Image

പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 08 November, 2012
പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി : താറുമാറായ സാമ്പത്തികരംഗത്തിനും, തൊഴിലില്ലായ്മയ്ക്കും, ശിഥിലമായ രാഷ്ട്രീയ ദൃശ്യങ്ങള്‍ക്കും നടുവില്‍നിന്ന് പൊരുതി, തിളക്കമാര്‍ന്ന നേട്ടം കാഴ്ചവെച്ച് രണ്ടാമതൊരു ഊഴം കൂടി വൈറ്റ്ഹൗസ് ഉറപ്പാക്കിയ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് മലയാളി സമൂഹം ആശംസകള്‍ നേര്‍ന്നു. ഔട്ട് സോഴ്‌സിംഗ് തുടങ്ങിയ ചുരുക്കം ചില മേഖലകളില്‍ ഒബാമയുടെ നയം ഇന്‍ഡ്യയ്ക്ക് ഗുണകരമാവില്ലെങ്കിലും ഇത് ആഹ്ലാദാരാവത്തിനുള്ള സമയമാണെന്ന് മലയാളി സംഘടനാനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രതികരണങ്ങളിലേക്ക് :-

സഖറിയാമാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രതികരണം
ഒബാമയുടെ വിജയം അമേരിക്കയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. മനുഷ്യ മനസിനെ അടുത്തറിഞ്ഞ ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ്.

അദ്ദേഹം തുടങ്ങിവെച്ച യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ പോലുള്ള നല്ല സംരംഭങ്ങളുമായി മുന്നോട്ട് പോകുവാന്‍ ജനങ്ങള്‍ നല്‍കിയ സമ്മതിപത്രമാണ് ഈ വിജയം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന കറുത്തവര്‍ഗക്കാര്‍, ലാറ്റിനോകള്‍ എന്നിവരെ സമാനചിന്താഗതിക്കാരായ വെളുത്ത വംശജരുമായി ഏകോപിപ്പിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ ഒരു പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം സഹായകരമാവും.

ജോര്‍ജ് മാത്യൂ-ഫോമാ പ്രസിഡന്റ്
വളരെ പ്രതീക്ഷകളുണര്‍ത്തിയാണ് ഒബാമയെ വീണ്ടും പ്രസിഡന്റായി അമേരിക്കന്‍ ജനത തിരഞ്ഞെടുത്തിരിക്കുന്നത് ഒബാമ തന്നെ നന്ന് എന്ന് സാധാരണക്കാരുടെ മനസില്‍ തോന്നിക്കാന്‍ ഇയാകത്തക്ക പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടത്തിപോന്നത്. ഇന്‍ഡ്യയെപ്പോലെതന്നെ ജനാധിപത്യത്തെ മുറുകെപ്പിടിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം ഉള്ളത് നല്ല കാര്യം തന്നെ. അമേരിക്കയെ വീണ്ടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമ്പദ്‌സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാന്‍ കിട്ടിയ സന്ദര്‍ഭം അദ്ദേഹം ഉപയുക്തമാക്കും എന്നതാണ് തന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കൈകള്‍ക്ക് ശക്തി പകരുവാന്‍ എല്ലാ ആശംസകളും നേരുന്നു.

മറിയാമ്മ പിള്ള- ഫൊക്കാന പ്രസിഡന്റ്
പ്രസിഡന്റ് ഒബാമ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുമതലയേറ്റപ്പോള്‍ മുതല്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇനിയും പലതും ചെയ്ത് തീര്‍ക്കാനുണ്ട്. ഇനി നാല് വര്‍ഷങ്ങള്‍ കൂടി കൂട്ടികൊടുത്തത് എല്ലാം കൊണ്ട് നന്നായി. ഏറ്റെടുത്ത കാര്യങ്ങള്‍ ഊര്‍ജ്ജ്വസ്വലതയോടെ പൂര്‍ത്തിയാക്കുവാന്‍ പുതിയ ടേം സഹായിക്കും.

ജോര്‍ജ് ഏബ്രഹാം-ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ പ്രസിഡന്റ്
പ്രസിഡന്റ് ഒബാമയുടെ അതിഗംഭീരമായ വിജയത്തില്‍ ആശംസകള്‍ നേരുന്നു. ഇന്‍ഡ്യയും അമേരിക്കയുമായുള്ള ഊഷ്മളമായ ബന്ധങ്ങളും, ശാശ്വതമായ സഹവര്‍കത്വവും ഒബാമയുടെ വിജയത്തോടെ ഉന്നതങ്ങളിലെത്തുമെന്നാണ് വിശ്വാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനങ്ങളായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാന്‍ ഈ രണ്ടാംമൂഴം വേദിയൊരുക്കും.

ആന്‍ഡ്രൂ പാപ്പച്ചന്‍- വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാവ്, ഗ്ലോബല്‍ ചെയര്‍മാന്‍
വംശീയതക്കെതിരായ നേട്ടമാണിത്. പ്രാഗത്ഭ്യവും, ബുദ്ധി വൈഭവവും, സ്വന്തം വ്യക്തിത്വം ഉയര്‍ത്തിക്കാട്ടിയുമാണ് ഒബാമ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവിടെ തൊലിയുടെ നിറമോ, വംശീയതയോ ഒന്നും പ്രശ്‌നമായില്ല. കഴിവുള്ളയാളെ അംഗീകരിച്ചു എന്നതാണ് ഇവിടെ കണ്ടത്. ന്യൂനപക്ഷങ്ങളും, സ്ത്രീകളും ഒബാമയ്‌ക്കൊപ്പം നിന്നു. ഇത് കഴിവിനുള്ള അംഗീകാരമാണ്.

പോള്‍ കറുകപ്പള്ളില്‍- ഫൊക്കാന മുന്‍ പ്രസിഡന്റ്:
തന്റെ പോളിസി ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയാതെ പോയതാണ് റോംനിക്ക് വിനയായത്. ഒബാമയുടെ പോളിസി സുതാര്യമായിരുന്നു. അമേരിക്കയുടെ വിദേശ നയങ്ങള്‍ വിശദീകരിക്കുമ്പോള്‍ റോംനിക്ക് പലപ്പോഴും നാവ് പിഴച്ചു. ഒബാമയത് മുതലാക്കി വോട്ടാക്കി മാറ്റി. ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു എന്നതാണ് ഒബാമയെ പ്രിയങ്കരനാക്കിയത്.

ഡോ. സണ്ണി ലൂക്ക് - ഐസാക്ക് ചെയര്‍മാന്‍:
അമേരിക്കയെ വേണ്ട വിധം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിനിധീകരിച്ചതാണ് ഒബാമയെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. എല്ലാവരെയും; ന്യുനപക്ഷത്തെയും വെളുത്തവര്‍ഗക്കാരെയും കറുത്തവര്‍ഗക്കാരെയും സ്ത്രീകളെയും ചിന്തകരെയും ഒക്കെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ ഒബാമയ്ക്ക് സാധിച്ചു. രണ്ടാം തവണ തന്റെ നയങ്ങള്‍ ശക്തമായി നടപ്പിലാക്കുവാന്‍ സാഹചര്യം ലഭിച്ചിരിക്കുകയാണ്.

അലക്‌സ് കോശി വിളനിലം- മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്മീഷണര്‍ - വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്:
രണ്ട് പേരുടെയും പ്രസംഗങ്ങള്‍ കേട്ടിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ അവരുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്ക്കാനോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത് കാര്യമായ പോരായ്മയായി. പ്രസിഡന്റ് ഒബാമയുടെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ജനങ്ങള്‍ മനസിലാക്കി. അദ്ദേഹത്തിന്റെ നിശ്ചദാര്‍ഡ്യവും അമേരിക്കന്‍ ജനതയെ ഒന്നിച്ചുനിര്‍ത്താന്‍ കഴിഞ്ഞതും ജനങ്ങള്‍ നെഞ്ചിലേറ്റി.

ടാജ് മാത്യു- മലയാളം പത്രം എഡിറ്റര്‍:
ഒബാമയ്ക്ക് തുല്യം ഒബാമ മാത്രം. ഒബാമയല്ലാതെ ആര് ജയിക്കാനാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലായിരുന്നു എന്നകാര്യം അംഗീരിച്ചുകൊണ്ട് തന്നെ പറയുവാന്‍ സാധിക്കും, ഇതൊക്കം അദ്ദേഹം 4 വര്‍ഷം മുമ്പ് മുന്‍ പ്രസിഡന്റില്‍ നിന്നേറ്റുവാങ്ങിയതാണ്. ഒബാമ കഠിനാദ്ധ്വാനം ചെയ്തു. ലോക സാമ്പത്തിക രംഗം മാറുന്നതും നാം ശ്രദ്ധിക്കണം. അദ്ദേഹം ചില നല്ല കാര്യങ്ങള്‍ തുടങ്ങി വച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ സമയം കൊടുത്തേ മതിയാവൂ. റോംനിക്ക് ഒരുറച്ച നിലപാട് ഇല്ലായിരുന്നു എന്ന് നാം കണ്ടതാണ്. അദ്ദേഹം എപ്പോഴും ചാഞ്ചാടിക്കൊണ്ടിരുന്നു.

ജോസ് കണിയാലി - കേരള എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍- ബാബു ചാഴിക്കാടന്‍ ഫൗണ്ടേഷന്‍ യുഎസ്എ പ്രസിഡന്റ്:
നല്ല മനസിന്റെ ഉടമയെന്നതും സാധാരണക്കാരന്റെ മനസറിയുന്ന വ്യക്തി എന്ന നിലയിലും ഒബാമ റോംനിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി വളര്‍ന്ന് ഉയര്‍ന്ന പദവിയിലെത്തിയ ആളാണ് ഒബാമ. അതുകൊണ്ട് തന്നെ താഴേത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയകാരണവും.

മാത്യു വര്‍ഗീസ് - ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്:
ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടും ഉള്ള പ്രസിഡന്റ് ഒബാമയുടെ സമീപനം സൗഹൃദപരം ആയിരുന്നു. അദ്ദേഹം ഇന്ത്യയില്‍ പോയി, നമ്മുടെ ഉത്സവത്തില്‍ പങ്കെടുത്തു, നമ്മുടെ ആള്‍ക്കാരോട് ഇടപെട്ടു, ഇവിടെ അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജരെ നിയമിക്കുന്നതിന് മുന്‍കൈ എടുത്തു. ഇന്ത്യക്ക് ആശാവഹമാണ് ഈ വിജയം.


റെജി ജോര്‍ജ്- ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ്- മലയാളി സംഗമം ചീഫ് എഡിറ്റര്‍:
അമേരിക്കയിലെ മധ്യവര്‍ഗത്തിന്റെ ഉന്നമനത്തിന് ഇതിലും നല്ല ഒരു പ്രസിഡന്റിനെ കിട്ടാനില്ല. അദ്ദേഹത്തിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. ഒട്ടേറെ ഭരണ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയ ഒബാമയ്ക്ക് വിജയം സുനിശ്ചിതമായിരുന്നു.

ടെറന്‍സണ്‍ തോമസ് - ഫൊക്കാന ജനറല്‍ സെക്രട്ടറി:
ഇന്ത്യക്കാര്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന്റെയും കൂടി ഫലമായാണ് ഒബാമ വീണ്ടും ഭരണത്തിലേറിയത്. ഇത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന സംഗതിയാണ്. ഇന്ത്യയോട് എന്നും അടുപ്പം കാണിച്ചിട്ടുള്ള വ്യക്തിയാണ് പ്രസിഡന്റ് ഒബാമ. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ഫലം കണ്ടു.

മധുരാജന്‍ -ഇന്ത്യ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി:
പ്രസിഡന്റ് ഒബാമയുടെ കരിസ്മ നിറഞ്ഞ പ്രസംഗങ്ങള്‍ എല്ലാവരെയും ആവേശം കൊള്ളിക്കാന്‍ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവും അതില്‍ ഉറച്ചു നില്ക്കുവാനുള്ള ആര്‍ജ്ജവവും എടുത്തു പറയേണ്ടതാണ്. ഒബാമയ്‌ക്കൊപ്പം നിന്ന് ക്രൗഡ് പുള്ളറായി പിന്‍തുണ നല്‍കുന്ന മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റനും ഈ വിജയം അവകാശപ്പെട്ടതാണ്.

അനിയന്‍ ജോര്‍ജ്- ഫോമ മുന്‍ ജനറല്‍ സെക്രട്ടറി:
ഒബാമയുടെ രണ്ടാംവരവ് എത്രത്തോളം വിജയകരമാവും എന്നത് കണ്ടറിയേണ്ട കാര്യമാണ്. 4 വര്‍ഷം കിട്ടി. കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അമേരിക്കയുടെ യശ്ശസ് താഴോട്ട് പോയി. സെനറ്റില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മെഡികെയര്‍ മേഖലകളില്‍ നൂതനമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പലതും പൊളിച്ചെഴുതുവാന്‍ സമയമുണ്ടായിരുന്നു. ഇതുവരെ ചെയ്യാന്‍ സാധിക്കാത്തത്, 4 വര്‍ഷം കൂടി കിട്ടിയിയാല്‍ ചെയ്യാനാകുമോ..? ഒബാമയില്‍ പ്രതീക്ഷയില്ല. റോംനിയില്‍ അതുണ്ടായിരുന്നു.


ജോര്‍ജ് ജോസഫ് -മലയാളം പത്രം സീനിയര്‍ എഡിറ്റര്‍
ഒബാമയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. തീവ്ര വലതുഭാഗക്കാര്‍ക്കൊഴികെ ആര്‍ക്കും ഒബാമയിയോട് എതിര്‍പ്പുണ്ടായിരുന്നില്ല. ജോര്‍ജ് ബുഷും, സിക് ചീനിയും ചവിട്ടി മെതിച്ചിട്ട് പോയ സാമ്പത്തികവും സാമൂഹ്യവുമായ രംഗത്തെ നാല് വര്‍ഷം കൊണ്ട് തന്നാല്‍ കഴിയുന്ന വിധം നന്നാക്കി എടുക്കാന്‍ ഒബാമ കഠിനാധ്വാനം ചെയ്തിരുന്നു. ജിമ്മി കാര്‍ട്ടര്‍ നേരിട്ടതുപോലെ (ഉദാ: ഇറാന്‍)യുള്ള പ്രശ്‌നങ്ങളും ഒബാമക്ക് നേരിടേണ്ടി വന്നില്ല. നിഷ്പഷ സംസ്ഥാനങ്ങളായ ഒഹായോ, വിസ്‌കോണ്‍സിന്‍, വിര്‍ജീനിയ, ഫ്‌ളോറിഡ, കൊളറാഡോ എന്നിവടങ്ങളിലുള്ള ഇന്‍ഡ്യന്‍ വംശജരില്‍ 75 ശതമാനവും ഒബാമയെ തുണയ്ക്കുകയുമുണ്ടായി. പൊതുവെ പറഞ്ഞാല്‍ ഒബാമ എല്ലാര്‍ക്കും സമ്മതനായിരുന്നു.

പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം:- അമേരിക്കന്‍ മലയാളികള്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക