Image

ശവങ്ങള്‍ ഉള്ളേടത്ത് കഴുകന്‍ കൂടും! -ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 16 November, 2012
ശവങ്ങള്‍ ഉള്ളേടത്ത് കഴുകന്‍ കൂടും! -ജയന്‍ വര്‍ഗീസ്
( 'കൃഷ്ണനും രാധയും' മലയാള സിനിമയില്‍ )

മലയാള സിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മലയാള സിനിമയ്ക്ക് ടിയാന്‍ സമ്മാനിച്ച മുന്നേറ്റങ്ങള്‍ ഒന്നുമില്ല. മറിച്ച് ഏറ്റവും മോശമായി എങ്ങിനെ സിനിമ പടച്ചുവിടാം എന്നതാണ് ടിയാന്റെ സംഭാവന.

ദശകങ്ങളിലേക്ക് നീണ്ടും നീണ്ടു കിടക്കുന്ന മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യ സാഹചര്യങ്ങളുടെ ഇരുള്‍ക്കാടുകളില്‍ വെളിച്ചമായി പരിണമിച്ച ചലച്ചിത്ര കാവ്യങ്ങള്‍ വളരെ വിരളമായേ സംഭവിച്ചുള്ളൂ എന്ന് കാണാവുന്നതാണ്. ആയിരക്കണക്കിനു സിനിമകള്‍ അനവതരം പിറന്നു വീണിട്ടും വിരലിലെണ്ണി തീര്‍ക്കാവുന്ന സിനിമകള്‍ മാത്രമാണ് മനുഷ്യാവസ്ഥക്ക് വെളിച്ചമായി പരിണമിച്ചത്. സുഖപ്രസവംപോലെ ഇന്നും സിനിമകള്‍ പിറന്നുവീഴുന്നുണ്ടെങ്കിലും, കലാരൂപങ്ങള്‍ എന്ന് പേരിട്ട് വിളിക്കാവുന്നവകള്‍ അവയില്‍ ഒന്നെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഏതൊരു കലാരൂപത്തില്‍ നിന്നും ഒരു റവന്യൂ ഉദീകരണം ചെയ്യേണ്ടതുണ്ട്. ആസ്വാദകന്റെ സംവേദന ക്ഷമതയില്‍ ഇടിച്ചുകയറിക്കോണ്ട് അവനും അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഇന്നിനേക്കാള്‍ മെച്ചപ്പെട്ട നാളയിലേക്കുള്ള പ്രയാണത്തില്‍ വഴികാട്ടികളായി പരിണമിക്കേണ്ട ചൂണ്ടു പലകകളായിരിക്കണം ഈ റവന്യൂ. ഈ ലക്ഷ്യം സാധിച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ ചാപിള്ളകളായി പിറന്ന് വീണ് സമൂഹത്തെ മലീമസമാക്കി സിനിമകളുടെ മൃഗീയ ഭൂരിപക്ഷംകൊണ്ട് സമ്പന്നമാണ്. മലയാളം എന്നുകൂടി നമുക്ക് സമ്മതിക്കേണ്ടിവരും.

സിനിമ ഒരു വിനോദഉപാധിയാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിനു സമ്മാനിച്ചത് ഏതു കുലദ്രോഹിയാണെന്ന് അറിയില്ലെങ്കിലും ആ കാഴ്ചപ്പാടില്‍ കുടുങ്ങിപ്പോയ ഉല്‍പാദകരും ഉപഭാക്താക്കളും കൂടിയാണ് മലയാള സിനിമയുടെ ഗളചഛേദം ചെയ്ത് അതിനെ വെറും ശവങ്ങളാക്കി മാറ്റിയതും, ആ ശവങ്ങളുടെ അളിഞ്ഞ നാറ്റം ആസ്വദിച്ച് സന്തോഷ് പണ്ഡിറ്റിനെപോലുള്ളവര്‍ പറത്തിവിട്ട കൃഷ്ണനും രാധയും പോലുള്ള കഴുക്കള്‍ ചിറകടിച്ചെത്തി ഈ ശവങ്ങളെ കൊത്തിത്തിന്ന് തുടങ്ങിയതും.

ഈ ശവങ്ങളില്‍ നിന്ന് പുറത്തു വരുന്നത് നാറ്റം മാത്രമാണ്. ഈ നാറ്റം ആവോളം ഏറ്റുവാങ്ങിയ മലയാളി സമൂഹമാണ് മനുഷ്യ മനസ്സാക്ഷിയെ ഏക്കാലവും ഞെട്ടിച്ച കുല ദ്രോഹികളായി പരിണമിച്ച്, മദ്യവാറ്റുകാരും പണ്ടം പണയക്കാരും വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളായി വളര്‍ന്ന്, സെക്‌സും വയലന്‍സും, വിലപേശി വിറ്റ്, കേരളീയ യുവത്വങ്ങളെ സെക്‌സ് ടൂറിസത്തിലേക്കും, സിനിമ ഒരു വിനോദ ഉപാധിയാണെന്ന് കണ്ടെത്തിയിട്ട് കാലം അധികമായിട്ടില്ല. നമ്മുടെ കലാഭവന്‍ അച്ചന്റെ മിമിക്രി ഇളിപ്പുകാര്‍ സിനിമയില്‍ കാലുറപ്പിച്ചതു മുതലാണ് ഇതു സംഭവിച്ചത്. പട്ടിയും പൂച്ചയും കരയുന്നത് അനുകരിച്ചുകൊണ്ട് കടന്നുവന്ന മിമിക്രിക്കാരെക്കമ്ട് ആളുകള്‍ ഇളിച്ചു. ഈ ഇളിപ്പ് തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഈ ഇളിപ്പുകാര്‍ കരുതി. കൂടുതല്‍ ഇളിപ്പിക്കാനായി കൂടുതല്‍ ഇളിപ്പന്‍ പരിപാടികളിലേക്ക് അവര്‍ കടന്നു. രാഷ്ട്രീയക്കാരും സിനിമാക്കാരും തികച്ചും ആക്ഷേപിക്കപ്പെട്ട് ഇളിപ്പന്‍മാരിലൂടെ പുനര്‍ജനിച്ചപ്പോള്‍ കരയാനാവാത്ത ജനം ചിരിച്ചു. യഥാര്‍ത്ഥത്തില്‍ ഇത് ചിരിയായിരുന്നില്ല. ഞങ്ങളുടെ മുന്നിലെത്തുന്ന കോമാളികളെ കടിച്ചു കൊല്ലാന്‍ കഴിയാത്ത അമര്‍ഷത്തില്‍ വലിഞ്ഞു മുറുക്കിയ മുഖത്തെ പേശികളും ഞരമ്പുകളും സൃഷ്ടിച്ച വിക്രുത ഭാവമാണ് ഇവിടെ ചിരിയായി തെറ്റിദ്ധരിക്കപ്പെടുന്നത്.

ഇത്തരം ഇളിപ്പുകള്‍ സിനിമാരംഗം കീഴടക്കിയതോടെ സിനിമയില്‍ നിന്നുള്ള സംവേദന റവന്യൂ ഇളിപ്പുമാത്രമായി ചുരുങ്ങി. സിനിമ കണ്ടിറങ്ങിയ അപ്പന്‍ അമ്മയെ നോക്കി ഇളിച്ചു. അമ്മയും അച്ഛനും കൂടി മക്കളെ നോക്കി ഇളിച്ചു. ആങ്ങള പെങ്ങളെ നോക്കി ഇളിച്ചു. പെങ്ങള്‍ അയല്‍ക്കാരനെ നോക്കി ഇളിച്ചു. ആകെ ഇളിപ്പ് മയം. ഇളിപ്പന്‍ കേരളം. ഇളിപ്പന്‍ കേരളത്തിലെ ജനങ്ങള്‍ ഇളിക്കാനായി ജനിക്കുന്നു. ഇളിച്ചുകൊണ്ടേ വളരുന്നു. ഇളിച്ചുകൊണ്ട് മരിക്കുന്നു.

ഇളിപ്പിനു സപ്പോര്‍ട്ടേകാന്‍ സിനിമയില്‍ കുലുക്കുവന്നു. ടീനേജേഴ്‌സ് യൗവനങ്ങള്‍ അവരുടെ മുഴുത്ത അവയവങ്ങള്‍ കുലുക്കിയാടി. തലയും താടിയും നരച്ച നായകക്കിളവന്മാര്‍ അവര്‍ക്കൊപ്പം ആടി. ഈ ആട്ടത്തിനെ അതിന്റെ ഉപജ്ഞാതാക്കള്‍ സിനിമാറ്റിക് ഡാന്‍സ് എന്നു വിളിച്ചു. ഭാഷാ പരിചയമുള്ളവര്‍ ഇതിനെ 'ലിംഗസ്ഥാന ചടുലചലന നൃത്തം' എന്നു വിളിച്ചപ്പോള്‍ നിഷ്‌കളങ്കരായ നാട്ടുംപുറത്തുകാര്‍ ഇതിനെ അണ്ടിയാട്ട് നൃത്തം എന്നു തന്നെ വിളിച്ചു.

മനസ്സുഖം തേടി തീയേറ്ററുകളിലെത്തുന്ന ആസ്വാദകന്റെ ഉള്ള മനസുഖം കൂടി അവിടെ നഷ്ടമാവുന്നു.. നീറുന്ന ജീവിത പ്രശ്‌നങ്ങളെ ധീരമായി നേരിടാനുള്ളതൊന്നും അവന്‍ തിയേറ്ററില്‍ കണ്ടെത്തുന്നില്ല. പിന്നെ പുറത്ത് ലഭ്യമാവുന്ന മനസ്സുഖം തന്നെയാണ് ശരണം. മനസുഖത്തിനുള്ള ഒറ്റമൂലി മരുന്നാണല്ലോ സര്‍ക്കാര്‍ ഔട്ടലറ്റുകളിലൂടെ തലങ്ങും വിലങ്ങും വില്‍ക്കുന്നത്. ഇതു വാങ്ങാനാണല്ലോ ആഴ്വാരി തമ്പ്രാക്കളും അടിമപ്പുലയനും ഒരുമയോടെ ഒരേ ക്യൂവില്‍ വൈരം മറന്ന് കാവല്‍ നില്‍ക്കുന്നതും, ആളും, തരവും, മതവും, രാഷ്ട്രീയവും മറന്ന് പരസ്പരം അളിയാ എന്ന് വിളിച്ച് ആലിംഗനം ചെയ്യുന്നതും!

കലാരൂപങ്ങള്‍ മനുഷ്യന്റെ ജീവത പ്രശ്‌നങ്ങളിലേക്ക് ഇറങ്ങണം. ജീവിത ഭാരത്തിന്റെ ചൂടും പേറി വരുന്ന അവന് ആശ്വാസത്തിന്റെ അത്താണിയാവണം. പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന അവന് കരയിലെത്താനുള്ള കൈത്താങ്ങാവണം. സര്‍വ്വോപരി സമൂഹത്തെ നേര്‍വഴിക്ക് നയിക്കുന്നതിനുള്ള വിളക്കുമരങ്ങളാവണം.

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്പിനെ ഉയിര്‍ത്തേഴുന്നേല്‍പ്പിക്കുന്നതില്‍ ഹെമിംഗ് വെയുടെ 'കിഴവനും കടലും' വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു.

തന്റെ ചൂണ്ടയില്‍ കുടങ്ങിയ വിലയേറിയ മത്സ്യത്തെ കരയിലെത്തിക്കുവാന്‍ ഏകനായി പാടുപെടുന്ന കിഴവന്‍ സ്വപ്നങ്ങള്‍ വിടരുന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യന്റെ പ്രതീകമാണ്. മൂന്നു രാപ്പകലുകളിലായി നീളുന്ന കിഴവന്റെ സമരത്തില്‍ അയാള്‍ നേരിട്ട യാതനകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. ചോരയുടെ മണം പിടിച്ചെത്തിയ കൂറ്റന്‍ സ്രാവുകള്‍ കിഴവന്റെ മത്സ്യത്തില്‍ നിന്നും ഓരോ കടിയിലും കുറേ റാത്തലുകള്‍ അപഹരിക്കുകയാണ്. പങ്കായവും ചൂണ്ടത്തണ്ടും വിളക്കുകുറ്റിയും കൊണ്ട് കിഴവന്‍ സ്രാവുകളെ നേരിടുകയാണ്. സ്രാവുകള്‍ കുറെ കടിച്ചെടുത്താലും ബാക്കിയുള്ളത് വിറ്റ് തന്റെ ശിഷ്ടകാലം സുഖമായി ജീവിക്കാം എന്നതാണ് കിഴവന്റെ സ്വപ്നം.

നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു പ്രഭാതത്തിന്റെ യോരത്ത് കിഴവന്‍ കരയിലെത്തുന്നു. വഞ്ചി വലിച്ചടുപ്പിച്ച് അതില്‍ ചേര്‍ത്തു കെട്ടിവെച്ച തന്റെ വിലയേറിയ മാര്‍ലിന്‍ മത്സ്യത്തെ കിഴവന്‍ നോക്കി. സ്രാവുകള്‍ തിന്നു തീര്‍ത്തതിന്റെ ബാക്കി ഒരു വലിയ മീന്‍ മുള്ളു മാത്രം.. ഒരു റാത്തല്‍ പോലും അവശേഷിപ്പിക്കാതെ മുഴുവന്‍ സ്രാവുകള്‍ കൊണ്ടുപോയിരിക്കുന്നു.

തന്റെ കുടിലിലേക്ക് ആടിയാടി നടക്കുന്നതിനിടിയില്‍ ഇനി മത്സ്യ വേട്ടക്കില്ലെന്ന് കിഴവന്‍ തീരുമാനമെടുത്തു.
ആഫ്രിക്കന്‍ കാടുകളില്‍ അലറി നടക്കുന്ന സിംഹങ്ങളെ വേട്ടയാടിപ്പിടിക്കലാവാം തന്റെ അടുത്ത തൊഴില്‍ എന്നു കിഴവനുറച്ചു.

തന്റെ കുടിലില്‍ ഒരു കാലിറക്കി ഒരുകാല്‍ കയറ്റി കമിഴ്ന്നു കിടനന് കിഴവനുറങ്ങുകയാണ്. അലറുന്ന ആഫ്രിക്കന്‍ സിംഹങ്ങളെ താന്‍ വോട്ടയാടി പിടിക്കുന്നത് സ്വപ്നത്തില്‍ കണ്ടുകൊണ്ട്. സാഹചര്യങ്ങളുടെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയായി കിഴവനെ ഇവിടെ ഹെമിംഗ് വെ ചിത്രീകരിക്കുന്നു. ജനപഥങ്ങളെ ആവേശം കൊള്ളിക്കുന്ന ഇത്തരം കലാരൂപങ്ങള്‍ ലോകത്താകമാനം സംഭവിച്ചിട്ടുണ്ട്. ക്ലാസിക്കുകള്‍ എന്ന് വിളിച്ച് കാലം അവകളെ ആദരിക്കുന്നു.

മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ വികസ്വരമാക്കി അവനെ മുന്നോട്ട് നയിക്കുന്ന ഇത്തരം രചനാ വിസ്‌ഫോടനങ്ങള്‍ മലയാളത്തിലെ സിനിമയിലോ, സാഹിത്യത്തില്‍ തന്നെയുമോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കുറെ ആഢ്യന്മാരും അവരുടെ ആശ്രിതരും അങ്ങിനെ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടെങ്കിലും ഒരു ദുരവസ്ഥക്കും, വാഴക്കുലക്കും ശേഷം വന്ന ഒരേയൊരു മുന്നേറ്റം ഞാന്‍ കാണുന്നത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലുമാണ്. ഇടക്ക് പിറന്നുവീണ പതിനായിരങ്ങള്‍ ഒന്നിനും ഒരും ജീവനില്ല, കൊട്ടിഘോഷിക്കപ്പെടുന്ന ചെമ്മീനില്‍ പോലും ഒരു സ്രാവും മൂന്നും മനുഷ്യരും ചത്തു മലച്ച് കരക്കടിയുന്നതേയുള്ളൂ. വെല്ലുവിളികള്‍ ഉയര്‍ത്തി ജീവിതം എന്ന കടല്‍ പിന്നെയും അലയടിക്കുന്നു.
സമീപകാല മലയാള സിനിമയെപ്പറ്റി ഒന്നും പറയാനില്ല. അടിപൊളി അപസ്മാരത്തിന്റെ ആവിഷ്‌ക്കാരങ്ങളാണ് എല്ലാം തന്നെ. ഭാര്യമാരെ വെട്ടിച്ചു മുങ്ങി കുടിച്ചും കൂത്താടിയും അര്‍മ്മാദിക്കുന്ന ഭര്‍ത്താക്കന്മാര്‍ വൈകീട്ട് വീട്ടിലെത്തിയാല്‍ അവര്‍ക്കു വേണ്ടി വയാഗ്രക്കാപ്പിയുമായി കാത്തിരിക്കുന്ന ഭാര്യമാര്‍… ഇത്തരം സിനിമകളുടെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഉയരുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതിനോട് സംവേദിക്കുന്ന മലയാളിസമൂഹം ഇതുപോലെ തരം താണു കഴിഞ്ഞിരിക്കുന്നു എന്ന നഗ്ന സത്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ വംശനാശം സംഭവിച്ചിരിക്കുന്നു.

ഇന്നുള്ളവരിലധികവും വെറും പൊങ്ങുതടികളാണ്. തങ്ങളുടെ കഴിവുകളിലല്ല, ഭാഗ്യത്തിലാണ് അവര്‍ക്കുള്ള വിശ്വാസം. ഇതറിയാന്‍ അവരുടെ കയ്യിലോ കഴുത്തിലോ നോക്കിയാല്‍ മതി. ഏതെങ്കിലും അമ്മയോ അപ്പനോ ജപിച്ചുകൊടുത്ത ചരടുണ്ടാകും. അല്ലെങ്കില്‍ ഏതെങ്കിലും ചാനല്‍ ജോത്സ്യന്മാരുടെ ഭാഗ്യ ജാതക ഏലസുകള്‍.

ഇത്തരക്കാരുടെ കൂട്ടായ്മയാണ് സിനിമ പടച്ചുണ്ടാക്കുന്നത്. ഈ സിനിമകളില്‍ സംസ്‌കാരത്തെ ഉല്‍ഗ്രന്ഥിപ്പിക്കുന്ന ആത്മാവുണ്ടാകുകയില്ല. കണ്ണുണ്ടെങ്കിലും കാണാനാവാത്ത കാതുണ്ടെങ്കിലും കേള്‍ക്കാനാവാത്ത വെറും ശവങ്ങള്‍.

ഈ ശവങ്ങള്‍ ഉണ്ടാക്കുന്ന നാറ്റം കഴുകന്മാരെ ആകര്‍ഷിക്കുന്നു. മലയാള സിനിമയില്‍ അളിഞ്ഞ് നാറുന്ന ശവങ്ങളിന്മേല്‍ ആദ്യം പറന്നിറങ്ങിയ കഴുകനാണ് സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധയും'. ഇനിയും പറന്നിറങ്ങാനുള്ള കഴുക്കളുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. അവ അടുത്തടുത്ത വന്നുകൊണ്ടിരിക്കുകയാണ്. അവയെ തടുക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല… കാരണം ശവം ഉള്ളേടത്ത് കഴുക്കള്‍ കൂടും… അതു പ്രകൃതിനിയമമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക