Image

ലാമോ (ഷീലമോന്‍സ്‌ മുരിക്കന്‍)

Published on 19 October, 2012
ലാമോ (ഷീലമോന്‍സ്‌ മുരിക്കന്‍)
``ലാമോ.... പ്ലീസ്‌... ഈ നൊസ്റ്റാള്‍ജിയ എനിക്കു മനസ്സിലാകുന്നുണ്ട്‌. ബട്ട്‌, സോറീടാ.. ഡ്യൂട്ടി കഴിഞ്ഞ്‌ മടുത്ത്‌ കിടക്കുവാ... ഇന്നു ശല്ല്യം ചെയ്യല്ലേ...''

വലിച്ചുമാറ്റിയ പുതപ്പിനുള്ളില്‍ നീതു ഒരു `ട' സൃഷ്‌ടിച്ച്‌ വീണ്ടും ഉറക്കത്തിലേയ്‌ക്ക്‌ കുപ്പുകുത്തി. മുറിയില്‍ തങ്ങി നില്‍ക്കുന്ന ക്ലീനിങ്‌്‌ ലോഷന്റെ രൂക്ഷ ഗന്ധം ഉണ്ടാക്കുന്ന അസ്വസ്ഥത ഒരോ നിശ്വാസത്തിലും അവള്‍ പുറത്തേയ്‌ക്കു തള്ളി വിട്ടുകൊണ്ടിരുന്നു.

നേരം പുലരാന്‍ ഒരുപാടു സമയം ഇനിയും കാത്തിരിക്കണം. കണ്ണില്‍ നിന്നും പടിയിറങ്ങിയ ഉറക്കം തിരിച്ചുവരാതിരിക്കാന്‍ ലാമോ ജനാലയുടെ ഒരു പാളി തുറന്നിട്ടു.

താഴെ ഹോസ്‌പിറ്റലിന്റെയും നേഴ്‌സിംഗ്‌ സ്‌കൂളിന്റെയും മെര്‍ക്കുറി വെട്ടത്തില്‍ ആംബുലന്‍സുകള്‍ വേഗത്തില്‍ വരുന്നതും പോകുന്നതും കാണാം. ഇന്നലെ മോര്‍ച്ചറിയിലേയ്‌ക്ക്‌ കൊണ്ടുവന്ന ടിബറ്റിയന്‍ ആണ്‍കുട്ടിയുടെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും മായുന്നില്ല. വെള്ളപുതച്ചു കിടക്കുന്ന അവന്‌ ലൊസാങിന്റെ അതേ ഛായ.

അത്‌ തന്റെ പ്രിയപ്പെട്ട അനുജന്‍ ലൊസാങ്‌ തന്നെ ആയിരുന്നോ?

അവന്റെ ഇടതു തുടയില്‍ നീണ്ട മുറിപ്പാടുണ്ടായിരുന്നോ?

മനസ്സില്‍ അശാന്തി കുലം കുത്തി ഒഴുകുകയാണ്‌.

ഭയപ്പെടുത്തുന്ന ചിന്തകള്‍....

പ്രയാസപ്പെടുത്തുന്ന വിചാരങ്ങള്‍....

പതിനേഴു വര്‍ഷങ്ങളായി ഉറക്കത്തിന്റെ അഭ്രപാളികളില്‍ തെളിയുന്നത്‌ നൊമ്പരപ്പെടുത്തുന്ന സ്വപ്‌നങ്ങളും അശുഭകാഴ്‌ചകളുമാണ്‌. ഒരു രാവിന്റെ ഇടവേള പോലുമില്ലാതെ അത്‌ ഇന്നും തുടരുന്നു. ദു:സ്വപ്‌നങ്ങളുടെ ഈ പ്രകടനം തന്റെ മാത്രം അനുഭവമല്ലെന്നും ലാമോയ്‌ക്കറിയാം. സ്വന്തം ദേശത്തു നിന്നും പലായനം ചെയ്യേണ്ടിവന്ന ടിബറ്റിയന്‍ ജനതയുടെ മുഴുവന്‍ നൊമ്പരമാണ്‌. ഒരു നീര്‍ച്ചാലുപോലെ അത്‌ തന്നിലൂടെയും പ്രവഹിക്കുകയാണ്‌.

മഞ്ഞുറഞ്ഞ പര്‍വ്വതനിരകള്‍ ചിത്രം വരയ്‌ക്കുന്ന തന്റെ പ്രിയപ്പെട്ട നാട്‌....

അവിടുത്തെ നീല മേല്‍വിരിക്കും പ്രാര്‍ത്ഥനാ ഭാവമായിരുന്നില്ലേ...? ലാമോ ഓര്‍മ്മകള്‍ക്കൊപ്പം അല്‌പദൂരം പുറകോട്ട്‌ നടന്നു.

`ഡു' നദിയുടെ മൂളിപ്പാട്ട്‌ കേട്ട്‌ കൊച്ചുലൊസാങിനോടൊത്ത്‌ ഓടിക്കളിച്ച കാലം....

അച്ഛനൊപ്പം നടത്തിയ കുതിരസവാരി.....

പ്രാര്‍ത്ഥനകള്‍ എഴുതിയ കൊടികള്‍ ഗേറ്റിനു മുന്നില്‍ അലങ്കരിക്കാന്‍ കൊച്ചുലൊസാങുമായുള്ള മത്സരം.............

ഏഴാം വയസ്സില്‍ ആ യാത്ര പുറപ്പെട്ടപ്പോള്‍ അത്‌ മഞ്ഞുപെയ്യുന്ന തന്റെ പ്രിയപ്പെട്ട നാടിനോട്‌ അവസാന യാത്ര പറയുകയാണെന്നും അറിഞ്ഞിരുന്നില്ല.

അന്ന്‌ തന്റെ കണ്ണില്‍ പുറപ്പാടിന്റെ ആവേശം മാത്രമായിരുന്നു.

കല്ലും മണ്ണും കൊണ്ടുള്ള ആ ഒറ്റ നില വീട്ടില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഇനി ഉറങ്ങാനാവില്ലെന്നും ലാമോ അറിഞ്ഞിരുന്നില്ല.

ആ യാത്ര എല്ലാം നഷ്‌ടപ്പെടുത്തുകയായിരുന്നു.

ബാര്‍ലി വിളഞ്ഞു നില്‍ക്കുന്ന അച്ഛന്റെ കൃഷിയിടം.......

ആടുമാടുകള്‍ക്ക്‌ പിന്നാലെ അമ്മയോടൊപ്പമുള്ള യാത്ര....

വയലരികില്‍ ഉറക്കക്കാരനായ കൊച്ചുലൊസാങിന്റെ കൈപിടിച്ചുള്ള കാവലിരിപ്പ്‌.....

അമ്മയുടെ `ചുബ'* യുടെ ഇളം ചൂടേറ്റുള്ള ഉറക്കം.

ഇന്ന്‌ അതെല്ലാം ഓര്‍മ്മകളും സ്വപ്‌നങ്ങളും മാത്രം.

ഹൃദയമിടിപ്പിനൊപ്പം ഒരു തേങ്ങലുയര്‍ന്നത്‌ ലാമോ അറിഞ്ഞു.

ഒരു പക്ഷേ താന്‍ മാതൃഭാഷയും യു- മെ ലിപിയും മറന്നതുപോലെ ലൊസാങ്‌ തന്നെ മറന്നിട്ടുണ്ടാവുമോ? അവന്റെ കണ്ണില്‍ നിന്നും തന്റെ ചിത്രം മാഞ്ഞുപോയിക്കാണുമോ?

എല്ലാവരെയും ഒരിക്കല്‍ക്കൂടി കണ്ടുമുട്ടിയിരുന്നെങ്കില്‍.....?

ലാമോയുടെ കണ്ണില്‍ മഞ്ഞുരുകി.

ഒരു നല്ല മുഹൂര്‍ത്തത്തിന്റെ നനുത്ത ചിത്രം എവിടെയോ തെളിയുന്നു.

തന്നെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ.....

കൈകളില്‍ ചുംബിച്ച്‌ ഏങ്ങലടിക്കുന്ന അച്ഛന്‍.....

പറ്റിച്ചേര്‍ന്ന്‌ വിതുമ്പുന്ന കൊച്ചു ലസാങ്‌....

കണ്ണീരും സ്‌നേഹവും വാചാലമാകുന്ന നിമിഷങ്ങള്‍....

മറന്ന ഭാഷയില്‍ മനസ്സിലാവുന്ന അര്‍ത്ഥങ്ങള്‍....

ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട്‌ ലാമോ കട്ടിലില്‍ കണ്ണുതുറന്നു കിടന്നു. ഒരു കരയിലും എത്താത്ത മനസ്സില്‍ ദുര്‍വിചാരങ്ങളും ഒപ്പം കൂടി.

കൊച്ചുലൊസാങിനെ ചൈനീസ്‌ പട്ടാളം നിര്‍ബന്ധപൂര്‍വ്വം അവരുടെ ഭാഷ പഠിപ്പിച്ചുകൊണുമോ? സ്വന്തം നാടിനെതിരെ സമരം ചെയ്യാന്‍ അവര്‍ പരിശീലിപ്പിച്ചിരിക്കുമോ..?

തോക്കുകളെ ഭയന്ന്‌ അച്ഛന്‍ ചൈനീസ്‌ രീതി കൂട്ടുകൃഷിയിലേര്‍പ്പെട്ടു കാണുമോ?

അതോ.... അച്ഛന്‍ അവരെ എതിര്‍ത്തിട്ട്‌.........

തോക്കുകളുടെ ഗര്‍ജ്ജനം കേട്ടപോലെ ലാമോ കാതുകള്‍ പൊത്തിപ്പിടിച്ചു.

പുറപ്പാടിന്റെ ആ രാത്രിയിലും താന്‍ ഒരുപാട്‌ വെടിയൊച്ചകള്‍ കേട്ടിരുന്നു.

കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായിട്ടും കഴുതപ്പുറങ്ങളിലും കള്ള വണ്ടിയിലും ഇന്ത്യയിലേയ്‌ക്ക്‌ അഭയാര്‍ത്ഥികളുടെ പ്രവഹമായിരുന്നു.

ആള്‍ സഞ്ചാരമില്ലാത്ത ഗ്രാമീണ പാതകളും ചുരങ്ങളും താണ്ടി ദുര്‍ഘടമായ യാത്ര തടസ്സപ്പെട്ടപ്പോള്‍ ഛര്‍ദ്ദിച്ച്‌ അവശയായ അമ്മയേയും കൊച്ചുലൊസാങ്ങിനെയും കൊണ്ട്‌ അച്ഛന്‌ മടങ്ങേണ്ടി വന്നു.

അസഹനീയമായ തണുപ്പില്‍ കൊച്ചുലൊസാങ്‌ വിറയ്‌ക്കുകയായിരുന്നു. എന്നിട്ടും അവന്‍ തന്നെ മാടി വിളിച്ചു. അവന്റെ കൈയ്യിലെ പാതി മുറിച്ച `മോമോ'* തനിക്കു നേരെ നീട്ടി. കണ്ണില്‍ നിന്നു വണ്ടി മറയുവോളം അവന്റെ കുഞ്ഞുകൈ നീണ്ടു തന്നെയിരുന്നു.

വേര്‍പാടിന്റെ ആഴമറിയാത്ത തന്റെ കൊച്ചു മനസ്സ്‌ യാത്ര ആസ്വദിച്ച്‌ അമ്മാവനൊപ്പം ചുരങ്ങള്‍ കടന്നു.

ബൈലക്കുപ്പയിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ചൈനാ ഭരണകൂടത്തിന്റെ കൊടും ക്രൂരതയില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ അനുഭവങ്ങള്‍ കേട്ട്‌ ഞെട്ടി വിറയ്‌ക്കുമ്പോഴും ലൊസാങ്ങുമൊത്ത്‌ അച്ഛനും അമ്മയും വരുമെന്ന്‌ കാത്തിരുന്നു. പക്ഷേ....

വര്‍ഷങ്ങള്‍ പലവട്ടം ഓട്ടപ്രദക്ഷിണം തുടര്‍ന്നിട്ടും പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ഒരുപാട്‌ നടത്തിയിട്ടും...............

ഇന്ന്‌ താന്‍ ഒരു എക്‌സ്‌പീരിയന്‍സ്‌ഡ്‌ നേഴ്‌സാണ്‌. രണ്ടാഴ്‌ച കൂടി കഴിഞ്ഞാല്‍ അമേരിക്കയുടെ മഞ്ഞുപുതപ്പിലേയ്‌ക്ക്‌ ചേക്കേറുന്നു.

താന്‍ കാത്തിരിക്കുന്ന ബന്ധങ്ങള്‍........

അത്‌ ജന്മനഷ്‌ടങ്ങളായിരിക്കുമോ?

ലാമോയ്‌ക്ക്‌ ഉറക്കെ കരയണമെന്നു തോന്നി.

``ലാമോ, ഇന്നലെ എന്തു സ്വപ്‌നമാ നീ കണ്ടത്‌ ?

ഉറക്കച്ചടവ്‌ മാറ്റുന്നതിനിടെ നീതു കളിയാക്കി.

``ഇന്നലെ മോര്‍ച്ചറിയില്‍ കണ്ട ആ ബോഡി....''

മുഴുമിപ്പിക്കാമാവാതെ ലാമോ വിഷമിച്ചു.

``എന്റെ ലാമോ അത്‌ പതിനാറു വയസ്സുള്ള തപ്‌തന്‍ എന്ന ഒരു ടിബറ്റിയന്‍ കുട്ടിയായിരുന്നു. നിന്റെ ലൊസാങ്ങിന്‌ ഇരുപത്തൊന്നു വയസ്സില്ലേ? അവന്റെ ഇടതു കാലില്‍ ഒരു മുറിപ്പാടും ഉണ്ടായിരുന്നില്ല. ''

``നീതു നമ്മുക്ക്‌ ടിബറ്റിനു വേണ്ടി...............''

നീതു പൊട്ടിച്ചിരിച്ചു.

``എന്റെ ലാമോ.. ഓരേരുത്തരും ജനിക്കുന്നത്‌ ഓരോ നിയോഗത്തിനായിരിക്കും. ചിലര്‍ അവര്‍ക്കു വേണ്ടി മാത്രം ജനിക്കും. ചിലര്‍ മറ്റൊരാള്‍ക്കു വേണ്ടി, ചിലര്‍ ഒരു കുടുംബത്തിനു വേണ്ടി, ചിലര്‍ ഒരു സമൂഹത്തിനു വേണ്ടി. വേറെ ചിലര്‍ ഒരു രാജ്യത്തിനു വേണ്ടി, ചിലര്‍ ലോകത്തിനു വേണ്ടി യും. നീ മിശ്രയുടെ മകന്‍ സതീഷ്‌ മിശ്രയ്‌ക്കു വേണ്ടി ജനിച്ചു. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടി ജനിച്ചു. നെല്‍സണ്‍ മണ്ടേല കറുത്ത വര്‍ഗ്ഗക്കാര്‍ക്കു വേണ്ടി, ഗാന്ധിജി ഇന്തയ്‌ക്കു വേണ്ടി, ക്രിസ്‌തു ലോത്തിനു വേണ്ടിയും. നമ്മള്‍ ടിബറ്റിന്റെ മോചനത്തിനു വേണ്ടി ജനിച്ചവരല്ലെടാ. ടിബറ്റിനു വേണ്ടി ജനിച്ച ദലൈലാമയും ടിബറ്റിനു പുറത്തല്ലേ? ഇന്ത്യ എത്ര വര്‍ഷം ബ്രിട്ടീഷ്‌ അധീനതയിലായിരുന്നു. കാലം ഒക്കെ ശരിയാക്കിയില്ലേ. ടിബറ്റും സ്വതന്ത്രമാകും''

നീതു കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.

``അപ്പോള്‍ ലൊസാങ്‌''

``ഒരിക്കല്‍ നിങ്ങളുടെ `മോണ്‍ലാം' ഉത്സവത്തില്‍ നീയും പങ്കുചേരും. നിന്റെ ലൊസാങിനൊപ്പം. `ചാങ്‌' കുടിച്ചു നിങ്ങള്‍ രസിക്കും. നമുക്കു പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം. തല്‍ക്കാലം നീ ഡ്യൂട്ടിക്ക്‌ പോകാന്‍ നോക്ക്‌''

ഉറക്കക്ഷീണമുള്ള ലാമോയുടെ കണ്ണുകളിലേയ്‌ക്ക്‌ അവള്‍ സഹതാപത്തോടെ നോക്കി. ടിബറ്റിന്റെ നൊമ്പരം മുഴുവന്‍ ആ കണ്ണുകളിലുണ്ട്‌.

അമേരിക്കന്‍ യാത്രയ്‌ക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്ന പെട്ടികളിലെയ്‌ക്ക്‌ ഒരു നെടുവീര്‍പ്പിന്റെ ചൂടറിഞ്ഞ്‌ ലാമോ ഹോസ്‌പിറ്റലിലേക്കു പോയി.

ഇനി പതിനാലു ദിവസങ്ങള്‍ അത്‌ അതിവേഗം കടന്നു പോകും. ഇവിടുത്തേയും തന്റെ വേരുകള്‍ നഷ്‌ടമാകും. ആത്മബന്ധങ്ങള്‍ പോലെ ചേര്‍ത്തു വയ്‌ക്കാന്‍ കുറേ സൗഹൃദങ്ങള്‍ മാത്രം ബാക്കിയുണ്ടാവും.

കാഷ്വാലിറ്റിയിലെ തെരക്ക്‌ തെല്ലൊന്നു കുറഞ്ഞു. ലാബില്‍ പുതുതായി വന്ന ഗുജറാത്തി പെണ്‍കുട്ടി ഫയലില്‍ റിസള്‍ട്ടു വയ്‌ക്കുന്നതിനിടയില്‍ മോര്‍ച്ചറിയില്‍ ഇന്നലെ വച്ച ടിബറ്റിയനെ കൊണ്ടുപോകാന്‍ കുറേ ടിബറ്റിയന്‍സ്‌ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടു. ഡല്‍ഹിയില്‍ ഏതോ വലിയ കമ്പിനിയിലെ ടെക്‌നീഷ്യന്‍മാരാണ്‌ എത്തിയിരിക്കുന്നത്‌. അവരില്‍ ഒരു ട്രെയിനിയാണ്‌ വാഹനാപകടത്തില്‍ ആന്ധ്രയില്‍ വച്ച്‌ മരിച്ചത്‌.

ബാക്കി കേള്‍ക്കാന്‍ ലാമോ നിന്നില്ല. മോര്‍ച്ചറിയുടെ മുന്നിലെ കൊച്ചു കൂട്ടമായിരുന്നു ലക്ഷ്യം. ലൊസാങിന്റെ ചെറിയ കണ്ണുകള്‍ അവള്‍ അവിടെയെല്ലാം പരതിയെങ്കിലും നിരാശയോടെ പിന്തിരിഞ്ഞു.

മോര്‍ച്ചറിയുടെ വാതില്‍ മലര്‍ക്കെ തുറന്നു.

ബോഡിക്കൊപ്പം രണ്ടു ടിബറ്റിയന്‍സ്‌... കരഞ്ഞു ചുവന്ന ചെറിയ കണ്ണുകള്‍. ലാമോ സൂക്ഷിച്ചുനോക്കി. വിശ്വസിക്കാനാവാതെ ഒരു നിമിഷം അവള്‍ സ്‌തബ്‌ധയായി.

അത്‌.... അത്‌... തന്റെ കൊച്ചു ലൊസാങ്‌ അല്ലേ?

``ലൊസാങ്‌.....'' പരിസരം മറന്ന്‌ അവള്‍ ഉറക്കെ വിളിച്ചു.

ചെറിയ കണ്ണുകള്‍ അത്ഭുതത്തോടെ വിടര്‍ന്നു.

അവന്‍ ആ ശബ്‌ദവും രൂപവും തിരിച്ചറിഞ്ഞു.

``ലാമോ.. നീ...?''

അവിശ്വസനീയതയോടെ അവന്‍ സഹോദരിയുടെ നിറഞ്ഞ കണ്ണിലേയ്‌ക്ക്‌ ഉറ്റുനോക്കി.

രണ്ട്‌ യുഗങ്ങളുടെ സംഗമം പോലെ..... രണ്ട്‌ ജന്മങ്ങളുടെ കൂടിച്ചേരല്‍ പോലെ ലൊസാങും ലാമോയും കെട്ടിപ്പുണര്‍ന്നു.

പറയാനും ചോദിക്കാനുമുള്ളതെല്ലാം കണ്ണീരായി താഴെ വീണുകൊണ്ടിരുന്നു.

``അമ്മ.... അച്ഛന്‍....? ''

``അമ്മ എനിക്കൊപ്പം ഡല്‍ഹിയിലുണ്ട്‌. അവര്‍ എന്നും നിന്റെ കാര്യം പറഞ്ഞു കരയും. അച്ഛനെയും തപ്‌തനൊപ്പമുള്ള നമ്മുടെ അനിയനെയും ചൈനാ പട്ടാളം തടവിലാക്കി.

``തപ്‌തന്‍...?''

``നമ്മുടെ അനുജനാണ്‌''

വെള്ള പുതച്ചുകിടന്ന അനുജന്റെ പുതപ്പ്‌ നീക്കിയപ്പോള്‍ രക്തത്തിലും ഉപ്പുകിനിഞ്ഞു. പഞ്ഞിപോലെ മൃദുവായ അവന്റെ കൈത്തലങ്ങളില്‍ അവള്‍ പലയാവര്‍ത്തി ചുംബിച്ചു.

``ലാമോ... നീ ഞങ്ങള്‍ക്കൊപ്പം വരില്ലേ..?

ലൊസാങിന്റെ നനഞ്ഞ കണ്ണുകളിലെ സ്‌നേഹത്തിന്റെയും ദു:ഖത്തിന്റെയും സന്തോഷത്തിന്റെയും ത്രിമൂര്‍ത്തഭാവം കണ്ട്‌ ലാമോ ഒരു സ്വപ്‌നത്തില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ തരിച്ചു നിന്നു.


ഷീലമോന്‍സ്‌ മുരിക്കന്‍

***********************************



*ചുബ - ടിബറ്റിലെ ജനങ്ങളുടെ പാരമ്പര്യ വേഷം

*യു- മെ- ടിബറ്റിലെ ഒരു ലിപി

*മോമോ - കൊഴുക്കട്ട പോലുള്ള ഒരു പലഹാരം

*മോണ്‍ലാം - ടിബറ്റുകാരുടെ ഒരു ഉത്സവം

*ചാങ്‌ - ഉത്സവങ്ങളില്‍ വിളമ്പുന്ന ലഹരി പാനീയം.
ലാമോ (ഷീലമോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക