Image

യാഷ് ചോപ്ര: കാല്‍പനികതയുടെ രാജാവ്

Published on 21 October, 2012
യാഷ് ചോപ്ര: കാല്‍പനികതയുടെ രാജാവ്
മുംബൈ: 200 രൂപയും ഒപ്പം സിനിമ പിടിക്കണമെന്ന മോഹവുമായി മുംബൈയിലെത്തി, പിന്നീട് ബോളിവുഡിലെ വാണിജ്യ സിനിമകളുടെ പര്യായമായ ചരിത്രമാണ് യാഷ് ചോപ്രക്കുള്ളത്. പ്രണയമാണ് ചോപ്രയുടെ ഇഷ്ടപ്രമേയം. എന്നാല്‍, കാല്‍പനിക ഹിറ്റുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, കളങ്ങള്‍ ഒരോന്നായി മാറിച്ചവിട്ടി ബോളിവുഡില്‍ ട്രെന്‍ഡുകള്‍ നിര്‍ണയിച്ച നിര്‍മാതാവും സംവിധായകനുമായിരുന്നു ചോപ്ര. 1959 ല്‍ പുറത്തിറങ്ങിയ ദൂല്‍ ക ഫൂല്‍ മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന അവസാന ചിത്രം ജബ് തക് ഹെ ജാന്‍ വരെ ഒട്ടേറെ സിനിമകളിലൂടെ അദ്ദേഹം ഹിന്ദി സിനിമയെ താന്‍ ചൂണ്ടിയ ദിശകളിലേക്ക് നയിച്ചു. കാല്‍പനിക ഹിറ്റുകള്‍ പിറന്ന അതേ യാഷ് ചോപ്ര ചിത്രങ്ങളിലൂടെയാണ് പ്രതിനായക സങ്കല്‍പം ഇന്ത്യന്‍ സിനിമയില്‍ അവതരിക്കപ്പെട്ടതും. എങ്കിലും, പ്രണയ കഥകളുടെ നിര്‍മാതാവായി അറിയപ്പെടാനാണ് അദ്ദേഹത്തിന് ഇഷ്ടം.

1932ല്‍ ലാഹോറില്‍ ജനിച്ച യാഷ് ജ്യേഷ്ഠന്‍ ബി.ആര്‍. ചോപ്രയിലൂടെയാണ് സിനിമാലോകം പരിചയപ്പെടുന്നത്. ഐ.എസ്. ജോഹറിന് കീഴില്‍ സഹസംവിധായകനായി സിനിമാ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് സ്വന്തം പാതയിലൂടെ നീങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്പതുകളുടെ ഫോര്‍മുലയായ ദേശസ്‌നേഹവും മെലോ ഡ്രാമയും മത സൗഹാര്‍ദവും കൂട്ടിയിണക്കി 1959ല്‍ യാഷിന്റെ ആദ്യ സംവിധാന സംരംഭം ദൂല്‍ ക ഫൂല്‍ പുറത്തിറങ്ങി. ആദ്യചിത്രം വന്‍ വിജയമായതിനെ തുടര്‍ന്ന് ഇതേ ഫോര്‍മുലകളുമായി ധര്‍മപുത്ര, വക്ത്, ഇത്തെഫാഖ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വക്തിലൂടെ യാഷ് ബോളിവുഡിന് ആദ്യ മള്‍ട്ടിസ്റ്റാര്‍ ചിത്രം സമ്മാനിച്ചു. വക്തിന് ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. ഇതോടെ യാഷ് ചോപ്ര ഹിന്ദിയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായി മാറുകയായിരുന്നു. ഹിറ്റ് ചിത്രങ്ങളുമായി നീങ്ങവേ 1973ല്‍ യാഷ് രാജ് ഫിലിംസ് എന്ന പേരില്‍ സ്വന്തമായി സിനിമ നിര്‍മാണ കമ്പനിയും ആരംഭിച്ചു. ദാഗ് ആയിരുന്നു ആദ്യ ചിത്രം.

അമിതാഭ് ബച്ചന്‍ എന്ന നടന്റെ അഭിനയശേഷി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സംവിധായകനാണ് യാഷ് ചോപ്ര. 1975ല്‍ ദീവാര്‍, 1976 ല്‍ കഭീ കഭീ, 1978ല്‍ ത്രിശൂല്‍ എന്നിവ ബച്ചന്റെ പ്രതിഭ വിളിച്ചോതുന്ന ചിത്രങ്ങളായിരുന്നു. ഇതില്‍ ദീവാര്‍ ബോളിവുഡിലെ ഒരു വിസ്മയമായി മാറി. കഭീ കഭീയിലെ ലോല മനസ്‌കനായ കവിക്ക് വിപരീതമായി ക്ഷുഭിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ദീവാറില്‍ ബച്ചന്. ഇന്ത്യന്‍ സിനിമയിലെ പ്രതിനായക സങ്കല്‍പങ്ങള്‍ക്ക് തുടക്കമിട്ട ‘ആന്‍ഗ്രി യങ്മാന്‍’ എന്ന അമിതാഭ് ബച്ചന്റെ കഥാപാത്രങ്ങള്‍ പിറന്നത് ഈ യാഷ് ചോപ്ര സിനിമകളിലൂടെയായിരുന്നു. ദീവാറില്‍ തുടങ്ങിയ ഈ നായക സങ്കല്‍പം ബോളിവുഡിന്റെ അതിരുകള്‍ കടന്ന് പ്രാദേശിക ഭാഷകളിലേക്ക് കൂടി കടന്നുചെന്നു.

യാഷ് ചോപ്രയുടെ ചിത്രങ്ങളുടെ മറ്റൊരു ശ്രദ്ധേയഘടകമാണ് സംഗീതം. പ്രണയം പോലെ സംഗീതവും അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്.
ദീവറാറിനു ശേഷം ബോളിവുഡിലെ മറ്റൊരു ട്രന്‍ഡ് സെറ്ററായിരുന്നു ദര്‍(1993). ദറിന്റെ ചുവടുപിടിച്ച് ഒരുപാട് ചിത്രങ്ങള്‍ ഹിന്ദിയില്‍ പുറത്തിറങ്ങി. യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ പരമ്പരാഗത വിശ്വാസങ്ങളെ തട്ടിത്തെറിപ്പിച്ച് ഒരു പുതിയ പ്രണയകഥ പറഞ്ഞ ദില്‍ തോ പാഗല്‍ ഹേ (1997)യും ബോളിവുഡിലെ മറ്റൊരു വിസ്മയമാവുകയായിരുന്നു. തുടര്‍ന്ന് 2004ല്‍ ഇറങ്ങിയ വീര്‍ സാരയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

പ്രണയകഥകള്‍ പറയുന്നിടത്ത് ചെറുപ്പക്കാര്‍ പോലും കാലിടറുമ്പോള്‍ 80ാം വയസ്സിലും പ്രേക്ഷകനെ ഇളക്കി മറിക്കുന്ന കാല്‍പനിക ഹിറ്റുകള്‍ പറയാന്‍ യാഷ് ചോപ്ര ക്ക് സാധിച്ചുവെന്നത് സിനിമാലോകത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

യാഷ് ചോപ്ര: കാല്‍പനികതയുടെ രാജാവ്യാഷ് ചോപ്ര: കാല്‍പനികതയുടെ രാജാവ്യാഷ് ചോപ്ര: കാല്‍പനികതയുടെ രാജാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക