Image

വിമാനറാഞ്ചികളെ തൂക്കിക്കൊല്ലുക

Berly Thomas Published on 26 October, 2012
വിമാനറാഞ്ചികളെ തൂക്കിക്കൊല്ലുക

നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ എയര്‍ ഇന്ത്യയെ തകര്‍ക്കാനും എയര്‍ ഇന്ത്യയുടെ സല്‍‍പേര് നശിപ്പിക്കാനും വേണ്ടി ഒരു സംഘം തീവ്രവാദികള്‍ ആസൂത്രിതമായി നടത്തിയ റാഞ്ചല്‍ ശ്രമം തകര്‍ക്കുകയും രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ അതിതീവിച്ച് റാഞ്ചികളായ തീവ്രവാദികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്ത കേരള സര്‍ക്കാരിനും വലിയതുറ പൊലീസിനും എയര്‍ ഇന്ത്യയ്‍ക്കും അഭിവാദ്യങ്ങള്. 

കാശു കൊടുത്തു ടിക്കറ്റെടുക്കുത്താല്‍ കന്നുകാലി ക്ലാസില്‍ യാത്ര ചെയ്യുന്ന അലവലാതികള്‍ മാന്യന്‍മാരാകില്ല. എത്ര കാശു കൊടുത്താലും കന്നുകാലികള്‍ എന്നും കന്നുകാലികള്‍ തന്നെയായിരിക്കും.നല്ല കാളകളെക്കൊണ്ട് അവറ്റകളെ ചവുട്ടിക്കുക തന്നെ വേണം.

വിമാനക്കമ്പനികളോട് എങ്ങനെയും പെരുമാറാം എന്ന യാത്രക്കാരുടെ ധാര്‍ഷ്ട്യം ജനാധിപത്യത്തിന്‍റെ ശാപങ്ങളിലൊന്നാണ്. മുതലാളിത്തവ്യവസ്ഥിതിയില്‍ സോഷ്യലിസവും കമ്യൂണിസവും സെക്യുലറിസവും കൂടി വിജയകരമായി നടപ്പാക്കുന്ന പൊളിറ്റിക്കല്‍ സര്‍ക്കാസത്തെ പൊതുജനം ചൂഷണം ചെയ്യുമ്പോള്‍ ഇത്തരം ശക്തമായ നടപടികളാണ് ആവശ്യം. 

റാഞ്ചല്‍ ശ്രമം ചെറുക്കുകയും വധഭീഷണിയെ അതിജീവിച്ചു കൊണ്ട് ഭാരതത്തിന്‍റെ പരമാധികാരം സംരക്ഷിക്കുകയും എയര്‍ ഇന്ത്യയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്ത പൈലറ്റ് രൂപാലിയെ ഓര്‍ത്ത് ഒരു ഭാരതീയനെന്ന നിലയില്‍ ഞാനഭിമാനിക്കുകയും അവരുടെ സ്ത്രീത്വത്തിനും പൈലറ്റത്വത്തിനും മുന്നില്‍ അഭിമാനഭാരത്താല്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സല്യൂട്ട് ചെയ്യുകയും ചെയ്യുന്നു.

വിമാനം എവിടേക്കു കൊണ്ടുപോകണം, എവിടെ ഇറക്കണം തുടങ്ങിയ കാര്യങ്ങള്‍ പൈലറ്റിന്‍റെ സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണെന്നിരിക്കെ കൊച്ചിയില്‍ പോകേണ്ട യാത്രക്കാരെ തിരുവന്തപുരത്തിറക്കിയതിനെതിരേ വിമര്‍ശനമുന്നയിക്കുന്നവര്‍ നിയമവിരുദ്ധമായാണ് സംസാരിക്കുന്നത്. വെള്ളവും ഭക്ഷണം കിട്ടിയില്ല, കുഞ്ഞുങ്ങള്‍ ബോധരഹിതരായി തുടങ്ങിയ വാദങ്ങളില്‍ കഴമ്പില്ല. ആരും ചത്തൊന്നും പോയിട്ടില്ല എന്നത് എയര്‍ ഇന്ത്യയുടെത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനമാണ് എന്നതിന്‍റെ തെളിവാണ്. 

ഇനി എന്തൊക്കെ പ്രശ്നമുണ്ടായെന്നു പറഞ്ഞാലും കന്നുകാലികള്‍ പരിശുദ്ധവും പരിപാവനവുമായ കോക്പിറ്റില്‍ കയറി അശുദ്ധമാക്കി എന്നത് ഒരിക്കലും ക്ഷമിക്കാവുന്നതോ പൈലറ്റ് സമൂഹത്തിനു മറക്കാവുന്നതോ ആയ സംഭവമല്ല.ഇനി യാത്രക്കാര്‍ മുഴുവന്‍ ചാകുന്ന സാഹചര്യമുണ്ടായാല്‍പ്പോലും ഒരൊറ്റത്തെണ്ടി പോലും കോക്പിറ്റിന്‍റെ നേരേ നോക്കുക പോലും ചെയ്യാതിരിക്കുന്നതിനായി ഈ റാഞ്ചികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നതില്‍ ഒരു സംശയവുമില്ല. ആയിരം യാത്രക്കാരെ കൊലയ്‍ക്കു കൊടുത്താലും ഒരു പൈലറ്റിന്‍റെ പോലും ദുരഭിമാനം മുറിവേല്‍പിക്കപ്പെടരുത് – അതാവണം നമ്മുടെ മുദ്രാവാക്യം.

വിമാനറാഞ്ചികളായ എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരില്‍ പൈലറ്റിനെതിരേ വധഭീഷണി മുഴക്കിയതിന് വലിയതുറ പോലീസ് കേസെടുത്തു എന്നത് കേരളാ പോലീസ് സകോട്‍ലാന്‍ഡ്‍യാര്‍ഡിനു പോലും ഒരു വിസ്മയമാണ് എന്നതിന്‍റെ തെളിവാണ്. അല്ലെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ടിപി വധക്കേസ് തെളിയിച്ചതോടെ കേരളാ പോലീസ് ഇനി 100 വര്‍ഷത്തേക്ക് കേരളത്തില്‍ ഒരു കേസുപോലും തെളിയിച്ചില്ലെങ്കിലും അവരുടെ പൊന്‍തൂവലിന്‍റെ തിളക്കം മങ്ങുകയില്ല. 

എന്നിട്ടും ഈ കേസില്‍ രാജ്യത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും വെല്ലുവിളിയെ അതിജീവിച്ച് വിദേശബന്ധമുള്ള ആറു ഭീകരന്‍മാരെ കണ്ടെത്തി അവര്‍ക്കെതിരേ കേസെടുക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിന് പൊലീസും സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. തടഞ്ഞുവെയ്ക്കുക, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, വധിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസുകളാണ് റാഞ്ചികളുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കുന്നത്.

വിമാനറാഞ്ചികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും അവരെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ ജയിലിലടയ്‍ക്കുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍ മറ്റു വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഈ ഘട്ടത്തില്‍ എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. 

വലിയതുറ പൊലീസ് ചെയ്തത് വലിയ കാര്യമാണെങ്കിലും ഈ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടതാണ് എന്നാണ് എന്‍റെ അഭിപ്രായം. കോക്പിറ്റില്‍ നടന്നത് പ്രഥമദൃഷ്ട്യാരാജ്യദ്രോഹമായിരുന്നിട്ടും അത്തരം വകുപ്പുകള്‍ ചുമത്താന്‍ വൈകുന്നത് പൈലറ്റ് സമൂഹത്തിന്‍റെ ആത്മവീര്യം തകര്‍ക്കും. പൈലറ്റ് വിമാനം പറത്തുന്നത് യാത്രക്കാര്‍ക്കു വേണ്ടിയാണ് എന്ന തെറ്റിദ്ധാരണ പരക്കാനും പൈലറ്റിന്‍റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുകയും അവര്‍ക്കും തെറ്റുകള്‍ സംഭവിക്കാം എന്ന ആശയം പ്രചരിക്കാനും ഇത് കാരണമാകും. 

അതുകൊണ്ട് വിമാനറാഞ്ചികളായ ആറുപേരെയും എത്രയും വേഗം തൂക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൈലറ്റിനെ കുറ്റപ്പെടുത്തിക്കൊണ്ടും റാഞ്ചികളെ പിന്‍തുണച്ചുകൊണ്ടും സോഷ്യല്‍മീഡിയ വഴി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ സൈബര്‍ കേസെടുക്കണം. വിമാനറാഞ്ചല്‍ ശ്രമത്തെ ധീരമായി നേരിട്ട പൈലറ്റ് രൂപാലിക്ക് ധീരതയ്‍ക്കുളള പുരസ്കാരവും പത്മ ബഹുമതികളും നല്‍കി ആദരിക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക