Image

ഓര്‍മ്മയില്‍ മരിക്കാത്ത സിനിമ തങ്കത്തള താളം കിലുക്കി

അനില്‍ പെണ്ണുക്കര Published on 28 October, 2012
ഓര്‍മ്മയില്‍ മരിക്കാത്ത സിനിമ തങ്കത്തള താളം കിലുക്കി
മലയാളസിനിമയിലെ അനുകരിയ്ക്കാനാവാത്ത സംവിധാനചാരുതയാണ് ശ്രീ.ഫാസില്‍ . തികച്ചും സ്വതന്ത്രമാണ് ഫാസില്‍ സിനിമകള്‍! പ്രത്യേകിച്ചൊരു ഇസ്സത്തിനോടും വ്യക്തമായ ഒരു അനുഭാവവും തന്റെ കലാസൃഷ്ടികളില്‍ ഫാസില്‍ പ്രഖ്യാപിച്ചിട്ടില്ല. മനസ്സുമായി സംവദിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകള്‍. മനസ്സിന്റെ ലോലഭാവങ്ങളും തീഷ്ണഭാവങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സിനിമകളില്‍ സന്നിവേശിച്ചിട്ടുണ്ട്. മധുരവും ദീപ്തവും നനുത്തതുമായ അംശങ്ങള്‍ ആവോളം ആ സിനിമകളില്‍ കാണാം.

ടീനേജുപ്രായത്തിന്റെ കൊച്ചുകൊച്ചു കുസൃതികളും അവയിലൂടെ ഉരുത്തിരിയുന്ന മധുരവികാരങ്ങളും കണ്ണീര്‍കലക്കങ്ങളും തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമ. എന്റെ ഓര്‍മ്മയിലിന്നും ഒരു മനോഹരഗാനം പോലെ ഈ സിനിമയുണ്ട്. അതിലെ കുത്തിയോട്ടപ്പാട്ടിന്റെ ശീലുകളും 'കാക്കേ പൂച്ചേ കാക്കതമ്പ്രാട്ടിയും എത്താക്കൊമ്പത്ത്' എന്നീ നാടന്‍ ശീലുകളും മനസ്സില്‍ ഇന്നും ചോര്‍ന്നു പോകാതെ അലയടിക്കുന്നു.

ഒരു വലിയ തറവാട്ടിലൊത്തു കൂടുന്ന കൗമാരക്കാരായ രണ്ടു പ്രണയിതാക്കളുടെ കഥയാണ് 'എന്നെന്നും കണ്ണേട്ടന്റെ' ഒരുപക്ഷേ ആ സിനിമ കാണുന്ന ഏതു പ്രായക്കാര്‍ക്കും തന്റെ നഷ്ടവസന്തമായ കൗമാരദശങ്ങളിലേണമെ തിരിഞ്ഞുനോട്ടം ഉണ്ടാകും. ഒപ്പം കുറെ സുഖമുള്ള ഗൃഹാതുരമായ ഓര്‍മ്മകളും! മുറപ്പെണ്ണും മുറച്ചെറുക്കനുമായ കൗമാരക്കാരും ആചാരവിശ്വാസങ്ങളിലും കുടുംബത്തിന്റെ താഴ് വേരുതന്നെ നാഗങ്ങള്‍ പാര്‍ക്കുന്ന കാവാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരും ഒരേ തറവാട്ടില്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന സുഖകരമായ ആഘോഷവും പിണക്കങ്ങളും പൊങ്ങച്ചങ്ങളും ആരവങ്ങളും ഈ സിനിമയില്‍ സൃഷ്ടിക്കുന്ന അന്തരീക്ഷം പറയാനെളുതല്ല. അമ്മയും മകനും തമ്മിലുള്ള അദൃശ്യവും നേര്‍ത്തതുമായ സ്‌നേഹബന്ധത്തിന്റെ പൊട്ടാനൂലുകള്‍ എങ്ങനെ ദൃഢമായിരുന്നു അക്കാലത്തെന്ന് ഫാസില്‍ ഒരു രംഗത്തിലൂടെ കാട്ടിത്തരുന്നുണ്ട്. നായകനായ കൗമാരക്കാരനും അമ്മയും തമ്മില്‍ പിണങ്ങുന്ന മുഹൂര്‍ത്തം അസ്വസ്ഥത മൂടിക്കെട്ടിയ മനസ്സുമായി മകന്‍ അമ്മയോട് ചങ്ങാത്തം കൂടാനെത്തുന്ന മുഹൂര്‍ത്തം സ്മരണയിലൊരിക്കലും മരിക്കുന്നില്ല. ഞാനും എന്റെ അമ്മയുമല്ലേ അത് എന്ന് ആര്‍ക്കും തോന്നിപ്പോകും.

ജീവല്‍പ്രശ്‌നമയമായതും മസ്തികവിസ്‌ഫോടനാത്മകവുമായ വിഷയങ്ങളെ സാഹിത്യത്തേയും സിനിമയേയും കലാരൂപങ്ങളേയും ഗൗരവതരമാക്കുകയുള്ളൂ എന്ന സിദ്ധാന്തം ഫാസിലിന് വിഷയമല്ല. ജീവിതം ആരും എഴുതി തയ്യാറാക്കുന്നതല്ല. ആകസ്മികതകളും അത്ഭുതങ്ങളും പ്രതീക്ഷകളും ഭംഗങ്ങളുമൊക്കെ ചേര്‍ന്ന ഒരു 'വെറൈറ്റി'യാണ് ജീവിതം. അതാണ് അതിന്റെ സുഖവും.

'ഇത്തിരി കണ്ണീരും ചിരിയും ചേര്‍ന്നാലെ മുഗ്ദ്ധമാകുകയുള്ളു വാഴ്‌വെന്നറിയണം. ഫാസില്‍ ആ വിശ്വാസം വെച്ചു പുലര്‍ത്തുന്നുണ്ട്.

എന്നെന്നും കണ്ണേട്ടന്റെയും കഥ കാണാത്ത കൗമാരങ്ങളും യൗവനങ്ങളുമുണ്ടാവില്ല. പുത്തന്‍തലമുറയ്ക്കു അന്യമാകുന്ന മണ്ണിന്റെ മണം ഇത്തരം സിനിമകളിലൂടെ ദര്‍ശിക്കാം എന്നായാലും എന്റെ മനസ്സില്‍ ഒരു തങ്കത്തളനാളം ഇന്നും അലയടിക്കുന്നു. കൗമാരത്തിന്റെ വഴിയില്‍ ആരോ തുണിയിട്ട പ്രത്യാശയുടെയും പ്രണയത്തിന്റേതുമായ ഒരു തുവാല ഇന്നുമുണ്ട്. കാക്കയും പൂച്ചയും എത്താത്ത ചക്കരമാവിന്റെ തെക്കേക്കൊമ്പത്ത് ഇളങ്കാറ്റുമുണ്ട്. തേന്‍കനികളുമുണ്ട്.
ഓര്‍മ്മയില്‍ മരിക്കാത്ത സിനിമ തങ്കത്തള താളം കിലുക്കിഓര്‍മ്മയില്‍ മരിക്കാത്ത സിനിമ തങ്കത്തള താളം കിലുക്കിഓര്‍മ്മയില്‍ മരിക്കാത്ത സിനിമ തങ്കത്തള താളം കിലുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക