Image

ആ വനിതാ പെലറ്റ് വിമാനം പറത്താന്‍ യോഗ്യയല്ല

Published on 19 October, 2012
ആ വനിതാ പെലറ്റ് വിമാനം പറത്താന്‍ യോഗ്യയല്ല
(photo Desabhimani)

ആറ്റു നോറ്റു നാട്ടിലേക്ക് പോയ ഗള്‍ഫ് യാത്രക്കാരെ വിമാന റഞ്ചികളാക്കുകയും പോലിസിന്റെ തല്ല് കൊള്ളിക്കുകയും ചെയ്ത വനിതാ പൈലറ്റിനെതിരെ നടപടി എടുക്കണം.
യാത്രക്കരെ മര്‍ദിച്ച പുങ്കന്‍ പോലിസിനെതിരെയും ശക്തമായ നടപടി വേണം.
കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ പറ്റാത്തത്ര മഞ്ഞ് ഉണ്ടാകാറുണ്ടോ? തിരുവനന്തപുരത്തേക്കു വിമാനം തിരിച്ച് വിട്ടാല്‍ യാത്രക്കാരെ കൊച്ചിയിലെത്തിക്കേണ്ട ചുമതല എയര്‍ ഇന്ത്യക്കില്ലേ?
ബഹളം വച്ച യാത്രക്കരെ നല്ല വാക്കു പറഞ്ഞു സമാധാനിപ്പിക്കേണ്ടതിനു പകരം വിമാനം റാഞ്ചി എന്നു സന്ദേശം കൊടുത്ത വനിതാ പൈലറ്റ്, വിമാനം പറത്താന്‍ യോഗ്യയാണോ? ഗുരുതരമായ ഒരു പ്രതിസന്ധിയില്‍ എങ്ങനെ ആയിരിക്കും അവര്‍ പ്രതികരിക്കുക?
പൈലറ്റുമാര്‍ വല്യ പുള്ളികള്‍ ആണെന്ന ഒരു ധാരണ ഇന്ത്യയില്‍ ഉണ്ട്. മുന്‍ എം.പി വഹാബ് പറഞ്ഞതു പോലെ അവര്‍ വിമാനത്തിന്റെ ഡ്രെവര്‍മാര്‍ മാത്രമാണു. പണ്ട് കാറും ബസും ഓടിത്തുടങ്ങിയപ്പോഴും ഡ്രൈവര്‍മാര്‍ വല്യ പുള്ളികളായിരുന്നു. പക്ഷെ ഇന്നോ?
പൈലറ്റുമാരുടെ ക്രൂരക്രുത്യങ്ങളെപറ്റി എഞ്ചിനിയര്‍ ജേക്കബ് ഫിലിപ്പ് നേരത്തെ Eമലയാളിയില്‍ എഴുതിയ
ലേഖനം താഴെ. കൂടാതെ ബെര്‍ലി തോമസ് വക ലേഖനവും.

Jacob Philip
പി. മിറാന്‍ഡ ഇപ്പോള്‍ എവിടെയായിരിക്കും ?
2008 മാര്‍ച്ച് 29 ശനിയാഴ്ച കാലത്ത് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 243 യുടെ തൊട്ടു മുന്നില്‍ തൊഴുകൈയ്യോടെ നിന്ന് കോക്പിറ്റിലേക്ക് നോക്കി വാവിട്ടു കരഞ്ഞ മിറാന്‍ഡ.
കരച്ചിലിനിടയില്‍ സുരക്ഷാ ജീവനക്കാര്‍ പിടിച്ചു വലിച്ച് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കൊണ്ടു പോയ മിറാന്‍ഡ.
8.45 ന് പുറപ്പെടേണ്ടിയിരുന്ന ബഹ്‌റിന്‍ വിമാനത്തില്‍ പോകേണ്ട് പി. മിറാന്‍ഡ എന്നൊരാള്‍ ഇനിയുമെത്തിയില്ല എന്ന് 8.35 ന് ഹോസ്‌റ്‌സ് പെണ്‍കിടാവ് അറിയിച്ചപ്പോള്‍ അയാളെ ഇനി നോക്കേണ്ട എന്ന് ക്യാപ്റ്റന്‍ കല്‍പ്പിച്ചിരുന്നുവത്രേ. എന്നാല്‍ മിറാന്‍ഡ ഓടിക്കിതച്ചെത്തി കോണിച്ചുവട്ടില്‍
ഹാജരായതും അതേനിമിഷമായിരുന്നു. പെണ്‍കിടാങ്ങള്‍ സീറ്റ് കാട്ടിക്കൊടുക്കുകയും ചെയ്തു.
കല്‍പ്പന കല്ലു പിളര്‍ക്കാതെ പോയ കഥ ക്യാപ്റ്റന്‍ കപൂര്‍ അറിഞ്ഞപ്പോഴോ?
ഇറക്കി വിട്ട് വാതിലടയ്ക്ക് എന്ന് ക്ഷുഭിതമായ രണ്ടാം കല്‍പ്പന ആ നിമിഷം മിറാന്‍ഡയെ സീറ്റില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് താഴെ തണുത്ത കോണ്‍ക്രീറ്റ് നിലത്ത് തള്ളുക തന്നെ ചെയ്തു.
കോക്പിറ്റിന്റെ ഔന്നത്യത്തിലിരിക്കുന്ന ആകാശത്തെ ഇരട്ട രാജകുമാരന്‍മാരുടെ ദയവിനായി കൈ കൂപ്പി താഴെ ഭൂമിയേക്കാളും താഴ്ന്നു കരഞ്ഞപേക്ഷിക്കുന്ന മനുഷ്യരൂപത്തെ കണ്ടിരിക്കാനാവാതെ യാത്രക്കാര്‍
നോട്ടം മാറ്റുമ്പോള്‍ വിമാനം ഉരുണ്ടു തുടങ്ങുകയും ചെയ്തു.
അന്നെത്തിയില്ലെങ്കില്‍ ആശിച്ചു മോഹിച്ചു കിട്ടിയ ഗള്‍ഫ് പണി നഷ്ടമാകുമായിരിക്കാം, അല്ലെങ്കില്‍ വീസയുടെ കാലാവധി അന്ന് അവസാനിക്കുകയായിരുന്നിരിക്കാം. എന്തായാലും മുതിര്‍ന്ന ഒരു മനുഷ്യന്‍
ഇത്രപേരുടെ മുമ്പില്‍ ഇത്ര ദയനീയമായി കരഞ്ഞ് അപേക്ഷിക്കുന്നത് ആദ്യമായി കാണുകയായിരുന്നു എന്ന ഒരു യാത്രക്കാരന്റെ 'ഉദ്ധരണിയും' ദേശീയദിനപ്പത്രത്തില്‍ അടിച്ചു വന്നു.
സങ്കടത്തിന്റെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പി. മിറാന്‍ഡ പോയ്മറഞ്ഞത് എവിടേക്കായാലും ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഇന്ന് നിലകിട്ടാതെ മുങ്ങിപ്പൊങ്ങുന്നത് നിസ്സഹായരുടെയും ബലഹീനരുടേയും കണ്ണീരിലുമാണ് എന്നതാണ് വാസ്തവം.
പണി കിട്ടി നാലാം കൊല്ലമാകുമ്പോഴേക്ക് മാസം നാലുലക്ഷത്തില്‍ കൂടുതല്‍ രൂപ കിട്ടുന്ന കമാന്‍ഡര്‍ പദവിയിലെത്തുന്ന, കാശുള്ള വീട്ടിലെ പിള്ളേരാണ് ഇന്ന് എയര്‍ലൈനുകളിലെ ക്യാപ്റ്റന്‍മാരിലേറെയും.
മിക്കവരുടേയും പ്രായം മുപ്പതില്‍ താഴെ. പന്ത്രാം ക്‌ളാസ്, അല്ലെങ്കില്‍ പരമാവധി പോയാല്‍ ബിരുദം. തീര്‍ന്നു വിദ്യാഭ്യാസ യോഗ്യത. ലോകമെന്തെന്നറിയില്ല. നല്ല പുസ്തകങ്ങള്‍ വായിക്കില്ല.
വ്യോമയാനമേഖലയുടെ ആഗോള വാര്‍ത്താവിനിമയ മാര്‍ഗമായ ഇംഗ്‌ളീഷ് ഭാഷ പോലും നല്ലവണ്ണമറിയില്ല. എല്ലാറ്റിലുമുപരി, ജീവിതമെന്ന ദുരിതക്കടല്‍ താണ്ടിത്തീര്‍ക്കാന്‍ രാപ്പകല്‍ തുഴയുന്ന കോടാനുകോടി മനുഷ്യര്‍ ഈ നാട്ടിലുണ്ട്് എന്ന് ചെറിയൊരു ഊഹം പോലുമില്ല.
പൈലറ്റുമാരുടേയും പൈലറ്റാകാന്‍ പരിശ്രമിക്കുന്നവരുടെയും അനേകം ഫോറങ്ങളുണ്ട്് ഇന്ന് ഇന്റര്‍നെറ്റില്‍.
മേല്‍പ്പറഞ്ഞതില്‍ സംശയമെന്തെങ്കിലുമുെങ്കില്‍ ഈ ഫോറങ്ങളില്‍ നവ പൈലറ്റുകളും പൈലറ്റാകാന്‍ ആറ്റുനോറ്റിരിക്കുന്നവരും കുറിച്ചിടുന്നതൊക്കെ ഒന്ന് ഓടിച്ചു വായിച്ചാല്‍ മതി.
സെറിബ്രല്‍ പാള്‍സി എന്ന ബലഹീനാവസ്ഥയെ നിശ്ചയദാര്‍ഢ്യം കൊു പൊരുതിക്കീഴടക്കിയ ജീജ ഘോഷ് എന്ന കൊല്‍ക്കത്തക്കാരി അധ്യാപികയെ ഫെബ്രുവരി 19 ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത് ഉത്പ്രഭ് തിവാരി എന്ന ക്യാപ്റ്റന്റെ ഒരേയൊരു പിടിവാശി മൂലമായിരുന്നു. വിമാനത്തില്‍ വന്നിരുന്ന ജീജയെ എപ്പോഴോ കണ്ട തിവാരി പറഞ്ഞുവിട്ടതനുസരിച്ച് എയര്‍ഹോസ്റ്റസ് ജീജയെ നയത്തില്‍ ഓരോന്നു പറഞ്ഞിറക്കി കൊണ്ടു പോവുകയായിരുന്നു.
ലോകമെങ്ങും വിവിധ എയര്‍ലൈനുകളില്‍ അനേകം തവണ യാത്ര ചെയ്തിട്ടുള്ള ജീജയ്ക്ക് ഈ പരസ്യമായ അപമാനം സഹിക്കാവുന്നതിലുമപ്പുറമായി. സെറിബ്രല്‍ പാള്‍സി എന്ന വാക്ക് ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടുായിരിക്കില്ലെന്നുറപ്പാണ്, ജീജയെ മനോരോഗി എന്നുറപ്പിച്ച ആ പൈലറ്റ് പയ്യന്‍.
വിദ്യാസാഗര്‍ എന്ന സന്നദ്ധസംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാജീവ് രാജനെ എയര്‍ സഹാറ വിമാനത്തില്‍ (ഇപ്പോള്‍ ജെറ്റ് ലൈറ്റ്) കയറ്റാന്‍ വിസമ്മതിച്ചത് 2007 ഓഗസ്റ്റിലായിരുന്നു. സെറിബ്രല്‍ പാള്‍സി കുഴപ്പമുണ്ടാക്കുന്ന അസുഖമല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു അന്നത്തെ പൈലറ്റിന്റെ ആവശ്യം.
ജീജയെ സ്‌പൈസ് ജെറ്റ് പൈലറ്റ് ഇറക്കി വിട്ടതിന്റെ പ്രതിഷേധം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴാണ്, ഫബ്രുവരി 19 ന് ടാറ്റാ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിയായ ടോണി കുര്യന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്ര നിഷേധിച്ചത്. ടോണിയുടെ അപരാധം: അന്ധത.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായ മുഹമ്മദ് ആസിഫ് ഇകബ്ാലിനെ വിമാനത്തില്‍ കയറ്റണമെങ്കില്‍, യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകില്ല എന്നൊരു മുദ്രപ്പത്രം എഴുതിത്തരണമെന്ന് കിങ്ഫിഷര്‍ റെഡ് കഴിഞ്ഞ കൊല്ലം ജൂണില്‍ വാശിപിടിക്കാന്‍ കാരണവും ആസിഫിന് കാഴ്ചയില്ല എന്നതായിരുന്നു.
പ്രവീണ്‍ പാവുലുരി എന്ന ഹൈദരാബാദുകാരന്‍ വ്യവസായിയെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഈ ജനുവരി 23 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് പിടിച്ചിറക്കി വിട്ടത് പറഞ്ഞില്ലെങ്കില്‍ ഇക്കഥകള്‍ പൂര്‍ണമാകില്ല. വിമാനത്തില്‍ കയറാന്‍ ഏറോബ്രിജില്‍ കാത്തുനില്‍ക്കുമ്പോള്‍, പൈലറ്റ് വരുന്നു, മാറിത്തരൂ എന്ന് വിമാനജോലിക്കാര്‍ പറഞ്ഞത് പ്രവീണ്‍ അനുസരിക്കാത്തിടത്താണ് പ്രശ്‌നം ആരംഭിക്കുന്നത്. ക്യൂവില്‍ മുന്നിലുള്ള യാത്രക്കാര്‍ കയറിയിട്ട് പൈലറ്റ് കയറിയാല്‍ മതി എന്ന ധിക്കാരത്തിന് ശിക്ഷ വൈകിയില്ല. സീറ്റിലിരുന്നു കഴിഞ്ഞിരുന്ന പ്രവീണിനെ പുറത്തിറക്കി വിടാതെ വിമാനം പറത്തില്ലെന്നായി പൈലറ്റ്. ഒടുവില്‍ വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ്
ഭടന്‍മാരെത്തി പ്രവീണിനെ പാതി ബലമായിത്തന്നെ ഇറക്കിക്കൊണ്ടു പോകേണ്ടി വന്നു, ഇന്‍ഡിഗോ വിമാനം പറന്നുയരാന്‍.
പണമുണ്ടാക്കാന്‍ വേണ്ടി മാത്രം ഡോക്ടറാകുന്ന ലക്ഷക്കണക്കിന് യുവാക്കളുള്ള ഈ നാട്ടില്‍, ഭീമമായ ശമ്പളപ്പൊതി മാത്രം ലക്ഷ്യമാക്കി പൈലറ്റ് ലൈസന്‍സ് സമ്പാദിക്കുന്നതില്‍ എന്താണ് അപാകമെന്നത് ന്യായമായ ചോദ്യമാണ്.
എന്നാല്‍ കാശില്‍ കുരുത്ത ഡോക്ടര്‍മാരെ പണിക്കെടുത്തതു മൂലം ഈ രാജ്യത്ത് ഒരാശുപത്രി പോലും പൂട്ടിപ്പോയിട്ടില്ല എന്നും ഓര്‍ക്കുക.

ആ വനിതാ പെലറ്റ് വിമാനം പറത്താന്‍ യോഗ്യയല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക