Image

ചരിത്രമുറങ്ങുന്ന ബലിപെരുന്നാള്‍ - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 25 October, 2012
ചരിത്രമുറങ്ങുന്ന ബലിപെരുന്നാള്‍ - മീട്ടു  റഹ്മത്ത് കലാം

ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പശ്ചാത്തലമുള്ള ഈ പെരുന്നാളിന്‍റെ സവിശേഷത അറിയണമെങ്കില്‍ നമ്മുടെ മനസ്സ്‌ നാലായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള അറബ്‌ നാട്ടിലെത്തണം.ബഹുദൈവ വിശ്വാസത്തിലും ബിംബാരാധനയിലും നിമഗ്നമായ അന്നത്തെ മനുഷ്യരെ ഭരിച്ചിരുന്നത്‌ നമ്രൂദ്‌ എന്ന ദ്രോഹിയും വഞ്ചകനുമായിരുന്നു."ഞാനാണ്‌ ദൈവം"എന്ന്‍  നമ്രൂദ്‌ പറഞ്ഞപ്പോള്‍ ജനങ്ങളുടെ ആരാധന അയാളിലേയ്ക്ക്‌ നീങ്ങി.അവര്‍ സ്തുതിഗീതങ്ങള്‍ പാടി. പക്ഷേ,തികച്ചും അപ്രതീക്ഷിതമായിരുന്നു അക്കാലത്ത്‌ പ്രസിദ്ധനായ ഒരു പൂജാരിയുടെ മകന്‍റെ രംഗപ്രവേശനം. അത്‌ മറ്റാരുമായിരുന്നില്ല. പില്‍ക്കാലത്ത്‌ സര്‍വ്വശക്തനിഷ്ടപ്പെട്ട പ്രവാചകരില്‍ ഒരാളും ബലിപെരുന്നാളിന്‌ കാരണഭൂതനുമായ ഇബ്രാഹീം നബി(അ:).

  ദൈവമെന്ന്‍ സ്വയം അഹങ്കരിച്ച നമ്രൂദിന് ഇബ്രാഹീം നബി(അ:)യുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ഇഷ്ടമായില്ല.നബിയെ നശിപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും അയാള്‍ ആവിഷ്കരിച്ചു. ഒരു വിളംബരത്തോടെ, അഗ്നികുണ്ഡമൊരുക്കി അതിലേയ്ക്ക് നബിയെ വലിച്ചെറിഞ്ഞു. അഗ്നിജ്വാലകള്‍ പിന്നെയും പിന്നെയും ഉയര്‍ന്നുപൊങ്ങിയെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ അല്ലാഹുവിന്‍റെ  ശക്തികൊണ്ട് നബി തീയില്‍ രക്ഷപ്പെടുകയാണുണ്ടായത്.അങ്ങനെ സര്‍വ്വശക്തനിലുള്ള വിശ്വാസം ഒന്നുകൂടി മനസ്സില്‍ അരക്കിട്ടുറച്ചപ്പോള്‍ ഇബ്രാഹീം മതപ്രചരണത്തിനായി രാജ്യങ്ങളില്‍ നിന്ന്‍ രാജ്യങ്ങളിലേയ്ക്ക് സഞ്ചരിച്ചു. സിറിയ, പലസ്തീന്‍, ഈജിപ്ത്  എന്നി ഇടങ്ങളിലൂടെ മക്കയില്‍ എത്തിച്ചേര്‍ന്നു.ഈ യാത്രയ്ക്കിടയില്‍ ഈജിപ്ത് ഭരണാധികാരി ഹാജിറ എന്ന അടിമസ്ത്രീയെ സമ്മാനിച്ചു.അവരെ നബി ഭാര്യയായി സ്വീകരിച്ചു.കാലം അങ്ങനെ കുറേ കഴിഞ്ഞു.പ്രായം അദ്ദേഹത്തെ ക്ഷീണിതനാക്കി.ഒരു കുഞ്ഞുണ്ടാകാനുള്ള അതിയായ ആഗ്രഹത്തോടെ  ഇരുകരങ്ങളും ഉയര്‍ത്തി അവര്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിച്ചു.ഹാജിറ ഒരാണ്‍കുഞ്ഞിന്  ജന്മം നല്‍കി.ആ കുഞ്ഞാണ് പിന്നീട് ഇസ്ലാമിക ചരിത്രത്തില്‍ അവിസ്മരണീയമായ  ഒരദ്ധ്യായം സൃഷ്‌ടിച്ച ഇസ്മായീല്‍ നബി(അ:).

    നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള സൗദി അറേബ്യ അനന്തമായ മരുഭൂമിയും പര്‍വ്വതനിരകളും നിറഞ്ഞതായിരുന്നു.സൂര്യന്‍ തലയ്ക്കു മുകളില്‍ നില്‍ക്കുന്നത് പോലെ.കൈക്കുഞ്ഞിനെ തോളിലേറ്റിയായിരുന്നു ഹാജിറയുടെ യാത്ര.സഫ-മര്‍വ പര്‍വ്വതനിരകള്‍ക്കടുത്തെത്തിയപ്പോള്‍ കുഞ്ഞു നിര്‍ത്താതെ നിലവിളിച്ചു.പൊള്ളുന്ന വെയിലില്‍ ദാഹം സഹിക്ക വയ്യാതെയുള്ള കരച്ചിലാണതെന്ന് മനസ്സിലാക്കി സൌകര്യപ്രദമായ ഒരു ഭാഗത്ത് കുഞ്ഞിനെ കിടത്തി,വെള്ളമന്വേഷിച്ച്  അവര്‍ അവിടമാകെ വെപ്രാളത്തോടെ നടന്നു.ചുണ്ട് നനയ്ക്കാന്‍ പോലും ഒരു തുള്ളി കിട്ടാതെ നിരാശയോടെ മകന്‍റെയടുത്ത് ഓടിയെത്തിയ ഹാജിറ അത്ഭുതപ്പെട്ടു പോയി.കുഞ്ഞ്  കൈകാലിട്ടടിച്ച ഭാഗം പൊട്ടി,അവിടെ വെള്ളത്തിന്‍റെ കുത്തൊഴുക്ക്.മകനെ വാരി മാറോടണച്ച അവര്‍ നിമിഷനേരം സര്‍വശക്തനു നന്ദിപറഞ്ഞ് നിന്നു .കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചു,പിന്നെ ഉമ്മയും ദാഹം തീര്‍ത്തു.വെള്ളത്തിന്‍റെ പ്രവാഹം നിലയ്ക്കാതെ തുടരുന്നത് കണ്ട ഹാജിറ തന്‍റെ കയ്യുയര്‍ത്തി ഒരാജ്ഞ പോലെ പറഞ്ഞു "സം സം".

         കുത്തൊഴുക്ക് നിലച്ചെങ്കിലും ശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ഇന്നും  ഉറവ വറ്റാതെ ഔഷധവീര്യമുള്ള സംസം വെള്ളത്തിന്‍റെ പ്രവാഹം സൃഷ്ടാവിന്‍റെ  അതിഥികളുടെ ദാഹം ശമിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.ഈ വെള്ളം ഒരു നിധിയായി സൂക്ഷിക്കുന്നതിന് പിന്നില്‍ അല്ലാഹുവിന്‍റെ കല്പനപ്രകാരം  പൊട്ടിയൊഴുകുന്നതാണെന്ന തിരിച്ചറിവാകാം. ഒരു അനുസ്മരണം പോലെ ഹജ്ജ് കര്‍മ്മത്തിനു മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ സഫ-മര്‍വ പര്‍വത നിരകള്‍ക്ക് വലം വയ്ക്കുന്നു.

            കാലം കടന്നു.പിതാവായതിലുള്ള അത്യധികം സന്തോഷത്തോടെ നടക്കുമ്പോഴാണ് ഇബ്രാഹീമിന് ഒരു ദര്‍ശനത്തില്‍ അല്ലാഹുവിന്‍റെ കല്പന ഉണ്ടായത് :"ഇബ്രാഹീമേ,നീ നിന്‍റെ  മകനെ ബലിയര്‍പ്പിക്കണം".താന്‍ പൊന്നുപോലെ ലാളിച്ചുവളര്‍ത്തുന്ന മകന് വെറും പതിമൂന്നു വയസ്സ്.എങ്കിലും നാഥന്‍റെ കല്പന നിഷേധിക്കാന്‍ തയ്യാറായില്ല.ഹാജിറയും വേദന കടിച്ചമര്‍ത്തി മകനെ പുതുവസ്ത്രമണിയിച്ച് ഒരുക്കി ഭര്‍ത്താവിനൊപ്പം അയച്ചു.തന്നെ ബലിയര്‍പ്പിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഇസ്മായീലും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ  അല്ലാഹുവിന്‍റെ ആജ്ഞ നടപ്പാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.മകനെ തന്‍റെ മടിയില്‍ കിടത്തി മൂര്‍ച്ചയുള്ള വാള്‍ കൊണ്ട് ശിരസ്സ്‌  ഛേദിക്കാന്‍ ശ്രമിച്ചു. പക്ഷേ,മുറിയുന്നില്ല. ഇബ്രാഹീമിന്‍റെ വിഷമം  മനസ്സിലാക്കി മകന്‍ പറഞ്ഞു :"എന്‍റെ  മുഖത്തേയ്ക്കു നോക്കിയാല്‍ വാപ്പയ്ക്ക് ഒരിക്കലും ഇതിനു കഴിയില്ല".അതുകേട്ട് നബി ഇസ്മായീലിന്‍റെ  മുഖത്തുനിന്നു തന്‍റെ നോട്ടം മാറ്റി.എന്നിട്ടും കഴിയാതെ വന്നപ്പോള്‍ തുണികൊണ്ടു കണ്ണുകള്‍ മറച്ച് വാള്‍ കഴുത്തിലേയ്ക്കു വച്ചു. പെട്ടെന്ന് അല്ലാഹുവിന്‍റെ  ഒരു കല്പന:"ഇബ്രാഹീമേ,നീ എന്‍റെ പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. ഇസ്മായീലിനു പകരം ഒരാടിനെ ബലിയര്‍പ്പിക്കുക. കഅ്‌ബ നിര്‍മ്മാണത്തിന്‍റെ ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു".

   അല്ലാഹുവില്‍ എല്ലാം അര്‍പ്പിക്കാനുള്ള സന്നദ്ധതയുടെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ബക്രീദും.അന്ന് കാലത്തുണ്ടായിരുന്ന മനുഷ്യക്കുരുതി നീക്കം ചെയ്യുക എന്ന ഉദ്ദേശവും ഇതിനുണ്ട് ആചാരങ്ങള്‍ തുടര്‍ന്നു പോകുമ്പോള്‍ അതിന്‍റെ  അന്തസ്സത്ത  പലരും ഉള്‍ക്കൊള്ളുന്നില്ല.ഉത്തരേന്ത്യയില്‍,ബലികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആടുകളെയും മറ്റും സുറുമ എഴുതിക്കുകയും മൈലാഞ്ചി അണിയിക്കുകയും  ആറുമാസക്കാലമെങ്കിലും സ്നേഹത്തോടെ പരിപാലിക്കുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്.സ്നേഹിച്ച്  വളര്‍ത്തിയ ഒന്നിനെ അല്ലാഹുവിന് അര്‍പ്പിക്കാന്‍ തോന്നുമ്പോഴാണ്  ബക്രീദ് ആഘോഷം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

ഇസ്ലാമിക ചരിത്രത്തില്‍ അല്ലാഹുവിന്‍റെ  ആദ്യഭവനമെന്നാണ് കഅ്‌ബയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ബലിപെരുന്നാളിനോടനുബന്ധിച്ചു കഅ്‌ബയിലേയ്ക്കു നടത്തുന്ന തീര്‍ത്ഥയാത്രയാണ് ഹജ്ജ് അനുഷ്ഠാനമായി നടന്നു പോരുന്നത്. സമ്പത്തും ആരോഗ്യവുമുള്ളവര്‍ക്ക്‌ ജീവിതത്തില്‍ ഒരു പ്രാവശ്യം ഹജ്ജ്‌ നിര്‍വ്വഹിക്കേണ്ടത്‌ നിര്‍ബന്ധമാണ്. ഏകദൈവാരാധനയുടെ പ്രചാരകനായി ജീവിക്കുകയും പ്രസ്തുത മാര്‍ഗ്ഗത്തില്‍ ഏറെ ത്യാഗം സഹിക്കുകയും ദൈവത്തിന്‍റെ പരീക്ഷണങ്ങളിലെല്ലാം വിജയിക്കുകയും ചെയ്ത ഇബ്രാഹീം നബി(അ:)യുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഹജ്ജിലെ പ്രധാന കര്‍മ്മങ്ങളെല്ലാം.ദൈവബോധവും ത്യാഗസന്നദ്ധതയും വളര്‍ത്തുകയും മനുഷ്യസാഹോദര്യത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുകയും ചെയ്യുന്നതാണ്‌ ഹജ്ജ്‌.അറബ്‌ മാസത്തിലെ ദുല്‍ഹജ്ജിലാണ്‌ മക്കാപ്പട്ടണത്തില്‍ ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തുന്നത്‌. ഇവിടെ ദേശീയതയുടെയും പ്രാദേശീകതയുടെയും അതിര്‍വരമ്പുകളില്ല, വര്‍ണ്ണവിവേചനമില്ല, മുതലാളി-തൊഴിലാളി വ്യത്യാസമില്ല. എല്ലാവരും ഇസ്ലാമിക സൂക്തങ്ങള്‍ ഉരുവിട്ട്‌ കഅ്‌ബയോട്‌ അടുക്കുമ്പോള്‍ എങ്ങും ശാന്തി നിറയുന്നു.

   ഹജ്ജ് നിര്‍വ്വഹിക്കുന്നതിലൂടെ ഒരു മനുഷ്യന്‍ പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുന്നു.അയാള്‍ അപ്പോള്‍ ജനിച്ചു വീണ കുഞ്ഞിനെപ്പോലെ നിര്‍മ്മലമായ ഹൃദയത്തിന്‍റെ ഉടമയായി മാറുന്നു. എന്നാല്‍ ഇന്ന് ഹജ്ജ് ചെയ്യാനൊരുങ്ങുന്നവരില്‍ പലര്‍ക്കും  ആ കര്‍മ്മത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവും ബോധവും ഇല്ലെന്ന്‍  ഖേദപൂര്‍വ്വം പറയേണ്ടി  വരുന്നു.ഈ തീര്‍ത്ഥയാത്രയ്ക്ക്,അനുവദനീയമായ മാര്‍ഗ്ഗത്തില്‍ സമ്പാദിച്ച പണം ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.എല്ലാ തെറ്റുകളില്‍ നിന്നും പശ്ചാത്തപിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം ലക്ഷ്യമാക്കിയുള്ള യാത്രയായിരിക്കണം ഹജ്ജ്.അല്ലാതെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും  ഭൌതീക സുഖങ്ങളുടെയും പിറകേ പോയാല്‍ ആ കര്‍മ്മത്തിന്‍റെ  പവിത്രത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകും.

       ഇബ്രാഹീം നബി(അ:),ഇസ്മായീല്‍ നബി(അ:), മുഹമ്മദ്‌ നബി(സ.അ:) എന്നീ പ്രവാചകശ്രേഷ്ഠരുടെ  പാദസ്പര്‍ശമേറ്റ പുണ്യഭൂമിയിലൂടെ തീര്‍ത്ഥാടക ലക്ഷങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഈ ചരിത്രപുരുഷന്മാരുടെ  ജീവിതം സ്വന്തം ഹൃദയങ്ങളിലേയ്ക്ക്  ഏറ്റുവാങ്ങാന്‍ കഴിയുന്നതിലാണ് ഹജ്ജ് കര്‍മ്മത്തിന്‍റെ  തിളക്കവും അത് അനുഷ്ഠിക്കുന്നവരുടെ വിജയവും. ചുരുക്കത്തില്‍ നമ്മുടെ മുന്‍പിലെത്തുന്ന ഓരോ ബക്രീദിന്‍റെയും ലക്‌ഷ്യം മനുഷ്യ മനസ്സുകളെ ശുദ്ധീകരിച്ച് സ്വയം ദൈവത്തില്‍ സമര്‍പ്പിക്കുന്നതോടൊപ്പം വരും തലമുറകള്‍ക്ക് ആത്മശുദ്ധിയുടെയും സമര്‍പ്പണത്തിന്‍റെയും വാതായനങ്ങള്‍ തുറന്ന് കൊടുക്കുക എന്നതാണ്.കാലമെത്ര കടന്നുപോയാലും ചരിത്രത്തിന്‍റെ  സ്വര്‍ണ്ണത്താളുകളില്‍ നിറം മങ്ങാതെ എന്നും പ്രശോഭിക്കുന്നതായിരിക്കും പരിശുദ്ധവും പരിപാവനവുമായ ബക്രീദ്.
ചരിത്രമുറങ്ങുന്ന ബലിപെരുന്നാള്‍ - മീട്ടു  റഹ്മത്ത് കലാം ചരിത്രമുറങ്ങുന്ന ബലിപെരുന്നാള്‍ - മീട്ടു  റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക