Image

മൗറീഷ്യസ് പ്രസിഡന്റിന്റെ കേരളാ സന്ദര്‍ശനം ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ

Published on 27 October, 2012
മൗറീഷ്യസ് പ്രസിഡന്റിന്റെ കേരളാ സന്ദര്‍ശനം ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ
പോര്‍ട്ട് ലൂയി (മൗറീഷ്യസ്): മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ് അടുത്ത ജനുവരിയില്‍ കേരളം സന്ദര്‍ശിക്കും. ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം മൗറീഷ്യസ് പ്രസിഡന്റ് സ്വീകരിച്ചതായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. 

ഇന്ത്യയും മൗറീഷ്യസും തമ്മില്‍ വ്യാപാര, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുമെന്ന് മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വറും പ്രധാനമന്ത്രി നവീന്‍ ചന്ദ്ര രാംഗുലാമും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മൗറീഷ്യസിനു സുരക്ഷയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതാണെന്നു ഇരു നേതാക്കളും വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് മൗറീഷ്യസ് സര്‍ക്കാര്‍ പൂര്‍ണ സഹകരണവും പ്രോത്സാഹനവും നല്‍കുമെന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും രവിക്ക് ഉറപ്പ് നല്‍കി. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുന്നതിനു മൗറീഷ്യസ് സഹായം നല്‍കുന്നുണ്ട്. മൗറീഷ്യസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ക്കു പുറമേ സാംസ്‌കാരിക മന്ത്രി മുകേശ്വര്‍ ചൂനി, ആരോഗ്യമന്ത്രി മറിയ ഫ്രസ്‌ക മാര്‍ട്ടിന്‍, ശാസ്ത്ര സാങ്കേതികമന്ത്രി രാജേശ്വര്‍ ജീത എന്നിവരുമായും വയലാര്‍ രവി ചര്‍ച്ച നടത്തി. 

മൗറീഷ്യസില്‍ നടക്കുന്ന പ്രവാസി ഇന്ത്യാക്കാരുടെ ആഗോള സമ്മേളനത്തിനു ഇന്നു ഔദ്യോഗിക തുടക്കമാകും. തലസ്ഥാനമായ പോര്‍ട്ട് ലൂയിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗുലാം ഉദ്ഘാടനം ചെയ്യും. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും. 

മൗറീഷ്യസ് സാംസ്‌കാരിക മന്ത്രി മൂകേശ്വര്‍ ചൂനി, മൗറീഷ്യസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും മലയാളിയുമായ ടി.പി. സീതാറാം എന്നിവര്‍ പ്രസംഗിക്കും. കഥകളിയും മോഹിനിയാട്ടവും അടക്കം കേരളീയ കലാപരിപാടികള്‍ ഉദ്ഘാടന സമ്മേളനത്തിനു മിഴിവേകും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരിക്കും. 

ഇന്ത്യന്‍ സമുദ്ര മേഖലയിലെ വ്യവസായ നിക്ഷേപ സാധ്യതകളെ കുറിച്ചു പ്രത്യേക ചര്‍ച്ച നടക്കും. മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, പ്രവാസികാര്യ സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, ശ്രീലങ്കയിലെ പാര്‍ലമെന്റ് അംഗം പ്രകാശം ഗണേശന്‍, ദശരഥ് ഷെട്ടി, ജസ്റ്റീസ് അഹമ്മദ് മൂസ ഇബ്രാഹിം (സിംബാംവ്‌വേ), മൗറീഷ്യസ് തൊഴില്‍മന്ത്രി ഷക്കീല്‍ അഹമ്മദ്, മൊസാംബിക്കില്‍ നിന്നുള്ള ജോസ് പറയങ്കന്‍, ഉമേശ് ചന്ദ്ര, നോര്‍ക്ക എംഡി നോയല്‍ തോമസ് തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലേറെ പ്രവാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


മൗറീഷ്യസ് പ്രസിഡന്റിന്റെ കേരളാ സന്ദര്‍ശനം ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക