Image

പദവി കിട്ടാന്‍ രാഷ്ട്രീയക്കാര്‍ കനിയണം:സുരേഷ് ഗോപി

Published on 29 October, 2012
പദവി കിട്ടാന്‍ രാഷ്ട്രീയക്കാര്‍ കനിയണം:സുരേഷ് ഗോപി
കാഞ്ഞങ്ങാട്: സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന്റെ പേരില്‍ മോഹന്‍ലാലിന് ലഫ്. കേണല്‍ പദവി നല്‍കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ രാഷ്ട്രീയം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടന്‍ സുരേഷ്‌ഗോപി. കാഞ്ഞങ്ങാട്ട് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുമായി സംവദിക്കുകയായിരുന്ന അദ്ദേഹം കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

പട്ടാള വേഷത്തില്‍ അഭിനയിച്ചതിന് ലഫ്. കേണല്‍ പദവി നല്‍കിയതുപോലെ ഒട്ടേറെ സിനിമകളില്‍ പൊലീസ് ഓഫിസര്‍ വേഷത്തില്‍ അഭിനയിച്ച താങ്കള്‍ക്ക് എസ്.പി റാങ്കെങ്കിലും തരേണ്ടതല്ലേയെന്നായിരുന്നു ചോദ്യം. അത് രാഷ്ട്രീയ തീരുമാനമാണെന്നും കുഞ്ഞുങ്ങള്‍ക്കത് മനസ്സിലാവില്ലെന്നും വ്യക്തമാക്കിയാണ് സുരേഷ്‌ഗോപി മറുപടി പറഞ്ഞുതുടങ്ങിയത്. ഒരുപാട് ആളുകളല്ല അത്തരം തീരുമാനമെടുക്കുന്നത്. ചിലര്‍ മാത്രമാണ്. അത്തരം രാഷ്ട്രീയക്കാര്‍ എന്നെ ഇഷ്ടപ്പെടുന്നില്ല. എല്ലാ രാഷ്ട്രീയത്തിനുനേരെയും വിരല്‍ ചൂണ്ടുന്നവനാണ് ഞാനെന്നതാണ് കാരണം.

പദവി കിട്ടാന്‍ രാഷ്ട്രീയക്കാര്‍ കനിയണം. അടുത്ത ജന്മത്തിലെങ്കിലും അത്തരം പദവി കിട്ടുമോയെന്ന് നോക്കാം. അതിന് ഇനിമുതല്‍ ഒരു കാര്യത്തിലും അഭിപ്രായം പറയാതെ നല്ലവനായി ജീവിക്കാന്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളില്‍ പൊലീസ് സേനയെക്കുറിച്ച് അവബോധമുണ്ടാക്കാനും മറ്റു തൊഴിലുകളെപ്പോലെ പൊലീസിലേക്ക് ചേരുന്നതിന് പ്രേരണയാകുന്നതിനും സംസ്ഥാനത്ത് പൊലീസിങ് കോളജ് തുടങ്ങണം.അഞ്ചാംക്‌ളാസ് മുതല്‍ കുട്ടികളിലെ പൊലീസ് അഭിരുചി തിരിച്ചറിയാനും വളര്‍ത്തിയെടുക്കാനും ഇത് ഉപകരിക്കും. പൊലീസിങ് കോളജില്‍നിന്ന് പൊലീസ് സേനയിലേക്ക് ഊര്‍ജസ്വലരും എക്കാലത്തും അഭിമാനിക്കാവുന്നതുമായ ഒട്ടേറെ പൊലീസുകാരെയും ഓഫിസര്‍മാരെയും ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വളര്‍ച്ചക്ക് പൊലീസിനെക്കുറിച്ചുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായാണ് പൊലീസിങ് കോളജ് തുടങ്ങേണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍ എന്നിവരോടൊക്കെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും സുരേഷ്‌ഗോപി പറഞ്ഞു.


പദവി കിട്ടാന്‍ രാഷ്ട്രീയക്കാര്‍ കനിയണം:സുരേഷ് ഗോപിപദവി കിട്ടാന്‍ രാഷ്ട്രീയക്കാര്‍ കനിയണം:സുരേഷ് ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക