Image

നത്താള്‍ രാത്രിയില്‍ (കഥ)-2- മുക്കാടന്‍

മുക്കാടന്‍ Published on 22 October, 2012
നത്താള്‍ രാത്രിയില്‍ (കഥ)-2- മുക്കാടന്‍
ഞാന്‍ തിരക്കിട്ട് തിരികെ നടന്നു. എന്തായാലും ഒരു മലയാളി സ്ത്രീയല്ലെ, അവരെ സഹായിക്കണം. എത്ര അസഹ്യമായ ദുര്‍ഗ്ഗന്ധമാണവരില്‍നിന്നും വരുന്നതെങ്കിലും അവര്‍ക്കിപ്പോള്‍ സഹായം ആവശ്യമാണ്. അവര്‍ സഹായം നിരസിച്ചാലും അവരെ സഹായിക്കണം. ഞാനവരുടെ അടുത്തെത്തി വീണ്ടും മലയാളത്തില്‍തന്നെ സംസാരിച്ചു തുടങ്ങി. “എന്റെ പേരു ജോയി എന്നാണ്, ഞാനിവിടെ അടുത്താണ് താമസിക്കുന്നത്. നിങ്ങള്‍ ഒരു മലയാളി ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് നിങ്ങളെ ഈ കൊടും ശൈത്യത്തില്‍ വിട്ടുപോവാനാവില്ല. അതുകൊണ്ട് നിങ്ങള്‍ എന്റെ കൂടെ വരണം.”

ഞാന്‍ ആകാംക്ഷയോടെ അവരുടെ മറുപടിക്കായി അവരെ നോക്കിനിന്നു. ആദ്യമായി അവര്‍ മുഖമുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകള്‍ …. പരിചിതമാണല്ലോ ….. ആരാണിത്?

“ജോയിക്കു
ട്ടനാണോടാ?”

ഞാന്‍ സ്തബ്ധനായി ആശ്ചര്യത്തോടെ കുറെ നിമിഷങ്ങള്‍ അവരുടെ മുഖത്തു നോക്കി നിന്നു… ദൈവമേ ഇതു പെണ്ണമ്മ ചേച്ചിയല്ലെ? ചേച്ചി ഈ അവസ്ഥയില്‍ …. ഒരു 'പെന്നര്‍ ' ആയി?

ശാലീനസുന്ദരമായ എന്റെ ഗ്രാമത്തിലേക്കു എന്റെ ചിന്തകള്‍ കുതിച്ചു. നെല്ലോലകള്‍ നൃത്തം വയ്ക്കുന്ന വയല്‍ വരമ്പിലൂടെ വര്‍ണ്ണശബളമായ പാവാടയും ബ്ലൗസും ധരിച്ച് തുളുമ്പുന്ന മാറില്‍ ഒരുകെട്ടു ബുക്കുകളും അമര്‍ത്തി സ്‌ക്കൂളിലേക്ക് കളിതമാശകള്‍ പറഞ്ഞ് ഉല്ലാസത്തോടെ നടന്നുപോകുന്ന രണ്ടു കൂട്ടുകാരികള്‍ എന്റെ സ്മൃതിയില്‍ തെളിഞ്ഞു. എന്റെ ചേച്ചി സെലിനാമ്മയും ചേച്ചിയുടെ ഉറ്റസുഹൃത്തും ഞങ്ങളുടെ അയല്‍ക്കാരിയുമായ പെണ്ണമ്മചേച്ചിയും. രണ്ടുപേരും സമപ്രായക്കാര്‍, എന്നെക്കാള്‍ അഞ്ചുവയസ്സിനു മൂത്തവര്‍. രണ്ടു ചേച്ചിമാര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും അവര്‍ സാധിച്ചു തരുമായിരുന്നു. ഇഷ്ടമുള്ള മിഠായി വാങ്ങിത്തരുമായിരുന്നു. അവരുടെ വികൃതിത്തരങ്ങള്‍ക്കൊക്കെ ഞാന്‍ കൂട്ടു നിന്നിരുന്നു. എത്രമ മധുരസുന്ദരകാലം….

കുളി കഴിഞ്ഞ് ഈറനൂറുന്ന ചുരുണ്ട മുടിയുടെ അറ്റത്ത് ചുവന്ന റോസാപ്പൂവും ചൂടി നടന്നുപോകുന്ന പെണ്ണമ്മ എന്ന സുന്ദരി. വിടര്‍ന്ന വലിയ കുസൃതി കണ്ണുകള്‍ കണ്‍മഷി വെച്ച് വാലിട്ടെഴുതി മനോഹരമാക്കിയിരുന്നു. കുട്ടിക്കൂറാ പൗഡറിന്റെ ഹൃദ്യമായ മണം പെണ്ണമ്മചേച്ചി നടന്നുപോകുമ്പോള്‍ ചുറ്റും പടര്‍ന്നിരുന്നു. സ്‌ക്കൂളിലെ സൗന്ദര്യറാണിയായിരുന്നു പെണ്ണമ്മചേച്ചി. ഗ്രാമത്തിലെ ധനിക കുടുംബത്തിലെ പൊറിഞ്ചു മുതലാളിയുടെ മക്കളില്‍ ആറാമതു പിറന്ന ഒരെയൊരു പെണ്‍കുട്ടി. ബാക്കി അഞ്ചു ആണ്‍മക്കളും പിതാവിനോടൊപ്പം വ്യാപാരത്തില്‍ വ്യാപൃതരായിരുന്നു. പെണ്ണമ്മചേച്ചിയെ മോഹിക്കാത്ത പുരുഷന്മാര്‍ ഗ്രാമത്തിലുണ്ടായിരുന്നില്ല. എത്രയെത്ര നിരാശാകാമുകന്മാര്‍! ആരുടെയും വലയില്‍ വീഴാതെ പെണ്ണമ്മചേച്ചി സ്വതന്ത്രയായ ഒരു പക്ഷിയെപ്പോലെ ഗ്രാമത്തില്‍ പാറിനടന്നു.

കണക്കില്‍ മോശമായതുകൊണ്ടാണ് മാത്യൂസാറിനെ ട്യൂഷന്‍ എടുക്കാനായി അച്ചന്റെ ശുപാര്‍ശ പ്രകാരം പൊറിഞ്ചു മുതലാളി നിയമിച്ചത്. മാത്യൂ സാര്‍ ട്യൂഷനെടുക്കുവാന്‍ വന്നിടം മുതല്‍ പെണ്ണമ്മചേച്ചി സ്വപ്നലോകത്തായിരുന്നു. മാത്യൂസാര്‍ പുതു ക്രിസ്ത്യാനിയായ ഔസേപ്പു പുലയന്റെ ഒരേയൊരു മകനായിരുന്നു. ഔസേപ്പു കൂലിവേല ചെയ്തു മകനെ പഠിപ്പിച്ചു ബിരുദ്ധധാരിയാക്കി.

കറുപ്പ് നിറമായിരുന്നെങ്കിലും അതിസുന്ദരനായിരുന്നു മാത്യൂസാര്‍. ചുരുണ്ടമുടിയും മനോഹരമായ വല്യകണ്ണുകളും വശ്യതയാര്‍ന്ന പുഞ്ചിരിയും യൗവ്വനയുക്തകളായ സ്ത്രീകളെ ഉറക്കം കെടുത്തുന്നതായിരുന്നു. മാത്യൂസാര്‍ പഠിപ്പിക്കാന്‍ പോയിരുന്ന പല വീടുകളിലെയും സ്ത്രീകളും പെണ്‍കുട്ടികളും സാറില്‍ അനുരക്തരാവുന്നത് മനസ്സിലാക്കിയിരുന്നു. അതൊക്കെ ബാലിശമായെടുത്ത് അവഗണിച്ച് തന്റെ കര്‍മ്മത്തില്‍ ശ്രദ്ധിച്ച് ജീവിതാവശ്യത്തിനുള്ള പണം സമ്പാദിച്ച് മാത്യൂസാര്‍ ജീവിച്ചുപോന്നു. ഗ്രാമത്തിലെ ധനികകുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ട്യൂഷനു കിട്ടയതില്‍ മാത്യൂസാര്‍ സന്തോഷിച്ചു.

മാത്യൂസാര്‍ എത്രയോ പെണ്‍കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരിക്കുന്നു. ആരോടും തോന്നാത്ത ഒരു ഇഷ്ടം സാറിന് പെണ്ണമ്മ എന്ന സുന്ദരിക്കുട്ടിയോട് തോന്നിയെങ്കിലും അതു മനസ്സില്‍ സൂക്ഷിച്ചു. സ്വപ്നം പോലും കാണാനാവാത്ത സഫലമാകാന്‍ സാദ്ധ്യമല്ലാത്ത ഒരു ഇഷ്ടമാണെന്നു മനസ്സിലാക്കി മാത്യൂസാര്‍ തന്റെ കമെ കളങ്കമില്ലാതെ നടത്തുവാന്‍ ശ്രമിച്ചു. പക്ഷേ പെണ്ണമ്മയില്‍ നിന്നു അനുഭാവപൂര്‍ണ്ണമായ ഒരു ഭാവം ശ്രദ്ധിക്കുവാന്‍ തുടങ്ങി.

പെണ്ണമ്മചേച്ചിക്ക് മാത്യൂസാറിനോട് കടുത്ത അനുരാഗമായിരുന്നു. സാറിനോട് തന്റെ സ്‌നേഹം തുറന്നു പറഞ്ഞിട്ടും ആദ്യം അത് നിരസിക്കുകയായിരുന്നു. പക്ഷേ, പെണ്ണമ്മചേച്ചിയുടെ നിരന്തരമായ സ്‌നേഹാഭ്യര്‍ത്ഥനയ്ക്കു മുമ്പില്‍ മാത്യൂസാര്‍ കീഴടങ്ങുകയായിരുന്നു. ആര്‍ക്കും വേര്‍പെടുത്താനാവാത്തവിധം മാത്യൂസാറും പെണ്ണമ്മചേച്ചിയും അനുരാഗബന്ധരായി.

അവരുടെ പ്രേമകഥ പരസ്യമായതോടെ കുടുംബങ്ങളിലും സമൂഹത്തിലും ഉരുള്‍പൊട്ടലുണ്ടാക്കി! പൊറിഞ്ചു മുതലാളി പെണ്ണമ്മചേച്ചിയുടെ ട്യൂഷന്‍ നിറുത്തി. മുതലാളിയുടെ കിങ്കരന്മാരെക്കൊണ്ട് മാത്യൂസാറിനെ തല്ലിചതപ്പിച്ചു. തല്ലുകൊണ്ടവശനായ മാത്യൂസാര്‍ ആശുപത്രിയിലായി. അതിനുശേഷം ആരും മാത്യൂസാറിനെ കണ്ടിട്ടില്ല!

പെണ്ണമ്മചേച്ചി അഗാധ ദുഃഖത്തിലായി. ഇഷ്ടപ്പെട്ട ഒരു പുരുഷനുമായി ജീവിക്കുവാനനുവദിക്കാത്ത കുടുംബത്തെ അവര്‍ വെറുത്തു. ജീവിതം വെറുത്ത അവര്‍ കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തല്‍സമയം വീട്ടുകാര്‍ കണ്ടുപിടിച്ച് ആശുപത്രിയിലെത്തിച്ചു ജീവന്‍ രക്ഷിച്ചു. പെണ്ണമ്മചേച്ചി വീട്ടില്‍ നിന്നും വെളിയിലിറങ്ങാതായി. എങ്കിലും എന്റെ ചേച്ചിയുടെ നിര്‍ബ്ബന്ധനത്തിനു വഴങ്ങി സ്‌ക്കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു. എസ്.എല്‍.സി പാസ്സായി. ഇങ്ങനത്തെ ദുര്‍ഘടമായ ഒരു അവസ്ഥയിലിരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച പള്ളിയില്‍ ഇടവക വികാരിയുടെ അറിയിപ്പുണ്ടായത്. താല്പര്യമുള്ള യുവതികള്‍ക്ക് ജര്‍മ്മനിയില്‍ നേഴ്‌സിങ് പഠിക്കാനുള്ള അവസരം രൂപതയായി ചെയ്തു കൊടുക്കുന്നു എന്ന്. സാമ്പത്തികശേഷി ഇല്ലാത്ത എന്റെ കുടുംബത്തിലെ ചേച്ചി ജര്‍മ്മനിക്കു പോകാന്‍ തയ്യാറായി. വീട്ടില്‍ നിന്നും നാട്ടില്‍നിന്നും രക്ഷപ്പെടാന്‍ പെണ്ണമ്മച്ചേച്ചിയ്ക്കിതൊരു അവസരമായി. വീട്ടിലെ എതിര്‍പ്പിനെ അവഗണിച്ച് അങ്ങനെ പെണ്ണമ്മചേച്ചി ജര്‍മ്മനിക്ക് യാത്രയായി.
(തുടരും..)
നത്താള്‍ രാത്രിയില്‍ (കഥ)-2- മുക്കാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക