാക്കിയ കുറച്ചു മാസങ്ങളാണ്‌ കടന്നു പോയത്‌. ടിപിയുടെ വധത്തിനു ശേഷമുണ്ടായ പാര്‍ട്ടി വിരുദ്ധ കലാപം അതിന്റെ തുടക്കമായിരുന്നെങ്കില്‍ മുണ്ടൂരിലെ വിമത ശബ്‌ദം അതിന്റെ ഏറ്റവും പുതിയ അടയാളമായിരുന്നു.

ഇതിനെ നിശബ്‌ദമാക്കാന്‍ പാര്‍ട്ടിക്ക്‌ ഒറ്റ വഴിമാത്രമേ നിലവിലുള്ളു. അത്‌ വി.എസിനെക്കൊണ്ട്‌ വിമത ശബ്‌ദം ഒരു തെറ്റായിരുന്നുവെന്ന്‌ ഏറ്റു പറയിക്കുക. വി.എസ്‌ സ്വമനസാലെ പറഞ്ഞതല്ല എന്ന്‌ എല്ലാവര്‍ക്കുമറിയാം. കടുത്ത സമര്‍ദ്ദങ്ങള്‍ക്ക്‌ പുറത്താണ്‌ വി.എസ്‌ കുറ്റമേറ്റു പറഞ്ഞത്‌. ഇവിടെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തോളം തന്നെ വി.എസും ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകാണ്‌.

കാരണം ഇതുവരെ വി.എസിന്റെ ശബ്‌ദങ്ങളെ ആവേശത്തോടെ ഉള്‍ക്കൊണ്ട ഒരു ജനതയെ നിരാശപ്പെടുത്തുന്നതാണ്‌ വി.എസിന്റെ തെറ്റ്‌ ഏറ്റുപറച്ചിലുകള്‍. ഇത്‌ ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ല മറിച്ച്‌ സിപിഎമ്മിലുള്ള പ്രതീക്ഷകള്‍ വീണ്ടും കെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. വി.എസിനെക്കൊണ്ട്‌ മാപ്പു പറയിച്ചവരോടും, സമര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി മാപ്പു പറഞ്ഞ വി.എസിനോടും ഒന്നേ പറയേണ്ടതുള്ളു, ഇത്‌ വലിയ നാണക്കേണ്ട്‌ തന്നെ...
ഇത്‌ നാണക്കേട്‌ തന്നെ സഖാവേ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക