Image

സംവൃത മംഗല്യ പന്തലിലേക്ക്‌...; സിനിമക്ക്‌ ഇനിയൊരു ഇടവേള...

Published on 26 October, 2012
സംവൃത മംഗല്യ  പന്തലിലേക്ക്‌...;  സിനിമക്ക്‌  ഇനിയൊരു ഇടവേള...
ഒരു ലാല്‍ ജോസ്‌ ചിത്രത്തില്‍ തുടങ്ങി മറ്റൊരു ലാല്‍ ജോസ്‌ ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സംവൃതക്ക്‌ മംഗല്യമായിരിക്കുന്നു. നവംബര്‍ ഒന്നിനാണ്‌ കഴിഞ്ഞ എട്ടു വര്‍ഷക്കാലം മലയാളിയുടെ പ്രീയപ്പെട്ട നായികയായിരുന്ന സംവൃതക്ക്‌ വിവാഹമാകുന്നത്‌. വിവാഹ പന്തലിലേക്ക്‌ കടക്കുമ്പോള്‍ അയാളും ഞാനും തമ്മില്‍ എന്ന പുതിയ ചിത്രത്തിലെ കഥാപാത്രമായ സൈനു പ്രേക്ഷകര്‍ക്ക്‌ മുമ്പിലുണ്ട്‌. അയാളും ഞാനും തമ്മില്‍ ഇപ്പോള്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും വരും നാളുകളില്‍ മലയാളി സംവൃതയെ മിസ്‌ ചെയ്യുമെന്ന്‌ ഉറപ്പ്‌.

എന്നാല്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തുകയാണെന്നൊന്നും സംവൃത പറയുന്നില്ല. ഇതൊരു ഇടവേളയാണ്‌. ഒരു കുടുംബിനിയാകാനുള്ള ഇടവേള. അത്രമാത്രമേ സംവൃത പറയുന്നുള്ളു.

സംവൃത സംസാരിക്കുന്നു?

വിവാഹത്തിന്റെ തിരക്കുകളില്‍ തന്നെയാണ്‌ ഇപ്പോള്‍. മാസങ്ങള്‍ക്ക്‌ മുമ്പു തന്നെ തീരുമാനിച്ച വിവാഹമാണ്‌. അതുകൊണ്ട്‌ വലിയൊരു എക്‌സൈറ്റ്‌മെന്റില്ല. പക്ഷെ ഏതൊരാള്‍ക്കും ഏറെ പ്രത്യേകതയുള്ള ദിവസമാണല്ലോ. ആ സന്തോഷമാണ്‌ വിവാഹത്തിലേക്ക്‌ അടുക്കുമ്പോള്‍...

തത്‌കാലം സിനിമയില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ തന്നെയാണോ തീരുമാനം?

തത്‌കാലം ഞാന്‍ സിനിമയിലേക്ക്‌ ഇല്ല. രസികന്‍ എന്ന ലാല്‍ ജോസ്‌ ചിത്രത്തില്‍ തുടങ്ങിയതാണ്‌ എന്റെ അഭിനയ ജീവിതം. ഇപ്പോള്‍ അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ്‌ ചിത്രത്തില്‍ എത്തി നില്‍ക്കുന്നു. ഇതിനിടയില്‍ നാല്‌പതോളം സിനിമകളില്‍ അഭിനയിച്ചു. അത്‌ തന്നെ എനിക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കൗതുകമാണ്‌. ഇത്രയും സിനിമകള്‍ എന്റേതായി ഇവിടെയുണ്ടല്ലോ. ഇനി ഒരു സിനിമ കൂടി എന്റേതായി റിലീസിനെത്തും. ഷാഫി സംവിധാനം ചെയ്‌തിരിക്കുന്ന 101 വെഡ്ഡിംഗ്‌ എന്ന ചിത്രം. അത്‌ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും.

പിന്നീട്‌ എനിക്ക്‌ സിനിമയില്‍ ഒരു ഇടവേള തന്നെയാണ്‌. എന്നാല്‍ എന്നേക്കുമായി സിനിമ നിര്‍ത്തണം എന്നൊരു തീരുമാനവുമില്ല. പക്ഷെ പഴയതുപോലെ തിരക്കിട്ട ഒരു അഭിനയ ജീവിതം ഇനിയില്ല. എപ്പോഴെങ്കിലും നല്ലൊരു വേഷവുമായി ആരെങ്കിലും വരട്ടെ. അന്ന്‌ കാമറക്ക്‌ മുമ്പിലേക്ക്‌ ഞാനെത്തും. ഏറെ ഇഷ്‌ടപ്പെട്ടാണ്‌ ഞാന്‍ അഭിനയം ഒരു കരിയറായി തിരഞ്ഞെടുത്തത്‌. അതിനോട്‌ ഇപ്പോഴും ഒരു മടുപ്പുമില്ല. മറിച്ച്‌ ഇഷ്‌ടം കൂടിയിട്ടേയുള്ളു.

അഭിനയത്തിനു ശേഷം വിദേശത്തേക്കായിരിക്കുമല്ല?

തീര്‍ച്ചയായും അഖില്‍ കാലിഫോര്‍ണിയയില്‍ സെറ്റില്‍ഡാണ്‌. വിവാഹ ശേഷം ഞാനും അഖിലിനൊപ്പം പോകുന്നു. ഇനി വിദേശത്തായിരിക്കും എന്നതും അഭിനയത്തിന്‌ ഇടവേളയാകാന്‍ ഒരു കാരണമാണ്‌.

അഖിലിനെക്കുറിച്ച്‌?

കാലിഫോര്‍ണിയയില്‍ ഡിസ്‌നിയിലാണ്‌ അഖില്‍ ജോലി ചെയ്യുന്നത്‌. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ്‌. ക്രീയേറ്റീവായി ജോലി ചെയ്യുന്നയാളാണ്‌ അഖിലും. അതുകൊണ്ട്‌ കലയോട്‌ വളരെ താത്‌പര്യമുള്ളയാളാണ്‌. അഖില്‍ നല്ലൊരു ഗായകനാണ്‌. നന്നായി പെയിന്റ്‌ ചെയ്യാറുണ്ട്‌. അഖില്‍ അങ്ങനെ നല്ലൊരു ആര്‍ട്ടിസ്റ്റുണ്ട്‌. ഞങ്ങള്‍ക്കിടയില്‍ ഉള്ള ഒരു അടുപ്പം കലയോടുള്ള ഈ താത്‌പര്യമാണ്‌. പക്ഷെ അഖില്‍ അധികം മലയാള സിനിമകള്‍ കാണാറില്ല. എന്റെ രണ്ടോ മൂന്നോ സിനിമകള്‍ മാത്രമേ അഖില്‍ കണ്ടിട്ടുള്ളു.

വിവാഹത്തിനു ശേഷം അഭിനയിക്കുന്നതില്‍ അഖിലിന്‌ എന്തായിരുന്നു അഭിപ്രായം?

തത്‌കാലം അഭിനയം ഇപ്പോള്‍ വേണ്ട എന്ന്‌ ഞാനാണ്‌ തീരുമാനിച്ചത്‌. ഒരു കുടുംബ ജീവിതത്തിലേക്ക്‌ കടക്കുമ്പോള്‍ അതിനു തന്നെയാണ്‌ പ്രധാന്യം കൊടുക്കേണ്ടത്‌ എന്നായിരുന്നു എന്റെ തീരുമാനം. അഖില്‍ ഈ വിഷയത്തില്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. അഭിനയം എന്റെ കരിയറാണ്‌. എനിക്ക്‌ തീരുമാനിക്കാം എന്നതായിരുന്നു അഖിലിന്റെ പോളസി.

എട്ടുവര്‍ഷക്കാലം സിനിമയില്‍ സജീവമായി നിന്നു. ഇപ്പോള്‍ തത്‌കാലത്തേക്കെങ്കിലും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പോകുന്നു. എന്തു തോന്നുന്നു?

വളരെ തിരക്കിട്ട ഒരു അഭിനയ ജീവിതം പണ്ടും എനിക്കിഷ്‌ടമായിരുന്നില്ല. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്ക്‌ യാത്ര ചെയ്‌ത്‌ ഒരു അഭിനയ ജീവിതം. അതില്‍ എനിക്ക്‌ താത്‌പര്യമുണ്ടായിരുന്നില്ല. ചില വര്‍ഷങ്ങളില്‍ എന്റെ കരിയറിലും തുടര്‍ച്ചയായി സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ചിലപ്പോഴൊക്കെ അത്രത്തോളം താത്‌പര്യമില്ലാത്ത റോളുകളും. പക്ഷെ കൂടുതലും ഞാന്‍ എനിക്ക്‌ ഇഷ്‌ടമുള്ള റോളുകള്‍ തിരഞ്ഞെടുത്ത്‌ എനിക്ക്‌ കംഫര്‍ട്ടായ സിനിമകളിലാണ്‌ അഭിനയിച്ചിട്ടുള്ളത്‌.

അതുകൊണ്ടു തന്നെയാണ്‌ തമിഴിലേക്കും തെലുങ്കിലേക്കുമൊന്നും ഞാന്‍ പോകാതിരുന്നത്‌. ഒരു തമിഴ്‌ ചിത്രത്തിലും ഒരു തെലുങ്ക്‌ ചിത്രത്തിലും മാത്രമേ ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളു. കൂടുതല്‍ തിരക്കുകളിലേക്ക്‌ പോകാന്‍ താത്‌പര്യമില്ലാതിരുന്നത്‌കൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി തമിഴ്‌ ചിത്രങ്ങളുടെ ഓഫറുകള്‍ വന്നിരുന്നു. ഒന്നും പോലും ഞാന്‍ തിരഞ്ഞെടുത്തില്ല. ഇവിടെ മലയാളത്തില്‍ മതി എന്ന്‌ തീരുമാനിച്ചതാണ്‌. എനിക്കിഷ്‌ടം മലയാള സിനിമയോടാണ്‌. അതുകൊണ്ടു തന്നെ ഇനി ഇവിടേക്ക്‌ മടങ്ങി വരില്ല എന്നും ഞാന്‍ പറയുന്നില്ല. നല്ല കഥയുമായി ഒരു സിനിമ ചെയ്യാന്‍ ആരെങ്കിലും വിളിക്കട്ടെ. നല്ലൊരു കഥാപാത്രം തരട്ടെ. അപ്പോള്‍ തീര്‍ച്ചയായും വന്ന്‌ അഭിനയിക്കും.

സമീപകാലത്ത്‌ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്‌ടപ്പെട്ട കഥാപാത്രമേത്‌.
?

നല്ല കഥാപാത്രങ്ങള്‍ ഏറെ ചെയ്‌തിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം കോക്‌ടെയിലിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ട ഒന്നാണ്‌. അഖിലും ആ സിനിമ കണ്ടിട്ടുണ്ട്‌. അഖിലിന്‌ വളരെ ഇഷ്‌ടപ്പെട്ട സിനിമ കൂടിയാണ്‌. അടുത്ത കാലത്ത്‌ ഡയമണ്ട്‌ നെക്‌ലൈസിലെ മായ എന്ന കഥാപാത്രം എനിക്ക്‌ വളരെ ഇഷ്‌ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു. ഇതുവരെയും ഞാന്‍ ചെയ്യാതിരുന്ന ഒരു കഥാപാത്രത്തെയാണ്‌ ലാല്‍ജോസ്‌ എന്ന ഗുരുനാഥന്‍ എനിക്ക്‌ ഡയമണ്ട്‌ നെക്‌ലൈസിലൂടെ തന്നത്‌.

ഇപ്പോള്‍ സംവൃതയുടെ കരിയര്‍ വളരെ തിളങ്ങി നില്‍ക്കുകയാണ്‌. വിവാഹം നേരത്തെയായി എന്ന്‌ തോന്നിയിരുന്നോ?

ഒരിക്കലുമില്ല. ഇത്‌ തന്നെയാണ്‌ ശരിയായ സമയമെന്നാണ്‌ തോന്നുന്നത്‌. സിനിമയില്‍ നല്ല കഥാപാത്രം ചെയ്‌ത്‌ നില്‍ക്കുമ്പോള്‍ തന്നെ സജീവ അഭിനയത്തില്‍ നിന്ന്‌ മാറുന്നതല്ലേ നല്ലത്‌. സംവൃത മോശമായി അഭിനയിച്ചപ്പോളാണ്‌ സിനിമ നിര്‍ത്തിയതെന്ന്‌ ആരും പറയില്ലല്ലോ. ഇതുവരെ ഞാന്‍ ചെയ്‌ത സിനിമകളില്‍ സംവൃത നന്നായി അഭിനയിച്ചിട്ടില്ല എന്ന്‌ ആരും പറയുമെന്ന്‌ തോന്നുന്നില്ല. നല്ല കുറച്ച്‌ സിനിമകള്‍ ബാക്കി വെച്ചിട്ടാണല്ലോ ഞാന്‍ ഇടവേളയിലേക്ക്‌ പോകുന്നത്‌.

നവംബര്‍ ഒന്നിന്‌ കണ്ണൂരില്‍ വെച്ച്‌ സംവൃതക്കും അഖിലിനും വിവാഹമാണ്‌. വിവാഹശേഷം സംവൃത വിദേശത്തേക്ക്‌ പോകും. ശേഷം വെള്ളിത്തിരയിലേക്ക്‌ എന്നാണ്‌ മടക്കമെന്ന്‌ സംവൃതക്ക്‌ ഇപ്പോള്‍ അറിയില്ല. പക്ഷെ നല്ലൊരു കഥാപാത്രം വീണ്ടും തന്നെ തേടിയെത്തുമെന്ന്‌ പ്രതീക്ഷ സംവൃത ബാക്കി വെക്കുന്നു. അങ്ങനെയുണ്ടാകുമെന്ന്‌ പ്രേക്ഷകര്‍ക്കും ആശംസിക്കാം...
സംവൃത മംഗല്യ  പന്തലിലേക്ക്‌...;  സിനിമക്ക്‌  ഇനിയൊരു ഇടവേള...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക