Image

80 വയസ്സ്‌ എന്ന്‌ പറഞ്ഞാല്‍ 80 വയസ്സുതന്നെ: ചെറിയാന്‍ കെ. ചെറിയാനുമായുള്ള അഭിമുഖം

Published on 03 November, 2012
80 വയസ്സ്‌ എന്ന്‌ പറഞ്ഞാല്‍ 80 വയസ്സുതന്നെ: ചെറിയാന്‍ കെ. ചെറിയാനുമായുള്ള അഭിമുഖം
ഒരു ദൈവിക നിയോഗം എന്ന്‌ മനസ്സിലാക്കി വളരെയധികം സന്തോഷത്തോടും അതിലേറെ ചാരിതാര്‍ത്ഥ്യത്തോടും കൂടിയാണ്‌ ഞങ്ങള്‍ മലയാളത്തിന്‍റെ പ്രിയ കവി ചെറിയാന്‍ കെ. ചെറിയാന്‍റെ വാസസ്ഥലമായ താമ്പായിലെ വാല്‌റിക്കോയിലുള്ള 2613 വില്ലാ ഡ്രൈവിലുള്ള ഭവനത്തിലെയ്‌ക്ക്‌ കടന്നു ചെന്നത്‌. ഒക്ടോബര്‍ 13നു ശനിയാഴ്‌ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്‌ ഞങ്ങള്‍ കവിയുടെ ഭവനത്തില്‍ ചെല്ലും എന്നാണ്‌ അറിയിച്ചിരുന്നത്‌. ഞങ്ങളെ സ്വീകരിക്കാന്‍ കവിയുടെ പ്രിയ പത്‌നി ആനിയമ്മ ചെറിയാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അല്‌പസമയം ഞങ്ങള്‍ വീടിന്റെ മുന്‍വശത്ത്‌ കവിയെ കാത്തുനിന്നു. താമ്പാ പ്രസ്സ്‌ ക്ലബ്ബിനു വേണ്ടി  ഉപാദ്ധ്യക്ഷനായ പി. വി. ചെറിയാന്‍, സെക്രട്ടറി സജി കരിമ്പന്നൂര്‍, ചീഫ്‌ റിപ്പോര്‍ട്ടറായ ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവരോടൊപ്പം ചിത്രമെടുപ്പ്‌ ഒരു വിനോദവും നിയോഗവുമായിട്ടെടുത്തിരിക്കുന്ന കണ്ണനും അദ്ദേഹത്തിന്‍റെ പിതാവും അടങ്ങിയതായിരുന്നു അഭിമുഖം തയ്യാറാക്കല്‍ സംഘം. കണ്ണനെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയ ജയിസണ്‍ മുനിസ്വാമിയും ജോണ്‍ ജയിന്‍ മുണ്ടയ്‌ക്കലും ഒപ്പം ഉണ്ടായിരുന്നു. വളരെ സുസ്‌മേരവദനനായി കവി ഞങ്ങളെ സ്വീകരിച്ചു. ഒരു കവിയുടെ ജാടകളോ വെച്ചുകെട്ടലുകളോ അദ്ദേഹത്തിനില്ലായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ ചോദ്യങ്ങളിലേയ്‌ക്ക്‌ കടന്നു.

ആദ്യ ചോദ്യം ജയിന്‍ മുണ്ടയ്‌ക്കലിന്റേതായിരുന്നു.

ദ്യമായി സാറിന്‌ ജന്മദിനമംഗളങ്ങള്‍ ആശംസിക്കുന്നു. താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌; മലയാളം പത്രത്തിനും ഇമലയാളിക്കും വേണ്ടി തയ്യാറാക്കുന്ന ഈ അഭിമുഖത്തിനു അനുവാദം തന്ന അങ്ങേയ്‌ക്കും കുടുംബത്തിനും നന്ദി പറയുന്നതോടൊപ്പം ഈ അഭിമുഖത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

കവി: ആശംസകള്‍ക്ക്‌ നന്ദി. താമ്പ പ്രസ്സ്‌ ക്ലബ്ബിനെ എന്റെ ഭവനത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നു. ഇങ്ങനെയൊരു അഭിമുഖത്തിനു തയ്യാറായ താമ്പാ പ്രസ്സ്‌ ക്ലബ്ബിനും മലയാളം പത്രത്തിനും ഇ മലയാളിക്കും എന്റെ നന്ദി.

ചോദ്യം 1. 1932 ഒക്ടോബര്‍ 24 ന്നാണല്ലോ അങ്ങയുടെ ജനനം? അങ്ങേയ്‌ക്ക്‌ എണ്‍പതു വയസ്സായി എന്ന ഒരു തോന്നല്‍ മനസ്സിലുണ്ടോ?

കവി: തീര്‍ച്ചയായും എണ്‍പതു വയസ്സ്‌ എന്ന്‌ പറഞ്ഞാല്‍ എണ്‍പതു വയസ്സുതന്നെയാണ്‌. എന്നാല്‍ പ്രായം വെറുമൊരു അളവുകോല്‍ മാത്രമാണ്‌. മനസ്സിനാണ്‌ പ്രായം. നമ്മുടെ ക്രിയാശേഷി നഷ്ടപ്പെടുമ്പോള്‍ നമുക്ക്‌ പ്രായമായി എന്ന്‌ പറയാം. ഒരുവന്‌ സര്‍ഗ്ഗ സൃഷ്ടിയ്‌ക്കുവേണ്ടുന്ന ശേഷി ഉള്ളിടത്തോളം കാലം അവനു പ്രായം ആകുന്നതേയില്ല.

അടുത്ത ചോദ്യം സജി കരിമ്പന്നൂരിന്റേതായിരുന്നു.

എന്താണ്‌ സാറിന്റെ സാധാരണ ദിനചര്യ? ഭക്ഷണം? രോഗങ്ങള്‍? മരുന്ന്‌?

കവി: അത്‌ പറയേണ്ടത്‌ എന്റെ ഭാര്യയാണ്‌.

ആനിയമ്മ ചെറിയാന്‍: അത്‌ ഞാന്‍ പറയാം. വളരെ താമസിച്ചു ഉറങ്ങാന്‍ കിടക്കുന്ന ആളാണ്‌ തമ്പിച്ചന്‍ എന്ന്‌ ഞാന്‍ വിളിക്കുന്ന കവി. ഞാന്‍ വിളിച്ചുണര്‍ത്തണം വിളിക്കാതെ ഉണരാറില്ല. പ്രഭാതകര്‍മ്മങ്ങള്‍ക്ക്‌ രണ്ടു മണിക്കൂര്‍ എങ്കിലും എടുക്കും. കണ്ണാടിയുടെ മുന്നില്‍ നിന്ന്‌ സ്വയം സംസാരിക്കുന്നതു കേട്ടിട്ടുണ്ട്‌. ഒരു മണിക്കൂര്‍ പ്രഭാത ധ്യാനവും പ്രാര്‍ത്ഥനയും ഉണ്ട്‌. സസ്യാഹാരമാണ്‌ പ്രിയം. പ്രത്യേക രോഗങ്ങള്‍ ഒന്നുമില്ല. വലിവ്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഉണ്ടാകാറുണ്ട്‌ അതിനുള്ള മരുന്ന്‌ അപ്പോള്‍ എടുക്കും. കൃത്യമായി ഇവിടെ അടുത്തുള്ള YMCA യില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പോകാറുണ്ട്‌.

അങ്ങയുടെ കുടുംബാംഗങ്ങളെക്കുറിച്ചും അമേരിക്കന്‍ പ്രവാസ ജീവിതത്തെക്കുറിച്ചും ചുരുക്കിപ്പറയാമോ?

കവി: ആനിയമ്മയാണ്‌ ഭാര്യ. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ബബുലു, കവിത, ബാബ എന്നിവര്‍ മക്കളുമാണ്‌. ബബുലു, ബാബ എന്നീ പേരുകള്‍ സ്വാഭാവികമായി മറ്റു ആളുകള്‍ വിളിച്ചു തുടങ്ങിയതിന്‍റെ അംഗീകാരം മാത്രമാണ്‌. എന്നാല്‍ കവിത എന്ന പേര്‌ കവിയുടെ മകള്‍ ആയതിനാല്‍ ഇട്ടതുമാണ്‌. അനീഷ, അമിത്‌, മീര, ആരന്‍ എന്നിവരാണ്‌ കൊച്ചുമക്കള്‍.

സാറ്‌ ഡല്‍ഹിയില്‍ വച്ചാണ്‌ കവിതാ രചന ആരംഭിച്ചത്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. അന്ന്‌ ആരൊക്കെയാണ്‌ മലയാളസാഹിത്യത്തില്‍ അങ്ങയോടൊപ്പം ഡല്‍ഹിയില്‍നിന്നും മലയാളത്തില്‍ എഴുതിയിരുന്നത്‌?

കവി: ഞാന്‍ ഒരു കവി ആകണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. വളരെ യാദൃച്ഛികമായിട്ടാണ്‌ കവിത എഴുത്ത്‌ തുടങ്ങിയത്‌. ഞാന്‍ ഉദ്യോഗ സംബന്ധമായി 1957 മുതല്‍ ഡല്‍ഹിയില്‍ താമസമായി. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ചേര്‍ത്തല കോവിലകത്തിലെ ഒരു രവിവര്‍മ്മ തമ്പുരാനായിരുന്നു എന്റെ മേലുദ്യോ ഗസ്ഥന്‍. ഒരു വെള്ളിയാഴ്‌ച ദിവസം ജോലികഴിഞ്ഞു താമസ സ്ഥലത്തേയ്‌ക്ക്‌ മടങ്ങാന്‍ ബസ്സ്‌ നോക്കി നില്‍ക്കുമ്പോള്‍ രവിവര്‍മ്മ തമ്പുരാന്‍ എന്നോട്‌ 'ചെറിയാനെ, ഇവിടെ അടുത്തു കേരള ക്ലബ്ബ്‌ എന്നൊരു സ്ഥാപനമുണ്ട്‌ താന്‍ വരുന്നോ?

അവിടെ കവിസമ്മേളനവും സാഹിത്യചര്‍ച്ചയും മറ്റുമൊക്കെ ഉണ്ടാവും.' മേലുദ്യോഗസ്ഥന്റെ ക്ഷണമായതിനാലും മറ്റു അത്യാവശ്യ സംഗതികള്‍ തെല്ലും ഇല്ലാഞ്ഞതിനാലും അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പോയി. ഡല്‍ഹിയിലുള്ള മലയാളികളായ കഅട കാര്‍, കജട കാര്‍, ഇആക ക്കാര്‍ തുടങ്ങിയ ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയില്‍ ആയിരുന്നു ആ ക്ലബ്ബ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഞങ്ങള്‍ ചെന്നതിനു ശേഷം അവിടെ ആരുടെയോ ഒരു കവിത അവതരിപ്പിക്കപ്പെട്ടു. ആ കവിയുടെ ബന്ധുക്കളും മിത്രങ്ങളുമായിരുന്നു സദസ്സില്‍ ഭൂരിഭാഗവും. സംഗീത പ്രിയനും വസ്‌തുനിഷ്‌ഠമായി അഭിപ്രായം പറയുന്നവനുമായ തമ്പുരാന്‍ കവിതയെ നിശിതമായി വിമര്‍ശിച്ചു സംസാരിച്ചു. ഇത്‌ സദസ്സിനു ഇഷ്ടപ്പെട്ടില്ല. വെല്ലുവിളികളും വാക്കുതര്‍ക്കങ്ങളും ഉണ്ടായി. കൊണ്ടുവന്ന ആളിന്‍റെ കൂടെ നില്‍ക്കേണ്ടതിന്‍റെ സാമാന്യ മര്യാദയും, ബാധ്യതയും മേലുദ്യോഗസ്ഥനോടുള്ള കടപ്പാടും നിമിത്തം എനിക്കും തര്‍ക്കത്തില്‍ പങ്കു ചേരേണ്ടതായി വന്നു.

ഒടുവില്‍ സംഘാടകരുടെ നിര്‍ബ്ബന്ധഫലമായി ഒരു മാസത്തെ സമയത്തിനുള്ളില്‍ ഒരു കവിത ഞാന്‍ അവതരിപ്പിക്കാം എന്ന്‌ വാക്ക്‌ കൊടുക്കേണ്ടി വന്നു. അങ്ങനെ ഒരു മാസത്തിനുള്ളില്‍ `സാഹിതീസഖ്യ'ത്തില്‍ ഞാന്‍ അവതരിപ്പിച്ച കവിതയാണ്‌ `ശകുന്തളയുടെ മാന്‍പേട'. എന്നേ വിമര്‍ശിക്കാന്‍
തയ്യാറെടുത്തുവന്നവരെപ്പോലും എന്‍റെ ആസ്വാദകരാക്കി മാറ്റുവാന്‍ എന്തുകൊണ്ടോ ഈ കവിതയ്‌ക്ക്‌ സാധിച്ചു. പിന്നീട്‌ ഡല്‍ഹി കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തിലെ അംഗമായി ഞാന്‍ മാറി. വി. കെ. എന്‍., ഒ. വി. വിജയന്‍, കാക്കനാടന്‍, എം. പി. നാരായണ പിള്ള, എം. മുകുന്ദന്‍, ഒ. എം. അനുജന്‍, ഡല്‍ഹി സര്‍വ്വകലാശാല മനഃശ്ശാസ്‌ത്ര പ്രോഫസ്സര്‍ പി. കെ. വേലായുധന്‍ നായര്‍ അദ്ദേഹത്തിന്‍റെ ഭാര്യയും പ്രസിദ്ധ കവയത്രിയുമായ സുഗതകുമാരി, പി.കെ. പരമേശ്വരന്‍ നായര്‍, കെ. ആര്‍. കെ. മേനോന്‍ അദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ അക്കാലത്ത്‌ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.

ആ സമകാലികരായ എഴുത്തുകാരില്‍ ആരൊക്കെ ഇന്ന്‌ ജീവിച്ചിരുപ്പുണ്ട്‌? ഓ. വി. വിജയന്‍, വി. കെ. എന്‍., എം. മുകുന്ദന്‍ എന്നിവരെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്‌?

ഇപ്പോള്‍ അതില്‍ മുകുന്ദനും ഞാനും മാത്രമെ ജീവിച്ചിരുപ്പുള്ളൂ. ബാക്കിയുള്ളവരെല്ലാം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ഒ. വി. വിജയന്‍, എം. മുകുന്ദന്‍ എന്നിവരെ ക്ലബ്ബിലേയ്‌ക്ക്‌ ക്ഷണിച്ചു വരുത്തിയതാണ്‌. വളരെ അറിവും വായനയും ഉള്ള ആളുകളാണ്‌ ഒ. വി. വിജയന്‍, എം. മുകുന്ദന്‍, വി, കെ. എന്‍., കാക്കനാടന്‍ തുടങ്ങിയവര്‍. മുകുന്ദനും, വികെ. എന്നും അധികം സംസാരിക്കുകയില്ല. എന്നാല്‍ അപാര പാണ്ഡിത്യത്തിനു ഉടമകളാണ്‌. ഒ. വി. വിജയന്‍ സംസാരിക്കാനും വളെ സാമര്‍ത്ഥ്യമുണ്ടായിരുന്ന ആളാണ്‌. കാക്കനാടന്‍റെ സഹോദരന്മാരും അന്ന്‌ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. `മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവല്‍ മുകുന്ദന്‍ അക്കാലത്ത്‌ ഡല്‍ഹിയില്‍ വച്ച്‌ എഴുതിയതാണ്‌.

അങ്ങ്‌ കുടുംബസമേതം അമേരിക്കയിലേക്ക്‌ കുടിയേറുവാന്‍ തീരുമാനിച്ചത്‌ തെറ്റായിപ്പോയി എന്ന്‌ എപ്പോഴെന്‌കിലും തോന്നിയിട്ടുണ്ടോ? നാട്ടിലായിരുന്നു ജീവിതമെന്‌കില്‍ അങ്ങ്‌ കൂടുതല്‍ അറിയപ്പെടാനും കൂടുതല്‍ അംഗീകാരങ്ങള്‍ കിട്ടാനും സാധ്യത ഉണ്ടായിരുന്നോ?

അങ്ങനെയൊന്നും ഞാന്‍ വിചാരിക്കുന്നില്ല. അമേരിക്കയിലേയ്‌ക്ക്‌ കുടിയേറിയത്‌ എന്തുകൊണ്ടും നേട്ടം തന്നെയാണ്‌. സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌.

ആനിയമ്മ ചെറിയാന്‍: മക്കളുടെ കാര്യത്തില്‍ നേട്ടമുണ്ടായി എന്ന്‌ പറയുന്നതില്‍ തെറ്റില്ല. നാട്ടിലായിരുന്നെങ്കില്‍ ജീവിതശൈലി ഈ വിധത്തില്‍ ആകുമായിരുന്നില്ല.

അങ്ങയുടെ നേതൃത്വത്തില്‍ നൂയോര്‍ക്കിലുണ്ടായിരുന്ന മലയാള സാഹിത്യകൂട്ടായ്‌മയെക്കുറിച്ച്‌ എന്ത്‌ പറയുന്നു? അമേരിക്കന്‍ പ്രവാസജീവിതം മലയാളം എഴുത്തുകാര്‍ക്ക്‌ യോജിച്ചതാണോ?

നൂയോര്‍ക്കില്‍ പല സാഹിത്യ കൂട്ടായ്‌മകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ പലതിലും ഞാന്‍ സജീവമായി പങ്കെടുക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട്‌. ആദ്യം `സര്‍ഗ്ഗവേദി' എന്ന പേരിലും പിന്നീട്‌ ക്യൂന്‍സിലെ സന്തൂര്‍ ഹോട്ടലില്‍ എട്ടു വര്‍ഷത്തോളം `സാഹിതീസംഘം' എന്ന പേരിലും അതിനു ശേഷം വീണ്ടും കേരളാ സെന്ററില്‍ `സര്‍ഗ്ഗവേദി' എന്ന പേരിലും നടന്നിരുന്ന സാഹിത്യകൂട്ടായ്‌മയില്‍ ഞാന്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു.
ഡല്‍ഹിയിലെ സാഹിതീസഖ്യവുമായി താരതമ്യം ചെയ്‌താല്‍ നൂയോര്‍ക്കിലെ സാഹിത്യകൂട്ടായ്‌മകള്‍ ശുഷ്‌കവും നിലവാരം കുറഞ്ഞതുമായിരുന്നു.

സഹകരിച്ചു പ്രവര്‍ത്തിച്ചവരില്‍ പേര്‌ എടുത്തു പറയേണ്ടവര്‍ സി. എം. സി., മനോഹര്‍ തോമസ്‌, ജയന്‍ കെ. സി., റജീസ്‌ നെടുങ്ങാടപ്പള്ളി, ജയന്‍ വര്‍ഗീസ്‌, രാജു
തോമസ്‌, എം. എസ്‌. ടി. നമ്പൂതിരി, മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി, ഡോ. ഘോഷ്‌ എന്നറിയപ്പെടുന്ന എം. ടി. ആന്റണി, ഡോ. എം. വി. പിള്ള, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, ജോസഫ്‌ നമ്പിമഠം, എബ്രഹാം തെക്കേമുറി, വാസുദേവ്‌ പുളിക്കല്‍, ജോണ്‍ വേറ്റം, ജോണ്‍ മാത്യു, ജെ. മാത്യൂസ്‌, ജേക്കബ്‌ തോമസ്‌, എല്‍സി യോഹന്നാന്‍, എന്‍. പി. ഷീല, റീനി മാമ്പലം, കേരള സെന്ററിലെ സ്‌റീഫന്‍, ചിത്രകാരനായ ജോണ്‍ പുളിനാട്‌ തുടങ്ങിയവര്‍ ആണ്‌. ഇത്രയും എഴുത്തുകാര്‍ അമേരിക്കയില്‍ ഉണ്ട്‌ എന്നത്‌ തന്നെ അമേരിക്കന്‍ പ്രവാസ ജീവിതം എഴുത്തുകാര്‍ക്ക്‌ യോജിച്ചതാണ്‌ എന്നതിന്‌ തെളിവാണ്‌.

നൂയോര്‍ക്കും താമ്പായും താരതമ്യം ചെയ്‌താല്‍ എങ്ങനെ? അമേരിക്കയിലെ പ്രവാസികളായ മലയാളം എഴുത്തുകാരുടെ നിലവാരം എങ്ങനെ?

നൂയോര്‍ക്കിലേപ്പോലെ താമ്പായില്‍ സാഹിത്യവേദികളില്ല. താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌ ആ പോരായ്‌മ പരിഹരിക്കുമെന്നാണ്‌ എന്‍റെ വിശ്വാസം. ഒന്നാമതായി എഴുത്തുകാര്‍ക്ക്‌ കാവ്യാവധാനത ഉണ്ടാവണം. രണ്ടാമതായി കവി മനസ്സ്‌ ഉണ്ടാവണം. ഇത്‌ രണ്ടും ഉള്ള ആര്‍ക്കും എഴുതാം. നിലവാരം അളക്കാന്‍ ഞാന്‍ ആളല്ല. കാലം നല്ല കവിതകളെ നിലനിര്‍ത്തും അല്ലാത്തവ വിസ്‌മൃതിയില്‍ ആണ്ട്‌ പോകും.

അടുത്തതായി സജി കരിമ്പന്നൂര്‍ ചോദിച്ചു.
 `എന്തൊരു ബോറാണെന്നോ ജീവിതം, പുതുശാസ്‌ത്ര
ചിന്തനം കളം വര ച്ചിരുത്തുമിജ്ജീവിതം'. 1970 കളില്‍ യുവാക്കളുടെ മൂളിപ്പാട്ടായിരുന്ന കവിതാശകലമാണിത്‌. എന്താണ്‌ ഇങ്ങനെയൊക്കെ ജീവിതത്തെ കാണാന്‍ അങ്ങയെ പ്രേരിപ്പിച്ചത്‌?

ഇത്‌ എന്റെ വിവാഹത്തിനു മുന്‍പ്‌ എഴുതിയ ഒരു കവിതയാണ്‌. ഒരു കയ്യെഴുത്ത്‌ മാസികയ്‌ക്ക്‌ വേണ്ടി അതിന്റെ പ്രസാധകര്‍ ആവശ്യപ്പെട്ടിട്ട്‌ എഴുതിയതാണ്‌. ജീവിതം ഒരു ബോറാണ്‌ എന്ന സത്യം ഈ കവിതയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്‌. ഇതിന്റെ ശൈലി തന്നെ ഒരു ഒഴുക്കില്ലാത്ത രീതിയിലാണ്‌. വായിക്കുമ്പോള്‍ തന്നെ ആ ബോറ്‌ വായനക്കാര്‍ക്ക്‌ അനുഭവപ്പെടും.

അങ്ങയുടെ രചനാ രീതി ഒന്ന്‌ വിവരിക്കാമോ? അങ്ങല്ല അങ്ങയെക്കൊണ്ട്‌ ഒരു ശക്തി എഴുതിയിക്കുകയാണ്‌ എന്ന്‌ അങ്ങ്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്‌? പ്രാണായാമം, യോഗാ, അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലുള്ള ധ്യാനം ഇവയ്‌ക്ക്‌ എന്തെങ്കിലും പ്രസക്തിയുണ്ടോ?

ഞാന്‍ ഒരു യോഗി ഒന്നും അല്ല. അതിനുള്ള യോഗ്യതയും എനിക്കില്ല. എന്നാല്‍ ഭാസ്‌മാസുരന്‍, പാലാഴിമഥനം എന്നീ കവിതകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അലൌകിക പ്രേരണയാല്‍ എഴുതപ്പെട്ടവയാണ്‌. കാവ്യ രചന ഒരു സാധനയാണ്‌. ഏകാഗ്രത വളരെ ആവശ്യമാണ്‌. പ്രാണായാമം ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. അകത്തേയ്‌ക്ക്‌ വലിക്കുന്ന ശ്വാസം ഇരട്ടി സമയം എടുത്തു മാത്രമെ പുറത്തേയ്‌ക്ക്‌ വിടാവൂ. ഇങ്ങനെ നാം ശ്വാസം നിയന്ത്രിക്കുവാന്‍ പരിശീലിച്ചാല്‍ നാം മറ്റൊരു മനുഷ്യനായി രൂപാന്തരപ്പെടും. യോഗാഭ്യാസമൊക്കെ നല്ലതാണ്‌. പ്രാണായാമമാണ്‌ ഏറ്റവും നല്ലത്‌.

കവി പ്രാണായാമം ചെയ്യുന്നത്‌ ഞങ്ങളെ കാണിച്ചു തന്നു.

പവിഴപ്പുറ്റ്‌, കുശനും ലവനും കുചേലനും, ഐരാവതം, ഭ്രാന്തനും ഭസ്‌മാസുരനും, പാലാഴിമഥനം, തെരഞ്ഞെടുത്ത കവിതകള്‍ (കവിതകള്‍), പ്രേമിക്കുകയെന്ന അവകാശം, ഗമനസന്നാഹം, ഊമ, (ചെറുകഥകള്‍), വടക്കന്‍ ഒഡീസി (വിവര്‍ത്തനം), ഹൈക്കൂ കവിതകള്‍ ഇവയില്‍ അങ്ങയുടെ `മാസ്റ്റര്‍ പീസ്‌' എന്ന്‌ പറയാവുന്ന കൃതി ഏതാണ്‌? പ്രസിദ്ധീകരിക്കാത്ത കൃതികള്‍ ഉണ്ടോ? ഇവ എല്ലാറ്റിനേക്കുറിച്ചും ചുരുക്കമായി വിവരിക്കാമോ?

ഭാസ്‌മാസുരന്‍, പാലാഴിമഥനം എന്നീ കവിതകള്‍ തന്നെയാണ്‌ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവ. ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്‌. ഭാരതത്തിലെ ഇതിഹാസങ്ങള്‍ ഒരു സ്വര്‍ണ്ണഖനി തന്നെയാണ്‌ അതിനെ ആരും വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. പഴമയും പുതുമയും തമ്മിലുള്ള സമ്യക്കായ
സമ്മേളനമാണ്‌ കവിതകളില്‍ ഉണ്ടാവേണ്ടത്‌. അതിലേയ്‌ക്കുള്ള എന്‍റെ എളിയ പരിശ്രമങ്ങളാണ്‌ ഈ കൃതികളില്‍ കാണുന്നത്‌. ചോദ്യം 12. ഹൈക്കു കവിതകളെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്ത്‌? ആര്‍ക്കും എഴുതുവാനും വായിക്കുവാനും ഏറ്റവും എളുപ്പമുള്ള കവിതകളാണിവ. ഏകാഗ്രമായ മനസ്സ്‌ ഉണ്ടാവണമെന്ന്‌ മാത്രം. ജപ്പാന്‍ കവികളില്‍ ഹൈക്കൂ എഴുതാത്തവരില്ല. മൂന്നോ നാലോ വരികളില്‍ ഒരു ചിത്രം വരച്ചു കാട്ടുകയാണ്‌.

`തലയണക്കിടയില്‍' എന്ന ഹൈക്കൂ കവിത ശ്രദ്ധിക്കൂ. വേദപുസ്‌തകം, കൊന്ത, തോക്ക്‌. മൂന്നു വാക്കുകളെ ഈ കവിതയില്‍ ഉള്ളൂ. തലയണക്കീഴിലുള്ള മൂന്നു വസ്‌തുക്കളേക്കുറിച്ച്‌ പറഞ്ഞിരിക്കുന്നു. ഇത്‌ ജീവിതത്തിലെ വൈരുദ്ധ്യങ്ങളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടുന്നു. പരസ്‌പര ബന്ധമില്ലാത്ത വസ്‌തുക്കള്‍ ഒരു വിരോധാഭാസമാണ്‌ എന്ന്‌ തോന്നാം. വേദപുസ്‌തകവും കൊന്തയും ദൈവാശ്രയത്തെയും തോക്ക്‌ സ്വയാശ്രയത്തെയും കാണിക്കുന്നു. ജപ്പാന്‍കാരനായ ബാഷോ മാറ്റ്‌സുവോയുടെ പ്രസിദ്ധമായ ഹൈക്കൂവാണ്‌ ഒരു തവള കുളത്തിലേയ്‌ക്ക്‌ ചാടുന്നത്‌ സംബന്ധിച്ചുള്ളത്‌. ഇത്‌ ലോക സൃഷ്ടിയുടെ തന്നെ ആവിഷ്‌കാരമാണ്‌. നിത്യകാഴ്‌ച കവിഹൃദയത്തെ തത്വശാസ്‌ത്രങ്ങളുമായി കൂട്ടിയിണക്കാന്‍ പ്രേരിപ്പിക്കുന്നു. ശാന്തത, അനക്കം, വീണ്ടും ശാന്തത.
An old silent pond... ശാന്തവും പുരാതനവുമായ കുളം A frog jumps into the pond, കുളത്തിലേയ്‌ക്ക്‌ ചാടി ഒരു തവള splash! Silence again. പ്ലും! വീണ്ടും ശാന്തത ! An example of the haiku of Basho Matsuo (1600)

അവസാനത്തെ ചോദ്യങ്ങള്‍ പി. വി. ചെറിയാന്റെ വകയായിരുന്നു.

അങ്ങ്‌ ആംഗലേയ ഭാഷയില്‍ എഴുതാറുണ്ടോ? ഇല്ലെങ്കില്‍ എന്താണ്‌ കാരണം? മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെയും ഭാവിയെക്കുറിച്ച്‌ അങ്ങയുടെ അഭിപ്രായം എന്താണ്‌?

ആദ്യമൊക്കെ എഴുതിയിരുന്നു. എന്നാല്‍ ഒരുവന്‍റെ ഭാവന ആവിഷ്‌ക്കരിക്കുവാന്‍ പറ്റിയ മാധ്യമം അവന്‍റെ മാതൃഭാഷതന്നെയാണ്‌ എന്ന്‌ ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ആംഗലേയത്തില്‍ ഞാന്‍ എഴുതിയ കവിതകള്‍ക്ക്‌ ഒരു പുനര്‍ വായനയ്‌ക്കോ പുനര്‍ എഴുത്തിനോ തയ്യാറായിട്ടില്ല. ഈ രീതിയില്‍ പോയാല്‍ മലയാളം ഇന്ന്‌ നാം കാണുന്നപോലെ ഏറെക്കാലം കാണില്ല. എല്ലാ ഭാഷകളും മാറുന്നുണ്ട്‌. മലയാളത്തിനും കാര്യമായ മാറ്റങ്ങള്‍ അനതിവിദൂരഭാവിയില്‍ സംഭവിക്കും. മലയാളം ഏവരാലും തഴയപ്പെട്ട ഭാഷയാണ്‌. ഭാഷയില്‍ ഹൃസ്വപദങ്ങള്‍ ഉണ്ടാവണം.

 പുതിയ എഴുത്തുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ അമേരിക്കയിലെ പ്രവാസികളായ മലയാളം എഴുത്തുകാര്‍ക്കുള്ള അങ്ങയുടെ ഉപദേശം എന്താണ്‌?

എഴുതുക. വീണ്ടും വീണ്ടും എഴുതുക. അതാണ്‌ എന്റെ ഉപദേശം. നല്ല വായനക്കാരനേ നല്ല എഴുത്തുകാരന്‍ ആകാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കൂടുതല്‍ കൂടുതല്‍ വായിക്കുക. സ്വന്തം മാതൃ ഭാഷയെ സ്‌നേഹിക്കുക.

ഒരു എഴുത്തുകാരനെന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ ഉണ്ടായ ദുഃഖാനുഭവങ്ങള്‍ വിവരിക്കാമോ?

അങ്ങനെ പറയത്തക്ക ദുഃഖങ്ങള്‍ ഒന്നും എനിക്ക്‌ സാഹിത്യ മേഖലയില്‍ നിന്ന്‌ ഉണ്ടായിട്ടില്ല. യൂസഫലി കേച്ചേരിയുടയും എന്‍റെയും പുസ്‌തകങ്ങള്‍ സാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്‌ നിശ്ചയത്തിനായി വന്നു. അതില്‍ എന്‍റെ പുസ്‌തകം തഴയപ്പെട്ടു. ഇത്‌ എന്നെ അല്‌പമായി വേദനിപ്പിച്ചു. എന്നാല്‍ അതിനു പ്രതിഷേധമെന്നവണ്ണം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കാര്‍ എന്‍റെ തഴയപ്പെട്ട പുസ്‌തകം കോളേജു വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനുള്ള ടെക്‌സ്റ്റ്‌ ആയി തിരഞ്ഞെടുത്തു. അപ്പോള്‍ ആ വിഷമം തീരുകയും ചെയ്‌തു.

മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും ഇപ്പോഴത്തെ അവസ്ഥ എന്താണ്‌. മലയാളസാഹിത്യകാരന്മാരുടെ ഗുണനിലവാരം എങ്ങനെ?

നല്ല നല്ല കൃതികളും നല്ല സാഹിത്യകാരന്മാരും പുതുതായി മലയാള ഭാഷയില്‍ ഉണ്ടാകുന്നുണ്ട്‌. ഗുണനിലവാരം കുറഞ്ഞിട്ടൊന്നുമില്ല. ഡോണാ മയൂരയെപ്പോലെയുള്ള ചെറുപ്പക്കാരായ കവികളില്‍ കവി മനസ്സ്‌ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്‌. ധാരാളം എഴുതുന്നതിലൂടെ നല്ലകൃതികള്‍ ഉണ്ടാകാന്‍ ഇടയാകും. രണ്ടു വര്‍ഷം മുന്‍പ്‌ മരിച്ചു പോയ അയ്യപ്പന്‍ നല്ല ഒന്നാംതരം കവി ആയിരുന്നു.

വരും കാലങ്ങളില്‍ മലയാളസാഹിത്യത്തില്‍ എന്ത്‌ സ്ഥാനമാണ്‌ അങ്ങേയ്‌ക്ക്‌ ലഭിക്കുക? ഭാവിയില്‍ ഏതു രീതിയിലുള്ള സാഹിത്യ സേവനമാണ്‌ അങ്ങ്‌ ഉദ്ദേശിക്കുന്നത്‌?

സാഹിത്യത്തിലെ സ്ഥാനം നിശ്ചയിക്കുന്നത്‌ ഞാന്‍ അല്ല. കവിതകളിലും സാഹിത്യത്തില്‍ പൊതുവെയും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്‌. നല്ല കൃതികള്‍ നിലനില്‍ക്കും എന്ന്‌ തന്നെയാണ്‌ എന്‍റെ വിശ്വാസം. കൂടുതല്‍ ഹൈക്കൂ കവിതകള്‍ രചിക്കണം എന്നാണു എന്‍റെ ആഗ്രഹം, ഇപ്പോള്‍ തന്നെ പത്തഞ്ഞൂറ്‌ ഹൈക്കു കവിതകള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്‌. ഇതെല്ലാം സമാഹരിച്ചു ഒരു പുസ്‌തകമിറക്കണം. ഹൈക്കൂ കവിതാ രചനയെ പ്രോത്സാഹിപ്പിക്കണം. അതിന്നായി ചില പത്രമാസികകളില്‍ ഒരു സ്ഥിരം കോളം തുടര്‍മാനമായി എഴുതണമെന്ന്‌ വിചാരിക്കുന്നു. ചിത്ര രചന എനിക്ക്‌ താത്‌പര്യമുള്ള വിഷയമാണ്‌. ഞാന്‍ ചിത്രരചന ഇപ്പോള്‍ അഭ്യസിക്കുന്നുണ്ട്‌.

പിക്കാസോയുടെയും സാല്‍വഡോര്‍ ഡാലിയുടെയും ഒക്കെ അപൂര്‍വ്വ ചിത്രങ്ങള്‍ കവി ഞങ്ങള്‍ക്ക്‌ കാട്ടിത്തന്നു.

കവിയോടോപ്പമുള്ള ചിത്രങ്ങളെടുത്തശേഷം വളരെ വൈകിയാണ്‌ മലയാളത്തില്‍ പുതു കാവ്യശാഖകള്‍ വെട്ടിത്തുറന്ന കവിവര്യനോട്‌ യാത്ര പറഞ്ഞ്‌ ഞങ്ങള്‍ സ്വഭവനങ്ങളിലേയ്‌ക്ക്‌ മടങ്ങിയത്‌. ചെറിയാന്‍ കെ. ചെറിയാനെന്ന കവി ഭാഷയ്‌ക്ക്‌ ഇനിയും നല്ല സംഭാവനകള്‍ നല്‍കട്ടെ. അദ്ദേഹത്തിനു ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നും ഞങ്ങള്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
80 വയസ്സ്‌ എന്ന്‌ പറഞ്ഞാല്‍ 80 വയസ്സുതന്നെ: ചെറിയാന്‍ കെ. ചെറിയാനുമായുള്ള അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക